Monday, March 5, 2012

കേരളത്തില്‍ എത്ര റെപ്പായിമാര്‍



കദേശം നാലര വര്‍ഷത്തോളം ഞാനൊരു മെഡിക്കല്‍ റെപ്പായിരുന്നു.അതിനുശേഷമാണ് ഓന്ത് മൂത്ത് ഉടുമ്പാകുന്നതുപോലെ 'ഡാമേജരും', 'റീജ്യണല്‍ ഡാമേജരും'ഒക്കെ ആവുന്നത്.ആദ്യ പോസ്റ്റിങ്ങ്‌ കൊല്ലത്ത്. അവിടെ വിക്ടോറിയാ ഗവൺമെന്റ്റ് ആശുപത്രിയില്‍ പുത്തന്‍ ലെതര്‍ മണക്കുന്ന മെഡിക്കല്‍ ബാഗില്‍ സാമ്പിളുകള്‍ അടുക്കിക്കൊണ്ടിരുന്ന എന്റെ അരുകില്‍ വന്ന് ഒരു അമ്മച്ചി ചോദിച്ചു,'പിള്ളേ നേരം സന്ധ്യയായല്ല് ,ഇത് വരെ ഒരു മരുന്നും വിറ്റില്ലേ?'അതിലെ നര്‍മ്മം ഓര്‍ത്തു ചിരിയും അവരുടെ കണ്ണിലെ കനിവിന്റെ നനവോര്‍ത്ത് നൊമ്പരവും അനുഭവിച്ചു, പിറവി സിനിമയില്‍ പ്രേംജി ചിരിച്ചപോലെ പകുതി ഹാസ്യവും മറുപകുതി ശോകവും പകര്‍ത്തി ചിരിച്ചുനിന്നതെ ഓര്‍മ്മയുള്ളൂ.അന്നും ഇന്നും പൊതുവേ ജനത്തിനു മെഡിക്കല്‍ റെപ്പിന്റെ ജോലിയെക്കുറിച്ച് ഇതിലതികം വിജ്ഞാനം വന്നിട്ടുണ്ടെന്ന് അത്ര ഉറപ്പില്ല.ഇന്നും മിക്കവര്‍ക്കും അറിയുന്ന ഒരു മരുന്ന് കമ്പനി " ഗ്ളാസ്കോ " ആവാനേ തരമുള്ളൂ.

കൊല്ലത്തൊക്കെ പറയണത് 'എടേ നീയും റപ്പായിയായോടെയ്?ഡേയ് ഇപ്പം ചുമ്മാ ഒരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളണത് , റപ്പിനാണ് ',എന്നൊക്കെ എന്തെല്ലാം തമാശകള്‍ .പൊതുവില്‍ റപ്പായികള്‍ക്ക് തൊഴില്‍ നിലവാരം കുറവാണ്.അതിനു വളം വയ്ക്കാന്‍ മലയാളത്തില്‍ കുറെ സിനിമകുളും വന്നു.'അയലത്തെ അദ്ദേഹം','കൌതുക വാര്‍ത്തകള്‍ ','ധനം','പ്രശ്നം ഗുരുതരം'...മിക്കവാറും എല്ലാ ചിത്രങ്ങളിലും മെഡിക്കല്‍ റെപ്പ് വെറും ഊള.മദ്യപാനി,നഴ്സുമാരെ കറക്കുന്നവന്‍ ,വാചകമടിവീരന്‍ ,ഉളുപ്പില്ലാത്ത്തവന്‍ .....! എന്തൊക്കെയാണെങ്കിലും അല്പമെങ്കിലും ഈ തൊഴിലിനോട് ആത്മാര്‍ഥമായ സമീപനം കാണിച്ച ചിത്രം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത'പ്രശ്നം ഗുരുതരം'ആണ്.അത്യാവശ്യം കാര്യ ഗൌരവത്തോടെ ഈ തൊഴില്‍ ചെയ്യുന്നവരോട് ചര്‍ച്ചചെയ്തായിരിക്കും മേനോന്‍ ഈ ചിത്രം എടുത്തത്. അപ്പൊ മേനന് ഇമ്മട വക ഒരു "റോയല്‍ സല്യൂട്ട്".    

