Sunday, December 25, 2011

കുമ്പസാരം

ഴുക്കോലുകള്‍ പോലെ നിരത്തി വെച്ച കബാബ്കോലുകൾ‍ക്ക് താഴെ കനലിളക്കുമ്പോള്‍ മിന്നാമിന്നികളെ പോലെ തീ പൊരികള്‍ പാറി നടന്നു.ചുട്ട മാംസത്തിന്റെ ഗന്ധം കടല്‍ കാറ്റില്‍ പരന്നു.ഒരു കുപ്പിക്ക്‌ മുന്നില്‍ തപസ്സിരിക്കയായിരുന്നു അവനും ബോസ്സും.കണ്ണടച്ചാല്‍ തെളിയുന്നത് ബ്രഹ്മാവിനെ പോലെ ഒരുടലും മൂന്നു തലകളുമായി മോര്‍ച്ചറിയില്‍ നിന്നും നീളുന്ന തുറിച്ച നോട്ടം.ഇന്നിവിടെനിന്നും ഇറങ്ങുമ്പോഴേക്കും ഒരു തരിമ്പും ബോധം കാണരുത്.എ.സി മുഴുവന്‍ സ്വിങ്ങിലിട്ടാലും വിയര്‍ക്കുന്ന ഏപ്രില്‍ ചൂടിലാണ് തങ്ങള്‍ കോഴി കുഞ്ഞുങ്ങളെ പോലെ ഈ റൂഫ് ടോപ്പില്‍ ചുട്ടെടുക്കപ്പെടുന്നത്.ഫോര്‍മാലിന്റെ പുളിപ്പന്‍ മണമുള്ള.ദൃശ്യത്തേക്കാള്‍ ഭയപ്പെടുത്തുന്ന മറ്റെന്തോ സംഭവിക്കാന്‍ പോവുന്നു എന്ന് രവിയുടെ മനസ്സ് ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
.
. ബാബു കോലുകള്‍ മുന്നില്‍ വന്നതും സാമിനെ താന്‍ ആദ്യമായി കണ്ടതെന്നെന്ന ചിന്തയും രാവിന്‍ നിശബ്ദതയില്‍ ശോക ഗാനം പോലെ ഒഴുകിയെത്തുകയായിരുന്നു.ജോലിക്ക് ചേരുവാന്‍ വന്ന ദിവസം ബോസ്സിന്റെ കോട്ട വാതില്‍ പോലുള്ള,ഗയിററ് തുറന്നു തന്നത് ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവും അതിലും വിടര്‍ന്ന ചിരിയുമുള്ള സാം ആയിരുന്നു.എന്തോ രൂപ ഘടനാതകരാറ് ആദ്യം കണ്ടത് മുതല്‍ ശ്രദ്ധിച്ചെങ്കിലും ദിവസങ്ങള്‍ക്കു ശേഷമാണു അത് സ്ഥിരീകരിച്ചത്.ഉറച്ച മാംസ പേശികളും ഉയരവും ചേര്‍ന്ന ഉടലിനു തീരെ ഉറയ്ക്കാത്ത കുഞ്ഞു മുഖവും അതിലും കുഞ്ഞു മന്ദഹാസവും അവനില്‍ കിനിഞ്ഞു നിന്നിരുന്നു.തനിക്കു ജോയിന്‍ ചെയ്യാനുള്ള ബ്രാഞ്ചിനല്പം ദൂരെ ഒരു ഗ്രാമത്തില്‍ നിന്നായിരുന്നു അവന്‍ .അവിടുത്തെ കാര്യങ്ങളും കഥകളും പറഞ്ഞു അവൻ പൊട്ടിച്ചിരിക്കും.'സര്‍,റോഡൊക്കെ നന്നായി കണ്ടു ആസ്വദിച്ചോളൂ അവിടെ പോകുമ്പോള്‍ ഒരു നല്ല റോഡു കാണാന്‍ കൊതിയാവും'എന്ന് പറഞ്ഞു കളിയാക്കും.അവിടത്തെ സാഹചര്യത്തില്‍ ജോലി ലഭിക്കാത്തത് കൊണ്ട് കൊല്കത്തയിലേക്ക് വന്നതാണ്‌. സദാസമയവും ബൈബിളും വായിച്ചിരുന്നിരുന്ന അവനെ വൈകുന്നേരങ്ങളില്‍ ബിയര്‍ വാങ്ങാന്‍ പറഞ്ഞു വിടുന്നത് സ്വല്പം അലോസരപ്പെടുത്തിയിരുന്നു. ചിലപ്പോള്‍ ബിയറിന്റെ എണ്ണം കൂടുമ്പോള്‍ ചെറുതായി സ്നേഹത്തോടെ ശാസിക്കാനും അവന്‍ മുതിര്‍ന്നു.അവനു പറയുവാനുണ്ടായിരുന്നത് മതപരമായ കാര്യങ്ങള്‍ ആയിരുന്നു,പറഞ്ഞു പറഞ്ഞു അവന്‍ തന്നെ മതം മാറ്റി കളയുമോ എന്ന ഭയം പിന്നീട് വൈകുന്നേരങ്ങളില്‍ ബിയര്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മാത്രം കാണുന്ന അവസ്ഥയിൽ എത്തിച്ചിരുന്നു.
