Tuesday, September 25, 2012

അടിമക്കണ്ണന്‍

ല്ലാവര്‍ക്കും അവരുടെ കോളേജു കാലത്ത് അഭിനയിച്ച ഒരു നാടകത്തെ കുറിച്ച് ചില ഓര്‍മ്മകള്‍ കാണുമല്ലോ അത് പോലെ ഒന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെഎന്റെ അവസാനവര്‍ഷ ഡിഗ്രീ കാലഘട്ടം.കോളേജു ഡേ അടുത്ത് വന്നപ്പോള്‍ ഇത്തവണ എല്ലാ പരിപാടികള്‍ക്കും പേരുകൊടുക്കണമെന്നു ഞങ്ങളെല്ലാം തീരുമാനിച്ചു.പേരൊക്കെ രജിസ്റ്റർ ചെയ്തെങ്കിലും അവസാന നാളുകളിലാണ്‌ അല്പം ഗൗരവ്നസ്സ് വന്നത്.പരിപാടികളില്‍ ഒരെണ്ണം സംഘഗാനമാണ്.പൊതുവില്‍ ഈ വിഭാഗത്തില്‍ മത്സരം കുറവാണെന്ന അറിവാണ് ഇതിനു പ്രേരിപ്പിച്ചത്.ജോഷിക്ക് സാക്ഷരത ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ കിട്ടിയ ഒരു ഗാനമാണ്,
"പഞ്ചവാദ്യ മുഖരിതം...ഹരിത ഭരിത കേരളം...."
അതിടയ്ക്കും തലക്കും പ്രാക്ടീസൊക്കെ ചെയ്തിട്ടുണ്ട്.അല്പസ്വല്പം പാടാനറിയുന്ന സജീവാണ് ഇതിനൊരു ട്യുണൊക്കെ ഒപ്പിച്ചത്.എന്നാല്‍ ഒരു വഴിക്കും ഞങ്ങള്‍ ഒന്‍പതുപേര്‍ ചേര്‍ന്ന് ഒരേ ശ്രുതിയില്‍ പാടാന്‍ പറ്റുന്നില്ല.ഒരുത്തന്‍ ശ്രുതി പിടിക്കുമ്പോ മറ്റവന്‍ ടെമ്പോ വിടും, രാഗം പന്ത് വരാളിയെങ്കില്‍ താളം ചടപട എന്ന ലൈനിലാണ് കാര്യങ്ങള്‍.ജൂസ് കുടിക്കാന്‍ സ്ട്രോ പോലും,വേണ്ടാത്ത മൂക്കനെ പോലെ മൂക്കുള്ള മുനീറിനോട്,ഇതീന്നെങ്കിലും മാറി നിക്കടാന്നു പറഞ്ഞതിന് അവന്‍ എന്റെ തൊണ്ടയ്ക്കാണ്‌ പിടിച്ചു പൊക്കിയത്.യൂസ്ലെസ്സ് ബെഗ്ഗര്‍! ഒരാളേം ഒഴിവാക്കാൻ പറ്റില്ല,അവസാന ചാന്‍സാണ് എല്ലാവർക്കും സ്റ്റേജില്‍ കയറണം.അതൊരു വഴിക്ക് നടക്കുന്നു.

റ്റൊരിനം നാടകമാണ്.അന്ന് കാലത്ത് ആധുനിക നാടകങ്ങളുടെ സീസ്സണായിരുന്നു.അതായത് ഒേരേഴുപേര്‍ മുണ്ട് ഒരു മാതിരികോണാന്‍ പോലെ ഉടുത്തു സ്റ്റേജിൽ ബാക്ക്സ്ട്രീറ്റ് ബോയ്സ് ജാടയില്‍ ഒരു പരിചയവുമില്ലാത്തവരെ പൊലെ തെക്കോട്ടും വടക്കോട്ടും വിദൂരതയിലേക്കും നോക്കി നില്‍ക്കും.പെട്ടെന്ന് ഒരുത്തന്‍ സ്റ്റേജിൻറ്റെ നടുവിലേക്ക് ചാടി പറയും,"എനിക്ക് വിശക്കുന്നു".പിന്നെ മൗനം.(പണ്ടൊരു ടീം നാടകത്തില്‍ മൗനം എന്നെഴുതിയത് അതെ പോലെ സ്റ്റേജില്‍ പറഞ്ഞ കഥ ഓര്‍ക്കുമല്ലോ?!)തുടര്‍ന്ന് എല്ലാവരും അവനെ വലംവയ്ക്കും.എന്നിട്ട് താളത്തില്‍ രണ്ടു ചുവടു വയ്ക്കും പിന്നെ ഒന്നിച്ചു പറയും,"നമുക്കൊരുമിച്ചു വിശക്കാം".ഇത്തരം നാടകങ്ങൾ‍ക്കാണ് അന്ന് ഡിമാൻഡ്‌.മാത്രവുമല്ല ഈ മാതിരി നാടകങ്ങള്‍ അവതരിപ്പിച്ചാല്‍,എന്തോ നമുക്ക് കാര്യമായി മനസ്സിലാവാത്ത സംഭവമാണെന്ന് കരുതി ഒരു വിധം കുരുത്തം കെട്ടവനൊന്നും കൂവാനോ ഇടങ്ങേറുണ്ടാക്കാനോ വരില്ല.കൂടാതെ പെണ്‍കുട്ടികളുടെ ഇടയിലാകെ നമ്മുടെ സ്റ്റാറ്റസ്സേ മാറും.ബുദ്ധിയും വിവരവുമുള്ള കലാകാരനായി അറിയപ്പെടാം എന്നത് കൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുത്തത് "പ്രോമിത്ഥിയൂസ് വീണ്ടും" എന്ന റോമന്‍ നാടകമാണ്.