കൊല്ലം കടപ്പാക്കടയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്ത് അവിടെ സഹായിയായുണ്ടായിരുന്ന മുരുകന്‍ സാമ്പിള്‍ മരുന്ന് വരുമ്പോള്‍ ഓരോന്നെടുത്തു വയ്കുംമ്പോഴും    അതിന്റെ ഉപയോഗങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.വയറു വേദനയുടെ മരുന്നാണെന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് കഴിയുമ്പോഴേക്കും വാതിലില്‍ മുട്ട് കേള്‍ക്കാം.'അണ്ണോ വയറു വേദനിക്കണ്,ആ മരുന്ന് താ അണ്ണോ'.പിന്നീട് മിക്കവാറും മരുന്നുകള്‍ വന്നിറങ്ങുമ്പോള്‍ ഗര്‍ഭിണികള്‍ക്കുള്ളതാണ് എന്ന് പറഞ്ഞാണ് ,അവന്റെ ഈ എക്സസീവ് ഡ്രഗ്ഗ് ഇന്‍ടേക്ക് ഫോബിയാക്ക്‌ ഞങ്ങള്‍ തടയിട്ടിരുന്നത് .റെപ്പിന്റെ കയ്യിലെ മരുന്നുകള്‍ക്ക് വീര്യം കൂടുമെന്നാണ് പറയപ്പെടുന്നത്‌.മരുന്ന് കഴിച്ചു ഗര്‍ഭണനാകെണ്ടെന്നു കരുതിയാവണം അവന്‍ അവിടെ അധികം ചുറ്റിക്കറങ്ങാറില്ല.(ഈ ഐഡിയക്ക് കടപ്പാടും ഒരു ഡോക്ടര്‍ക്കാണ് പുള്ളി മെഡിസിനു പഠിക്കുമ്പോള്‍ അതാതു കാലത്ത് പഠിക്കുന്ന രോഗ ലക്ഷണങ്ങള്‍ തനിക്കുള്ളതായി തോന്നുമായിരുന്നു പോലും ആകെ ഒരു ആശ്വാസം പ്രേഗ്നന്‍സിയെ കുറിച്ച് പഠിപ്പിക്കുമ്പോഴായിരുന്നു) .
    
കാര്യങ്ങളെന്തൊക്കെയായാലും മനേജര്‍ ആയപ്പോഴാണ് ഒരുകാര്യം തീര്‍ത്തും ബോധ്യപ്പെട്ടത് :-ഭൂമിമലയാളത്തില്‍ റെപ്പാകാന്‍ ആളെ കിട്ടുക എളുപ്പമല്ല!!നാട്ടില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ഗള്‍ഫിലേക്ക് പോയത് എന്നൊക്കെ പറയുന്നവരോട് കലശലായ വിരോധം തോന്നിയതും ആ കാലത്താണ്.എത്രയെത്ര കോളേജുകള്‍ കയറിയിറങ്ങി...ഡിഗ്രി കഴിഞ്ഞ കുട്ടികളുടെ നമ്പരും അഡ്രസ്സുമെല്ലാം വാങ്ങി,റെപ്പവുന്നോ എന്ന് ചോദിച്ചാല്‍ അവന്റെ പുഞ്ഞം..എങ്കിലും അങ്ങനെ പുഞ്ഞം കാണിച്ച എത്രയോ പേരെ, പിന്നീട് ഈ ജോലിയുടെ ഗുണങ്ങള്‍ മനസ്സിലാക്കി പല കമ്പനികളിലും വലിയ നിലകളില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എങ്കിലും സ്വന്തം പെങ്ങള്‍ക്ക് വിവാഹാലോചനയുമായി വരുന്നത് റെപ്പാണെങ്കില്‍ ആരും ഒന്ന് മടിക്കും.വെറും ഗ്രാജ്വേറ്റിനും ഇരുപതിനായിരം രൂപ വരെ സ്ടാര്‍ട്ടിംഗ് സാലറി കിട്ടുന്ന ചുരുക്കം ചില ജോലികളില്‍ ഒന്നാണിത്.അല്പം തന്റേടവും ചലഞ്ചിങ്ങായ ടാര്‍ഗെറ്റുകള്‍ ഏറ്റെടുക്കാനുള്ള അഭിവാഞ്ജയും ഉണ്ടെങ്കില്‍ ആര്‍ക്കും ഇതിലേക്കിറങ്ങാം.

റഞ്ഞു പറഞ്ഞു ഇതൊരു റപ്പായി പുരാണം ആയി മാറിയെങ്കിലും റപ്പായിരുന്നപ്പോഴത്തെ ഒന്ന് രണ്ടനുഭവങ്ങള്‍ കൂടി വിവരിക്കണമെന്നുണ്ട്. 

