Tuesday, September 25, 2012

അടിമക്കണ്ണന്‍

ല്ലാവര്‍ക്കും അവരുടെ കോളേജു കാലത്ത് അഭിനയിച്ച ഒരു നാടകത്തെ കുറിച്ച് ചില ഓര്‍മ്മകള്‍ കാണുമല്ലോ അത് പോലെ ഒന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെഎന്റെ അവസാനവര്‍ഷ ഡിഗ്രീ കാലഘട്ടം.കോളേജു ഡേ അടുത്ത് വന്നപ്പോള്‍ ഇത്തവണ എല്ലാ പരിപാടികള്‍ക്കും പേരുകൊടുക്കണമെന്നു ഞങ്ങളെല്ലാം തീരുമാനിച്ചു.പേരൊക്കെ രജിസ്റ്റർ ചെയ്തെങ്കിലും അവസാന നാളുകളിലാണ്‌ അല്പം ഗൗരവ്നസ്സ് വന്നത്.പരിപാടികളില്‍ ഒരെണ്ണം സംഘഗാനമാണ്.പൊതുവില്‍ ഈ വിഭാഗത്തില്‍ മത്സരം കുറവാണെന്ന അറിവാണ് ഇതിനു പ്രേരിപ്പിച്ചത്.ജോഷിക്ക് സാക്ഷരത ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ കിട്ടിയ ഒരു ഗാനമാണ്,
"പഞ്ചവാദ്യ മുഖരിതം...ഹരിത ഭരിത കേരളം...."
അതിടയ്ക്കും തലക്കും പ്രാക്ടീസൊക്കെ ചെയ്തിട്ടുണ്ട്.അല്പസ്വല്പം പാടാനറിയുന്ന സജീവാണ് ഇതിനൊരു ട്യുണൊക്കെ ഒപ്പിച്ചത്.എന്നാല്‍ ഒരു വഴിക്കും ഞങ്ങള്‍ ഒന്‍പതുപേര്‍ ചേര്‍ന്ന് ഒരേ ശ്രുതിയില്‍ പാടാന്‍ പറ്റുന്നില്ല.ഒരുത്തന്‍ ശ്രുതി പിടിക്കുമ്പോ മറ്റവന്‍ ടെമ്പോ വിടും, രാഗം പന്ത് വരാളിയെങ്കില്‍ താളം ചടപട എന്ന ലൈനിലാണ് കാര്യങ്ങള്‍.ജൂസ് കുടിക്കാന്‍ സ്ട്രോ പോലും,വേണ്ടാത്ത മൂക്കനെ പോലെ മൂക്കുള്ള മുനീറിനോട്,ഇതീന്നെങ്കിലും മാറി നിക്കടാന്നു പറഞ്ഞതിന് അവന്‍ എന്റെ തൊണ്ടയ്ക്കാണ്‌ പിടിച്ചു പൊക്കിയത്.യൂസ്ലെസ്സ് ബെഗ്ഗര്‍! ഒരാളേം ഒഴിവാക്കാൻ പറ്റില്ല,അവസാന ചാന്‍സാണ് എല്ലാവർക്കും സ്റ്റേജില്‍ കയറണം.അതൊരു വഴിക്ക് നടക്കുന്നു.

റ്റൊരിനം നാടകമാണ്.അന്ന് കാലത്ത് ആധുനിക നാടകങ്ങളുടെ സീസ്സണായിരുന്നു.അതായത് ഒേരേഴുപേര്‍ മുണ്ട് ഒരു മാതിരികോണാന്‍ പോലെ ഉടുത്തു സ്റ്റേജിൽ ബാക്ക്സ്ട്രീറ്റ് ബോയ്സ് ജാടയില്‍ ഒരു പരിചയവുമില്ലാത്തവരെ പൊലെ തെക്കോട്ടും വടക്കോട്ടും വിദൂരതയിലേക്കും നോക്കി നില്‍ക്കും.പെട്ടെന്ന് ഒരുത്തന്‍ സ്റ്റേജിൻറ്റെ നടുവിലേക്ക് ചാടി പറയും,"എനിക്ക് വിശക്കുന്നു".പിന്നെ മൗനം.(പണ്ടൊരു ടീം നാടകത്തില്‍ മൗനം എന്നെഴുതിയത് അതെ പോലെ സ്റ്റേജില്‍ പറഞ്ഞ കഥ ഓര്‍ക്കുമല്ലോ?!)തുടര്‍ന്ന് എല്ലാവരും അവനെ വലംവയ്ക്കും.എന്നിട്ട് താളത്തില്‍ രണ്ടു ചുവടു വയ്ക്കും പിന്നെ ഒന്നിച്ചു പറയും,"നമുക്കൊരുമിച്ചു വിശക്കാം".ഇത്തരം നാടകങ്ങൾ‍ക്കാണ് അന്ന് ഡിമാൻഡ്‌.മാത്രവുമല്ല ഈ മാതിരി നാടകങ്ങള്‍ അവതരിപ്പിച്ചാല്‍,എന്തോ നമുക്ക് കാര്യമായി മനസ്സിലാവാത്ത സംഭവമാണെന്ന് കരുതി ഒരു വിധം കുരുത്തം കെട്ടവനൊന്നും കൂവാനോ ഇടങ്ങേറുണ്ടാക്കാനോ വരില്ല.കൂടാതെ പെണ്‍കുട്ടികളുടെ ഇടയിലാകെ നമ്മുടെ സ്റ്റാറ്റസ്സേ മാറും.ബുദ്ധിയും വിവരവുമുള്ള കലാകാരനായി അറിയപ്പെടാം എന്നത് കൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുത്തത് "പ്രോമിത്ഥിയൂസ് വീണ്ടും" എന്ന റോമന്‍ നാടകമാണ്.

കുന്നത്തൂര് പഞ്ചായത്ത് വായനശാലയില്‍,ആരും തുറന്നു നോക്കാതെ, കൂനനും കൂറയും വര്‍ഷങ്ങളോളം മേഞ്ഞു നടന്നത് കൊണ്ട് പല പേജുകളും നശിച്ച നിലയിലാണ് ഞങ്ങളതു കണ്ടെത്തതിയത്.അത് ഞങ്ങളെ ബാധിക്കുന്ന ഒരു വിഷയവുമല്ല.അത്തരം പേജുകളും സീനുകളും ഞങ്ങള്‍ ആദ്യമേ കീറിക്കളഞ്ഞു പുസ്തകം മെനയാക്കി.മൊത്തം നാടകവും വായിച്ച് ഒരുപിടിയും കിട്ടാതെ അന്തം വിട്ടു കുന്തം വിഴുങ്ങി പരസ്പരം നോക്കിയ ഞാനും സജീവും "യുറേക്കാ""യുറേക്കാ" എന്ന് വായുവിലെക്കെടുത്തു ചാടി ആഹ്ലാദം പ്രകടിപ്പിച്ചു.ഇത് തന്നെ നമ്മുടെ നാടകം.ഈ നാടകത്തിന്റെ ഗുണഗണങ്ങള്‍ എന്താണെന്ന് വച്ചാല്‍,പ്രോമിത്ഥിയൂസ് ആരാണെന്നോ ഇതിന്റെ വിഷയമെന്താണെന്നോ കോളേജിലെ പത്ത് ശതമാനം പോലും വരാത്ത ഐ .സി യു കേസുകള്‍ക്കെ അറിവുണ്ടാവുളളു.രണ്ടാമതായി ആധുനിക നാടകമായതു കൊണ്ട് എല്ലാവരും ഓരോ കാവിമുണ്ട്‌ മാത്രം ഉടുത്താല്‍ ‍മതി.മൂന്നാമത് നല്ലസ്സല്‍ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ ഒരുപാടുണ്ട്,ബോംബര്‍ വിമാനങ്ങള്‍ പോലെ ഓരോ ഡയലോഗുകളും പ്രേക്ഷകന്റെ തിരുമണ്ടയ്ക്ക് മുകളിലൂടെ പിടികൊടുക്കാതെ പറന്നു പോകണം.'കല്പിതഭൂമിയിലെ അഗ്നിനാളങ്ങള്‍ നെഞ്ചിലേക്കേറ്റു വാങ്ങുവാന്‍ പ്രപഞ്ചത്തിന്റെ ഊഷരത മുഴുവന്‍ ഏറ്റുവാങ്ങി പ്രോമിത്ഥിയൂസ് നീ വന്നു ചേരൂ'എന്നൊക്കെ കാണാപ്പാഠ൦ പഠിക്കാന്‍ ഉപയോഗിച്ച ബുദ്ധി വല്ല ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിളും പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍.... ങേ..ലീ ഷാറ്റ്ലിയർആരാന്നോ...ആ ...ആര്‍ക്കറിയാം.

മ്മള്‍‍ ഒരു നാടകമവതരിപ്പിക്കുമ്പോൾഅതിന്റെ മുഖ്യ അജണ്ട പിരിവാണല്ലോ.ഞങ്ങള്‍ നേതാക്കള്‍ പൊതുവേ പിരിവിടാറില്ല.അതിനൊക്കെ ക്ലാസ്സിലെ പെണ്‍കുട്ടികളാണ് ശരണം.എല്ലാത്തിൻറ്റെ കയ്യീന്നും അന്‍പതും നാല്പതും ഒക്കെ വാങ്ങി മൊത്തം അഞ്ഞൂറ് രൂപയൊപ്പിച്ചു.(അന്ന് ക്ലാസ്സില്‍ ഒന്‍പതു ആണ്‍പിള്ളേരും കൃത്യം ഒന്‍പതുപെൺപിള്ളേരും മാത്രം).

