Friday, September 16, 2011

മരണാഘോഷങ്ങളുടെ നാട്

    നമ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യന്റെ വില കൂടുന്ന അപൂര്‍വ്വം ചില നാടുകളില്‍ ഒന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്.   
 "അങ്ങേലെ മൂപ്പീന്ന് ചത്തോടി    
 നമ്മളും  
   പോയ്യൊന്നറിയണ്ടേ    
  ചാക്കാല ചൊല്ലുവാന്‍ വന്നവന്‌  
 കാപ്പിയും കാശും കൊടുത്തോടി..."
  എന്നുതുടങ്ങുന്ന കടമനിട്ടയുടെ   ചാക്കാല എന്ന  കവിതയിലെ ഒരു വരി തന്നെ
" ചാവിനു ബന്ധുത്വം ഏറുമല്ലോ  
ചാവാതിരിക്കുമ്പോള്‍  എന്തുമാട്ടെ ...".എന്നാണ്. 


         ഹിന്ദിയില്‍ കാഞ്ഞുപോയവനെ ' ഭഗവാന്‍ കോ പ്യാരാ ഹോഗയാ'    അതായത് ദൈവത്തിനു  പ്രിയപ്പെട്ടവനായി എന്ന് പറയും. അങ്ങനെ  പ്രിയപ്പെട്ടവനോട്‌ അമിതമായ പ്രിയമുള്ളവരാണ്   ദൈവത്തിന്റെ  സ്വന്തം  കണ്ട്രികളായ  നമ്മള്‍ മലയാളികള്‍ .
     മരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്,സാംസ്കാരിക നായകന്മാര്‍,ബന്ധു മിത്രാദികള്‍,അതും നമ്മളുമായി ദീര്‍ഘകാലമായി സമ്പര്‍ക്കമൊന്നും പുലര്‍ത്താത്തവരുപോലും  വരികയും നമ്മുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യും.നല്ലവനായിരുന്നു, മുന്‍കോപിയായിരുന്നെങ്കിലും ശുദ്ധഹൃദയനായിരുന്നു,  മദ്യപാനിയായിരുന്നെങ്കിലും കുടുംബം നോക്കിയിരുന്നു,സ്ത്രീ ലമ്പടനായിരുന്നെങ്കിലും ഭാര്യയെ വലിയ സ്നേഹമായിരുന്നു.ഒന്നും സമ്പാദിച്ചില്ലെങ്കിലും ആളൊരു തറവാടിയായിരുന്നു,മഹാ പിശുക്കന്‍ ആയിരുന്നെങ്കിലും‌ അത്യാവശ്യം സംമ്പാദിച്ചിട്ടാണ്   പോയത്, എന്നെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞ് അന്നത്തെ ന്യൂസ്കവറേജും കഴിഞ്ഞ് പൊടിയുംതട്ടി സ്ഥലംവിടും.അടുത്ത  ബന്ധുക്കള്‍  ,   മക്കള്‍ എന്നിവര്‍ പത്രത്തില്‍  'എന്ന് ദു:ഖാര്ത്തരായ....'എന്ന് ഫോട്ടോയ്ക്ക്  കീഴെ സ്വന്തം പേരും സ്ഥാനമാനങ്ങളും എഴുതി  നിറയ്ക്കും.  ചിലര്‍ ഫേസ് ബുക്കില്  ' സ്റ്റാറ്റസ്  അപ് ഡേറ്റി 'എത്ര ' ലൈക്‌  ' കിട്ടുന്നുണ്ടെന്ന് വീക്ഷിച്ചു കൊണ്ടിരിക്കും.  
   