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഞാന്‍ ജോലിചെയ്തിരുന്നത് ഒരു വമ്പന്‍ മള്‍ട്ടി നാഷണല്‍ ഔഷധ കമ്പനിയിലായിരുന്നു.ഈ കാലയളവില്‍ മാർക്കറ്റിൽ ഹെപ്പറൈറ്റിസ് ബി വാക്സിൻ ലഭ്യമായിരുന്നെങ്കിലും സാധാരണ ജനങ്ങൾ ഈ രോഗത്തെക്കുറിച്ചോ വാക്സിനെകുറിച്ചോ ബോധവാന്മാരായിരുന്നില്ല.വര്‍ഷങ്ങളോളം നീണ്ടു നിന്ന പൊതു വിജ്ഞാന പരിപാടികളിലൂടെ ജനം ഈ വാക്സിനെ കുറിച്ചും സ്വന്തം കുഞ്ഞുങ്ങള്‍ക്കും തങ്ങള്‍ക്കും വാക്സിനെടുക്കുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിഞ്ഞുവരുന്ന കാലം.പക്ഷെ ഈ കാലഘട്ടത്തില്‍ തന്നെ ചില ഇന്ത്യന്‍ കമ്പനികള്‍ ഈ വാക്സിന്‍ ഉത്പാദിപ്പിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയിരുന്നു.എന്നാല്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ മനസ്സിലും കയറിക്കൂടാന്‍ താമസിക്കുന്നതിനാല്‍ മരുന്ന് വില്പനയ്ക്ക് മറ്റൊരു കളം കൂടി ആരംഭിക്കപ്പെട്ടു.അന്ന് ഐ എ പിയുടെ ഗയ്ട്ലൈന്‍സിലോ സര്‍ക്കാര്‍ കമ്പത്സറി വാക്സിനേഷന്‍ പ്രോഗ്രാമുകളിലോ ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ജനങ്ങളെ നേരിട്ട് ഈ രോഗത്തെ കുറിച്ച് പ്രബുദ്ധരാക്കുന്നതിനും അതിനുള്ള കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും വന്‍ ക്യാമ്പുകള്‍ രൂപപ്പെടുകയും ചെയ്തു. 

രു ഭംഗിവാക്കിന് മെഡിക്കല്‍ റെപ്പുകള്‍ കമ്പനികളുടെ അംബാസിഡർമാരാണെന്ന് പറയുകയും കോള്‍മയിര്‍ കൊള്ളിക്കുകയും ഒക്കെ ചെയ്യുമെങ്കിലും യഥാതഥയില്‍ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്യുക എന്നത് തന്നെയാണ് സെയില്‍സ്മാന്‍ കാറ്റഗറിയില്‍ വരുന്ന ഇവരുടെ ഉത്തരവാദിത്വം.ഡെമോക്ളിസ്സിന്റെ വാളുപോലെ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ടാര്‍ഗെട്റ്റ് ഷീറ്റുകളില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് അവര്‍ അലക്കിത്തെച്ച്ച്ച ഷര്‍ട്ടുമിട്ട് ടൈയുംകെട്ടി തേരാപാരാ അലയുന്നത്.ഇത്തരം ക്യാമ്പുകള്‍ ഒന്നുരണ്ടെണ്ണം എന്റെ ഏരിയയിലും എതിര്‍ കമ്പനികള്‍ നടത്തിയപ്പോള്‍ ഇതൊരു കലക്കന്‍ ഐഡിയയാണല്ലോ എന്നെനിക്കും തോന്നി.ഒരു മാസത്തെ ടാര്‍ഗെട്റ്റ് ഒറ്റയടിക്ക് എത്തിക്കാം. അതായത് അത്രയും തെണ്ടലും   ടെന്‍ഷനും കുറയ്ക്കാം
സാധാരണ പൌരസമിതികളാണ് ക്യാമ്പുകള്‍ നടത്തുന്നത്.എഴുപതു രൂപയ്ക്കും നൂറു രൂപയ്ക്കുമെല്ലാം വാക്സിന്‍ നല്‍കിയിരുന്നു.ഇതിലോരല്പം പണം,നടത്തുന്ന സമിതിക്ക് കിട്ടുമെന്ന് മാത്രമല്ല നാട്ടിലൊരു ക്യാമ്പ്‌ നടത്തിയെന്ന ഖ്യാതിയും അല്പസ്വല്പം ആളാവലും എല്ലാം നടക്കും.ഇങ്ങനെയുള്ള അവസരത്തില്‍ ഞാനും ഈ ആകര്‍ഷണത്തില്‍ വീഴുകയും ഒന്നുരണ്ടു ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.സാധാരണ ഗതിയില്‍ ടാര്‍ഗറ്റ് ഷീറ്റ് തരുന്നത് വരെ,'വീ ഹാവ് റ്റു ഡൂ ഇറ്റ്'എന്ന് പറയുകയും ടാര്‍ഗറ്റ് ഏക്‌സപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 'ഐ ഡോൺട് നോ ഹൗ ..ബട്ട്‌ യൂ ഹാവ് ററു ഡൂ ഇറ്റെന്നും'പറയുന്ന വര്‍ഗ്ഗമാണ് മാനേജര്‍മാര്‍.എന്നാല്‍ ഉള്ളത് പറയണമല്ലോ എന്റെ മാനേജര്‍ തീര്‍ത്തും മാന്യനായിരുന്നു.ഇത്തരം ക്യാമ്പുകള്‍ വളരെ സൂക്ഷിച്ചും കണ്ടുമൊക്കെയേ ചെയ്യാവൂ എന്നും ലയന്‍സ്, റോട്ടറി എന്നീ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് മുൻഗണന കൊടുക്കണമെന്നും അദ്ദേഹം എന്നും ഉപദേശിച്ചിരുന്നു.എന്നാല്‍ ചെറുപ്പത്തിന്റെ തിളപ്പിലും ആവേശത്തിലും കോമ്പറ്റിറ്റിവ് കമ്പനികള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ക്യാമ്പുകള്‍ ചെയ്യണമെന്ന വാശിയിലും ഞാന്‍ പല ക്യാമ്പുകളും നടത്തി.അങ്ങനെ ഇരിക്കുന്നതിനിടക്ക്,എനിക്ക് നല്ല പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് അവരുടെ നാട്ടില്‍ ഒരു മഞ്ഞപ്പിത്തം കുത്തിവയ്പ് ക്യാമ്പ്‌ നടത്താന്‍ എന്നെ സമീപിച്ചു.അപ്പോഴേക്കും എനിക്ക് ഇതെല്ലം നടത്തി നല്ല പരിചയമായിരുന്നു.മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രസിദ്ധരായ ചില ഡോക്ടര്‍മാരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു.ക്യാമ്പ് നടത്തുന്നിടത്തേക്ക്  ചില ഡോക്ടര്‍മാരെയും നഴ്സുമാരെയും സംഘടിപ്പിച്ചു തന്ന്‌ അവര്‍ സഹായിച്ചിരുന്നു. 