കോളേജിനു മുന്നിലെ ഖാദറിക്കാന്റെ കടേന്നു ഇഡ്ഡലിയും വടയും സുഖിയനുമൊക്കെ കഴിച്ച്‌ നാടകമടുത്തപ്പോഴേയ്ക്കും കയ്യിലുണ്ടായിരുന്ന പൈസ മിക്കവാറും തീര്‍ന്നു.കുറ്റം പറയാന്‍ പറ്റില്ല അതുപോലത്തെ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളു൦ പറഞ്ഞു,കുട്ടികള് റൈറ്റ് ഓര്‍ റോങ്ങു കളിക്കണ പോലത്തെ ചുവടും വച്ചാല്‍ ആരായാലും തളര്‍ന്നു പോകും.ഒരു ദിവസം റിഹേഴ്സലൊക്കെ കഴിഞ്ഞു കോളേജിനടുത്തെ അരികന്നിയൂര് സ്റ്റോപ്പില്‍നിന്നും ബസ്സില്‍ കയറിയത് പോലും ആ ചുവടു വയ്പ്പിലായിപ്പോയി .പക്ഷെ, ഡ്രൈവർ ആള് കലാബോധമില്ലാത്ത കണ്ട്രി ആയതു കൊണ്ട് അവന്‍ ബസ്സെടുത്തതും ഞാന്‍ പ്രോമിത്ഥിയൂസ് കുത്തി വീണതും ഒരുമിച്ചായിപ്പോയി.

ങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില് കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'എന്ന് ചോദിച്ചപോലെ,അല്ലെങ്കിലേ നിന്നെയൊക്കെകൊണ്ട് ഈ ഡിപ്പാർട്ടുമെൻറ്റിന് നാണക്കേടാണ് ഇനി നീയൊക്കെ അവിടേംകൂടി പരത്തണോടെ'എന്ന പുച്ഛം.ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈറ്റ് തീര്‍ന്നെങ്ങാനും പോയാലോ എന്ന് പേടിച്ചു ചീഞ്ഞ മുട്ടയുടെ മണം തന്റെ വായില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ സദാ സമയവും വായില്‍ ശംഭുവും തിരുകി നടക്കുന്ന അറ്റെന്‍ടെര്‍ ശശാങ്കന്‍ ചേട്ടനൊക്കെയാണ് ഞങ്ങളുടെ പ്രധാന ക്രിട്ടിക് റോഷന്മാര്.

നാടകവും സംഘഗാനവും ഒരേ ദിവസമായിരുന്നു.സംഘഗാനത്തിന് പേരു കൊടുത്തവരുടെ ലിസ്റ്റു പരിശോദിച്ചപ്പോള്‍ വെറും ആറു പേര്.ഞങ്ങളുടെ മന്നസ്സില്‍ ഒരു ആശ്വാസത്തിന്റെ വെളിച്ച ഗോപുരം മിന്നി..കൊള്ളാം!!വലിയ തിരക്കില്ലാത്ത ഓഡിറ്റോറിയത്തിലാണ് മത്സരം.നേരായ വഴിയില്‍ ഹാളില്‍ കയറി പരിചയമില്ലാത്തതുകൊണ്ട് പൂര്‍വികരെപോലെ,കതകില്ലാത്ത ജനാലയിലൂടെ ചാടിക്കയറി എത്തിനോക്കി.കോളേജിലെ പ്രമുഖ പാട്ടുകാരന് ‍കുറച്ചു പെൺകുട്ടികളുമൊത്ത് ഒരു ഗാനമാലപിക്കുന്നു.നല്ല ഈണത്തില്‍ നല്ല ഹാർമണിയില്‍.അവന്‍ പാടുന്ന വരികളുടെ ബാക്കി,പെണ്‍കുട്ടികള്‍ പാടുന്നു.ആകെമൊത്തം ഒരു ജുഗല്‍ബന്ദി,എല്ലാവരും ലയിച്ചിരിക്കുകയാണ്.അടുത്തത് ഞങ്ങളുടെ ഊഴമാണ്.ഞാന്‍ സജീവിനെനോക്കുന്നു സജീവ്‌ എന്നെ നോക്കുന്നു,ബാക്കി ഏഴുപേരും ഞങ്ങള്‍ ഇരുവരെയും നോക്കുന്നു.ഒരുമിച്ചു പറയുന്നു,മുങ്ങാം...
പൊങ്ങുന്നത് നാടകം നടക്കുന്ന ഓഡിറ്റോറിയത്തിൽ‍.എത്ര നാടകങ്ങള്‍ ഉണ്ടെന്നു നോക്കുമ്പോള്‍ ഇരുപത്തിയാറെണ്ണം,എല്ലാ എരണം കെട്ടവനും ഇപ്രാവശ്യം നാടകത്തിനു പേര് കൊടുത്തിട്ടുണ്ട്.ചിലപ്പോള്‍ നാലോ അഞ്ചോ നാടകങ്ങള്‍-'ഒരു കൊലയുടെ അന്ത്യം','മാതൃഭൂമിക്ക് വേണ്ടി','ബാലചന്ദ്രന്‍ ചുള്ളിക്കാട്','ചെമ്പില്‍ ജോണ്',ടൈപ്പ് ഉടായിപ്പ് നാടകങ്ങളാവാം.എന്നാല്‍ ബാക്കി ഇരുപതെണ്ണമെങ്കിലും ഹെവി വെയിറ്റ് കലാകാരന്മാരുടെ നാടകങ്ങളാണ്.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ എട്ടാണ്‌.വേണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും ഫൈനല്‍ കെമസ്ട്റിക്കാര്‍ സംഘഗാനമത്സരത്തില്‍ പങ്കെടുത്തില്ല എന്ന വിവരം പാട്ടായിരിക്കുന്നു,ഇവര് വെറുതെ അലമ്പുണ്ടാക്കാന്‍ എല്ലായിടത്തും പേര് കൊടുത്തതാണെന്ന ഒരഭ്യൂഹം ഉയര്‍ന്നിരിക്കുന്നു.എങ്ങിനെയൊക്കെയോ ചില രാഷ്ട്രീയ സുഹൃത്തുക്കളെ പിടിച്ചു ചെസ്റ്റ് നമ്പര്‍ പതിനെട്ടാക്കി.ഇനിവേണം മേയ്ക്കപ്പ് തുടങ്ങാന്‍.കുറെ കാവിമുണ്ട് മാത്രമേ ഞങ്ങള്‍ പ്രോപ്പായി കൊണ്ട് വന്നിട്ടുള്ളു.മുന്‍ തീരുമാനപ്രകാരം വിഗ്ഗും താടിയും മീശയും കൊണ്ടുവരേണ്ട സതീഷ്‌ കാലുമാറി.ഉണ്ടായിരുന്ന അഞ്ഞൂറില്‍ ഇനി ബാക്കി നാല്‍പ്പതു രൂപയുണ്ട്.പിരിവൊക്കെ നടത്തി നാടകം നടത്തിയില്ലെങ്കില്‍ മോശമാണ്.രണ്ടും കല്പിച്ചു തയ്യാറെടുപ്പുതുടങ്ങി.

തീഷ്‌ തൊട്ടപ്പുറത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നും ഒരുകുപ്പി പശ വാങ്ങിവന്നു.പിന്നെ കുറേ കരിയും ഒപ്പിച്ചു.ന്നൊക്കെ മുടി പിന്നിലേക്ക്‌ നീട്ടിവലര്‍ത്തുന്ന പങ്ക് സ്റ്റൈലാണ് പിറകിലെ പങ്കില്‍ നിന്നും മുടി വെട്ടിയെടുത്തു.മുഖത്ത് പശപുരട്ടി മുടി നിരനിരയായി ഒട്ടിച്ചു വച്ചു.എല്ലാവർക്കും താടിയും മീശയുമായി.
നാടകം നമ്പര്‍ പതിനാറായപ്പോള്‍ ചിലര്‍ ഞങ്ങളോട് കെഞ്ചി 'ഞങ്ങള്‍ ഒരു ചെസ്റ്റ് നമ്പര്‍ മുന്‍പ് ചെയ്തോട്ടെ'.അമ്പതു രൂപയ്ക്ക് ചെലവു ചെയ്‌താല്‍ നമ്പര്‍ തരാമെന്നു ഞങ്ങളേറ്റു.(ഏറ്റവും ഒടുവില്‍ നടത്തിയാല്‍ അത്രയും കുറച്ചു കൂവലും ബഹളവുമല്ലേ ഉണ്ടാവൂ)അങ്ങിനെ ഉന്തിത്തള്ളി ചെസ്റ്റ് നമ്പര്‍ ഇരുപത്തൊന്നു വരെ എത്തിച്ചു.അപ്പോഴേക്കും സമയം വൈകിട്ട് നാലുമണിയായി.ഓഡിറ്റോറിയത്തിലെ തിരക്ക് കുറയുന്നത് കണ്ടു ഞങ്ങള്‍ക്ക് സന്തോഷവും കാര്യമായി പ്ലാന്‍ ചെയ്തവര്‍ക്ക് വിഷമവുമായി.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ അറുപതു രൂപയ്ക്ക് ഒരു ടീം വന്നു ചോദിച്ചു.വീണ്ടും മാറ്റാന്‍ വേണ്ടി കമ്മറ്റിയില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരംഗം പ്രശ്നമുണ്ടാക്കി,'ഇനി മാറ്റാന്‍ പറ്റില്ല അടുത്തത് നിങ്ങളുടെ ഊഴമാണ്'.