കുന്നത്തൂര് പഞ്ചായത്ത് വായനശാലയില്‍,ആരും തുറന്നു നോക്കാതെ, കൂനനും കൂറയും വര്‍ഷങ്ങളോളം മേഞ്ഞു നടന്നത് കൊണ്ട് പല പേജുകളും നശിച്ച നിലയിലാണ് ഞങ്ങളതു കണ്ടെത്തതിയത്.അത് ഞങ്ങളെ ബാധിക്കുന്ന ഒരു വിഷയവുമല്ല.അത്തരം പേജുകളും സീനുകളും ഞങ്ങള്‍ ആദ്യമേ കീറിക്കളഞ്ഞു പുസ്തകം മെനയാക്കി.മൊത്തം നാടകവും വായിച്ച് ഒരുപിടിയും കിട്ടാതെ അന്തം വിട്ടു കുന്തം വിഴുങ്ങി പരസ്പരം നോക്കിയ ഞാനും സജീവും "യുറേക്കാ""യുറേക്കാ" എന്ന് വായുവിലെക്കെടുത്തു ചാടി ആഹ്ലാദം പ്രകടിപ്പിച്ചു.ഇത് തന്നെ നമ്മുടെ നാടകം.ഈ നാടകത്തിന്റെ ഗുണഗണങ്ങള്‍ എന്താണെന്ന് വച്ചാല്‍,പ്രോമിത്ഥിയൂസ് ആരാണെന്നോ ഇതിന്റെ വിഷയമെന്താണെന്നോ കോളേജിലെ പത്ത് ശതമാനം പോലും വരാത്ത ഐ .സി യു കേസുകള്‍ക്കെ അറിവുണ്ടാവുളളു.രണ്ടാമതായി ആധുനിക നാടകമായതു കൊണ്ട് എല്ലാവരും ഓരോ കാവിമുണ്ട്‌ മാത്രം ഉടുത്താല്‍ ‍മതി.മൂന്നാമത് നല്ലസ്സല്‍ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ ഒരുപാടുണ്ട്,ബോംബര്‍ വിമാനങ്ങള്‍ പോലെ ഓരോ ഡയലോഗുകളും പ്രേക്ഷകന്റെ തിരുമണ്ടയ്ക്ക് മുകളിലൂടെ പിടികൊടുക്കാതെ പറന്നു പോകണം.'കല്പിതഭൂമിയിലെ അഗ്നിനാളങ്ങള്‍ നെഞ്ചിലേക്കേറ്റു വാങ്ങുവാന്‍ പ്രപഞ്ചത്തിന്റെ ഊഷരത മുഴുവന്‍ ഏറ്റുവാങ്ങി പ്രോമിത്ഥിയൂസ് നീ വന്നു ചേരൂ'എന്നൊക്കെ കാണാപ്പാഠ൦ പഠിക്കാന്‍ ഉപയോഗിച്ച ബുദ്ധി വല്ല ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിളും പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍.... ങേ..ലീ ഷാറ്റ്ലിയർആരാന്നോ...ആ ...ആര്‍ക്കറിയാം.