പറഞ്ഞസ്ഥലം തിരുവനന്തപുരതതുനിന്ന് ഏകദേശം അൻപത്തഞ്ചു കിലോമീറ്റർ ദൂരെ ഒരു തീരദേശത്താണ്,വലിയതുറ.'*സ്ഥലം അത്ര മെച്ചമല്ല ശ്രദ്ധി്ക്കണം എന്ന മാനേജറുടെ വാക്കുകൾ ഞാനത്രയ്ക്ക് കാര്യമായെടുത്തില്ല.അന്നേ ദിവസം,സ്ഥിരം വരാറുള്ള പ്രഗദ്ഭനായ ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല,പകരക്കാരനായി ഹൗസ്സർജൻസി ചെയ്യുന്ന ഒരു എംബിബിഎസ്സ് ഡോക്ടറെയാണ് ലഭിച്ചത്.ചെറുപ്പക്കാരനായ ആ ഡോക്ടറും ഞാനും വളരെ ജോളിയായി അവിടെ എത്തുകയും നഴ്സുമാരും സന്നാഹങ്ങളും മറ്റു തയ്യാറെടുപ്പുകളും എല്ലാം വേണ്ടവിധമല്ലേ എന്ന് പരിശോധിക്കുകയും ചെയ്തു.അവിടുത്തെ ഒരു സ്കൂളിൽ വച്ചാണ് ക്യാമ്പ്.ആളുകൾക്ക് പണമടയ്ക്കാനുള്ള കൗണ്ടറും കുത്തിവയ്പെടുക്കാൻ മറ്റൊരു മുറിയും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അംഗങ്ങൾക്കു വേണ്ട ഉച്ചഭക്ഷണവും മററും ഓർഡർ ചെയ്തു.രാവിലെമുതൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. 

രാള്‍ക്ക് ഇത്രരൂപയെന്ന കണക്കില്‍ ഒരു പ്രത്യേക സംഖ്യ സംഘടനയ്ക്കാണ്.അതുകൊണ്ടുതന്നെ നീണ്ട ക്യൂ കണ്ട് സംഘാടകര്‍ വലിയ സന്തോഷത്തിലായിരുന്നു.കൂടാതെ മള്‍ട്ടി     ഡോസില്‍ നിന്ന് വാക്സിനെടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ബോട്ടിലില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കൊടുക്കാം,ആ ലാഭവും സംഘടനയ്ക്കെടുക്കം.നോട്ടീസ് വിതരണം നടത്തിയതിന്റെയും അനൌന്‍സ്മെന്റ് നടത്തിയതിന്റെയും എല്ലാം ഫലം കാണുന്നതില്‍ അവര്‍ പരസ്പരം അഭിനന്ദിച്ചു.