വേദിയില്‍ കയറുമ്പോഴാണ് അറിയുന്നത് മൂപ്പനായി അഭിനയിക്കുന്ന ജോഷിയെ കാണാനില്ല. ആകെ ബഹളമായി.കോളേജു ഡേ എന്നൊക്കെയാണ് പേരെങ്കിലും സംഗതി ആ വര്‍ഷത്തെ മുഴുവന്‍ പരിഭവംസും തല്ലി കോംബ്ലിമെന്റ്സ് ആക്കാനുള്ള ഒരു വേദി കൂടിയാണ്. അതോ മേയ്ക്കപ്പിട്ടതോടെ കമലഹസ്സനെപ്പോലെ കഥാപാത്രമായി മാറി വല്ല കാട്ടിലെക്കും പോയോ.! പറങ്കിമാവിന്‍ കാട് കടന്നു വേലിയും ചാടിയാല്‍ എത്തുന്ന കള്ള് ‌ഷാപ്പില് വരെ അന്വേഷണം നീണ്ടു...
അപ്പോഴാണ് അവിടെയിരുന്നു


"ചക്ഷുക്ഷമാം രണാങ്കണത്തിൽ
നൃപനാം മനുഷ്യന്‍ മരിക്കുന്നു
നിമ്നോനതമാം മാനസ പങ്കുരത്തില്‍ ..."

എന്ന തന്റെ ആദ്യ കവിതാ സമാഹാരം കൂലി പണിക്കാരേം ചെത്ത്‌ തൊഴിലാളികളേം കേള്‍പ്പിച്ചു അതിലെ കട്ടിക്കുള്ള വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ‍വര്‍ണിച്ചു കൊണ്ടിരിക്കുന്ന ജോഷിയെ കിട്ടിയത്.ഞങ്ങൾ വന്നപ്പോളാണ് അവര്‍ക്ക് ആശ്വാസമായത്,അവർ സന്തോഷസമേതം അവനെ ഞങ്ങളെ ഏല്‍പ്പിച്ചു.സംഭവം മറ്റൊന്നുമല്ല സ്റ്റേജ്ഫിയര്‍ തീര്‍ക്കാനാണ് പോലും,കള്ള ബ്രൂട്ടസ്.


ന്തായാലും നാടകം തുടങ്ങി.ഞാനും സജീവും ചേര്‍ന്നുള്ള ആദ്യത്തെ സീന്‍ വലിയ തരക്കേടില്ലാതെ കഴിഞ്ഞു.ഞാന്‍ അടിമയും സജീവ്‌ എന്നെ കുരുതികൊടുക്കാന്‍ പോകുന്ന ദുഃര്‍മന്ത്രവാദിയുമാണ്.സജീവിന്റെ കഥാപാത്രത്തിനു ചെയ്തിരിക്കുന്ന മേയ്ക്കപ്പ് കണ്ടാല്‍ ചിരിക്കാതെ ഒരു ഡയലോഗ് പോലും പറയാന്‍ പറ്റില്ല.എഴുപതുകളിലെ കൃതാവും ഊശാന്‍ താടിയും മീശയുമൊക്കെയായി....എന്റെ സഹാറാ മരുഭൂമി പോലത്തെ മുഖത്ത് കുറ്റിത്താടി.ഏതായാലും അടുത്ത സീനില്‍ ജോഷിയും സതീശുമാണ്.അവര്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ സ്റ്റേജിനടുത്തുനിന്നു പ്രോമ്പ്റ്റ് ചെയ്യും.പിന്നത്തെ സീനില്‍ ഞാനും സജീവും വീണ്ടും.അപ്പോള്‍ ജോഷിയാണ് പ്രോമ്പ്റ്റര്‍.

ച്ചമുതല്‍ ഒന്നും കഴിക്കാത്തതുകൊണ്ട് എമണ്ടന്‍ ഡയലോഗൊന്നും വായില്‍ നിന്നും പുറത്ത് വരുന്നില്ല.പ്രതീക്ഷിച്ചതുതന്നെസംഭവിച്ചു,ഒരിടത്തുവച്ച് സജീവ്‌ ഡയലോഗ് മറന്നു.അവന്‍ മറന്നതോടെ ഞാനും അടുത്തതിന്റെ തുടക്കം മറന്നു.അവന്‍ അന്തം വിട്ടു എന്നെ നോക്കി ഞാന്‍ ബോധം കേടുമാറ് അവനേം.കാണികളും ജട്ജുകളും അന്തവും കുന്തവുമറിയാതെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.ഭൂമി അതിന്റെ അച്ചു തണ്ടില്‍ ഒരുനിമിഷം സ്തംഭിച്ചു നിന്നതുപോലെ.പ്രോമ്പ്ടു ചെയ്യേണ്ട ജോഷി സെക്കണ്ട് ബി എസ്സിയിലെ പ്രവീണയെ നോക്കി മിഴിച്ചു നില്‍ക്കുന്നു.ആ ടൈമിൽ ആ വേളയില്‍ സജീവ്‌ തനതു നാടകത്തിന്റെ സ്റ്റെപ്പു വച്ച് എന്റെ ചെവിക്കടുത്തു വന്നു പറഞ്ഞു,നമുക്ക് രണ്ടുറൗണ്ട് നടക്കാം!!സ്ഥലകാലബോധം വീണ്ടെടുത്ത ഞാനും അവനെ അനുഗമിച്ചു.പ്രവീണയില്‍ നിന്ന് ജോഷി തിരിച്ചു വരുന്നത് വരെ അത് തുടര്‍ന്നു.ഞെട്ടിയുണര്‍ന്ന ജോഷി എവിടുന്നോ ഒരു ഡയലോഗ് പ്രോമ്പ്റ്റ് ചെയ്തു,അത് വച്ചു ഞങ്ങള്‍ പിടിച്ചു കയറി.

ന്റെ അടിമ കഥാപാത്രത്തെ ചവുട്ടി ഞെരിച്ചു കൊല്ലാന്‍ കൊണ്ട് പോകുന്ന ഒരു സീനുണ്ട്.അത് മറന്ന സജീവിന്റെ നേര്‍ക്ക്‌ ഞാന്‍,കൊണ്ട് പോയി കൊല്ലെടാ എന്ന രീതിയിൽ കൈ ഉയര്‍ത്തുകയായിരുന്നു.എന്റെ കയ്യിലെ കെട്ട് അഴിക്കാന്‍ കഴിയാതെ വില്ലനായ ജോഷിമൂപ്പന്‍ വിയര്‍ത്തു.ജോഷിയെ നായകനായ സതീഷ്‌ അടിക്കുന്ന സീനില്‍ വായ്‌ നോക്കിനിന്നതിന്റെ മുഴുവന്‍ ദേഷ്യത്തിലും കനത്ത ചവിട്ടു കൊടുത്തു.
നാടകം കഴിഞ്ഞപ്പോള്‍ ഇതെല്ലം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌.മുഖം ചുളുചുളുന്നനെ ചൊറിയുന്നു.കഴുകിയിട്ടൊന്നും ഒട്ടിപ്പിടിച്ച രോമങ്ങള്‍ വിട്ടു പോവുന്നില്ല.അന്ന് ടി.വി.യില്‍ വന്നിരുന്ന-മരക്കഷണങ്ങള്‍ ഒട്ടിച്ചുചേർത്ത് ഒരു വശത്ത് ആനയും മറുവശത്ത് കുറെ തടിയന്മാരും നിന്ന്:- "ആഞ്ഞു വലിക്കൂ...ഹൈലസ്സ...നീട്ടിവലിക്കൂ...ഹൈലസ്സ...മനസ്സിലാക്കുന്നേയില്ല!! ഇത് ഫെവികോള്‍ കൊണ്ട് ഒട്ടിച്ചതാണ് ആന വലിച്ചാലും ഇളകാത്ത ഉറപ്പ്".എന്ന പഞ്ച് ലൈന്‍ സത്യമായിരുന്നു എന്ന് ഞങ്ങള്‍ അന്നാണ് മനസ്സിലാക്കിയത്.