.
ട്രെയ്നിങ്ങിനു ശേഷം തന്റെ കുഞ്ഞു ബ്രാഞ്ചിലേക്ക്,പശ്ചിം മിട്നാപ്പൂരിലെ കൊണ്ടായിലേക്ക് യാത്ര തിരിക്കുകയും അവനെ തീര്‍ത്തും മറന്നുതുടങ്ങുകയും ചെയ്തു.അന്ന് ഓരോ ബ്രാഞ്ച് മാനേജര്‍ക്കും ഒരു വലിയ വീടും ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഒരു ജോലിക്കാരിയും ഒരു പാറാവുകാരനും നിര്‍ബന്ധമായിരുന്നു.ഒറ്റയ്ക്കൊരാള്‍ക്ക് താമസിക്കാന്‍,അഞ്ചു കിടപ്പുമുറികള്‍ ഉള്ള ഒരു ഭാർഗ്ഗവീനിലയം തന്നെയായിരുന്നു ആ വീട്.അച്ഛന്‍ റാണിഗന്ജിലെ ബംഗാള്‍ പേപ്പര്‍ മില്ലിലും ദുര്‍ഗാപ്പൂരിലെ സ്റ്റീല്‍ കമ്പനിയിലും ജോലി ചെയ്തിരുന്ന കാലത്ത് പഠിച്ച അല്പം ബംഗാളിയാണ് ആകെയുള്ള രക്ഷ. വളങ്ങളും കീട നാശിനികളും കൃഷി ആയുധങ്ങളും മറ്റും ഉണ്ടാക്കുന്ന ഒരു ചെറിയ കമ്പനി.
.
.
തീര്‍ത്തും പട്ടിണിയും കുഞ്ഞു പട്ടണങ്ങളും നീണ്ടു കിടക്കുന്ന പാടങ്ങളും കടലോരവും ചേർന്ന‌ ഒരു ഭൂപ്രദേശം അതായിരുന്നു പശ്ചിം മിട്നാപ്പൂര്‍. കടല്‍ത്തീരത്ത് വല്ലപ്പോളും വന്നെത്തുന്ന ചില വിദേശീയര്‍ ഇത്രയൊക്കെയേ ആ നാടിനെ കുറിച്ചവകാശപ്പെടാനുളളു.ചിലപ്പോള്‍ ദിവസങ്ങളോളം കരണ്ട് ഉണ്ടാവില്ല.ഉള്‍നാടന്‍ ഗ്രാമങ്ങളിലാണെങ്കില്‍ പലയിടത്തും വൈദ്യുതിയില്ല.നാട്ടില്‍ പൊട്ടി തകര്‍ന്ന റോഡുകള്‍ കണ്ടു രോഷം കൊണ്ടിരുന്നെങ്കിലും ചിലപ്പോഴൊക്കെ ഒരു ടാര്‍ റോഡു കാണാന്‍ വെമ്പും.അപ്പോള്‍ ടാറിട്ട റോഡുകള്‍ എത്ര മനോഹരമായ ദൃശ്യമാണെന്നോര്‍ക്കും.ചില ഗ്രാമങ്ങളില്‍ എത്തിപ്പെടാന്‍ കടല്‍ തീരത്തിന് ഓരം പിടിച്ചു മണിക്കൂറുകള്‍ യാത്ര ചെയ്യണം.ഒരു വശത്ത് കടലും മറുവശത്ത് മനുഷ്യച്ചങ്ങല പോലെ കൈകള്‍ കോര്‍ത്ത്‌ പിടിച്ചു നില്‍ക്കുന്ന വളഞ്ഞു നീണ്ട് ശോഷിച്ച തെങ്ങുകളും‍...., അങ്ങിനെ യാത്ര ചെയ്യുമ്പോള്‍ ദൂരം ദിശ ഒന്നും മനസ്സിലാവാതെ ഒരു സ്വപ്നത്തിലെന്ന പോലെ ചടഞ്ഞിരിക്കും.പിന്നെ നീണ്ട യാത്രകള്‍ കഴിഞ്ഞു വരുന്ന തന്നെ,വിഴുങ്ങാന്‍ വിശന്നിരിക്കുന്ന ഒരു വയസ്സന്‍ രാക്ഷസനെ പോലെ ആ വീട്.