വാക്സിന്‍ കൊടുത്തുകൊണ്ടിരുന്ന മുറിയിലിരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്ന് പുറത്തുനിന്നു കുറച്ചു ബഹളം കേട്ടു.നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തമ്മില്‍ പ്രശ്നം ഉണ്ടാവുന്നത് സര്‍വ്വസാധാരണയാണ്.അതുകൊണ്ട് തന്നെ കാര്യമാക്കിയില്ല.എന്നാല്‍ ബഹളം കൂടുന്നത് കണ്ട് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത് ഡോക്ടര്‍ അജിത്തിനെ കോളറില്‍ പിടിച്ചു തള്ളുന്നതും ജനക്കൂട്ടം നാലുഭാഗത്ത്‌ നിന്നും ഇടിക്കാന്‍ വരുന്നതും!ശബ്ദങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഇടയില്‍ നിന്നും ഇത്രയും മനസ്സിലായി:-വാക്സിന്‍ എടുത്ത ഒരുകുഞ്ഞിനു കണ്ണ് കാണുന്നില്ല?ഓടി കോലായിലെത്തിയ ഞാന്‍ കാണുന്നത് മൂന്നരവയസ്സുള്ള ഒരാങ്കുട്ടി!!,തിരക്കിനും ബഹളത്തിനുമിടയില്‍ നിന്നും പറിഞ്ഞു വന്ന്‌ ഡോക്ടര്‍ അവനെ പരിശോദിക്കുകയും തന്റെ പേന അവനു മുന്നില്‍ വയ്ക്കുകയും ചെയ്തു.ആ കുഞ്ഞു നിലത്തിരുന്നു പേന തപ്പുന്നത് കണ്ടതേ എനിക്കോര്‍മ്മയുള്ളൂ,കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള ഒരു തോന്നലുണ്ടായതും ഒരുപാട് കരങ്ങള്‍ എന്നെ ഉയര്‍ത്തിയെടുത്തതും ഒരുമിച്ചായിരുന്നു.നീയിനി ഇവിടെനിന്നു പോവില്ലെട എന്ന ആക്രോശത്തോടൊപ്പം ഒരു പഴം തുണി കേട്ട് പോലെ എന്നെ ഒരു ക്ളാസ്സ് റൂമില്‍ എറിഞ്ഞു കതകടച്ച്ചു.
ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെയും കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കെ കരയുന്നതിന്റെയും ശബ്ദം അകത്ത്കേള്‍ക്കാം.സത്യത്തില്‍ ഞാന്‍ അന്തസ്തബ്ദനായി,(കട. ഷാജികുമാര്‍) ) സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ പോലും സമയമെടുത്തു.ഞാനും കൂടി ഉള്‍പ്പെട്ടു നടത്തുന്ന ഒരു ക്യാമ്പില്‍ ഒരു കൊച്ചുകുഞ്ഞിന്റെ കാഴ്ച്ചനഷ്ടപ്പെടുന്നതിലുള്ള മനോവ്യാദി സിരകളെ തെനീച്ചക്കൂടിളകിയപോലെ ആക്രമിച്ചുകൊണ്ടിരുന്നു.ഇടയ്ക്കിടെ ഒരു ജനാല തുറന്ന് ഇരുട്ടില്‍ പമ്മിയിരിക്കുന്ന എന്റെ നേരെ നികൃഷ്ട വാക്കുകളുടെ കൂരമ്പുതിര്‍ത്തു.ഇരുട്ടില്‍ കൂനിക്കൂടിയിരുന്ന എനിക്കല്‍പ്പം ആശ്വാസം ഓടുപൊട്ടിയ മേല്ക്കൂരയില്‍നിന്നും ഉതിരുന്ന വെളിച്ചത്തിന്റെ വെള്ളി ദണ്ടുകള്‍ മാത്രം .അതും നോക്കി നിമിഷങ്ങള്‍ എണ്ണി.ജനാല തുറന്നുള്ള തെറിവിളികളില്‍ നിന്നും ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി,ഒന്ന് ഡോക്ടര്‍ ഒരു കാറ് വിളിച്ചു ആ കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.രണ്ട്‌ ഇക്കാര്യം അറിഞ്ഞതിനുശേഷം പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞു വന്ന്‌ തുടങ്ങിയിരിക്കുന്നു.സാധാരണ ഗതിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ അനാഫിലാറ്റിക്ക്  റിയാക്ഷന്‍  അതായത് ആന്റിജെന്‍  ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാവുകയും ചിലര്‍ ബോധം കേട്ടു വീഴുകയും തളരുകയും ചെയ്യാം.അത് സ്വാഭാവികം.എന്തെന്നാല്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്നത് വൈറസ്സിൻറെ നിർജ്ജീവമാക്കിയ ഒരു ഭാഗമാണ്.അതുകൊണ്ടുതന്നെ പണ്ട് കേട്ടിട്ടുള്ളതുപോലെ പോളിയോ എടുത്തവര്‍ക്ക് പോളിയോ വരുന്നു എന്നത് പോലെ ഒരു മില്ല്യണിൽ ഒരാള്‍ക്ക്‌ ചിലപ്പോള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകാം.അത് ട്രെയിനിംഗ് സമയത്ത് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.അങ്ങിനെ സംഭവ്യതയുടെയും അസംഭവ്യതയുടെയും നിരാശയുടെയും പ്രകാശത്തിന്റെയും നിരവധി തുരുത്തുകള്‍ മനസ്സില്‍ നിറഞ്ഞു . ഈ കുഞ്ഞു ആ മില്ല്യണിൽ ഒരാളാവരുതെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.ജനാലയില്‍ തട്ടി വിളിച്ച്‌,എനിക്ക് ഒരു ഫോൺ ചെയ്യണമെന്ന അഭ്യര്‍ത്ഥന ഒരുപാട് നിരസിക്കലുകള്‍ക്ക് ശേഷം അംഗീകരിക്കപ്പെട്ടു.എന്നെ തല്ലിക്കൊല്ലാനായി ചുറ്റും കൂടിയ നാട്ടുകാര്‍ക്ക് നടുവിലൂടെ ഒരു കൊലപ്പുള്ളിയെപ്പോലെ ഇരുവശവും ഖടാഖടിയന്മാരായ അംഗരക്ഷകരുടെ അകമ്പടിയോടെ പുറകിലുള്ള വീട്ടിലേക്കു കൊണ്ട് പോയി.ഞാനവിടെനിന്നും മെഡിക്കല്‍ കോളേജു ഡോക്ടര്‍ക്ക് ഫോണ്ചെയ്തു വിവരം പറഞ്ഞു.പിന്നീട് മാനേജരെ വിളിച്ച്‌ പറഞ്ഞു.അദ്ദേഹം ഞാനിപ്പോള്‍ തന്നെ അവിടെയെത്താം എന്ന് പറഞ്ഞെങ്കിലും ഞാന്‍ തടഞ്ഞു.വന്നിട്ട് എനിക്ക് കിട്ടാനുള്ള അടി ഷെയര്‍ ചെയ്യാമെന്നല്ലാതെ ഒരു ഗുണവുമില്ലാ. 