തൊന്നു കളഞ്ഞു തന്നാല്‍ ഗുരുവായൂര്‍ നടയുടെ പരിസരത്തെവിടെയെങ്കിലും തെണ്ടി നടന്നു സെറ്റ്സാരിയുടുത്ത് വരുന്ന പെണ്‍കിടാങ്ങളെ വായ്നോക്കാമായിരുന്നു.എന്റെ മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഞാന്‍ ക്ലാസ്സില്‍ ഇരുന്നതിനേക്കാള്‍ ആ പരിസരത്തായിരുന്നു ഉണ്ടായിരുന്നത്.പക്ഷെ പഠിച്ചപണി പതിനെട്ടു പയറ്റിയിട്ടും രോമങ്ങള്‍ വിട്ടുപോവുന്നില്ല.വെളിച്ചെണ്ണ പുരട്ടി,മണ്ണെണ്ണ പുരട്ടി,നോ രക്ഷ.ചിലര് ഗുരുവായൂരപ്പന് നേർച്ചനേര്‍ന്നു പക്ഷെ എന്തോ ഇതൊരു രോമ കേസായതുകൊണ്ടാണെന്നു തോന്നുന്നു മൂപ്പരും മൈന്‍ഡ് ചെയ്തില്ല.അവസാനം ഗില്ലെറ്റിന്റെ റേസര്‍ വാങ്ങി ഷേവ് ചെയ്തു നോക്കി.കുറച്ചൊക്കെപോയി,പക്ഷെ മുഖം അപ്പോഴേക്കും ചോരപൊടിഞ്ഞു ഫുട്ബോൾപോലെ വീര്‍ത്തു...നീറ്റലും പുകച്ചിലും...അപ്പോഴും ചില രോമങ്ങള്‍ പോരുന്നില്ല.

സമയം കൊണ്ട് ബാക്കി അഞ്ചാറു നാടകങ്ങള്‍കൂടി തീര്‍ന്നു.ഞങ്ങള്‍ പെട്ടിയും പ്രമാണവുമൊക്കെയായി പോവാൻവേണ്ടി പടിക്കലെത്തിയപ്പോഴാണ് അനൗൺസ്മെൻറ്,നാടകമത്സരം ഒന്നാം സ്ഥാനം സെക്കന്റ് ബി.എ.ഹിസ്ടറി,രണ്ടാം സ്ഥാനം...പിന്നെ എന്റെ പട്ടി കേള്‍ക്കും,മൂന്നാം സ്ഥാനം ഫൈനല്‍ ബി.എസ്സി.കെമസ്ട്രി.ആ മത്തങ്ങാ മുഖം ഒന്ന് കൂടി വികസിക്കുമാറ് അന്തം വിട്ടു നിന്നത് മാത്രം ഓര്‍മ്മയുണ്ട്.കലാഭവന്‍ മണി സമ്മാനം കിട്ടാഞ്ഞിട്ടാണ് ബോധം കെട്ടതെങ്കില്‍ സമ്മാനം കിട്ടിയതറിഞ്ഞു ബോധം കേട്ട ഒരേ ഒരു ടീം ഞങ്ങളായിരിക്കും.

ടുത്ത ദിവസം കോളേജില്‍ വന്നപ്പോഴാണ് അറിഞ്ഞത്,ഞങ്ങളുടെ നാടകത്തിന് രണ്ടാം സ്ഥാനം തരുന്നതിനു രണ്ടു ജട്ജുമാര്‍ ശക്തമായിവാദിച്ചെന്നും എന്നാല്‍ കോസ്ട്യൂമിലെ പിഴവുകൊണ്ടാണ് അത് നഷ്ടമായതെന്നും.ഞാനും സജീവും അഭിനയിച്ച രംഗങ്ങളായിരുന്നത്രേ ഏറ്റവും മികച്ചത്!അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,ഒരു ഡയലോഗ് പോലും കിട്ടാതെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ലോകത്തെ എല്ലാ ഭാവങ്ങളും മുഖത്ത് വന്നു മറയും.
O.T
ന്നിപ്പോള്‍ കാലം എല്ലാവരെയും നാടുകടത്തി.ആണ്‍കുട്ടികളില്‍ ഏഴു പേരും ഇന്ന് ദുബായില്‍.നാടുവിട്ടു പോവില്ലെന്ന് ശഠിച്ചിരുന്ന ഞാന്‍ ഒടുവില്‍ ഭൂഖണ്ടമേ വിട്ടു.എന്തോ അറം പറ്റിയതാണോ എന്നറിയില്ല,അടിമയായി അഭിനയിച്ച ഞാന്‍ അടിമക്കണ്ണന്മാരുടെ നാടായ ആഫ്രിക്കയില്‍ ഒരു ദ്ദേശീയന്റെ സ്ഥാപനത്തില്‍ അടിമയായി ജീവിക്കുന്നു.

Saturday, June 2, 2012

ബുര്‍ക്കിനോ ഫാസോ

ഘാനയിലേക്ക് വരുവാന്‍ ഡിസ് അബാബ വഴി വരണം എന്ന് കേട്ടപ്പോള്‍ അഡിഡാസ് കമ്പനിയുടെ ആസ്ഥാനമുള്ള നഗരമെന്നു നിരീച്ച മണ്ടനാണ് ഞാന്‍ .അതുപോലെ തന്നെ ഇത്രയും വര്‍ഷങ്ങളില്‍   ഞാന്‍ ബുര്‍ക്കിനോ ഫാസോ എന്ന രാജ്യത്തെക്കുറിച്ചു കേട്ടിട്ടേയില്ല.അവിടേക്ക് പോവാന്‍ ഒരവസരം ഒത്തുവന്നപ്പോള്‍ ഞാന്‍ സുഹൃത്തുക്കളോട്  'വന്‍  ടൂ ത്രീ' എന്ന ചിത്രത്തിലെ വില്ലനെ പോലെ 'ബുര്‍ക്കിനോസ് ആന്‍ഡ്‌ ഫാസോസ്' പോവുന്നു എന്നും അല്പം പൊങ്ങച്ചം ഇറക്കിയതാണ്.എന്നാല്‍ പോകുന്നതിനു ഒരാഴ്ച്ചമുന്പു തൊട്ട് ബുര്‍ക്കിനയില്‍ കലാപം തുടങ്ങി.ഈജിപ്തിലെ കലാപം കൊടിയിങ്ങുകയും ലിബിയയില്‍ കലാപം കൊടുമ്പിരിക്കൊള്ളുകയും ചെയ്തിരുന്ന രണ്ടായിരത്തിപതിനൊന്നു ഏപ്രില്‍ മാസത്തിലായിരുന്നു അത്.എന്നാല്‍ പോവാനുള്ള ആദ്യത്തെ അവസരം തട്ടിത്തെറിപ്പിക്കാന്‍ എന്റെയുള്ളിലെ സാഹസികന്‍ തീരെ അനുവദിച്ചിരുന്നില്ല.സുഹൃത്തുക്കള്‍ പലരും എതിര്‍ത്തെങ്കിലും പോകാന്‍ തന്നെ ഒരുങ്ങുകയായിരുന്നു. 


പുരോഗതിയില്‍ പിന്നോക്കം നില്‍ക്കുന്ന,ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ബുര്‍ക്കിനോ ഫാസോ.ഫ്രെഞ്ചാണ് സംസാര ഭാഷ.1987ൽ സ്വന്തം സുഹൃത്തിനെ വധിച്ച് അധികാരമേറ്റ കംപോറെയാണ് ഇരുപത്തഞ്ചുവര്‍ഷമായി രാജ്യം ഭരിച്ച്ച്ചുകൊണ്ടിരിക്കുന്നത്.അതും മിലിട്ടറി 'കൂ'യിലൂടെ.ആഫ്രിക്കയില്‍ പ്രസിഡൻറ് വധവും മിലിട്ടറി അട്ടിമറിയും ഒന്നും പുതുമയല്ല.എങ്കിലും 2011 മെയ്യില്‍ ഈ പ്രസിഡൻറിനെ മാറ്റുന്നത് ലോകം ഉറ്റു നോക്കുന്ന അവസരത്തിലാണ് ഞാന്‍ ആദ്യമായി ബുര്‍ക്കിനയിലേക്ക് യാത്രതിരിച്ച്ചത്.


ഘാനബോർഡറിൽ എത്തിയപ്പോള്‍ അവിടുത്തെ ഫ്രെഞ്ച് ഉദ്യോഗസ്ഥന്‍ വളരെ ഹാര്‍ദ്ദമായി വരവേല്‍ക്കുകയും തങ്ങളുടെ രാജ്യത്തേക്ക് സ്വാഗതമരുളുകയും ചെയ്തു.മിലിട്ടറി കൊള്ളയും ഏഴോളം പേര്‍ കൊല്ലപ്പെടുകയും ചെയ്ത കാലമായിരുന്നു.എങ്കിലും ആ ഉദ്യോഗസ്ഥന്‍ തങ്ങളുടെ രാജ്യ തലസ്ഥാനത്ത് യാതൊരു വിധ പ്രശ്നങ്ങളും ഇല്ലെന്ന് വീണ്ടും വീണ്ടും ഉറപ്പു നല്‍കിക്കൊണ്ടിരുന്നു.പക്ഷെ യാത്ര തീര്‍ത്തും വെറുതെയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ..വൈകുന്നേരം അഞ്ചരയായപ്പോഴേക്കും കർഫ്യൂ തുടങ്ങുകയായി.ഒരു ബിയറുപോലും കിട്ടാതെ വലഞ്ഞുപോയി.അതിനു ശേഷം മൂന്നുവട്ടം പോയെങ്കിലും ഒന്നുമെഴുതാന്‍
തോന്നാത്തത് കാര്യമായി ചുറ്റിക്കറങ്ങാന്‍ സാധിചില്ലെന്നതുകൊണ്ടാണ്.മാത്രമല്ല അവിടെ അത്യാവശ്യം തിരക്ക് പിടിച്ച പണിയും ഉണ്ടായിരുന്നു.ഏതായാലും ഇച്ചിരി ചിത്രങ്ങളും വിവരണവും താഴെ.