പിന്നീടു ബോസ്സ് വരുമ്പോള്‍ സാമിന്റെ വിശേഷങ്ങള്‍ പറയും.അവന്‍ മിടുക്കനാണെന്നും പാര്‍ട്ട്‌ ടൈം ക്ലാസ്സുകള്‍ വഴി പഠിക്കുന്നുണ്ടെന്നും റിസൾട്ട് വന്നാല്‍ ‍ അവനെ കമ്പനിയില്‍ റെക്കമെൻറ്റു ചെയ്യണമെന്നും സ്ഥിരം പറഞ്ഞിരുന്നു.അദ്ദേഹം തന്നെയാണ് കമ്പനിയുടെ എല്ലാ തീരുമാനങ്ങളും എടുത്തിരുന്നത് യഥാര്‍ത്ഥ ഉടമ മിക്കവാറും വിദേശ യാത്രകളില്‍ ആയിരുന്നു.വര്‍ഷത്തില്‍ ഒരു ന്യൂ ഇയര്‍ പാര്‍ട്ടിക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു വ്യക്തി എന്നതിനപ്പുറം മറ്റൊന്നും അയാളെ കുറിച്ച് തോന്നിയിട്ടില്ല.
.
ര്‍ഷങ്ങള്‍ കടന്നു പോയതും സാം എന്ന സെക്യൂരിറ്റി ഗാര്‍ഡ് കമ്പനിയുടെ സെയില്‍സ്‌ മേനായതും എല്ലാം വളരെ പെട്ടെന്നായിരുന്നു. അതായിരിക്കാം അല്ല അത് തന്നെയാണ് സാമിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവ്.എന്നാല്‍ പണിഷ്മെൻറ് ട്രാൻസ്ഫെറുമായി തന്റെ ബ്രാഞ്ചില്‍ ജോയിന്‍ ചെയ്ത സാം പഴയ ചുറുചുറുക്കും പ്രസന്നതയും ഉള്ള സാം ആയിരുന്നില്ല.ഈ ചെറിയ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റുന്നത് വളരെ അപൂർവ്വമാണ്.മിക്കവാറും അത് കമ്പനിയില്‍ നിന്നും പുറത്തേക്കുള്ള വാതിലാണ്,പിന്നെ സിറ്റിയില്‍ താമസിച്ചു ശീലിച്ചവര്‍ ഇവിടെ താമസിക്കാന്‍ വൈമനസ്യം കാട്ടും.ഒരാളെ കമ്പനിയില്‍ നിന്നും എങ്ങിനെ ഒഴിവാക്കാം എന്ന കാര്യത്തില്‍ ഈ കാലയളവില്‍ രവി പ്രാഗത്ഭ്യം നേടിയിരുന്നു.ചുരുക്കത്തില്‍ ബോസ്സിന്റെ കോർപറേറ്റ് കൊട്ടേഷന്‍ സംഘത്തിലെ പ്രധാനിയായി മാറിയിരുന്നു എന്നതാണ് സത്യം.ജോലിയില്‍ നിന്നും പുറത്താക്കപ്പെടുന്നവരുടെ കരച്ചിലും പിഴിച്ചിലും ഒന്നും കണ്ടു അന്ധാളിക്കുന്ന രവിയേ അല്ല താനിന്ന്, തീര്‍ത്തും വിധേയന്‍. സാധാരണ ഗതിയില്‍ സാം തന്റെ ക്യാബിനില്‍ കയറാറില്ല.ഒരിക്കല്‍ മദ്യപിച്ചു ജോലിക്ക് വന്നതിനു അവനെ വിളിപ്പിച്ചു.നിറഞ്ഞു തുളുമ്പുന്ന മിഴികളുമായി അവന്‍ പറഞ്ഞു 'ബോസ്സ് എന്നെ ജോലിക്കെടുത്തപ്പോള്‍ ഒരു പാട് സന്തോഷിച്ചു എന്നാല്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞത് അയാളുടെ വീട്ടു വേലക്കാരിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞപ്പോളാണ്'.ഒരു പാട് നാളുകള്‍ക്കു ശേഷം അവളെ കുറിച്ചോര്‍ത്തു അവിടെ താമസിക്കുമ്പോള്‍ അവളെനിക്കു പ്രത്യേകം സാമ്പാര്‍ ഉണ്ടാക്കിത്തരുമായിരുന്നു.അവളുമായി അധികം സംസാരിച്ചിട്ടില്ല പക്ഷെ ചേച്ചിയുടെ മരണ ശേഷം അവരുടെ കുഞ്ഞിനെ നോക്കുന്നത് അവളാണെന്ന് മാത്രം അറിയാം.'അവളൊരു നല്ല കുട്ടിയാണല്ലോ അത് കൊണ്ടായിരിക്കാം'.അവന്‍ മുഖത്ത് നോക്കാതെ ചുവരിലെ മാപ്പിലേക്ക് കണ്ണ് നട്ടു കൊണ്ട് പറഞ്ഞു 'ആ കുഞ്ഞ് അവളുടെ ചേച്ചിയുടെതല്ല സര്‍ അവളുടേത്‌ തന്നെയാണ്'.വിവാഹം കഴിക്കാന്‍ കഴിയില്ല എന്ന് ശഠിച്ചു പറഞ്ഞ അന്ന് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് കുറെ കാലം പിടിച്ചു നിന്നു ഒടുവില്‍ എന്റെ പേരില്‍ മോഷണാരോപണവും ഇങ്ങോട്ട് ട്രാന്സ്ഫെറും.