തിരിച്ചെന്റെ ജയിലറയിലേക്ക് കൊണ്ടുപോകുമ്പോഴും ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ നിന്നെ ശരിയാക്കിത്തരാടാ എന്ന രീതിയിലുള്ള ഭീഷണികളും പിന്നെ 'എക്സ്പയറി കഴിഞ്ഞ മരുന്നായിരിക്കും','അല്ലെങ്കില്‍ കുത്തിവപ്പ് വല്ല പരീക്ഷണവുമായിരിക്കും'എന്നൊക്കെയുള്ള ലോക്കല്‍ ഇൻറലിജെൻസ് ബ്യൂറോകളുടെയും ചില മുറിവൈദ്യന്മാരുടെയും കമന്റുകളും കേട്ടു.കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ അവരെന്നെ തല്ലികൊല്ലുന്നത്‌ തന്നെയാകും ഭേദം എന്ന് മനസ്സിനോട് ചൊല്ലി ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

കദേശം ഒരുമണിക്കൂറിനു ശേഷം കാര്‍ തിരികെ വന്നു.അല്‍പനേരം കാറില്‍ യാത്ര ചെയ്തപ്പോഴേക്കും  കുഞ്ഞിനു കാഴ്ചശക്തി തിരികെ ലഭിച്ചു.പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ അനുയായികളുടെ സമ്മതത്തോടെ മടങ്ങിവന്നതായിരുന്നു.തങ്ങളുടെ കുട്ടിക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇതോടെ ഒന്ന് തണുത്തു.അല്ലെങ്കിലും അതൊരു മോബ് സിന്ട്രോം മാത്രമായിരിക്കും എന്ന് ഞാനും മനസ്സില്‍ ആശ്വസിച്ചിരുന്നു .കാര്യങ്ങളൊക്കെ പറഞ്ഞു കോമ്പ്രമൈസ് ആക്കിയെങ്കിലും കൗണ്ടറിൽ വച്ചിരുന്ന കളക്ഷനായ പതിനായിരത്തിലധികം രൂപയും വാക്സിനുകളും ആരൊക്കെയോ മുക്കി.സ്വന്തം കയ്യില്‍നിന്നും ആ പണം കമ്പനിക്കു കൊടുക്കേണ്ടി വന്നെങ്കിലും ശരീരത്തിനും ജീവനും കേടുപാട് പറ്റാതെ തടിതപ്പി.അതുകൊണ്ട് ഇതെഴുതാന്‍ മല്ലു വീണ്ടും ബാക്കി. 

ഡിസ്ക്ലൈമര്‍ :ജീവിതത്തില്‍ ഉണ്ടായ കടുപ്പമേറിയ ഒരനുഭവം പങ്കുവച്ചു എന്നുമാത്രം.ഇതുവായിച്ചു ആരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിന്‍ എടുക്കാതിരിക്കരുത്.ആ വൺ ഇന്‍ എ മില്ല്യന്‍ ബേബി ആകുമോ എന്ന ശങ്കയെക്കാള്‍ പ്രധാനം പ്രതിരോധ കുത്തി വയ്പിന്റെ സുരക്ഷയാണ്.

*സ്ഥലപ്പേര് യഥാർത്ഥമല്ല.