      
  പുരോഗതിയില്‍ താഴെ നിന്നും മൂന്നാം സ്ഥാനമാണെങ്കിലും റോഡുകള്‍ കണ്ണാടി പോലെ വെട്ടിത്തിങ്ങുന്നവ


ലസ്ഥാന നഗരിയില്‍ അത്യാവശ്യം ഫ്ലൈ ഓവറുകളും ബഹുനില കെട്ടിടങ്ങളുമുണ്ട്. 


 

 വീടുകള്‍ക്കൊന്നും യാതൊരു തരത്തിലും ഭംഗി കുറച്ചിട്ടില്ല.മണ്ണുപൊത്തിയുണ്ടാക്കിയ വീടുകളില്‍        കരികൊണ്ടുള്ള മനോഹരമായ ചിത്രപ്പണികള്‍ കാണാം.

   വാഗഡുഗു  എത്തുന്ന വഴിക്കിരുവശവും 'ഷിയാ ബട്ടര്‍ ' മരങ്ങള്‍ കാണാം.ഇവ പല സൌന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്നു.ഇവിടെ പല ഇന്ത്യാക്കാരും ഷിയാ ബട്ടര്‍ കയറ്റി അയക്കുന്ന കച്ച്ച്ചവടക്കാരാണ്.ഇതിനെക്കുറിച്ചു പറയുമ്പോള്‍ :-മുന്‍പ് ഞാന്‍ ജോലിചെയ്തിരുന്ന ഒരു കമ്പനിയുടെ,വരണ്ടച്ചര്‍മ്മത്തിനുള്ള ക്രീമിന് മുടിഞ്ഞ വിലയായിരുന്നു.അന്ന് അതിന്റെ കാരണമായി വൈദ്യന്മാരോട് മൊഴിഞ്ഞിരുന്നത് ,'അതില്‍ ആഫ്രിക്കയില്‍ നിന്നും ഇറക്കുമതി ചെയ്ത ഷിയാ ബട്ടറുണ്ട്,പണ്ട് ക്ളിയോപാട്രപോലും ഷിയാ ബട്ടറുപയോഗിച്ച്ചാണ്  സൌന്ദര്യം കാത്തുസൂക്ഷിച്ചിരുന്നത്‌ 'എന്നെല്ലാമാണ്.എന്നാല്‍ ആരും പരിപാലിക്കാതെ,നമ്മുടെ നാട്ടില്‍

കമ്മ്യൂണിസ്റ്റപ്പപോലെ സുലഭമായ ഒരു വസ്തുവാണെന്ന് മനസ്സിലാക്കാന്‍ ഇപ്പോഴാണ്
സാധിച്ചത്.ഇതിന്റെ കായ പച്ചയായും കറിവച്ചും ഭക്ഷ്യ യോഗ്യമാണെന്നും മനസ്സിലായി.കൂടാതെ ഇതില്‍ നിന്നും എടുക്കുന്ന എണ്ണയും ഇവര്‍ പാകത്തിനുപയോഗിക്കുന്നു
    ബൈക്കുകൾ ഒരുപാട് ഉപയോഗിക്കുന്ന ഒരു രാജ്യമാണ്.അവയ്ക്ക് സഞ്ചരിക്കാന്‍ പ്രത്യേകം
സൈഡ് വേകളുണ്ട് എന്തുമാത്രം ശ്രദ്ധയോടെയാണ് അവര്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ചു വാഹനങ്ങള്‍ ഓടിക്കുന്നത് എന്ന് കണ്ടു പഠിക്കേണ്ടതാണ്. 
    വെസ്റ്റാഫ്രിക്കയിലെ, ഏറ്റവും വലിയ മിനാരങ്ങളുള്ള പള്ളികളില്‍ ഒന്നാണ് വഗസുഗുവിലെ സെന്‍ട്രല്‍ മോസ്ക്. അതിനു പിന്നിലെ മാര്‍ക്കറ്റില്‍ കോലാനട്ടുകളുടെ ഗംഭീര വ്യാപാരം നടക്കുന്നു.പ്രമാണിമാര്‍ക്ക് ചുമ്മാ ചവച്ചു നടക്കാന്‍ മാത്രമല്ല,വിവാഹം, പേരിടല്‍ ,മരണാനന്തര ചടങ്ങുകള്‍ എന്നീ അവസരങ്ങളില്‍ സമ്മാനിക്കാനുള്ള (കാഴ്ചവയ്ക്കാനുള്ള ) ഉപഹാരം കൂടിയാണിത്.
കോല ഒന്നെടുത്തു ചവച്ചു നോക്കി.നമ്മുടെ നാട്ടിലെ പച്ച അടയ്ക്കയുടെ സ്വാദ്.(കൊക്കക്കോള 
എന്നാല്‍ കൊക്കൊയുടെയും കോലാനട്ടിന്റെയും സമ്മിശ്രമായ രുചിഭേമാണെന്നു ഗൂഗിളാന്‍ പറഞ്ഞുതന്നു.)  

ഫ്രീഡംസ്ക്വയർ -വിശിഷ്ടാവസരങ്ങളില്‍ പ്രസിഡൻറ് രാജ്യത്തെ അഭിസംഭോധന ചെയ്യുന്ന മൈതാനം. 
      ഴയ ഫ്രെഞ്ച് സംസ്കാരം പരിപൂർണ്ണമായും വിട്ടു പോയിട്ടില്ല വാഗഡുഗുവില്‍ നിന്ന്.ആര്‍ഭാടപൂര്‍ണ്ണമായ ഡിസ്ക്കോത്തെക്കുകളും നിശാ ക്ളബ്ബുകളും കാസിനോകളും ബുര്‍ക്കിനയിലെ രാത്രി ജീവിതം കൊണ്ടാടുന്നുണ്ട്.     
കാര്യങ്ങള്‍ എന്തൊക്കെയായാലും ഈ യാത്രകളെല്ലാം ഉദര നിമിത്തമായതിനാല്‍ ഭക്ഷണത്തെ കുറിച്ചു കൂടി പറയട്ടെ.ഇവിടെ രൂപയ്ക്ക് മൂല്യം കുറവായതിനാല്‍ എല്ലാ വിലകളും ആയിരത്തിലാണ്.ആയിരം സിഫ :-ഏകദേശം നൂറ്റിപ്പന്ത്രണ്ട് രൂപ.രണ്ടായിരം മൂവായിരം സിഫയ്ക്ക് കുഞ്ഞു ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാം.
ഒരു ഹോട്ടല്‍ ദൃശ്യം 
ഘാനയില്‍ പൊതുവേ അരിയാഹാരം
റികൂട്ടിക്കഴിക്കുന്ന സമ്പ്രദായം ഇല്ല.കപ്പയും നേന്ത്രക്കായും കാച്ചിലുമെല്ലാം പുഴുങ്ങി ഉരലില്‍ (mortar)ഇടിച്ചുണ്ടാക്കുന്ന ഫുഫു,ചോളം രണ്ടോ മൂന്നോ ദിവസം വെള്ളത്തില്‍ കുതിര്‍ത്ത് പൊടിച്ച്  (അപ്പോഴേക്കും പുളിച്ച്ചിട്ടുണ്ടാവും)വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് കുറുക്കി ഉരുട്ടിയെടുക്കുന്ന ബങ്കു ഇവയാണ് പ്രധാന ഭക്ഷണം.പിന്നെ ഫ്രൈഡ്റൈസ് സുലഭമായി കിട്ടുന്നതിനാല്‍ അതുകഴിച്ച്‌ കഴിച്ച്‌ കണ്ണെല്ലാം
ചീനക്ക
ണ്ണുളായി എന്ന് പറയാം.ഭാഗ്യത്തിന് ഇവിടെ ചോറും കറികളും കണ്ടപ്പോള്‍ സന്തോഷം അടക്കാനായില്ല.മാത്രമല്ല കറികളില്‍ ഉരുളക്കിഴങ്ങും ഉള്ളിയും സുലഭം. 
                                                                         ചോറ് 
                                                             ചോറും കോഴിക്കറിയും. 
രുച്ചയ്ക്ക്  വ്യത്യസ്തമായതെന്തെങ്കിലും കഴിക്കാമെന്ന് കരുതി മെനുവില്‍ കണ്ട ഉസ് ഉസ്  ഓർഡർ ചെയ്തു.
നമ്മുടെ നാട്ടിലെ പോലെ ഒന്നാന്തരം ഉപ്പുമാവ്!!കൂട്ടിനു ചിക്കന്‍ പൊരിച്ചതും ബീഫ് കറിയും...യമ്മി...      