         പക്ഷെ ചത്തവനും അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും പോയി.ഈ വക ഷോ കൊണ്ടൊന്നും അവര്‍ക്ക് നാഴിയരിയുടെ  പ്രയോജനമില്ല. അവിടെയാണ് നാം ആഫ്രിക്കയിലെ ഘാനയെ കണ്ടു ചിലതെല്ലാം പഠിക്കേണ്ടത് .  അപ്പൊ നിങ്ങള് പറയും  അതിപ്പോ നിങ്ങള് കഞ്ഞി കുടിക്കാന്‍ വകയില്ലാണ്ട്  അങ്ങോട്ട്‌  കെട്ടിയെടുത്ത സ്നേഹമല്ലേ എന്ന് .അല്ല സുഹൃത്തേ...  
            ഇവിടെ  മരണങ്ങള്‍ വിവാഹത്തെക്കാള്‍  വലിയ ആഘോഷങ്ങളാണ്.ഒരാളുടെ മരണം നടന്നു മൂന്നാഴ്ച കഴിയുമ്പോഴാണ്   മരണാനന്തര ചടങ്ങുകള്‍ (Funeral function )നടത്തുന്നത്.അതും നല്ല ആര്‍ഭാടമായി.പന്തല് കെട്ടി അത്യാവശ്യം മുന്തിയ തരം  മദ്യവും ഗാനമേളയും മൃഷ്ടാന്നഭോജനവും വരുന്നവര്‍ക്ക് തരപ്പെടും.അതില്‍ ഞാന്‍ തെല്ലും അത്ഭുതം കൂറുന്നില്ല.എത്രയോ ക്രിസ്തീയ   മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മദ്യം വിളമ്പിയതിനു പള്ളിക്കും പട്ടക്കാരനും മുന്‍പില്‍ സാക്ഷിയായിട്ടുണ്ട് .എന്തിനു  എത്രയോ ഹിന്ദു ഭവനങ്ങളില്‍  മരണാനന്തര  ചടങ്ങുകള്‍ക്ക് ശേഷം,പുല കഴിയുന്നതിനു മുന്പ് മദ്യം മണക്കുന്ന രാത്രികള്‍  കണ്ടിരിക്കുന്നു. പക്ഷെ അത് പോലെ, മൂട്പടമോ  ജാടയുടെ മസ്സില് പിടിത്തമോ പമ്മിയ കുശു കുശുക്കലോ  ഇല്ലാതെ നല്ല അന്തസായി മ്യൂസിക്‌ ഡീജെ കളും പോകാന്‍ നേരം സുവേനീരുകളായി,  ചത്തവന്റെ പടംഒട്ടിച്ച മഗ്ഗോ  കീചെയ്നുകളോ ടീ ഷ‍ര്‍ട്ടോ ഒക്കെ തരപ്പെടും .