17 comments:

  1. മെഡിക്കൽ റെപ്പ് ജോലിയെ കുറിച്ചും, ക്യാമ്പനുഭവത്തെ കുറിച്ചും - രണ്ട് ഭാഗവും വളരെ നന്നായി.വളരെ ഇഷ്ടപ്പെട്ടു.റപ്പിന്റെ ജോലിയെ കുറിച്ചും റപ്പനുഭവങ്ങളെ കുറിച്ചും വിശദമായ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു. വളരെ നല്ല ഒരു സമീപനവും എഴുത്തും.

    ReplyDelete
  2. എന്റെ മല്ലൂ... നിങ്ങളെ നാട്ടുകാര്‍ എടുത്തു ചാമ്പുന്ന സീന്‍ ഭാവനയില്‍ കണ്ടു എനിക്ക് ചിരി അടക്കാനാകുന്നില്ല....എന്തായാലും ജീവനോടെ തിരിച്ചു വന്നല്ലോ :-) പോസ്റ്റ്‌ നന്നായിടുണ്ട്..

    ReplyDelete
    Replies
    1. അത്ര അധികമൊന്നും കിട്ടിയില്ലെന്നെ "ഒരു മീഡിയം സ്ട്രോങ്ങ്‌ പഞ്ചാര കമ്മി "

      Delete
  3. കുറെ കാലം ഒരു റപ്പായി ആയും, പിന്നീട് " മാനെരു " ആയും വേഷം കെട്ടിയിട്ടുല്ലതുകൊണ്ട് അനുഭവങ്ങള്‍ വായിച്ചപ്പോള്‍ ഞാന്‍ പഴയ കാലത്തേക്ക് പോയി..പിള്ളേരെ കിട്ടാന്‍ ഉള്ള പാടിനെക്കാള്‍ പിള്ളേരെ നിലനിര്‍ത്താന്‍ ആണെന്ന് തോന്നുന്നു..ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല. പിള്ളേര്‍ക്ക് ഒരു പാട് ഓപ്ഷന്‍സ് ഉണ്ട് ഇക്കാലത്ത്.

    സംഭവം വിവരിച്ചതിന്റെ രീതിയില്‍ നിന്ന് തന്നെ അത് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാകി എന്ന് മനസ്സിലാകും..നല്ല പോസ്റ്റ്‌ മല്ലു..എല്ലാ അഭിനന്ദനങ്ങളും.


    ഒരു പഴയ റപ്പായി !

    ReplyDelete
    Replies
    1. അത് ശരി ഞാന്‍ ഭൂലോകം മുഴുവന്‍ കറങ്ങി നടന്നിട്ടും ഒരു റെപ്പിനെ കാണാത്ത വിഷമത്തിലായിരുന്നു അപ്പൊ കൊട് കൈ. പറഞ്ഞത് ശരി തന്നെ പിള്ളേരെ പിടിച്ചു നിര്‍ത്താന്‍ വലിയ പാട് തന്നെ യാണ് .അപ്പൊ ഇനി ഒരു അനുഭവം അവിടുന്നും പോരട്ടെ.

      Delete
  4. യഥാർത്ഥത്തിൽ നടന്നൊരു സംഭവത്തിന്റെ
    നല്ലോരു അനുഭവാവിഷ്കാരം വളരെ തന്മയത്വമായി
    അവതരിപ്പിച്ചതാണ്, ഈ അനുഭവസാക്ഷ്യത്തിന്റെ മേന്മ കേട്ടൊ കുഞ്ഞാ...

    പിന്നെ
    ഞാനും പണ്ട് ഒരു ഓട്ടോമൊബൈയിൽ റപ്പായിയായി
    ആറ് മാസം ‘യെസ്ഡി’ യിൽ ചെത്തിക്കറങ്ങി നടന്ന കാലം
    സ്മരണയിൽ വന്നു ഇത് വായിച്ചപ്പോൾ..
    ഏറ്റവും ഷൈൻ ചെയ്തു നടന്ന ഒരു കാലം...!

    ReplyDelete
    Replies
    1. റെപ്പായി കറങ്ങി നടന്നത് കൊണ്ടാണ് കേട്ടോ ഇത്രയും ധൈര്യം ഭായിക്ക് കിട്ടിയത്..

      Delete
  5. ഹമ്പട കള്ളാ!

    വലിയതുറയിൽ ക്യാമ്പു വച്ചിട്ട് ഇപ്പം നടത്തിയതവിടല്ലന്നോ!
    തമ്മയിക്കൂലാ, തമ്മയിക്കൂലാ...
    ഞാൻ ദാ ഇപ്പ വിളിക്കും വല്യതൊറയ്ക്ക്!