Monday, March 5, 2012

കേരളത്തില്‍ എത്ര റെപ്പായിമാര്‍



കദേശം നാലര വര്‍ഷത്തോളം ഞാനൊരു മെഡിക്കല്‍ റെപ്പായിരുന്നു.അതിനുശേഷമാണ് ഓന്ത് മൂത്ത് ഉടുമ്പാകുന്നതുപോലെ 'ഡാമേജരും', 'റീജ്യണല്‍ ഡാമേജരും'ഒക്കെ ആവുന്നത്.ആദ്യ പോസ്റ്റിങ്ങ്‌ കൊല്ലത്ത്. അവിടെ വിക്ടോറിയാ ഗവൺമെന്റ്റ് ആശുപത്രിയില്‍ പുത്തന്‍ ലെതര്‍ മണക്കുന്ന മെഡിക്കല്‍ ബാഗില്‍ സാമ്പിളുകള്‍ അടുക്കിക്കൊണ്ടിരുന്ന എന്റെ അരുകില്‍ വന്ന് ഒരു അമ്മച്ചി ചോദിച്ചു,'പിള്ളേ നേരം സന്ധ്യയായല്ല് ,ഇത് വരെ ഒരു മരുന്നും വിറ്റില്ലേ?'അതിലെ നര്‍മ്മം ഓര്‍ത്തു ചിരിയും അവരുടെ കണ്ണിലെ കനിവിന്റെ നനവോര്‍ത്ത് നൊമ്പരവും അനുഭവിച്ചു, പിറവി സിനിമയില്‍ പ്രേംജി ചിരിച്ചപോലെ പകുതി ഹാസ്യവും മറുപകുതി ശോകവും പകര്‍ത്തി ചിരിച്ചുനിന്നതെ ഓര്‍മ്മയുള്ളൂ.അന്നും ഇന്നും പൊതുവേ ജനത്തിനു മെഡിക്കല്‍ റെപ്പിന്റെ ജോലിയെക്കുറിച്ച് ഇതിലതികം വിജ്ഞാനം വന്നിട്ടുണ്ടെന്ന് അത്ര ഉറപ്പില്ല.ഇന്നും മിക്കവര്‍ക്കും അറിയുന്ന ഒരു മരുന്ന് കമ്പനി " ഗ്ളാസ്കോ " ആവാനേ തരമുള്ളൂ.

കൊല്ലത്തൊക്കെ പറയണത് 'എടേ നീയും റപ്പായിയായോടെയ്?ഡേയ് ഇപ്പം ചുമ്മാ ഒരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളണത് , റപ്പിനാണ് ',എന്നൊക്കെ എന്തെല്ലാം തമാശകള്‍ .പൊതുവില്‍ റപ്പായികള്‍ക്ക് തൊഴില്‍ നിലവാരം കുറവാണ്.അതിനു വളം വയ്ക്കാന്‍ മലയാളത്തില്‍ കുറെ സിനിമകുളും വന്നു.'അയലത്തെ അദ്ദേഹം','കൌതുക വാര്‍ത്തകള്‍ ','ധനം','പ്രശ്നം ഗുരുതരം'...മിക്കവാറും എല്ലാ ചിത്രങ്ങളിലും മെഡിക്കല്‍ റെപ്പ് വെറും ഊള.മദ്യപാനി,നഴ്സുമാരെ കറക്കുന്നവന്‍ ,വാചകമടിവീരന്‍ ,ഉളുപ്പില്ലാത്ത്തവന്‍ .....! എന്തൊക്കെയാണെങ്കിലും അല്പമെങ്കിലും ഈ തൊഴിലിനോട് ആത്മാര്‍ഥമായ സമീപനം കാണിച്ച ചിത്രം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത'പ്രശ്നം ഗുരുതരം'ആണ്.അത്യാവശ്യം കാര്യ ഗൌരവത്തോടെ ഈ തൊഴില്‍ ചെയ്യുന്നവരോട് ചര്‍ച്ചചെയ്തായിരിക്കും മേനോന്‍ ഈ ചിത്രം എടുത്തത്. അപ്പൊ മേനന് ഇമ്മട വക ഒരു "റോയല്‍ സല്യൂട്ട്".    

കൊല്ലം കടപ്പാക്കടയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്ത് അവിടെ സഹായിയായുണ്ടായിരുന്ന മുരുകന്‍ സാമ്പിള്‍ മരുന്ന് വരുമ്പോള്‍ ഓരോന്നെടുത്തു വയ്കുംമ്പോഴും    അതിന്റെ ഉപയോഗങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.വയറു വേദനയുടെ മരുന്നാണെന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് കഴിയുമ്പോഴേക്കും വാതിലില്‍ മുട്ട് കേള്‍ക്കാം.'അണ്ണോ വയറു വേദനിക്കണ്,ആ മരുന്ന് താ അണ്ണോ'.പിന്നീട് മിക്കവാറും മരുന്നുകള്‍ വന്നിറങ്ങുമ്പോള്‍ ഗര്‍ഭിണികള്‍ക്കുള്ളതാണ് എന്ന് പറഞ്ഞാണ് ,അവന്റെ ഈ എക്സസീവ് ഡ്രഗ്ഗ് ഇന്‍ടേക്ക് ഫോബിയാക്ക്‌ ഞങ്ങള്‍ തടയിട്ടിരുന്നത് .റെപ്പിന്റെ കയ്യിലെ മരുന്നുകള്‍ക്ക് വീര്യം കൂടുമെന്നാണ് പറയപ്പെടുന്നത്‌.മരുന്ന് കഴിച്ചു ഗര്‍ഭണനാകെണ്ടെന്നു കരുതിയാവണം അവന്‍ അവിടെ അധികം ചുറ്റിക്കറങ്ങാറില്ല.(ഈ ഐഡിയക്ക് കടപ്പാടും ഒരു ഡോക്ടര്‍ക്കാണ് പുള്ളി മെഡിസിനു പഠിക്കുമ്പോള്‍ അതാതു കാലത്ത് പഠിക്കുന്ന രോഗ ലക്ഷണങ്ങള്‍ തനിക്കുള്ളതായി തോന്നുമായിരുന്നു പോലും ആകെ ഒരു ആശ്വാസം പ്രേഗ്നന്‍സിയെ കുറിച്ച് പഠിപ്പിക്കുമ്പോഴായിരുന്നു) .
    
കാര്യങ്ങളെന്തൊക്കെയായാലും മനേജര്‍ ആയപ്പോഴാണ് ഒരുകാര്യം തീര്‍ത്തും ബോധ്യപ്പെട്ടത് :-ഭൂമിമലയാളത്തില്‍ റെപ്പാകാന്‍ ആളെ കിട്ടുക എളുപ്പമല്ല!!നാട്ടില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ഗള്‍ഫിലേക്ക് പോയത് എന്നൊക്കെ പറയുന്നവരോട് കലശലായ വിരോധം തോന്നിയതും ആ കാലത്താണ്.എത്രയെത്ര കോളേജുകള്‍ കയറിയിറങ്ങി...ഡിഗ്രി കഴിഞ്ഞ കുട്ടികളുടെ നമ്പരും അഡ്രസ്സുമെല്ലാം വാങ്ങി,റെപ്പവുന്നോ എന്ന് ചോദിച്ചാല്‍ അവന്റെ പുഞ്ഞം..എങ്കിലും അങ്ങനെ പുഞ്ഞം കാണിച്ച എത്രയോ പേരെ, പിന്നീട് ഈ ജോലിയുടെ ഗുണങ്ങള്‍ മനസ്സിലാക്കി പല കമ്പനികളിലും വലിയ നിലകളില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എങ്കിലും സ്വന്തം പെങ്ങള്‍ക്ക് വിവാഹാലോചനയുമായി വരുന്നത് റെപ്പാണെങ്കില്‍ ആരും ഒന്ന് മടിക്കും.വെറും ഗ്രാജ്വേറ്റിനും ഇരുപതിനായിരം രൂപ വരെ സ്ടാര്‍ട്ടിംഗ് സാലറി കിട്ടുന്ന ചുരുക്കം ചില ജോലികളില്‍ ഒന്നാണിത്.അല്പം തന്റേടവും ചലഞ്ചിങ്ങായ ടാര്‍ഗെറ്റുകള്‍ ഏറ്റെടുക്കാനുള്ള അഭിവാഞ്ജയും ഉണ്ടെങ്കില്‍ ആര്‍ക്കും ഇതിലേക്കിറങ്ങാം.

റഞ്ഞു പറഞ്ഞു ഇതൊരു റപ്പായി പുരാണം ആയി മാറിയെങ്കിലും റപ്പായിരുന്നപ്പോഴത്തെ ഒന്ന് രണ്ടനുഭവങ്ങള്‍ കൂടി വിവരിക്കണമെന്നുണ്ട്. 

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഞാന്‍ ജോലിചെയ്തിരുന്നത് ഒരു വമ്പന്‍ മള്‍ട്ടി നാഷണല്‍ ഔഷധ കമ്പനിയിലായിരുന്നു.ഈ കാലയളവില്‍ മാർക്കറ്റിൽ ഹെപ്പറൈറ്റിസ് ബി വാക്സിൻ ലഭ്യമായിരുന്നെങ്കിലും സാധാരണ ജനങ്ങൾ ഈ രോഗത്തെക്കുറിച്ചോ വാക്സിനെകുറിച്ചോ ബോധവാന്മാരായിരുന്നില്ല.വര്‍ഷങ്ങളോളം നീണ്ടു നിന്ന പൊതു വിജ്ഞാന പരിപാടികളിലൂടെ ജനം ഈ വാക്സിനെ കുറിച്ചും സ്വന്തം കുഞ്ഞുങ്ങള്‍ക്കും തങ്ങള്‍ക്കും വാക്സിനെടുക്കുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിഞ്ഞുവരുന്ന കാലം.പക്ഷെ ഈ കാലഘട്ടത്തില്‍ തന്നെ ചില ഇന്ത്യന്‍ കമ്പനികള്‍ ഈ വാക്സിന്‍ ഉത്പാദിപ്പിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയിരുന്നു.എന്നാല്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ മനസ്സിലും കയറിക്കൂടാന്‍ താമസിക്കുന്നതിനാല്‍ മരുന്ന് വില്പനയ്ക്ക് മറ്റൊരു കളം കൂടി ആരംഭിക്കപ്പെട്ടു.അന്ന് ഐ എ പിയുടെ ഗയ്ട്ലൈന്‍സിലോ സര്‍ക്കാര്‍ കമ്പത്സറി വാക്സിനേഷന്‍ പ്രോഗ്രാമുകളിലോ ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ജനങ്ങളെ നേരിട്ട് ഈ രോഗത്തെ കുറിച്ച് പ്രബുദ്ധരാക്കുന്നതിനും അതിനുള്ള കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും വന്‍ ക്യാമ്പുകള്‍ രൂപപ്പെടുകയും ചെയ്തു. 