.
ഒരു ജോലി ലഭിക്കുക എളുപ്പമല്ല കൂടാതെ ഇത് പോലെ നല്ലൊരു കമ്പനിയില്‍ നിന്നും പുറത്താക്കിയാല്‍ മറ്റൊരെണ്ണം എളുപ്പമല്ല.അത്തരം സന്ദര്‍ഭങ്ങളില്‍ പല ജീവനക്കാരും പല കഥകളും പറയും താനതിനൊന്നും ചെവി കൊടുക്കാറില്ല.തന്റെ ക്യാബിനില്‍ വരുന്നവരെ ഒരു നാടകത്തിലെ കഥാപാത്രങ്ങളെ പോലെ വീക്ഷിക്കാറുള്ളത് രവി ഓര്‍ത്തു.എന്തെല്ലാം ഭാവങ്ങള്‍-ചിലപ്പോള്‍ ശോകം,ചിലപ്പോള്‍ ഭീഭത്സം.ഓരോരുത്തരും തന്റെ മുന്നില്‍ ഓരോ വേഷങ്ങള്‍ ആടി തിമിര്‍ത്തു പോവുന്നു.ചില്ല് കൂട്ടിലെ വളര്‍ത്തു മീനിനെപോലെ,വാലു മടക്കിയുള്ള സാമിന്റെ തിരിച്ചു പോക്കും അതുപോലെയേ തോന്നിയുള്ളൂ.അവന്‍ എന്ന് മുതലാണ്‌ മദ്യപിച്ചു തുടങ്ങിയത് എന്ന് പോലും രവി ഓര്‍ത്തില്ല.
.
ജോലിക്കാരെ എങ്ങനെയാണ് പിരിച്ചു വിടേണ്ടത് എന്ന് ഇപ്പോള്‍ ശരിക്കറിയാം. ഡ്രൈവറെയാണെങ്കില്‍, അവനെക്കൊണ്ട് ഒരുവാഹനവും തൊടുവിക്കാതെ മാസങ്ങളോളം വെറുതെ ഇരുത്തുക,സെയില്‍സ്മാനെ ഫീല്‍ഡില്‍ വിടാതെ ഹോള്‍സെയിലില്‍ ഹെല്‍പ്പറാക്കുക, അക്കൗണ്ടൻറ്റിനെ ലെറ്റര്‍ ഡ്രാഫ്റ്റിങ്ങിനിരുത്തുക-ഒരൊറ്റ തുകപോലും എണ്ണിത്തിട്ടപ്പെടുത്താനാവാതെ,ഒരു വാഹനത്തിന്റെ വളയം തിരിക്കാനാവാതെ അവരുടെ വിരലുകള്‍ തരിക്കും,ഒടുവില്‍ മനസ്സ് മുരടിച്ചു നിരാശരായി ജോലി വിടുകയാണ് പതിവ്.എന്നാല്‍ സാം എന്തെല്ലാം തന്ത്രങ്ങള്‍ പയറ്റിയിട്ടും രാജിവച്ചു പോവാന്‍ തയ്യാറായിരുന്നില്ല.നേരായ മാ‍ർഗ്ഗത്തില്‍ എച്.ആര്‍. വഴി പോവാനാണെങ്കില്‍ അതിന്റെ നടപടികള്‍ വളരെ ബുദ്ധിമുട്ടാണ്.മെമ്മോകള്‍ കൊടുക്കണം,എക്സ്പ്ലനേഷനുകൾ വാങ്ങി ഫയല്‍ ചെയ്യണം.....കൂടാതെ സ്ഥിരമായ തൊഴിലാളികളെ പിരിച്ചുവിടുവാന്‍ വിദേശത്തിരിക്കുന്ന എം.ഡി യുടെ അറിവും സമ്മതവും വേണം.അതിനൊന്നും നില്‍ക്കാറില്ല നേരെ ഇങ്ങോട്ട് വിടും.സാധാരണ ഗതിയില്‍ ഒന്ന് രണ്ടു മാസം കൊണ്ട് സ്ഥലം വിടാറുള്ള തന്റെ ഇരകളില്‍ നിന്നും വ്യത്യസ്തനായി ഇവന്‍ മാത്രം എതിര്‍ത്ത് നില്‍ക്കുന്നതില്‍ തെല്ലപമാനം തോന്നാതിരുന്നില്ല.ബോസ്സ് വിളിക്കുമ്പോഴെല്ലാം ചോദിക്കും,തന്നെ അപഹസിക്കും;'ഇതിലും വലിയ കൊലകൊമ്പന്മാരെ പുറത്താക്കിയ നീ ഈ ഒരു യൂസ്ലെസ്സിനു മുന്‍പില്‍ കീഴടങ്ങിയല്ലോ?'ആ വാക്കുകളിലെ മുള്ളിലുടക്കി ഹൃദയം വിങ്ങും.
.