              മരിച്ചവനും ജഡത്തിനും  പൊന്നും വിലയുള്ള നാടാണ് ഘാന.  
മരിക്കാന്‍ കിടക്കുമ്പോള്‍ പച്ചവെള്ളം കൊടുക്കാത്തവനും ആശുപത്രിയിലേക്ക്   തിരിഞ്ഞു നോക്കാത്തവരും പോലും മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കും.എന്തിനധികം ചാവാന്‍ കാലത്തോ  അപകടത്തില്‍ പെട്ടോ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളെ  സംഘടിപ്പിക്കാന്‍ ആശുപത്രികള്‍ പോലും ആള് കാഞ്ഞു പോയി എന്ന്   പത്രങ്ങളില്‍ ഫാള്‍സ് ന്യുസ് കൊടുക്കുന്ന രാജ്യം  .ന്യൂസ്‌ കണ്ടു ചാകര മണത്ത ഏതെങ്കിലും ബന്ധു വരാതിരിക്കില്ല. അത് അപ്പനപ്പൂപ്പന്മാരായി  തുടങ്ങിവച്ച ചടങ്ങാണ്. ഈ ചടങ്ങുകള്‍ക്ക് വരുന്നവര്‍ സ്വന്തം കഴിവിനനുസരിച്ച് അത്യാവശം നല്ലൊരു തുക സംഭാവനയായി  മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും.സംഭാവന ചെയ്ത ആളിന്റെ പേരും തുകയും മൈക്കിലൂടെ അനൌണ്സ് ചെയ്യും.എന്തായാലും പരേതന്റെ   കുടുംബത്തിനു കള്ളക്കണ്ണീരിനും പുകഴ്തലിനും എല്ലാം അപ്പുറം  അത്യാവശ്യം നല്ല ദമ്പടി  കിട്ടുന്ന ഒരു  ചടങ്ങാണിത്‌.                                                                                              
ചടങ്ങിനിടുന്ന ,സാരിപോലെ നീണ്ട കറുത്ത കോട്ടന്‍ വസ്ത്രം അത്യാവശ്യം വിലപിടിപ്പുള്ളതാണ്.വാങ്ങാന്‍ പാങ്ങില്ലെങ്കിലും   പേടിക്കണ്ട സംഭവം വാടകയ്ക്കും കിട്ടും.അത് ഒരു കൊഴുത്ത ബിസിനെസ്സാണ്.   
                  രുത്തന്‍ മരിച്ചാല്‍ ബന്ധുക്കളെല്ലാം ഓടിവരും.മരണാനന്തര ചടങ്ങിന്റെ ടെണ്ടര്  പിടിക്കാന്‍ .എന്റെ ഭാര്യക്കോ മക്കള്‍ക്കോ ചടങ്ങ് നടത്താനുള്ള കഴിവില്ലെന്ന് കരുതുക ചടങ്ങിന്റെ ടെണ്ടര്  ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വില്പന നടത്താവുന്നതെയുള്ളൂ. നാലായിരം ഡോളറിനോ
അയ്യായിരം  ഡോളറിനോ  കെട്ടിയവന്റെ ചാക്കാല ലേലം ചെയ്യാം.ലേലം പിടിക്കുന്നവനും പേടിക്കാനൊന്നുമില്ല.  തീനിന്റെയും കുടിയുടെയും  ചെലവുകഴിച്ചു  എന്തൊക്കെ വന്നാലും രണ്ടോ മൂന്നോ ഇരട്ടി ലാഭം കൊയ്യാം.അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ചില്ലറ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.          
          ഘാനയിലെ നല്ലൊരു വിഭാഗം ജനതയും യു.കെ യിലും യു എസ്സിലുമാണ് ജോലി ചെയ്യുന്നത്.അവിടെയുള്ളവര്‍ ഇവിടെവരുമ്പോള്‍  പറഞ്ഞ് കേട്ടിട്ടുള്ളത് ,ശനിയാഴ്ചകളില്‍ അവിടെ ഫുനെരല്‍ ഫങ്ങ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍  നൈറ്റ്‌ ക്ളബ്ബില്‍ പോകുന്നതിനു പകരം   അതിനെ പോകൂ എന്നാണു.ക്ളബ്ബില്‍ പോയാല്‍ നൂറു  ഡോളരെങ്കിലും കയ്യില്‍ നിന്നും ഇറങ്ങും.മരണാനന്തര ചടങ്ങിനു പോയാല്‍ അവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്താല്‍ തരക്കേടില്ലാത്ത രീതിയില്‍ തീനും കുടിയും നൃത്തവും നടക്കും.മാത്രമല്ല തന്റെ രാജ്യക്കാരുമായി ഇടപഴകാം,നാടന്‍ ഭക്ഷണം ആസ്വദിക്കാം,ഇതിനെല്ലാമുപരിയായി അപ്പനപ്പൂപ്പന്മാരായി തുടങ്ങിവെച്ച ആചാരങ്ങള്‍ പാലിച്ചുവെന്ന് സമാധാനപ്പെടുകയും ചെയ്യാം.ഇപ്പോള്‍ യു എസ്സിലും യു കെയിലുമെല്ലാം വലിയ വലിയ ഹോട്ടലുകളില്‍ ശനിയാഴ്ച രാത്രികളിലാണ്  മരണാനന്തര   ചടങ്ങുകള്‍ ആഘോഷിക്കുന്നത്.   
                  
             
  
    രണപ്പെട്ടവന്റെ തൊഴില്‍ സംബന്ധിച്ച രീതിയിലായിരിക്കും ശവപ്പെട്ടി.കൊകൊകോള വിതരണക്കാരന്‍ മരിക്കുമ്പോള്‍ കോക്ക്‌ കുപ്പി  പോലെയും  എയര്‍ക്രാഫ്റ്റ്  ഉദ്യോഗസ്തന്റെ ശവപ്പെട്ടി
എയര്‍ക്രാഫ്റ്റ്  മോഡലും ആവുമ്പോ മുനിസിപ്പാലിറ്റിക്കാരനോ തോട്ടിയോ എങ്ങനത്തെ ശവപ്പെട്ടി നിര്‍മിക്കും എന്നാലോചിച്ചു ചാടാന്‍  വരട്ടെ .ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആഗ്രഹവും ശവപ്പെട്ടിക്ക് തീം ആവാം റോള്‍സ് റോയ്സ്  വാങ്ങാന്‍ ആഗ്രഹിചിരുന്നവന്‍ ജീവിതത്തില്‍ വാങ്ങിയില്ലെങ്കിലും അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം റോള്‍സ് റോയ്സ് ശവപ്പെട്ടിയില്‍  തന്നെയാവാം. പാദരക്ഷകളോട്  ഭ്രമമുള്ളവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം ഷൂ ശവപ്പെട്ടിയിലാവും. ചിലപ്പോള്‍ മരണാനന്തര  ചടങ്ങിനു കാശ് തികയാത്തവര്‍ എട്ടും പത്തും മാസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിചെന്നും വരും.  എന്നാലും ചടങ്ങ് അതിഗംഭീരമാക്കണം .