മ്മള്‍‍ ഒരു നാടകമവതരിപ്പിക്കുമ്പോൾഅതിന്റെ മുഖ്യ അജണ്ട പിരിവാണല്ലോ.ഞങ്ങള്‍ നേതാക്കള്‍ പൊതുവേ പിരിവിടാറില്ല.അതിനൊക്കെ ക്ലാസ്സിലെ പെണ്‍കുട്ടികളാണ് ശരണം.എല്ലാത്തിൻറ്റെ കയ്യീന്നും അന്‍പതും നാല്പതും ഒക്കെ വാങ്ങി മൊത്തം അഞ്ഞൂറ് രൂപയൊപ്പിച്ചു.(അന്ന് ക്ലാസ്സില്‍ ഒന്‍പതു ആണ്‍പിള്ളേരും കൃത്യം ഒന്‍പതുപെൺപിള്ളേരും മാത്രം).

കോളേജിനു മുന്നിലെ ഖാദറിക്കാന്റെ കടേന്നു ഇഡ്ഡലിയും വടയും സുഖിയനുമൊക്കെ കഴിച്ച്‌ നാടകമടുത്തപ്പോഴേയ്ക്കും കയ്യിലുണ്ടായിരുന്ന പൈസ മിക്കവാറും തീര്‍ന്നു.കുറ്റം പറയാന്‍ പറ്റില്ല അതുപോലത്തെ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളു൦ പറഞ്ഞു,കുട്ടികള് റൈറ്റ് ഓര്‍ റോങ്ങു കളിക്കണ പോലത്തെ ചുവടും വച്ചാല്‍ ആരായാലും തളര്‍ന്നു പോകും.ഒരു ദിവസം റിഹേഴ്സലൊക്കെ കഴിഞ്ഞു കോളേജിനടുത്തെ അരികന്നിയൂര് സ്റ്റോപ്പില്‍നിന്നും ബസ്സില്‍ കയറിയത് പോലും ആ ചുവടു വയ്പ്പിലായിപ്പോയി .പക്ഷെ, ഡ്രൈവർ ആള് കലാബോധമില്ലാത്ത കണ്ട്രി ആയതു കൊണ്ട് അവന്‍ ബസ്സെടുത്തതും ഞാന്‍ പ്രോമിത്ഥിയൂസ് കുത്തി വീണതും ഒരുമിച്ചായിപ്പോയി.

ങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില് കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'എന്ന് ചോദിച്ചപോലെ,അല്ലെങ്കിലേ നിന്നെയൊക്കെകൊണ്ട് ഈ ഡിപ്പാർട്ടുമെൻറ്റിന് നാണക്കേടാണ് ഇനി നീയൊക്കെ അവിടേംകൂടി പരത്തണോടെ'എന്ന പുച്ഛം.ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈറ്റ് തീര്‍ന്നെങ്ങാനും പോയാലോ എന്ന് പേടിച്ചു ചീഞ്ഞ മുട്ടയുടെ മണം തന്റെ വായില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ സദാ സമയവും വായില്‍ ശംഭുവും തിരുകി നടക്കുന്ന അറ്റെന്‍ടെര്‍ ശശാങ്കന്‍ ചേട്ടനൊക്കെയാണ് ഞങ്ങളുടെ പ്രധാന ക്രിട്ടിക് റോഷന്മാര്.

