നമ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യന്റെ വില കൂടുന്ന അപൂര്‍വ്വം ചില നാടുകളില്‍ ഒന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്.
"അങ്ങേലെ മൂപ്പീന്ന് ചത്തോടി
നമ്മളും പോയ്യൊന്നറിയണ്ടേ
"അങ്ങേലെ മൂപ്പീന്ന് ചത്തോടി
നമ്മളും പോയ്യൊന്നറിയണ്ടേ
ചാക്കാല ചൊല്ലുവാന്‍ വന്നവന്
കാപ്പിയും കാശും കൊടുത്തോടി..."
എന്നുതുടങ്ങുന്ന കടമനിട്ടയുടെ ചാക്കാല എന്ന കവിതയിലെ ഒരു വരി തന്നെകാപ്പിയും കാശും കൊടുത്തോടി..."
" ചാവിനു ബന്ധുത്വം ഏറുമല്ലോ
ചാവാതിരിക്കുമ്പോള്‍ എന്തുമാട്ടെ ...".എന്നാണ്.
ഹിന്ദിയില്‍ കാഞ്ഞുപോയവനെ ' ഭഗവാന് കോ പ്യാരാ ഹോഗയാ' അതായത് ദൈവത്തിനു പ്രിയപ്പെട്ടവനായി എന്ന് പറയും. അങ്ങനെ പ്രിയപ്പെട്ടവനോട് അമിതമായ പ്രിയമുള്ളവരാണ് ദൈവത്തിന്റെ സ്വന്തം കണ്ട്രികളായ നമ്മള് മലയാളികള്‍ .
മരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍,സാംസ്കാരിക നായകന്മാര്,ബന്ധു മിത്രാദികള്‍,അതും നമ്മളുമായി ദീര്‍ഘകാലമായി സമ്പര്‍ക്കമൊന്നും പുലര്‍ത്താത്തവരുപോലും വരികയും നമ്മുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യും.നല്ലവനായിരുന്നു, മുന്‍കോപിയായിരുന്നെങ്കിലും ശുദ്ധഹൃദയനായിരുന്നു, മദ്യപാനിയായിരുന്നെങ്കിലും കുടുംബം നോക്കിയിരുന്നു,സ്ത്രീ ലമ്പടനായിരുന്നെങ്കിലും ഭാര്യയെ വലിയ സ്നേഹമായിരുന്നു.ഒന്നും സമ്പാദിച്ചില്ലെങ്കിലും ആളൊരു തറവാടിയായിരുന്നു,മഹാ പിശുക്കന് ആയിരുന്നെങ്കിലും അത്യാവശ്യം സംമ്പാദിച്ചിട്ടാണ് പോയത്, എന്നെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞ് അന്നത്തെ ന്യൂസ്കവറേജും കഴിഞ്ഞ് പൊടിയുംതട്ടി സ്ഥലംവിടും.അടുത്ത ബന്ധുക്കള്‍ , മക്കള്‍ എന്നിവര്‍ പത്രത്തില്‍ 'എന്ന് ദു:ഖാര്‍ത്തരായ....'എന്ന് ഫോട്ടോയ്ക്ക് കീഴെ സ്വന്തം പേരും സ്ഥാനമാനങ്ങളും എഴുതി നിറയ്ക്കും. ചിലര്‍ ഫേസ് ബുക്കില്‍ ' സ്റ്റാറ്റസ് അപ് ഡേറ്റി 'എത്ര ' ലൈക് ' കിട്ടുന്നുണ്ടെന്ന് വീക്ഷിച്ചു കൊണ്ടിരിക്കും.
പക്ഷെ ചത്തവനും അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും പോയി.ഈ വക ഷോ കൊണ്ടൊന്നും അവര്‍ക്ക് നാഴിയരിയുടെ പ്രയോജനമില്ല. അവിടെയാണ് നാം ആഫ്രിക്കയിലെ ഘാനയെ കണ്ടു ചിലതെല്ലാം പഠിക്കേണ്ടത് . അപ്പൊ നിങ്ങള്‍ പറയും അതിപ്പോ നിങ്ങള്‍ കഞ്ഞി കുടിക്കാന്‍ വകയില്ലാണ്ട് അങ്ങോട്ട് കെട്ടിയെടുത്ത സ്നേഹമല്ലേ എന്ന് .അല്ല സുഹൃത്തേ...