                                         


            ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക്   എന്ത് മാത്രം ഉപകാരപ്പെട്ടു എന്നത് പല തര്‍ക്കങ്ങള്‍ക്കും കാരണമാകാം എന്നാലും   മരിച്ചു വിറങ്ങലിക്കുമ്പോള്‍,  മരണം ആഹ്വാനം ചെയ്യുന്ന ഫ്ലെക്സും  ബാന്ട്‌  സെറ്റും    ഫാന്‍സി ശവപ്പെട്ടി നിര്‍മാണവും  പന്തലും ഡീജെയും ഭക്ഷണവും വഴി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്ന ഒരു ഉത്തമ പരമ്പരാഗത ചടങ്ങ് തന്നെയാണിത്  .  അതാണ് പറയുന്നത് മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം എന്ന് .!!!
"മീന്‍ ചത്താല്‍ കരുവാട് (ഉണക്കല്‍ മീന്‍ )
നീ ചത്താല്‍ വെറും  കൂട് "
എന്ന് കണ്ണദാസന്‍.മരിച്ചു കഴിഞ്ഞാല്‍ വെറും കൂടായ ഈ ശരീരം പ്രദര്‍ശനത്തിനു വെച്ച് ഉറ്റവര്‍ക്കും   ഉടയവര്‍ക്കും അല്പം സന്തോഷവും സമ്പാദ്യവും  സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെക്കാള്‍ വലിയ എന്ത്  കര്‍മ്മമാണുള്ളത്‌
  . 

 
           
:  ചാക്കാലയ്ക്കുപോയി ചിത്രങ്ങള്‍ എടുക്കാന്‍ ഗട്സ് ഇല്ലാത്തതുകൊണ്ട്  ചില ചിത്രങ്ങള്‍ക്ക് കട.ഗൂഗിള്‍  

35 comments:

  1. മരിക്കാറാകട്ടേ ഞാൻ അങ്ങ് ഘാനയിൽ വരാം. ചാകാതിരിക്കുമ്പോൾ എന്തുമാട്ടേ! നന്നായി കുറിപ്പ്!

    ReplyDelete
  2. ഘാനയിലെ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്. ഏതെങ്കിലും ചാക്കലക്ക് പോയിട്ടുണ്ടോ ?

    ReplyDelete
  3. മല്ലു ലേഖനം ഇഷ്ടായി . മരണം ആഘോഷമാക്കുന്ന തമിഴന്മാരുടെ ആചാരത്തിന്റെ ഒരു ഘാന പതിപ്പ് അല്ലെ? ഇതുപോലെയുള്ള ആഫ്രികന്‍ ആചാരങ്ങള്‍ ഓരോന്നോരോന്നായി പോന്നോട്ടെ.

    ReplyDelete
  4. എത്ര നല്ല നാട്
    എത്ര നല്ല മനുഷ്യര്‍
    എത്രനല്ല ആചാരങ്ങള്‍
    അവസാനം നമ്മുടെ മല്ലു കൈവിട്ടു പോകുമോ ?

    ReplyDelete
  5. എത്ര സുന്ദരമായ ആചാരങ്ങള്‍

    ReplyDelete
  6. അധികമാളുകള്‍ക്കും പരിചയം ഇല്ലാത്ത സ്ഥലമായതോണ്ട് പോസ്റ്റിനുള്ള വിഷയങ്ങള്‍ നോക്കി കഷ്ടപെടേണ്ടി വരില്ല മല്ലുവിന് ;) സംഭവം മരണത്തെ കുറിച്ചുള്ളതാണേലും പോസ്റ്റ് മുഴുവന്‍ ഒരു ചിരിയോടെയാ വായിച്ചത്. പ്രത്യേകിച്ചും ആ ശവപെട്ടീടെ കാര്യവും, യൂറോപ്പിലെ ഘാനക്കാരുടെ ഫ്യൂണറല്‍ ചടങ്ങും. ഹ്ഹ് കൊള്ളാം. ഇതുപോലൊരു ആഘോഷം ഇതാദ്യായാ കേള്‍ക്കണേട്ടാ.