വസാനം കണ്ടപ്പോള്‍ സാമിന്റെ മുഖം ഒരു കടലാസ്സുപോലെ വെളുത്തിരുന്നു.കൈപ്പത്തിയിലെ രേഖകള്‍ പോലും മാഞ്ഞതുപോലെ.അന്ന് ക്യാബിനില്‍ കയറി എന്നോട് പറഞ്ഞു,'ഞാനിനി സാറിനെ അധികം ശലൃപ്പെടുത്തില്ല,ഏറിയാല്‍ ഒരു മാസം കൂടി,ഞാന്‍ ചില അറേന്ജ്മെന്റുകള്‍ ചെയ്യുന്നുണ്ട്.' പിന്നീടാണറിഞ്ഞത്,ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചു ചാര്‍ട്ടര്‍ ബാങ്കിന് മുന്നിലെ ഓടയില്‍ കിടന്നിരുന്ന സാമിനെ ഓഫീസിലെ ചിലര്‍ കണ്ടെത്തിയതും,എടുത്തു പൊക്കാന്‍ നോക്കിയപ്പോള്‍ തന്നെ അവിടെ ഉപേക്ഷിച്ചുപോവാന്‍ പറഞ്ഞ് അവന്‍ കയർത്തതു വകവയ്ക്കാതെ ഇബ്രാഹിം അവനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ എടുത്തു മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുമെല്ലാം.ഞായറാഴ്ച അവധി ആയിരുന്നതുകൊണ്ടും തിങ്കളാഴ്ച ഒരുപാട് ജോലികള്‍ ഉള്ള ദിവസമായിരുന്നതുകൊണ്ടും ആരും അവന്റെ കാര്യം ഓര്‍ത്തില്ല.ചൊവ്വാഴ്ച രാവിലെയാണറിഞ്ഞത് സാം മരിച്ചു എന്ന്.അപ്പോഴാണ് കഥകള്‍ ഓരോന്നായി പുറത്തു വന്നു തുടങ്ങിയത് രാഗി വാറ്റിയെടുക്കുന്ന ഹാന്‍റിയ എന്ന തനതു മദ്യത്തിലാണത്രേ തുടക്കം പിന്നീട് സെയില്‍സ് വാനില്‍ പോകുമ്പോള്‍ കൂടി മൂത്രമൊഴിക്കണം എന്ന് പറഞ്ഞു ഏതെങ്കിലും മൂലയ്ക്ക് പോയി കൈയ്യില്‍ കരുതിയിരിക്കുന്ന,പായ്ക്കറ്റുകളില്‍ ലഭിക്കുന്ന വിദേശ മദൃം വെള്ളം പോലും തൊടാതെ വിഴുങ്ങാന്‍ തുടങ്ങിയെന്നും മറ്റും.അത് പിന്നെ ആരെങ്കിലും മരിക്കുമ്പോഴാണല്ലോ അയാളുടെ ജീവ ചരിത്രം എല്ലാവർക്കും എന്ത് മാത്രം കാണാപാഠമായിരുന്നു എന്നറിയുക.
.
ശുപത്രിയിലെത്തിയപ്പോള്‍ സ്ഥിരം വിരകളുടെ ശലൃം.ഒന്നാമത് ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതുകൊണ്ട് ശവങ്ങള്‍ ഒരുപാടുണ്ട്.എല്ലാവർക്കും കൊടുക്കാന്‍ ഫ്രീസര്‍ ഇല്ല.ഏറ്റവും വലിയ ഒരു ഒറ്റ നോട്ടു കൊടുത്തപ്പോള്‍ ഇല്ലാതിരുന്ന ഫ്രീസര്‍ അവന്‍ സൃഷ്ഠിച്ചു!അടുത്ത കീടാണു എന്ബാമിങ്ങിനു വന്നവൻ,അവനും കൊടുത്തു.കൂടാതെ അവനും സഹായിക്കും വേണമെന്ന്ശഠിച്ചിരുന്നതിനാല്‍ ഓരോ ഫുള്ള് വിലകുറഞ്ഞ ബ്രാണ്ടിയും ഒപ്പിച്ചുകൊടുത്തു.അങ്ങനെ എല്ലാ കാര്യങ്ങളും ശരിപ്പെടുത്തിക്കൊടുത്ത്,ഈ ചെലവുകളെല്ലാം ഊതി വീര്‍പ്പിച്ച് തനിക്കെത്ര പണം ഇസ്ക്കാം എന്ന് ചിന്തിച്ചപ്പോഴേ മനസ്സിന്റെ കോണില്‍ നിന്ന് ഒരു കൊളുതിപ്പിടി വന്നു,"എടാ ചെറ്റേ..."വേണ്ട എന്ന് തീരുമാനിച്ചപ്പോള്‍ ഇപ്പോഴും പഴയ രവി ഈ ശരീരത്തിലെവിടെയോ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് ഒരുതരം ഭയം പെരുവിരലില്‍ നിന്ന് ശിരസ്സിലേക്ക് പടര്‍ന്നു.ആ വിറയലില്‍ നിന്നാണ് മൊബൈലിന്റെ വിങ്ങല്‍ തുടങ്ങിയത്.അങ്ങേ തലക്കല്‍ ബോസ്സ്....'എനിക്കും അവനെ അവസാനമായൊന്നുകാണണം.ഞാനിതാ പുറപ്പെടുന്നു.'എന്തോ അതില്‍ ഒരു പുതുമ തോന്നാതിരുന്നില്ല.ആറുമണിക്കൂര്‍ യാത്ര ചെയ്തു ജീവനറ്റ ഒരു ശരീരം കാണാന്‍ അയാള്‍ എന്തിനാണ് വരുന്നത് .സാമിന്റെ ഭാര്യയും മൂന്നുമാസം പ്രായമുള്ള മകനും ആശുപത്രിയില്‍ ഉണ്ടെന്നു ഇബ്രാഹിം പറഞ്ഞറിഞ്ഞു.അവന്‍ വിവാഹം കഴിച്ചിരുന്നു എന്ന് പോലും എനിക്കറിയില്ലായിരുന്നു.രാവിലെ മൃതദേഹം കണ്ടു ബോധംകെട്ടുവീണപ്പോൾ അഡ്മിറ്റു ചെയ്തതാണ്.ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നതിനാല്‍ കോറിഡോര്‍ മുഴുവന്‍ രോഗികളായിരുന്നു.ദൂരെ നിന്ന് ആ സ്ത്രീയെ നോക്കി നിന്നപ്പോള്‍ അറിയാതെ രവി ജനലഴികളില്‍ തന്റെ ഭാരം ചേര്‍ത്ത് വച്ചു.