രു ഭംഗിവാക്കിന് മെഡിക്കല്‍ റെപ്പുകള്‍ കമ്പനികളുടെ അംബാസിഡർമാരാണെന്ന് പറയുകയും കോള്‍മയിര്‍ കൊള്ളിക്കുകയും ഒക്കെ ചെയ്യുമെങ്കിലും യഥാതഥയില്‍ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്യുക എന്നത് തന്നെയാണ് സെയില്‍സ്മാന്‍ കാറ്റഗറിയില്‍ വരുന്ന ഇവരുടെ ഉത്തരവാദിത്വം.ഡെമോക്ളിസ്സിന്റെ വാളുപോലെ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ടാര്‍ഗെട്റ്റ് ഷീറ്റുകളില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് അവര്‍ അലക്കിത്തെച്ച്ച്ച ഷര്‍ട്ടുമിട്ട് ടൈയുംകെട്ടി തേരാപാരാ അലയുന്നത്.ഇത്തരം ക്യാമ്പുകള്‍ ഒന്നുരണ്ടെണ്ണം എന്റെ ഏരിയയിലും എതിര്‍ കമ്പനികള്‍ നടത്തിയപ്പോള്‍ ഇതൊരു കലക്കന്‍ ഐഡിയയാണല്ലോ എന്നെനിക്കും തോന്നി.ഒരു മാസത്തെ ടാര്‍ഗെട്റ്റ് ഒറ്റയടിക്ക് എത്തിക്കാം. അതായത് അത്രയും തെണ്ടലും   ടെന്‍ഷനും കുറയ്ക്കാം
സാധാരണ പൌരസമിതികളാണ് ക്യാമ്പുകള്‍ നടത്തുന്നത്.എഴുപതു രൂപയ്ക്കും നൂറു രൂപയ്ക്കുമെല്ലാം വാക്സിന്‍ നല്‍കിയിരുന്നു.ഇതിലോരല്പം പണം,നടത്തുന്ന സമിതിക്ക് കിട്ടുമെന്ന് മാത്രമല്ല നാട്ടിലൊരു ക്യാമ്പ്‌ നടത്തിയെന്ന ഖ്യാതിയും അല്പസ്വല്പം ആളാവലും എല്ലാം നടക്കും.ഇങ്ങനെയുള്ള അവസരത്തില്‍ ഞാനും ഈ ആകര്‍ഷണത്തില്‍ വീഴുകയും ഒന്നുരണ്ടു ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.സാധാരണ ഗതിയില്‍ ടാര്‍ഗറ്റ് ഷീറ്റ് തരുന്നത് വരെ,'വീ ഹാവ് റ്റു ഡൂ ഇറ്റ്'എന്ന് പറയുകയും ടാര്‍ഗറ്റ് ഏക്‌സപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 'ഐ ഡോൺട് നോ ഹൗ ..ബട്ട്‌ യൂ ഹാവ് ററു ഡൂ ഇറ്റെന്നും'പറയുന്ന വര്‍ഗ്ഗമാണ് മാനേജര്‍മാര്‍.എന്നാല്‍ ഉള്ളത് പറയണമല്ലോ എന്റെ മാനേജര്‍ തീര്‍ത്തും മാന്യനായിരുന്നു.ഇത്തരം ക്യാമ്പുകള്‍ വളരെ സൂക്ഷിച്ചും കണ്ടുമൊക്കെയേ ചെയ്യാവൂ എന്നും ലയന്‍സ്, റോട്ടറി എന്നീ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് മുൻഗണന കൊടുക്കണമെന്നും അദ്ദേഹം എന്നും ഉപദേശിച്ചിരുന്നു.എന്നാല്‍ ചെറുപ്പത്തിന്റെ തിളപ്പിലും ആവേശത്തിലും കോമ്പറ്റിറ്റിവ് കമ്പനികള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ക്യാമ്പുകള്‍ ചെയ്യണമെന്ന വാശിയിലും ഞാന്‍ പല ക്യാമ്പുകളും നടത്തി.അങ്ങനെ ഇരിക്കുന്നതിനിടക്ക്,എനിക്ക് നല്ല പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് അവരുടെ നാട്ടില്‍ ഒരു മഞ്ഞപ്പിത്തം കുത്തിവയ്പ് ക്യാമ്പ്‌ നടത്താന്‍ എന്നെ സമീപിച്ചു.അപ്പോഴേക്കും എനിക്ക് ഇതെല്ലം നടത്തി നല്ല പരിചയമായിരുന്നു.മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രസിദ്ധരായ ചില ഡോക്ടര്‍മാരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു.ക്യാമ്പ് നടത്തുന്നിടത്തേക്ക്  ചില ഡോക്ടര്‍മാരെയും നഴ്സുമാരെയും സംഘടിപ്പിച്ചു തന്ന്‌ അവര്‍ സഹായിച്ചിരുന്നു. 

പറഞ്ഞസ്ഥലം തിരുവനന്തപുരതതുനിന്ന് ഏകദേശം അൻപത്തഞ്ചു കിലോമീറ്റർ ദൂരെ ഒരു തീരദേശത്താണ്,വലിയതുറ.'*സ്ഥലം അത്ര മെച്ചമല്ല ശ്രദ്ധി്ക്കണം എന്ന മാനേജറുടെ വാക്കുകൾ ഞാനത്രയ്ക്ക് കാര്യമായെടുത്തില്ല.അന്നേ ദിവസം,സ്ഥിരം വരാറുള്ള പ്രഗദ്ഭനായ ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല,പകരക്കാരനായി ഹൗസ്സർജൻസി ചെയ്യുന്ന ഒരു എംബിബിഎസ്സ് ഡോക്ടറെയാണ് ലഭിച്ചത്.ചെറുപ്പക്കാരനായ ആ ഡോക്ടറും ഞാനും വളരെ ജോളിയായി അവിടെ എത്തുകയും നഴ്സുമാരും സന്നാഹങ്ങളും മറ്റു തയ്യാറെടുപ്പുകളും എല്ലാം വേണ്ടവിധമല്ലേ എന്ന് പരിശോധിക്കുകയും ചെയ്തു.അവിടുത്തെ ഒരു സ്കൂളിൽ വച്ചാണ് ക്യാമ്പ്.ആളുകൾക്ക് പണമടയ്ക്കാനുള്ള കൗണ്ടറും കുത്തിവയ്പെടുക്കാൻ മറ്റൊരു മുറിയും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അംഗങ്ങൾക്കു വേണ്ട ഉച്ചഭക്ഷണവും മററും ഓർഡർ ചെയ്തു.രാവിലെമുതൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. 

രാള്‍ക്ക് ഇത്രരൂപയെന്ന കണക്കില്‍ ഒരു പ്രത്യേക സംഖ്യ സംഘടനയ്ക്കാണ്.അതുകൊണ്ടുതന്നെ നീണ്ട ക്യൂ കണ്ട് സംഘാടകര്‍ വലിയ സന്തോഷത്തിലായിരുന്നു.കൂടാതെ മള്‍ട്ടി     ഡോസില്‍ നിന്ന് വാക്സിനെടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ബോട്ടിലില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കൊടുക്കാം,ആ ലാഭവും സംഘടനയ്ക്കെടുക്കം.നോട്ടീസ് വിതരണം നടത്തിയതിന്റെയും അനൌന്‍സ്മെന്റ് നടത്തിയതിന്റെയും എല്ലാം ഫലം കാണുന്നതില്‍ അവര്‍ പരസ്പരം അഭിനന്ദിച്ചു.