    വളരെ സാവധാനം സംസാരിക്കണ ഒരു മെംബറ് സംസ്കാരചടങ്ങിന്‍‌റെ പ്രാര്‍ത്ഥനക്ക് ശേഷം മരിച്ച് കിടക്കുന്ന ആളെ പറ്റി “നമ്മടെ തോമാച്ചന്‍..... ഒരിക്കലും... ഒരു മാന്യന്‍ ആയിരുന്നില്ല” എന്ന് പറഞ്ഞ് നിര്‍ത്തിയതിന് അടിമേടിച്ച സംഭവം ഉണ്ടായിരുന്നു കോതമംഗലത്ത്. “മാന്യരില്‍ മാന്യനായിരുന്നു“ എന്ന് പൂരിപ്പിക്കാന്‍ ആള്‍ക്ക് സമയം കിട്ടീല പൊലും. ആദ്യഭാഗം വായിച്ചപ്പൊ ആ കാര്യം ഓര്‍ത്ത് പോയി ;)

    ആശംസകള്‍ മല്ലൂ! കാണാംട്ടാ

    ReplyDelete
  7. മല്ലൂസേ !! ആ "ഈഗോ" പോസ്റ്റും ഇട്ടു മുങ്ങീന്നാ ഞാന്‍ വിചാരിച്ചേ !!
    ഈ വിചിത്ര ആചാരം ,അതിനെ കുറിച്ചുള്ള വിശദമായ വിവരണം ,,ഓരോ പുതിയ അറിവുകള്‍ സമ്മാനിച്ചതിനു ഒരു വലിയ താങ്ക്സ് പറയട്ടെ !!ഘാന യിലെ വിശേഷങ്ങള്‍ ഇനിയും വന്നോട്ടെ ,,,വല്ലാണ്ട് ഇഷ്ട്ടമായത് കൊണ്ട് ഞാനിത് നാലാള്‍ക്കു ലിങ്ക് ഫോര്‍വേര്‍ഡ്‌ ചെയ്യട്ടെ !!

    ReplyDelete
  8. എത്ര സുന്ദരമായ ആചാരങ്ങള്‍ മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം

    ReplyDelete
  9. രസകരമായ ആചാരങ്ങള്‍, രസകരമായ വിവരണം.
    ഇങ്ങനെയുള്ള വ്യത്യസ്തമായ ആഫ്രിക്കന്‍ വിശേഷങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. ഏറ്റവും ഇഷ്ട്ടപ്പെട്ടത്‌, പണം മുടക്കാനില്ലെങ്കില്‍ പരിപാടി സബ് കോണ്ട്രാക്റ്റ് കൊടുക്കുന്നതാ..അങ്ങനെ ഒരു ഓപ്ഷന്‍ ഉണ്ടല്ലോ !

    ഒരുതരത്തില്‍ നമ്മുടെ നാട്ടിലും ആഖോഷങ്ങള്‍ ആണ് വന്നു വന്നു. പുറത്തു അറിയില്ല എന്ന് മാത്രം.
    മരണം നടന്ന വീട്ടില്‍ വൈകുന്നേരം കുപ്പികള്‍ പൊട്ടുന്നു. പാട്ട് വെക്കുന്നില്ല എന്നല്ലേ ഉള്ളു.

    ReplyDelete
  11. വത്യസ്തമായ ദേശങ്ങള്‍ വെത്യസ്ത ആചാരങ്ങള്‍ സരസമായ വിവരണത്തിന് നന്ദി കൂടെ പിറപ്പേ