.
ഫീസിലെ എ.സി.യില്‍ അല്‍പനേരം വിശ്രമിച്ചുകൊണ്ടിരുന്നപ്പോള്‍,അറുപതിനു മേല്‍ പ്രായം വരുന്ന ഒരു വൃദ്ധന്‍ നിറഞ്ഞ കണ്ണുകളുമായി കയറി വന്നു.സാമിന്റെ അച്ഛന്‍.' ഒരെയോരാന്തരിയായിരുന്നു സര്‍,എന്ത് ചെയ്യാം'.അയാള്‍ വിധിക്ക് വളരെ പെട്ടെന്ന് കീഴ്പെട്ടത്‌ പോലെ തോന്നി.'ഞങ്ങള്‍ക്ക് ഇന്നുതന്നെ അവന്റെ ശരീരം ഗ്രാമത്തിലേക്ക് കൊണ്ടുപോകണമെന്നുണ്ട്, സഹായിക്കണം'.ഞാന്‍ ഹെഡ് ഓഫീസില്‍ വിളിച്ചപ്പോള്‍ സേന്ഗ്ഷന്‍ ചെയ്ത തുകയ്ക്ക് ഒരു ആംബുലന്‍സ് കിട്ടുക എളുപ്പമല്ല.മാത്രവുമല്ല സമരം മൂലം ആശുപത്രിയിലെ രണ്ടു ആംബുലന്‍സുകള്‍ രോഗികളെ കൊണ്ടുതന്നെ തിരക്കിലാണ്,ആ നേരത്താണ് ശവം.പുറത്തന്വേഷിച്ചപ്പോള്‍ ശവം കൊണ്ടുപോകാന്‍ മിക്കവരും വിസമ്മതിച്ചു. കൊണ്ടുപോകാമെന്നുള്ളവരാണെങ്കില്‍ കടുത്ത കാശും ചോദിക്കുന്നു.ഒടുവില്‍ വൃദ്ധനോട് പറഞ്ഞു,എനിക്കിത്രയേ ചെയ്യാന്‍ കഴിയൂ,എന്തെങ്കിലും തീരുമാനമെടുക്കു.അയാള്‍ ഒരു മണിക്കൂറിനുശേഷം തിരിച്ചുവന്നു."ഒരു ടാക്സി കിട്ടിയിട്ടുണ്ട്,ഞങ്ങള്‍ അതില്‍ എങ്ങനെയെങ്കിലും കൊണ്ടുപോകാം".'എങ്ങനെ!!'ഒരു യാത്രക്കാരനെ പോലെ സീറ്റിലിരുത്തി രണ്ടുവശങ്ങളിലായി ഞാനും അവന്റെ മാമനും ഇരുന്ന്...."ഇത്രയും നേരം ഫ്രീസറിലിരുന്ന ശരീരം എങ്ങനെയാണ് യാത്രക്കാരനെപ്പോലെ ഇരുത്തുന്നത്?നട്ടെല്ല് ഒടിക്കേണ്ടി വരും!'വളരെ നിസ്സംഗനായി അയാള്‍ പറഞ്ഞു,"ഇനി അവനു വേദനിക്കില്ലല്ലോ സര്‍..." ..""...."",രവി പൊടുന്നനെ സാമിന്റെ നട്ടെല്ലിനെ കുറിച്ചോര്‍ത്തു.അമ്മമ്മയുടെ ചിത കത്തുന്നത് നോക്കിനില്‍ക്കുന്നേഴു വയസ്സുകാരനായി അയാൾ മാറി.എൺപത്തഞ്ചാം വയസ്സിലും നല്ല ആരോഗ്യമുണ്ടായിരുന്ന, പറമ്പിലെല്ലാം ഓടി നടന്നിരുന്ന അമ്മമ്മ,ചിതയില്‍ പൊടുന്നനെ എഴുന്നേറ്റിരുന്നു.അത് കണ്ടു പേടിച്ചു അമ്മയുടെ സാരിത്തുമ്പില്‍ ഒളിച്ച നിന്ന എഴുവയസ്സുകാരന്‍... പരുത്തിയുടെ സുതാര്യതയില്‍ പെട്ടെന്ന് രമണന്‍ മാമ വലിയ മാവിന്‍ കൊമ്പ് എടുത്ത് തലഭാഗത്ത് അടിക്കുന്നത് കണ്ടു.കത്തുമ്പോള്‍ നട്ടെല്ല് പൊട്ടിവരുമ്പോഴാണ് ജഡം എഴുന്നേല്‍ക്കുന്നത്‌ പോലെ തോന്നുന്നത്.തലയ്ക്കല്‍ നല്ല ശക്തിയില്‍ ഒരടി കൊടുത്താല്‍,എല്ല് തകരും.പിന്നെ കുഴപ്പമില്ലെന്നാണ് വല്യച്ചന്‍ പറഞ്ഞത്.എങ്കിലും എത്ര രാത്രികളിലാണ് ചിതയില്‍ നിന്നുയരുന്ന അമ്മമ്മയെ കണ്ടു താന്‍ നിലവിളിച്ചുണര്‍ന്നത്‌.... ...................