ഇവിടെ മരണങ്ങള് വിവാഹത്തെക്കാള്‍ വലിയ ആഘോഷങ്ങളാണ്.ഒരാളുടെ മരണം നടന്നു മൂന്നാഴ്ച കഴിയുമ്പോഴാണ് മരണാനന്തര ചടങ്ങുകള്‍ (Funeral function )നടത്തുന്നത്.അതും നല്ല ആര്‍ഭാടമായി.പന്തല്‍ കെട്ടി അത്യാവശ്യം മുന്തിയ തരം മദ്യവും ഗാനമേളയും മൃഷ്ടാന്നഭോജനവും വരുന്നവര്‍ക്ക് തരപ്പെടും.അതില്‍ ഞാന്‍ തെല്ലും അത്ഭുതം കൂറുന്നില്ല.എത്രയോ ക്രിസ്തീയ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മദ്യം വിളമ്പിയതിനു പള്ളിക്കും പട്ടക്കാരനും മുന്പില് സാക്ഷിയായിട്ടുണ്ട് .എന്തിനു എത്രയോ ഹിന്ദു ഭവനങ്ങളില്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം,പുല കഴിയുന്നതിനു മുന്‍പ് മദ്യം മണക്കുന്ന രാത്രികള്‍ കണ്ടിരിക്കുന്നു. പക്ഷെ അത് പോലെ, മൂട്പടമോ ജാടയുടെ മസ്സില് പിടിത്തമോ പമ്മിയ കുശു കുശുക്കലോ ഇല്ലാതെ നല്ല അന്തസായി മ്യൂസിക് ഡീജെ കളും പോകാന്‍ നേരം സുവേനീരുകളായി, ചത്തവന്റെ പടംഒട്ടിച്ച മഗ്ഗോ കീചെയ്നുകളോ ടീ ഷര്‍ട്ടോ ഒക്കെ തരപ്പെടും .
മരിച്ചവനും ജഡത്തിനും പൊന്നും വിലയുള്ള നാടാണ് ഘാന.
മരിക്കാന്‍ കിടക്കുമ്പോള്‍ പച്ചവെള്ളം കൊടുക്കാത്തവനും ആശുപത്രിയിലേക്ക് തിരിഞ്ഞു നോക്കാത്തവരും പോലും മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കും.എന്തിനധികം ചാവാന്‍ കാലത്തോ അപകടത്തില്‍ പെട്ടോ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളെ സംഘടിപ്പിക്കാന്‍ ആശുപത്രികള്‍ പോലും ആള് കാഞ്ഞു പോയി എന്ന് പത്രങ്ങളില്‍ ഫാള്‍സ് ന്യുസ് കൊടുക്കുന്ന രാജ്യം .ന്യൂസ് കണ്ടു ചാകര മണത്ത ഏതെങ്കിലും ബന്ധു വരാതിരിക്കില്ല. അത് അപ്പനപ്പൂപ്പന്മാരായി തുടങ്ങിവച്ച ചടങ്ങാണ്. ഈ ചടങ്ങുകള്‍ക്ക് വരുന്നവര്‍ സ്വന്തം കഴിവിനനുസരിച്ച് അത്യാവശം നല്ലൊരു തുക സംഭാവനയായി മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും.സംഭാവന ചെയ്ത ആളിന്റെ പേരും തുകയും മൈക്കിലൂടെ അനൌണ്സ് ചെയ്യും.എന്തായാലും പരേതന്റെ കുടുംബത്തിനു കള്ളക്കണ്ണീരിനും പുകഴ്തലിനും എല്ലാം അപ്പുറം അത്യാവശ്യം നല്ല ദമ്പടി കിട്ടുന്ന ഒരു ചടങ്ങാണിത്.
ഈ ചടങ്ങിനിടുന്ന ,സാരിപോലെ നീണ്ട കറുത്ത കോട്ടന്‍ വസ്ത്രം അത്യാവശ്യം വിലപിടിപ്പുള്ളതാണ്.വാങ്ങാന്‍ പാങ്ങില്ലെങ്കിലും പേടിക്കണ്ട സംഭവം വാടകയ്ക്കും കിട്ടും.അത് ഒരു കൊഴുത്ത ബിസിനെസ്സാണ്. ഒരുത്തന് മരിച്ചാല്‍ ബന്ധുക്കളെല്ലാം ഓടിവരും.മരണാനന്തര ചടങ്ങിന്റെ ടെണ്ടര്‍ പിടിക്കാന്‍ .എന്റെ ഭാര്യക്കോ മക്കള്‍ക്കോ ചടങ്ങ് നടത്താനുള്ള കഴിവില്ലെന്ന് കരുതുക ചടങ്ങിന്റെ ടെണ്ടര്‍ ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വില്പന നടത്താവുന്നതെയുള്ളൂ. നാലായിരം ഡോളറിനോ അയ്യായിരം ഡോളറിനോ കെട്ടിയവന്റെ ചാക്കാല ലേലം ചെയ്യാം.ലേലം പിടിക്കുന്നവനും പേടിക്കാനൊന്നുമില്ല. തീനിന്റെയും കുടിയുടെയും ചെലവുകഴിച്ചു എന്തൊക്കെ വന്നാലും രണ്ടോ മൂന്നോ ഇരട്ടി ലാഭം കൊയ്യാം.അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ചില്ലറ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഘാനയിലെ നല്ലൊരു വിഭാഗം ജനതയും യു.കെ യിലും യു എസ്സിലുമാണ് ജോലി ചെയ്യുന്നത്.അവിടെയുള്ളവര്‍ ഇവിടെവരുമ്പോള്‍ പറഞ്ഞ് കേട്ടിട്ടുള്ളത് ,ശനിയാഴ്ചകളില്‍ അവിടെ ഫുനെരല്‍ ഫങ്ങ്ഷന് ഉണ്ടെങ്കില്‍ അവര്‍ നൈറ്റ് ക്ളബ്ബില്‍ പോകുന്നതിനു പകരം അതിനെ പോകൂ എന്നാണു.ക്ളബ്ബില്‍ പോയാല്‍ നൂറു ഡോളരെങ്കിലും കയ്യില്‍ നിന്നും ഇറങ്ങും.മരണാനന്തര ചടങ്ങിനു പോയാല്‍ അവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്താല്‍ തരക്കേടില്ലാത്ത രീതിയില്‍ തീനും കുടിയും നൃത്തവും നടക്കും.മാത്രമല്ല തന്റെ രാജ്യക്കാരുമായി ഇടപഴകാം,നാടന്‍ ഭക്ഷണം ആസ്വദിക്കാം,ഇതിനെല്ലാമുപരിയായി അപ്പനപ്പൂപ്പന്മാരായി തുടങ്ങിവെച്ച ആചാരങ്ങള്‍ പാലിച്ചുവെന്ന് സമാധാനപ്പെടുകയും ചെയ്യാം.ഇപ്പോള്‍ യു എസ്സിലും യു കെയിലുമെല്ലാം വലിയ വലിയ ഹോട്ടലുകളില്‍ ശനിയാഴ്ച രാത്രികളിലാണ് മരണാനന്തര ചടങ്ങുകള്‍ ആഘോഷിക്കുന്നത്.