    ReplyDelete
  12. ശ്രീനാഥന്‍ സര്‍ @ നന്ദി . ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെ
    ഹഫീസ്‌ @ ഇവിടെ വന്ന കാലത്ത് കുറെ ചാക്കാല കൂടാന്‍ പോയിരുന്നു . ഘാനയില്‍ വന്നാല്‍ ഒരു ചാക്കാല യെങ്കിലും കൂടണം എന്നാലെ പൂര്‍ണമാവൂ .ഈയിടെയായി ഹഫീസിന്റെ പോസ്റ്റൊന്നും കാണാനില്ലല്ലോ.
    ദുബായിക്കാരന്‍ @ തമിഴന്മാരെ പോലെ തന്നെ പക്ഷെ ഇതൊരു വന്‍ ഉത്സവമാണ് പാട്ടും കൂത്തും വീഡിയോയും എല്ലാമായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ഒരു ഉത്സവം.
    രെമേഷ് ഭായ് @ അതെ അതെ കൈവിട്ടു പോയി :-)
    ശ്രീ നൂലന്‍ @ നന്ദി :-)
    ചെറുതേ @ ആ കമന്റിലെ നര്‍മ്മം കലക്കി ." അയാള്‍ ഒരു പുരുഷനായിരുന്നില്ല എന്ന് പറഞ്ഞു നിര്‍ത്തിയ ഒരു സംഭവം ഓര്‍മ്മ വന്നു ..ഉദ്ദേശിച്ചത് "മഹാ പുരുഷനായിരുന്നു" എന്നായിരുന്നു .
    ഫൈസല്‍ @ ഇവിടെ ഘാനയില്‍ ഒരു ഓണാഘോഷമോക്കെ സംഘടിപ്പിച്ചു അല്പം തിരക്കിലായി അത് കൊണ്ടാണ് .പിന്നെ ഇതൊക്കെ ചോദിക്കണോ ഒരു നൂറു പേര്‍ക്ക് ഫോര്വേട്‌ ചെയ്യൂ പ്ളീസ്‌.
    കാര്‍ന്നോരെ @ ചുമ്മാ ഒരു രസത്തിനു പറയണതല്ലേ . ഇവിടെ ആരെന്കിലെയും തല്ലി ക്കൊന്നു ഒരു ഫ്യുണേറല്‍ ഫങ്ങ്ഷന്‍ നടത്തി പണക്കാരനായിട്ടു വേണം നാട്ടില്‍ വന്നൊന്നു വിലസാന്‍ .
    സോണി @ ഇനി ഇവിടെ പ്രത്യകിച്ചു ഒരു ആചാരവും ഇല്ല സ്ടോക്ക് തീര്‍ന്നു . :-)
    വില്ലേജു മാന്‍ @ സത്യം .അതെ ചാക്കാല ടെണ്ടര് പിടിക്കാം .
    കൊമ്പന്‍ @ നന്ദി

    ReplyDelete
  13. മനോഹരമായ എഴുത്ത്! അതങ്ങു കടമ്മനിട്ടയില്‍നിന്നു തുടങ്ങിയതു തന്നെ ഭേഷായി. അവസാനത്തെ വരികളിലെ ദാര്‍ശനികതയും ഇഷ്ടപ്പെട്ടു.

    എന്റെ പെട്ടി ഒരു വാറ്റ് അറുപത്തിയൊമ്പതിന്റെ കുപ്പിയുടെ രൂപത്തിലായിക്കോട്ടെ. എവിടെയാ ബുക്ക് ചെയ്യണ്ടത്?

    ReplyDelete
  14. സുജിത്
    ഘാന വിശേഷങ്ങള്‍ ഒന്നൊന്നായി പെട്ടെന്ന് പോന്നോട്ടെ. മറ്റൊരു രാജ്യം ആകുമ്പോള്‍ വിഷയ ദാരിദ്ര്യം വരില്ലല്ലോ.
    എഴുത്ത് നന്നായി രസിക്കുന്നുണ്ട്. നര്‍മം നന്നയി വഴങ്ങുന്നു.

    സജീവ്‌

    ReplyDelete
  15. ആഫ്രിക്കന്‍ മല്ലൂന്നു കണ്ടു ഒന്ന് കയറി നോക്കിയതാണ്......ഘാന വിശേഷം ഇഷ്ടമായി..[.നമ്മള്‍ ഇത് വഴി ആദ്യമാണ്....ഒരു കുഞ്ഞു ബ്ലോഗ്‌ ഉണ്ട്.....സ്വാഗതം]

    ReplyDelete
  16. ഘാനയിലെ മരണാനന്തരചടങ്ങുകള്‍ കൌതുകകരമായും രസമായും എഴുതിയിരിക്കുന്നു. നന്നായിട്ടുണ്ട് മല്ലു. വിവിധതരം ശവപ്പെട്ടികള്‍ ഉഗ്രന്‍

    ReplyDelete
  17. ആഫ്രിക്കൻ കാഴ്ചകൾ ഇഷ്ടപ്പെട്ടു.. ജോലിക്കനുസരിച്ചുള്ള ശവപ്പെട്ടിയും മറ്റും കൗതുകകരമായി.. രസകരമായി എഴുതി..