.
.
സാധാരണ ഗതിയില്‍ കമ്പനി ഇത്തരം സാഹചര്യങ്ങളില്‍ അല്പം പണം ഇവര്‍ക്ക് കൊടുക്കാറുള്ളതാണ്.'താന്‍ വന്നിട്ടേ അവര്‍ പോകാവൂ'എന്ന് ബോസ്സ് വീണ്ടും വീണ്ടും പറഞ്ഞപ്പോള്‍ അയാള്‍ ആ പണവുമായാണ്‌ വരുന്നത് എന്നെനിക്കുറപ്പായി.സാമിന്റെ രണ്ടു സഹോദരിമാരും അച്ഛനും മാമനും ആണ് ടാക്സിയില്‍ ശവവും കൊണ്ട് മടങ്ങുന്നത്.സാമിന്റെ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോള്‍ ആ വൃദ്ധന്‍ രോഷാകുലനായി.'ഞങ്ങളൊന്നും അറിഞ്ഞിട്ടില്ല ഇങ്ങനെ ഒരു ബന്ധം.മുറപ്രകാരം കല്യാണവും നടന്നിട്ടില്ല,പിന്നെ എന്ത് ബന്ധം?'
.
.
ബോസ്സ് വരുന്നത് വരെ അവരെ പിടിച്ചുനിര്‍ത്തുക എന്നത് എന്റെ കൂടി കടമയായിരുന്നു.അദ്ദേഹം വന്നാല്‍ എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല എന്ന് ഞാന്‍ വൃദ്ധനോട് പറഞ്ഞു.രാത്രിയില്‍ പോയാല്‍ പോലീസിന്റെ ശല്യം കുറവായിരിക്കും അല്ലെങ്കില്‍ അവര്‍ക്കും കൊടുക്കേണ്ടി വരും.അത് കൊണ്ടാണ് ധൄതി പിടിക്കുന്നത്.ഒടുവില്‍ മോർച്ചറിക്ക് മുന്‍പില്‍ അത്യാവശ്യം നല്ല പൂസ്സായി സാമിന്റെ അച്ഛനും മാമനും പോകാൻ തിരക്ക് കൂട്ടി നിന്ന സമയത്താണ് ബോസ്സ് വന്നിറങ്ങിയത്.വന്നിറങ്ങിയതും ശ്രദ്ധ ചെന്ന് പെട്ടത് പാന്റിന്റെ മുഴച്ചു നില്‍ക്കുന്ന വലതു കീശയിലേക്കായിരുന്നു.മോര്‍ച്ചറി സൂക്ഷിപ്പുകാരന്‍ ഫ്രീസറിനു മുന്‍പില്‍ കയ്യും നീട്ടി മദ്യം മണക്കുന്ന ഒരു പ്രതിമകണക്കെ നില്‍ക്കുന്നുണ്ടായിരുന്നു.കയ്യില്‍ പണം വീണപ്പോള്‍ പ്രതിമയ്ക്ക് ജീവന്‍ വച്ചു. ഹൂങ്കാര ശബ്ദത്തോടെ അവന്‍ ഫ്രീസര്‍ ട്രേ വലിച്ചു ലോകത്തിലെ ഏതോ മഹാ ദൃശ്യം ഞങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് പോലെ തുറന്നു വച്ചു മാറി നിന്നു.ഉള്ളിലേക്ക് നോക്കി സ്തബ്ധനായ എന്റെ അടുത്ത് ഓടിവന്നു അയാള്‍ എന്റെ സംശയം ദൂരീകരിക്കാന്‍ പാകത്തില്‍ ശവങ്ങളെ വേര്‍പെടുത്തി എന്നിട്ട് മുകളിലെ ശരീരം അല്പം വലിച്ചു,എന്നിട്ട് പറഞ്ഞു,'ഇതാണ് നിങ്ങുളുടേത്,അതെ അതെ....അതാണ്‌ സാമിന്റെ വിറങ്ങലിച്ച മുഖം...എന്നാല്‍ കണ്ണുകള്‍ താഴേക്കു അരിച്ചിറങ്ങിയപ്പോഴാണ് തൊട്ടു താഴെയുള്ള ശരീരം ഒരു സായിപ്പിന്റെതാണെന്ന് മനസ്സിലായത്,പിന്നെ വൃദ്ധനായ കര്‍ഷകന്‍.എന്തോ സാം അവരോടു കാര്യങ്ങള്‍ എല്ലാം പറഞ്ഞെന്നു തോന്നുന്നു മൂന്നു പേരുടെ മുഖത്തും ഒരു സ്നിഗ്ദ്ധമായ പുഞ്ചിരി . .