മരണപ്പെട്ടവന്റെ തൊഴില്‍ സംബന്ധിച്ച രീതിയിലായിരിക്കും ശവപ്പെട്ടി.കൊകൊകോള വിതരണക്കാരന് മരിക്കുമ്പോള്‍ കോക്ക് കുപ്പി പോലെയും എയര്‍ക്രാഫ്റ്റ് ഉദ്യോഗസ്തന്റെ ശവപ്പെട്ടി എയര്‍ക്രാഫ്റ്റ് മോഡലും ആവുമ്പോ മുനിസിപ്പാലിറ്റിക്കാരനോ തോട്ടിയോ എങ്ങനത്തെ ശവപ്പെട്ടി നിര്‍മിക്കും എന്നാലോചിച്ചു ചാടാന്‍ വരട്ടെ .ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആഗ്രഹവും ശവപ്പെട്ടിക്ക് തീം ആവാം റോള്‍സ് റോയ്സ് വാങ്ങാന്‍ ആഗ്രഹിചിരുന്നവന്‍ ജീവിതത്തില്‍ വാങ്ങിയില്ലെങ്കിലും അന്ത്യ വിശ്രമം കൊള്ളുന്നത് നല്ല ഒന്നാന്തരം റോള്‍സ് റോയ്സ് ശവപ്പെട്ടിയില്‍ തന്നെയാവാം. പാദരക്ഷകളോട് ഭ്രമമുള്ളവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത് നല്ല ഒന്നാന്തരം ഷൂ ശവപ്പെട്ടിയിലാവും. ചിലപ്പോള്‍ മരണാനന്തര ചടങ്ങിനു കാശ് തികയാത്തവര്‍ എട്ടും പത്തും മാസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിചെന്നും വരും. എന്നാലും ചടങ്ങ് അതിഗംഭീരമാക്കണം .


ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക് എന്ത് മാത്രം ഉപകാരപ്പെട്ടു എന്നത് പല തര്‍ക്കങ്ങള്‍ക്കും കാരണമാകാം എന്നാലും മരിച്ചു വിറങ്ങലിക്കുമ്പോള്‍, മരണം ആഹ്വാനം ചെയ്യുന്ന ഫ്ലെക്സും ബാന്ട് സെറ്റും ഫാന്‍സി ശവപ്പെട്ടി നിര്‍മാണവും പന്തലും ഡീജെയും ഭക്ഷണവും വഴി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്ക്കുന്ന ഒരു ഉത്തമ പരമ്പരാഗത ചടങ്ങ് തന്നെയാണിത് . അതാണ് പറയുന്നത് മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം എന്ന് .!!!
"മീന്‍ ചത്താല്‍ കരുവാട് (ഉണക്കല്‍ മീന്‍ )
നീ ചത്താല്‍ വെറും കൂട് "
എന്ന് കണ്ണദാസന്.മരിച്ചു കഴിഞ്ഞാല്‍ വെറും കൂടായ ഈ ശരീരം പ്രദര്‍ശനത്തിനു വെച്ച് ഉറ്റവര്‍ക്കും ഉടയവര്‍ക്കും അല്പം സന്തോഷവും സമ്പാദ്യവും സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെക്കാള്‍ വലിയ എന്ത് കര്‍മ്മമാണുള്ളത് .
: ചാക്കാലയ്ക്കുപോയി ചിത്രങ്ങള്‍ എടുക്കാന്‍ ഗട്സ് ഇല്ലാത്തതുകൊണ്ട് ചില ചിത്രങ്ങള്‍ക്ക് കട.ഗൂഗിള്‍