    ReplyDelete
    Replies
    1. അവിടുന്ന് കിട്ടിയ പെരുക്ക് ഓര്‍ക്കുമ്പോ സ്ഥലപ്പേരു പറഞ്ഞതിന് ഇനി ആഫ്രിക്ക വരെ വന്നു തല്ലിയാലോ എന്ന പേടി കൊണ്ടാണ് .ഉപദ്രവിക്കല്ലേ പ്ലീസ്

      Delete
  6. റപ്പിനെപ്പറ്റി ഇപ്പഴാണിത്രയ്ക്ക് അറിയുന്നത്. നന്ദി

    ReplyDelete
  7. ഈ റപ്പുകലോ ട് പൊതുവേ പൊതുജനത്തിന് ഒരു പുച്ഛം തന്നെ ആണ് അത് സിനിമ കണ്ടത് കൊണ്ടൊന്നും അല്ല റ പ്പ് മാരുടെ അപ്പിയരന്സിന്റെ തകരാരാ ഏതായാലും അനുഭവം നന്നായി എയുതി ആശംസകള്‍ കുഞ്ഞാ

    ReplyDelete
  8. സംഭവം ഒരു തമാശ രൂപത്തില്‍ അവതരിപ്പിച്ചെങ്കിലും കുറെ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ പ്രതിരോധ കുത്തിവേയ്പ്പുകള്‍ നടത്തുന്നത് ശരിയാണോ എന്ന സംശയത്തിലാണ് ജനങ്ങള്‍. പല കാരണങ്ങളും ഉണ്ട്.
    എന്തായാലും കുറച്ചാളെക്കൂട്ടി ഒരു ക്യാമ്പ്‌ നടത്താന്‍ പറ്റുമോന്നു നോക്കട്ടെ.

    ReplyDelete
  9. മല്ലൂജി.. അതു കലക്കീ...! ഏത്..?
    മല്ലൂജിക്ക് ആ നാട്ടുകാരുടെ കയ്യീന്ന് കിട്ടിയ പെരുക്കല്ലാട്ടൊ.. ഈ പോസ്റ്റേ..

    ഒരു മരുന്ന് സർവ്വ സാധാരണമാകുന്നതിനു മുൻ‌പ് ഇതുപോലെ എത്ര രക്തസാക്ഷികളെ ഉണ്ടാക്കിയിട്ടുണ്ടാവും..!!!
    ആശംസകൾ...

    ReplyDelete
  10. പതിവ് ആഫിക്കന്‍ കഥകളില്‍ നിന്നും ഇത്തവണ ഒന്ന് മാറ്റിപ്പിടിച്ചു വല്ലേ ....
    എനിക്കൊരു സംശയയം ..ഇനി ആ കാശ് അടിച്ചു മാറ്റാന്‍ മല്ലു ഒരുക്കിയ ഒരുക്കിയ ഒരു നാടാകമായിരുന്നോ അത് ??ഇനിയെങ്കിലും സത്യം പറ ,,,,

    ---------------------------------------
    പോസ്റ്റ്‌ വായിച്ചപ്പോള്‍ സങ്കടമാണ് തോന്നിയത് കേട്ടോ ,,ജീവിതത്തിലെ ചില കയ്പ്പേറിയ അനുഭവങ്ങള്‍

    ReplyDelete
  11. Kunjanu inganeyoru background undayirunno? Ithoru puthiya arivaayirunnu. Athu nannayi. Othiri nandi. Pathivu thilakkam postukalkku kuranjittilla tto. Ezhuthu thudaratte...

    Regards
    jenithakavisheshangal.blogspot.com

    ReplyDelete
  12. ഈ ഐഡിയക്ക് കടപ്പാടും ഒരു ഡോക്ടര്‍ക്കാണ് പുള്ളി മെഡിസിനു പഠിക്കുമ്പോള്‍ അതാതു കാലത്ത് പഠിക്കുന്ന രോഗ ലക്ഷണങ്ങള്‍ തനിക്കുള്ളതായി തോന്നുമായിരുന്നു പോലും ആകെ ഒരു ആശ്വാസം പ്രേഗ്നന്‍സിയെ കുറിച്ച് പഠിപ്പിക്കുമ്പോഴായിരുന്നു.............

    ഇതെനികു പലപ്പോഴും ഫീല്‍ ചെയ്തിടുണ്ട്‌,ഷയരോഘ തിന്റ്റെയ്‌ ലക്ഷണം എഴുതിയ പുതുകാട് താലൂക്ക്‌ ആശുപത്രി മതില്ല്‍ നോക്കി,എന്നിക്ക് ഷയ രോഗം പിടികൂടി എന്നുകരുതി,അത്പോലെ,കോളറ,കാന്‍സര്‍,തുടങ്ങിയവ ലക്ഷണം വായിച്ചാല്‍ ഇതെല്ലാം നമ്മള്‍ക്ക് ഉണ്ടോ എന്നു കരുതി കുറേകാലം ടെന്‍ഷന്‍ ആയ്യി ഉറക്കം കളയും.ഇതെന്താ Repe,ഇതൊരു രോഗമാണോ,ഘാനയില്‍ ഒരു ക്യാമ്പ്‌ സംഘടിപ്പികമോ?????

    നല്ല എഴുത്ത്‌,ആശംസകള്‍.......

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...