വാക്സിന്‍ കൊടുത്തുകൊണ്ടിരുന്ന മുറിയിലിരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്ന് പുറത്തുനിന്നു കുറച്ചു ബഹളം കേട്ടു.നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തമ്മില്‍ പ്രശ്നം ഉണ്ടാവുന്നത് സര്‍വ്വസാധാരണയാണ്.അതുകൊണ്ട് തന്നെ കാര്യമാക്കിയില്ല.എന്നാല്‍ ബഹളം കൂടുന്നത് കണ്ട് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത് ഡോക്ടര്‍ അജിത്തിനെ കോളറില്‍ പിടിച്ചു തള്ളുന്നതും ജനക്കൂട്ടം നാലുഭാഗത്ത്‌ നിന്നും ഇടിക്കാന്‍ വരുന്നതും!ശബ്ദങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഇടയില്‍ നിന്നും ഇത്രയും മനസ്സിലായി:-വാക്സിന്‍ എടുത്ത ഒരുകുഞ്ഞിനു കണ്ണ് കാണുന്നില്ല?ഓടി കോലായിലെത്തിയ ഞാന്‍ കാണുന്നത് മൂന്നരവയസ്സുള്ള ഒരാങ്കുട്ടി!!,തിരക്കിനും ബഹളത്തിനുമിടയില്‍ നിന്നും പറിഞ്ഞു വന്ന്‌ ഡോക്ടര്‍ അവനെ പരിശോദിക്കുകയും തന്റെ പേന അവനു മുന്നില്‍ വയ്ക്കുകയും ചെയ്തു.ആ കുഞ്ഞു നിലത്തിരുന്നു പേന തപ്പുന്നത് കണ്ടതേ എനിക്കോര്‍മ്മയുള്ളൂ,കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള ഒരു തോന്നലുണ്ടായതും ഒരുപാട് കരങ്ങള്‍ എന്നെ ഉയര്‍ത്തിയെടുത്തതും ഒരുമിച്ചായിരുന്നു.നീയിനി ഇവിടെനിന്നു പോവില്ലെട എന്ന ആക്രോശത്തോടൊപ്പം ഒരു പഴം തുണി കേട്ട് പോലെ എന്നെ ഒരു ക്ളാസ്സ് റൂമില്‍ എറിഞ്ഞു കതകടച്ച്ചു.
ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെയും കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കെ കരയുന്നതിന്റെയും ശബ്ദം അകത്ത്കേള്‍ക്കാം.സത്യത്തില്‍ ഞാന്‍ അന്തസ്തബ്ദനായി,(കട. ഷാജികുമാര്‍) ) സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ പോലും സമയമെടുത്തു.ഞാനും കൂടി ഉള്‍പ്പെട്ടു നടത്തുന്ന ഒരു ക്യാമ്പില്‍ ഒരു കൊച്ചുകുഞ്ഞിന്റെ കാഴ്ച്ചനഷ്ടപ്പെടുന്നതിലുള്ള മനോവ്യാദി സിരകളെ തെനീച്ചക്കൂടിളകിയപോലെ ആക്രമിച്ചുകൊണ്ടിരുന്നു.ഇടയ്ക്കിടെ ഒരു ജനാല തുറന്ന് ഇരുട്ടില്‍ പമ്മിയിരിക്കുന്ന എന്റെ നേരെ നികൃഷ്ട വാക്കുകളുടെ കൂരമ്പുതിര്‍ത്തു.ഇരുട്ടില്‍ കൂനിക്കൂടിയിരുന്ന എനിക്കല്‍പ്പം ആശ്വാസം ഓടുപൊട്ടിയ മേല്ക്കൂരയില്‍നിന്നും ഉതിരുന്ന വെളിച്ചത്തിന്റെ വെള്ളി ദണ്ടുകള്‍ മാത്രം .അതും നോക്കി നിമിഷങ്ങള്‍ എണ്ണി.ജനാല തുറന്നുള്ള തെറിവിളികളില്‍ നിന്നും ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി,ഒന്ന് ഡോക്ടര്‍ ഒരു കാറ് വിളിച്ചു ആ കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.രണ്ട്‌ ഇക്കാര്യം അറിഞ്ഞതിനുശേഷം പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞു വന്ന്‌ തുടങ്ങിയിരിക്കുന്നു.സാധാരണ ഗതിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ അനാഫിലാറ്റിക്ക്  റിയാക്ഷന്‍  അതായത് ആന്റിജെന്‍  ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാവുകയും ചിലര്‍ ബോധം കേട്ടു വീഴുകയും തളരുകയും ചെയ്യാം.അത് സ്വാഭാവികം.എന്തെന്നാല്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്നത് വൈറസ്സിൻറെ നിർജ്ജീവമാക്കിയ ഒരു ഭാഗമാണ്.അതുകൊണ്ടുതന്നെ പണ്ട് കേട്ടിട്ടുള്ളതുപോലെ പോളിയോ എടുത്തവര്‍ക്ക് പോളിയോ വരുന്നു എന്നത് പോലെ ഒരു മില്ല്യണിൽ ഒരാള്‍ക്ക്‌ ചിലപ്പോള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകാം.അത് ട്രെയിനിംഗ് സമയത്ത് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.അങ്ങിനെ സംഭവ്യതയുടെയും അസംഭവ്യതയുടെയും നിരാശയുടെയും പ്രകാശത്തിന്റെയും നിരവധി തുരുത്തുകള്‍ മനസ്സില്‍ നിറഞ്ഞു . ഈ കുഞ്ഞു ആ മില്ല്യണിൽ ഒരാളാവരുതെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.ജനാലയില്‍ തട്ടി വിളിച്ച്‌,എനിക്ക് ഒരു ഫോൺ ചെയ്യണമെന്ന അഭ്യര്‍ത്ഥന ഒരുപാട് നിരസിക്കലുകള്‍ക്ക് ശേഷം അംഗീകരിക്കപ്പെട്ടു.എന്നെ തല്ലിക്കൊല്ലാനായി ചുറ്റും കൂടിയ നാട്ടുകാര്‍ക്ക് നടുവിലൂടെ ഒരു കൊലപ്പുള്ളിയെപ്പോലെ ഇരുവശവും ഖടാഖടിയന്മാരായ അംഗരക്ഷകരുടെ അകമ്പടിയോടെ പുറകിലുള്ള വീട്ടിലേക്കു കൊണ്ട് പോയി.ഞാനവിടെനിന്നും മെഡിക്കല്‍ കോളേജു ഡോക്ടര്‍ക്ക് ഫോണ്ചെയ്തു വിവരം പറഞ്ഞു.പിന്നീട് മാനേജരെ വിളിച്ച്‌ പറഞ്ഞു.അദ്ദേഹം ഞാനിപ്പോള്‍ തന്നെ അവിടെയെത്താം എന്ന് പറഞ്ഞെങ്കിലും ഞാന്‍ തടഞ്ഞു.വന്നിട്ട് എനിക്ക് കിട്ടാനുള്ള അടി ഷെയര്‍ ചെയ്യാമെന്നല്ലാതെ ഒരു ഗുണവുമില്ലാ. 

തിരിച്ചെന്റെ ജയിലറയിലേക്ക് കൊണ്ടുപോകുമ്പോഴും ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ നിന്നെ ശരിയാക്കിത്തരാടാ എന്ന രീതിയിലുള്ള ഭീഷണികളും പിന്നെ 'എക്സ്പയറി കഴിഞ്ഞ മരുന്നായിരിക്കും','അല്ലെങ്കില്‍ കുത്തിവപ്പ് വല്ല പരീക്ഷണവുമായിരിക്കും'എന്നൊക്കെയുള്ള ലോക്കല്‍ ഇൻറലിജെൻസ് ബ്യൂറോകളുടെയും ചില മുറിവൈദ്യന്മാരുടെയും കമന്റുകളും കേട്ടു.കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ അവരെന്നെ തല്ലികൊല്ലുന്നത്‌ തന്നെയാകും ഭേദം എന്ന് മനസ്സിനോട് ചൊല്ലി ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

കദേശം ഒരുമണിക്കൂറിനു ശേഷം കാര്‍ തിരികെ വന്നു.അല്‍പനേരം കാറില്‍ യാത്ര ചെയ്തപ്പോഴേക്കും  കുഞ്ഞിനു കാഴ്ചശക്തി തിരികെ ലഭിച്ചു.പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ അനുയായികളുടെ സമ്മതത്തോടെ മടങ്ങിവന്നതായിരുന്നു.തങ്ങളുടെ കുട്ടിക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇതോടെ ഒന്ന് തണുത്തു.അല്ലെങ്കിലും അതൊരു മോബ് സിന്ട്രോം മാത്രമായിരിക്കും എന്ന് ഞാനും മനസ്സില്‍ ആശ്വസിച്ചിരുന്നു .കാര്യങ്ങളൊക്കെ പറഞ്ഞു കോമ്പ്രമൈസ് ആക്കിയെങ്കിലും കൗണ്ടറിൽ വച്ചിരുന്ന കളക്ഷനായ പതിനായിരത്തിലധികം രൂപയും വാക്സിനുകളും ആരൊക്കെയോ മുക്കി.സ്വന്തം കയ്യില്‍നിന്നും ആ പണം കമ്പനിക്കു കൊടുക്കേണ്ടി വന്നെങ്കിലും ശരീരത്തിനും ജീവനും കേടുപാട് പറ്റാതെ തടിതപ്പി.അതുകൊണ്ട് ഇതെഴുതാന്‍ മല്ലു വീണ്ടും ബാക്കി. 

ഡിസ്ക്ലൈമര്‍ :ജീവിതത്തില്‍ ഉണ്ടായ കടുപ്പമേറിയ ഒരനുഭവം പങ്കുവച്ചു എന്നുമാത്രം.ഇതുവായിച്ചു ആരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിന്‍ എടുക്കാതിരിക്കരുത്.ആ വൺ ഇന്‍ എ മില്ല്യന്‍ ബേബി ആകുമോ എന്ന ശങ്കയെക്കാള്‍ പ്രധാനം പ്രതിരോധ കുത്തി വയ്പിന്റെ സുരക്ഷയാണ്.

*സ്ഥലപ്പേര് യഥാർത്ഥമല്ല.



T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...