നാടകവും സംഘഗാനവും ഒരേ ദിവസമായിരുന്നു.സംഘഗാനത്തിന് പേരു കൊടുത്തവരുടെ ലിസ്റ്റു പരിശോദിച്ചപ്പോള്‍ വെറും ആറു പേര്.ഞങ്ങളുടെ മന്നസ്സില്‍ ഒരു ആശ്വാസത്തിന്റെ വെളിച്ച ഗോപുരം മിന്നി..കൊള്ളാം!!വലിയ തിരക്കില്ലാത്ത ഓഡിറ്റോറിയത്തിലാണ് മത്സരം.നേരായ വഴിയില്‍ ഹാളില്‍ കയറി പരിചയമില്ലാത്തതുകൊണ്ട് പൂര്‍വികരെപോലെ,കതകില്ലാത്ത ജനാലയിലൂടെ ചാടിക്കയറി എത്തിനോക്കി.കോളേജിലെ പ്രമുഖ പാട്ടുകാരന് ‍കുറച്ചു പെൺകുട്ടികളുമൊത്ത് ഒരു ഗാനമാലപിക്കുന്നു.നല്ല ഈണത്തില്‍ നല്ല ഹാർമണിയില്‍.അവന്‍ പാടുന്ന വരികളുടെ ബാക്കി,പെണ്‍കുട്ടികള്‍ പാടുന്നു.ആകെമൊത്തം ഒരു ജുഗല്‍ബന്ദി,എല്ലാവരും ലയിച്ചിരിക്കുകയാണ്.അടുത്തത് ഞങ്ങളുടെ ഊഴമാണ്.ഞാന്‍ സജീവിനെനോക്കുന്നു സജീവ്‌ എന്നെ നോക്കുന്നു,ബാക്കി ഏഴുപേരും ഞങ്ങള്‍ ഇരുവരെയും നോക്കുന്നു.ഒരുമിച്ചു പറയുന്നു,മുങ്ങാം...
പൊങ്ങുന്നത് നാടകം നടക്കുന്ന ഓഡിറ്റോറിയത്തിൽ‍.എത്ര നാടകങ്ങള്‍ ഉണ്ടെന്നു നോക്കുമ്പോള്‍ ഇരുപത്തിയാറെണ്ണം,എല്ലാ എരണം കെട്ടവനും ഇപ്രാവശ്യം നാടകത്തിനു പേര് കൊടുത്തിട്ടുണ്ട്.ചിലപ്പോള്‍ നാലോ അഞ്ചോ നാടകങ്ങള്‍-'ഒരു കൊലയുടെ അന്ത്യം','മാതൃഭൂമിക്ക് വേണ്ടി','ബാലചന്ദ്രന്‍ ചുള്ളിക്കാട്','ചെമ്പില്‍ ജോണ്',ടൈപ്പ് ഉടായിപ്പ് നാടകങ്ങളാവാം.എന്നാല്‍ ബാക്കി ഇരുപതെണ്ണമെങ്കിലും ഹെവി വെയിറ്റ് കലാകാരന്മാരുടെ നാടകങ്ങളാണ്.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ എട്ടാണ്‌.വേണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും ഫൈനല്‍ കെമസ്ട്റിക്കാര്‍ സംഘഗാനമത്സരത്തില്‍ പങ്കെടുത്തില്ല എന്ന വിവരം പാട്ടായിരിക്കുന്നു,ഇവര് വെറുതെ അലമ്പുണ്ടാക്കാന്‍ എല്ലായിടത്തും പേര് കൊടുത്തതാണെന്ന ഒരഭ്യൂഹം ഉയര്‍ന്നിരിക്കുന്നു.എങ്ങിനെയൊക്കെയോ ചില രാഷ്ട്രീയ സുഹൃത്തുക്കളെ പിടിച്ചു ചെസ്റ്റ് നമ്പര്‍ പതിനെട്ടാക്കി.ഇനിവേണം മേയ്ക്കപ്പ് തുടങ്ങാന്‍.കുറെ കാവിമുണ്ട് മാത്രമേ ഞങ്ങള്‍ പ്രോപ്പായി കൊണ്ട് വന്നിട്ടുള്ളു.മുന്‍ തീരുമാനപ്രകാരം വിഗ്ഗും താടിയും മീശയും കൊണ്ടുവരേണ്ട സതീഷ്‌ കാലുമാറി.ഉണ്ടായിരുന്ന അഞ്ഞൂറില്‍ ഇനി ബാക്കി നാല്‍പ്പതു രൂപയുണ്ട്.പിരിവൊക്കെ നടത്തി നാടകം നടത്തിയില്ലെങ്കില്‍ മോശമാണ്.രണ്ടും കല്പിച്ചു തയ്യാറെടുപ്പുതുടങ്ങി.

തീഷ്‌ തൊട്ടപ്പുറത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നും ഒരുകുപ്പി പശ വാങ്ങിവന്നു.പിന്നെ കുറേ കരിയും ഒപ്പിച്ചു.ന്നൊക്കെ മുടി പിന്നിലേക്ക്‌ നീട്ടിവലര്‍ത്തുന്ന പങ്ക് സ്റ്റൈലാണ് പിറകിലെ പങ്കില്‍ നിന്നും മുടി വെട്ടിയെടുത്തു.മുഖത്ത് പശപുരട്ടി മുടി നിരനിരയായി ഒട്ടിച്ചു വച്ചു.എല്ലാവർക്കും താടിയും മീശയുമായി.
നാടകം നമ്പര്‍ പതിനാറായപ്പോള്‍ ചിലര്‍ ഞങ്ങളോട് കെഞ്ചി 'ഞങ്ങള്‍ ഒരു ചെസ്റ്റ് നമ്പര്‍ മുന്‍പ് ചെയ്തോട്ടെ'.അമ്പതു രൂപയ്ക്ക് ചെലവു ചെയ്‌താല്‍ നമ്പര്‍ തരാമെന്നു ഞങ്ങളേറ്റു.(ഏറ്റവും ഒടുവില്‍ നടത്തിയാല്‍ അത്രയും കുറച്ചു കൂവലും ബഹളവുമല്ലേ ഉണ്ടാവൂ)അങ്ങിനെ ഉന്തിത്തള്ളി ചെസ്റ്റ് നമ്പര്‍ ഇരുപത്തൊന്നു വരെ എത്തിച്ചു.അപ്പോഴേക്കും സമയം വൈകിട്ട് നാലുമണിയായി.ഓഡിറ്റോറിയത്തിലെ തിരക്ക് കുറയുന്നത് കണ്ടു ഞങ്ങള്‍ക്ക് സന്തോഷവും കാര്യമായി പ്ലാന്‍ ചെയ്തവര്‍ക്ക് വിഷമവുമായി.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ അറുപതു രൂപയ്ക്ക് ഒരു ടീം വന്നു ചോദിച്ചു.വീണ്ടും മാറ്റാന്‍ വേണ്ടി കമ്മറ്റിയില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരംഗം പ്രശ്നമുണ്ടാക്കി,'ഇനി മാറ്റാന്‍ പറ്റില്ല അടുത്തത് നിങ്ങളുടെ ഊഴമാണ്'.