    പുതിയ കാഴ്ചകളും അറിവുകളും പകർന്നു തന്നു.. നന്ദി...

    ReplyDelete
  18. not very bad custom i think haha...
    nicely portrayed :)

    ReplyDelete
  19. Mohanlal chithrathil paranjathu pole ethra manoharamaya aachaarangal "Ithupolullava ineem undo??" :) Nalla post aayirunnu. Pala karyangalum puthan arivukalaayirunnu. Thanks for the info...

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  20. അടുത്ത ചക്കാല ടെൻഡറിന്റെ സമയമാവുമ്പോൾ ഒന്നു മിസ്കാൾ ചെയ്യണേ പ്ലീസ് മല്ലൂ...!
    മരിച്ചു ചെല്ലുന്നവർ ദൈവത്തിന്റെ അടുക്കലേക്ക് എത്തുന്നു എന്ന വിശ്വാസത്തിന്റെ പുറത്തായിരിക്കും ഈ ആഘോഷവും ആർഭാടവുമെല്ലാം അല്ലേ മാഷേ...?

    ReplyDelete
  21. പുതിയ അറിവുകള്‍ ആയിരുന്നു കേട്ടോ...
    ശവപ്പെട്ടി വിശേഷമാണ് കൂടുതല്‍ നന്നയിതോന്നിയത്!
    നമ്മുടെ നാട്ടിലാണ് അത്തരം ഒരു ആചാരം എങ്കില്‍ എങ്ങനിരിക്കും എന്നൊന്ന് ഓര്‍ത്തുപോയി. ഉടനെ മനസ്സില്‍ ഓടിയെത്തിയത് ശവപ്പെട്ടി കുംഭകോണം!
    രാഷ്ട്രീയക്കാര്‍ക്ക് ഒന്നുകൂടി കൊഴുക്കാം.
    അവര്‍ മരിച്ചാല്‍ അധികവും കണ്ടാമൃഗത്തിന്റെ രൂപമുള്ള പെട്ടിയാവും യോജിക്കുക!

    ReplyDelete
  22. നാട്ടിലെ അനാഥ ശവങ്ങള്‍ അങ്ങോട്ട് ഇമ്പോര്‍ട്ട് ചെയ്ത് നാലു കാഷുണ്ടാക്കാന്‍ നോക്ക് ഭായീ...

    ReplyDelete
  23. കൊച്ചു കൊചീച്ചി- താങ്കള് പറഞ്ഞ പോലെ ഒരു ശവപ്പെട്ടിയാണ് ഞാനും ഓര്‍ഡര്‍ കൊടുക്കുന്നത് . നന്ദി .
    കാഴ്ചകളിലൂടെ- നന്ദി, പിന്നെ വിഷയ ദാരിദ്ര്യം ആവാന്‍ മാത്രം പോസ്റ്റുകള്‍ ഒന്നും ആയില്ല, എന്നാലും ഇതൊക്കെ എളുപ്പം പോസ്റാന്‍ പറ്റും :-)
    അത്തോളി ഭായ്- താങ്കളുടെ അവിടെയും സന്ദര്‍ശിച്ചിരുന്നു .ആശംസകള്‍ .
    അജിത്ത് ഭായ് - സന്തോഷം .
    നസീര്‍ - നന്ദി
    deeps,jenith - thanks .if u say english i also english :-) (chumma thamashakku )
    വീ കെ ഭായ് - അത് കൊണ്ട് തന്നെയായിരിക്കണം .പിന്നെ സന്തോഷിക്കാനുള്ള ഒരു അവസരവും പാഴാക്കാത്തവരാണ് ഇവിടുത്തുകാര്‍.നമ്മളെ പോലെ അധികം മസ്സില് പിടിത്തം ഇല്ല .അമിതമായ ഗൌരവം ഒരു രോഗമാണെന്ന് ഈയിടെ എവിടെയോ വായിച്ചു .നന്ദി .
    ഇസ്മയില്‍ ഭായ് - സന്ദര്‍ശനത്തിനു നന്ദി .ഒരു കുംഭകോണം മോഡല്‍ ശവപ്പെട്ടിയായാലോ രാഷ്ട്രീയക്കാര്‍ക്ക് ഒരു വലിയ കുമ്പയും അതിനു മുകളില്‍ ഒരു കോണാനും ..:-) ..ഹ ഹ ചുമ്മാ.
    വഴിപോക്കന്‍ ജി -അതിനെക്കുറിച്ചുള്ള ഗാഡമായ ചിന്തയിലാണ് ഞാന്‍..സന്ദര്‍ശനത്തിനു നന്ദി