.
പുറത്തുവന്നപ്പോള്‍ യാചിക്കുന്ന മുഖവുമായി വൃദ്ധന്‍ കാത്തു നില്‍ക്കുന്നു.ഇത്തരം സന്ദര്‍ഭത്തിലെ സ്ഥിരം ഇസ്തിരിയിട്ട വാക്കുകള്‍ ഉരുവിട്ട് അയാള്‍ കാറില്‍ കയറിയിരുന്നു.ഞാന്‍ ഓടിയെത്തി ചോദിച്ചു'സര്‍,അവര്‍ക്കെന്തെങ്കിലും....',"അക്കൗണ്ടുകള്‍ പരിശോദിച്ചപ്പോള്‍ അവന്‍ അവിടുത്തെ ബ്രാഞ്ചില്‍ ഒരുപാട് കളവുകള്‍ നടത്തിയതായി കണ്ടു.പിന്നെ കള്ളു കുടിച്ചു മരിച്ചവന് എന്ത് കൊടുക്കാന്‍".ശരിയാണ് കള്ളു കുടിച്ചു മരിച്ചവര്‍ക്ക് ഒന്നും ലഭിക്കരുത്‌,അത് തെറ്റാണു!രവി ആ വൃദ്ധന്റെ കണ്ണുകളിലേക്കു ഒരു വട്ടം പാളിനോക്കി.പിന്നെ അച്ചടക്കമുള്ള ആട്ടിൻകുട്ടിയെ പോലെ ആ വലിയ ആഢംമ്പരക്കാറിന്റെ ശീതീകരണത്തിലേക്ക്.ഇപ്പൊ താനും സാമും ഫ്രീസറിലാണ്,സാമിന് കൂട്ടെന്ന പോലെ തനിക്കു ബോസ്സും അയാളുടെ ഡ്രൈവറും.
.
.
റ്റവും മുന്തിയ റൂഫ് ടോപ്‌ ബാറില്‍ നിന്നിട്ടും രവിക്ക് ഒരു അങ്കലാപ്പ്.ഇരുളിലേക്ക് നോക്കുമ്പോള്‍ വാ തുറന്നു ചിരിക്കുന്ന ശവശരീരങ്ങളോട് അവനു ഭയം തോന്നിയില്ല.എന്നാല്‍ എന്താണത്??!!അതു രവി തിരിച്ചറിഞ്ഞത് ബെയറര്‍ ബില്ലുമായി വന്നപ്പോള്‍ ബോസ്സിന്റെ കൈകള്‍ വലതു കീശയിലേക്ക്‌ നീണ്ടപ്പോഴാണ്.മദ്യം തന്റെ നീക്കങ്ങളെ മന്ദഗതിയിലാക്കിയിട്ടുണ്ടെന്നു രവിക്ക് മനസ്സിലായി.അതുകൊണ്ട് ഉടന്‍ പ്രവര്‍ത്തിക്കണം.അതെസമയം യജമാനന് തന്നോട് നീരസം തോന്നരുതേ എന്ന പ്രാര്‍ത്ഥനയോടെ രവി ചാടി എഴുന്നേറ്റ് തന്റെ പോക്കറ്റില്‍ നിന്ന് പണം മേശപ്പുറത്തു വച്ച്‌ ഒരു തണുത്ത കടല്ക്കാറ്റുപോലെ ഇറങ്ങി നടന്നു.പുതപ്പില്‍ പൊതിഞ്ഞ സാമിന്റെ നട്ടെല്ലൊടിഞ്ഞ ശരീരം ടാക്സിയില്‍,കൂരിരുട്ടു നിറഞ്ഞ മുരടന്‍ ഗ്രാമപാതയിലൂടെ തട്ടിയും തടഞ്ഞും നീങ്ങുകയായിരുന്നു അപ്പോള്‍ .

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...