വേദിയില്‍ കയറുമ്പോഴാണ് അറിയുന്നത് മൂപ്പനായി അഭിനയിക്കുന്ന ജോഷിയെ കാണാനില്ല. ആകെ ബഹളമായി.കോളേജു ഡേ എന്നൊക്കെയാണ് പേരെങ്കിലും സംഗതി ആ വര്‍ഷത്തെ മുഴുവന്‍ പരിഭവംസും തല്ലി കോംബ്ലിമെന്റ്സ് ആക്കാനുള്ള ഒരു വേദി കൂടിയാണ്. അതോ മേയ്ക്കപ്പിട്ടതോടെ കമലഹസ്സനെപ്പോലെ കഥാപാത്രമായി മാറി വല്ല കാട്ടിലെക്കും പോയോ.! പറങ്കിമാവിന്‍ കാട് കടന്നു വേലിയും ചാടിയാല്‍ എത്തുന്ന കള്ള് ‌ഷാപ്പില് വരെ അന്വേഷണം നീണ്ടു...
അപ്പോഴാണ് അവിടെയിരുന്നു


"ചക്ഷുക്ഷമാം രണാങ്കണത്തിൽ
നൃപനാം മനുഷ്യന്‍ മരിക്കുന്നു
നിമ്നോനതമാം മാനസ പങ്കുരത്തില്‍ ..."

എന്ന തന്റെ ആദ്യ കവിതാ സമാഹാരം കൂലി പണിക്കാരേം ചെത്ത്‌ തൊഴിലാളികളേം കേള്‍പ്പിച്ചു അതിലെ കട്ടിക്കുള്ള വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ‍വര്‍ണിച്ചു കൊണ്ടിരിക്കുന്ന ജോഷിയെ കിട്ടിയത്.ഞങ്ങൾ വന്നപ്പോളാണ് അവര്‍ക്ക് ആശ്വാസമായത്,അവർ സന്തോഷസമേതം അവനെ ഞങ്ങളെ ഏല്‍പ്പിച്ചു.സംഭവം മറ്റൊന്നുമല്ല സ്റ്റേജ്ഫിയര്‍ തീര്‍ക്കാനാണ് പോലും,കള്ള ബ്രൂട്ടസ്.


ന്തായാലും നാടകം തുടങ്ങി.ഞാനും സജീവും ചേര്‍ന്നുള്ള ആദ്യത്തെ സീന്‍ വലിയ തരക്കേടില്ലാതെ കഴിഞ്ഞു.ഞാന്‍ അടിമയും സജീവ്‌ എന്നെ കുരുതികൊടുക്കാന്‍ പോകുന്ന ദുഃര്‍മന്ത്രവാദിയുമാണ്.സജീവിന്റെ കഥാപാത്രത്തിനു ചെയ്തിരിക്കുന്ന മേയ്ക്കപ്പ് കണ്ടാല്‍ ചിരിക്കാതെ ഒരു ഡയലോഗ് പോലും പറയാന്‍ പറ്റില്ല.എഴുപതുകളിലെ കൃതാവും ഊശാന്‍ താടിയും മീശയുമൊക്കെയായി....എന്റെ സഹാറാ മരുഭൂമി പോലത്തെ മുഖത്ത് കുറ്റിത്താടി.ഏതായാലും അടുത്ത സീനില്‍ ജോഷിയും സതീശുമാണ്.അവര്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ സ്റ്റേജിനടുത്തുനിന്നു പ്രോമ്പ്റ്റ് ചെയ്യും.പിന്നത്തെ സീനില്‍ ഞാനും സജീവും വീണ്ടും.അപ്പോള്‍ ജോഷിയാണ് പ്രോമ്പ്റ്റര്‍.