    ReplyDelete
  24. നമ്മുടെ നാട്ടിലും ശനിയാഴ്ചയല്ലേ " കണ്ണൂക്ക് " നടത്തുന്നത്.

    ReplyDelete
  25. വ്യത്യസ്തമാ‍യ ആചാരങ്ങള്‍,വിശേഷങ്ങള്‍.നന്നായിരിക്കുന്നു.ഇനിയും എഴുതൂ....

    ReplyDelete
  26. നല്ല മനുസന്മാർ :)

    തമിഴ് നാട്ടിലില്ലേ ഭായ് . മരിച്ചവരെയും ഏറ്റിയുള്ള ഘോഷയാത്ര.. അതിലപ്പുറമൊന്നുമല്ലല്ലോയിത്.. ഏത് :)

    ReplyDelete
  27. ഹ ഹ അതൊരു നല്ല ആചാരം തന്നെ.

    ഇവിടെ അങ്ങിനെ ഇല്ലാലോ. മരിച്ചാല്‍ പിരിവു നടത്തുന്ന പരിപട്ടി ഇവിടേം ( ടാന്‍സാനിയ) ഉണ്ട്

    ReplyDelete
  28. നമ്മളും മോശം അല്ലല്ലോ...
    ചാകുന്ന വരെ തിരിഞ്ഞു നോക്കാത്ത
    മക്കള്‍ അടിയന്തരം കേമം ആയി നടതുംബോലെ
    അല്ലെ?

    ReplyDelete
  29. ആവൂ... അവിടെ പോയിട്ട് ചാവായിരുന്നു.
    [എല്ലാം പുതിയ അറിവുകള്‍ ]

    ReplyDelete
  30. ഇവിടെ കെനിയായിലും funeral ആര്‍ഭാടത്തോടെ ആഘോഷിക്കുന്നു.ഈ ദു:ഖത്തിനിടയില്‍ എങ്ങിനെ ഇവര്‍ നൃത്തവും,പാട്ടും ആസ്വദിക്കുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.

    ReplyDelete
  31. അറിയാത്ത കുറെ കാര്യങ്ങള്‍ അറിയാന്‍ പറ്റി.
    നന്ദി.

    ReplyDelete
  32. ഈ ഘാനാമരണാഘോഷങ്ങളുടെ ആർഭാടങ്ങൾ നാട്ടിൽ വെച്ച് വായിച്ചിരുന്നുവെങ്കിലും അഭിപ്രായമിടാൻ തിരക്കുകാരണം സാധിച്ചിരിന്നില്ല കേട്ടൊ മല്ലൂ

    ReplyDelete
  33. ബിഗ്‌ ഫാന്‍ !!December 9, 2012 at 7:48 PM

    ഫൈസല്‍ ബാബു വിന്‍റെ "ബ്ലോഗേര്‍സ് പരിചയത്തില്‍" കൂടി എത്തിയതാ ഇവിടെ ,വരവ് നഷ്ടമായില്ല

    ReplyDelete
  34. വ്യത്യസ്തമായ ആചാരങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  35. ഹാസ്യ രൂപേണ ചാക്കാല വിശേങ്ങള്‍ വായിച്ചു ..അവര്‍ ഭാഗ്യവാന്മാര്‍ ...നമ്മുടെ സെമിത്തേരിയിലും , മീസാന്‍ കല്ലിലും ....! എന്തരു പറയാന്‍ അപ്പി , എല്ലാം കൊഴപ്പം തന്നെ ....ര്എല്ലാം പണം തന്നെ , തള്ളെ ....

    ReplyDelete