ച്ചമുതല്‍ ഒന്നും കഴിക്കാത്തതുകൊണ്ട് എമണ്ടന്‍ ഡയലോഗൊന്നും വായില്‍ നിന്നും പുറത്ത് വരുന്നില്ല.പ്രതീക്ഷിച്ചതുതന്നെസംഭവിച്ചു,ഒരിടത്തുവച്ച് സജീവ്‌ ഡയലോഗ് മറന്നു.അവന്‍ മറന്നതോടെ ഞാനും അടുത്തതിന്റെ തുടക്കം മറന്നു.അവന്‍ അന്തം വിട്ടു എന്നെ നോക്കി ഞാന്‍ ബോധം കേടുമാറ് അവനേം.കാണികളും ജട്ജുകളും അന്തവും കുന്തവുമറിയാതെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.ഭൂമി അതിന്റെ അച്ചു തണ്ടില്‍ ഒരുനിമിഷം സ്തംഭിച്ചു നിന്നതുപോലെ.പ്രോമ്പ്ടു ചെയ്യേണ്ട ജോഷി സെക്കണ്ട് ബി എസ്സിയിലെ പ്രവീണയെ നോക്കി മിഴിച്ചു നില്‍ക്കുന്നു.ആ ടൈമിൽ ആ വേളയില്‍ സജീവ്‌ തനതു നാടകത്തിന്റെ സ്റ്റെപ്പു വച്ച് എന്റെ ചെവിക്കടുത്തു വന്നു പറഞ്ഞു,നമുക്ക് രണ്ടുറൗണ്ട് നടക്കാം!!സ്ഥലകാലബോധം വീണ്ടെടുത്ത ഞാനും അവനെ അനുഗമിച്ചു.പ്രവീണയില്‍ നിന്ന് ജോഷി തിരിച്ചു വരുന്നത് വരെ അത് തുടര്‍ന്നു.ഞെട്ടിയുണര്‍ന്ന ജോഷി എവിടുന്നോ ഒരു ഡയലോഗ് പ്രോമ്പ്റ്റ് ചെയ്തു,അത് വച്ചു ഞങ്ങള്‍ പിടിച്ചു കയറി.

ന്റെ അടിമ കഥാപാത്രത്തെ ചവുട്ടി ഞെരിച്ചു കൊല്ലാന്‍ കൊണ്ട് പോകുന്ന ഒരു സീനുണ്ട്.അത് മറന്ന സജീവിന്റെ നേര്‍ക്ക്‌ ഞാന്‍,കൊണ്ട് പോയി കൊല്ലെടാ എന്ന രീതിയിൽ കൈ ഉയര്‍ത്തുകയായിരുന്നു.എന്റെ കയ്യിലെ കെട്ട് അഴിക്കാന്‍ കഴിയാതെ വില്ലനായ ജോഷിമൂപ്പന്‍ വിയര്‍ത്തു.ജോഷിയെ നായകനായ സതീഷ്‌ അടിക്കുന്ന സീനില്‍ വായ്‌ നോക്കിനിന്നതിന്റെ മുഴുവന്‍ ദേഷ്യത്തിലും കനത്ത ചവിട്ടു കൊടുത്തു.
നാടകം കഴിഞ്ഞപ്പോള്‍ ഇതെല്ലം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌.മുഖം ചുളുചുളുന്നനെ ചൊറിയുന്നു.കഴുകിയിട്ടൊന്നും ഒട്ടിപ്പിടിച്ച രോമങ്ങള്‍ വിട്ടു പോവുന്നില്ല.അന്ന് ടി.വി.യില്‍ വന്നിരുന്ന-മരക്കഷണങ്ങള്‍ ഒട്ടിച്ചുചേർത്ത് ഒരു വശത്ത് ആനയും മറുവശത്ത് കുറെ തടിയന്മാരും നിന്ന്:- "ആഞ്ഞു വലിക്കൂ...ഹൈലസ്സ...നീട്ടിവലിക്കൂ...ഹൈലസ്സ...മനസ്സിലാക്കുന്നേയില്ല!! ഇത് ഫെവികോള്‍ കൊണ്ട് ഒട്ടിച്ചതാണ് ആന വലിച്ചാലും ഇളകാത്ത ഉറപ്പ്".എന്ന പഞ്ച് ലൈന്‍ സത്യമായിരുന്നു എന്ന് ഞങ്ങള്‍ അന്നാണ് മനസ്സിലാക്കിയത്.

തൊന്നു കളഞ്ഞു തന്നാല്‍ ഗുരുവായൂര്‍ നടയുടെ പരിസരത്തെവിടെയെങ്കിലും തെണ്ടി നടന്നു സെറ്റ്സാരിയുടുത്ത് വരുന്ന പെണ്‍കിടാങ്ങളെ വായ്നോക്കാമായിരുന്നു.എന്റെ മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഞാന്‍ ക്ലാസ്സില്‍ ഇരുന്നതിനേക്കാള്‍ ആ പരിസരത്തായിരുന്നു ഉണ്ടായിരുന്നത്.പക്ഷെ പഠിച്ചപണി പതിനെട്ടു പയറ്റിയിട്ടും രോമങ്ങള്‍ വിട്ടുപോവുന്നില്ല.വെളിച്ചെണ്ണ പുരട്ടി,മണ്ണെണ്ണ പുരട്ടി,നോ രക്ഷ.ചിലര് ഗുരുവായൂരപ്പന് നേർച്ചനേര്‍ന്നു പക്ഷെ എന്തോ ഇതൊരു രോമ കേസായതുകൊണ്ടാണെന്നു തോന്നുന്നു മൂപ്പരും മൈന്‍ഡ് ചെയ്തില്ല.അവസാനം ഗില്ലെറ്റിന്റെ റേസര്‍ വാങ്ങി ഷേവ് ചെയ്തു നോക്കി.കുറച്ചൊക്കെപോയി,പക്ഷെ മുഖം അപ്പോഴേക്കും ചോരപൊടിഞ്ഞു ഫുട്ബോൾപോലെ വീര്‍ത്തു...നീറ്റലും പുകച്ചിലും...അപ്പോഴും ചില രോമങ്ങള്‍ പോരുന്നില്ല.

സമയം കൊണ്ട് ബാക്കി അഞ്ചാറു നാടകങ്ങള്‍കൂടി തീര്‍ന്നു.ഞങ്ങള്‍ പെട്ടിയും പ്രമാണവുമൊക്കെയായി പോവാൻവേണ്ടി പടിക്കലെത്തിയപ്പോഴാണ് അനൗൺസ്മെൻറ്,നാടകമത്സരം ഒന്നാം സ്ഥാനം സെക്കന്റ് ബി.എ.ഹിസ്ടറി,രണ്ടാം സ്ഥാനം...പിന്നെ എന്റെ പട്ടി കേള്‍ക്കും,മൂന്നാം സ്ഥാനം ഫൈനല്‍ ബി.എസ്സി.കെമസ്ട്രി.ആ മത്തങ്ങാ മുഖം ഒന്ന് കൂടി വികസിക്കുമാറ് അന്തം വിട്ടു നിന്നത് മാത്രം ഓര്‍മ്മയുണ്ട്.കലാഭവന്‍ മണി സമ്മാനം കിട്ടാഞ്ഞിട്ടാണ് ബോധം കെട്ടതെങ്കില്‍ സമ്മാനം കിട്ടിയതറിഞ്ഞു ബോധം കേട്ട ഒരേ ഒരു ടീം ഞങ്ങളായിരിക്കും.

ടുത്ത ദിവസം കോളേജില്‍ വന്നപ്പോഴാണ് അറിഞ്ഞത്,ഞങ്ങളുടെ നാടകത്തിന് രണ്ടാം സ്ഥാനം തരുന്നതിനു രണ്ടു ജട്ജുമാര്‍ ശക്തമായിവാദിച്ചെന്നും എന്നാല്‍ കോസ്ട്യൂമിലെ പിഴവുകൊണ്ടാണ് അത് നഷ്ടമായതെന്നും.ഞാനും സജീവും അഭിനയിച്ച രംഗങ്ങളായിരുന്നത്രേ ഏറ്റവും മികച്ചത്!അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,ഒരു ഡയലോഗ് പോലും കിട്ടാതെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ലോകത്തെ എല്ലാ ഭാവങ്ങളും മുഖത്ത് വന്നു മറയും.
O.T
ന്നിപ്പോള്‍ കാലം എല്ലാവരെയും നാടുകടത്തി.ആണ്‍കുട്ടികളില്‍ ഏഴു പേരും ഇന്ന് ദുബായില്‍.നാടുവിട്ടു പോവില്ലെന്ന് ശഠിച്ചിരുന്ന ഞാന്‍ ഒടുവില്‍ ഭൂഖണ്ടമേ വിട്ടു.എന്തോ അറം പറ്റിയതാണോ എന്നറിയില്ല,അടിമയായി അഭിനയിച്ച ഞാന്‍ അടിമക്കണ്ണന്മാരുടെ നാടായ ആഫ്രിക്കയില്‍ ഒരു ദ്ദേശീയന്റെ സ്ഥാപനത്തില്‍ അടിമയായി ജീവിക്കുന്നു.

16 comments:

  1. ഒരു പാട് കാലമായി ബ്ളോഗ്ഗില്‍ എന്തെങ്കിലും പോസ്ടിയിട്ടു . ഇത് കുറച്ചായി എഴുതി കയ്യിലിരിക്കുന്നു എന്തായാലും ഇവിടെ കിടക്കട്ടെ.

    ReplyDelete
  2. കുറെ നാളത്തെ കുറവ് നികത്തി ഒരു നെടുനീളന്‍ പോസ്റ്റ്‌ അല്ലെ. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കാനാണ് രസം.
    ഞങ്ങള്‍ ഒരിക്കല്‍ നാട്ടില്‍ ഒരു നാടകം കളിച്ചപ്പോള്‍ നാടകം തുങ്ങുന്നതിനു മുന്‍പ്‌ അതിലെ ഒരുവന്‍ നല്ല ഫിറ്റായി ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയിക്കിടക്കുന്നു. ആരു വിളിച്ചിട്ടും വരുന്നില്ല. അവസാനം അവന്റെ ഏറ്റവും അടുത്ത സുഹൃത്തിനെ തന്നെ നിയോഗിച്ചു. അവന്‍ അവിടെ ചെന്ന് അവനെ പിടിച്ചെഴുന്നെല്പിച്ച് ചെകിട്ടത്ത് നല്ലൊരു പെട. തലയൊന്നു കുടഞ്ഞു. നമ്മള്‍ക്ക് നാടകം തുടങ്ങണ്ടേ എന്ന് ചോദിച്ച് ഓരോട്ടമായിരുന്നു പിന്നെ സ്റെജിലെക്ക്.
    ഇത്തരം ധാരാളം അനുഭവങ്ങള്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ ഓര്‍ത്തെടുത്തു.

    ReplyDelete
  3. കലക്കി!

    ഞാനും ഒരു നാടക നടനായിരുന്നു.
    രണ്ടു മൂന്നു പോസ്റ്റുകൾ ആ വഴി കീച്ചിയിട്ടുണ്ട്.
    ഒരെണ്ണം ദാ ഇതാണ്. നോക്കിക്കോ.
    http://jayandamodaran.blogspot.in/2010/06/blog-post.html

    ReplyDelete
  4. റാംജി പോസ്റ്റ്‌ ചെയ്തപ്പോഴേക്കും അഭിപ്രായവുമായി എത്തിയല്ലോ .നന്ദി.ഇത് പോലെ നാടകം നടത്തിയവര്‍ക്കൊക്കെ ഒരു പാട് രസകരമായ കഥകള്‍ പറയാനുണ്ടാകും.ആ സമയത്ത് ബേജാര്‍ ആണെങ്കിലും പിന്നീടു ആലോചിക്കുമ്പോള്‍ ഭയങ്കര രസം.
    ഡോക്ടറെ ആ പോസ്റ്റ്‌ ഞാനിപ്പോളാ വായിച്ചതു കിടിലന്‍ , കടുക് വറുത്തു.. നന്ദി

    ReplyDelete
  5. കുഞ്ഞാ ..എല്ലാം കുഞ്ഞക്ഷര ഫോണ്ടാക്കിയോ..?

    നാടകമേ ഉലകം എന്നാണല്ലോ പറയുക..
    അടിമയായഭിനയിച്ചവനറം പറ്റി അടിമകൾ വന്ന
    നാട്ടിൽ അടിമക്കണ്ണനായി ഇടം നേടി ആ ഗുരുവായൂർ
    കണ്ണനാട്ടങ്ങളവിടേയും നടത്തിയിപ്പോൾ പെരുമ നേടിയല്ലോ...

    ഇത് തന്നെ ധാരാളം കേട്ടൊ സജിത്ത്

    ReplyDelete
  6. സത്യം പറഞ്ഞാല്‍ നാടകം കളി ഒക്കെ ഒരു രസമാണ്..പിന്നീടു പിന്തിരിഞ്ഞു നോക്കുമ്പോള്‍ അതിലും രസം..

    ആ രസം ഒട്ടും കളയാതെ ഒരു പോസ്ടാക്കിയിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്..


    ഞാനും കഴിഞ്ഞ വര്ഷം ഒരു പഴയ സ്കൂള്‍ നാടക കഥ പോസ്ടിയിരുന്നു.

    (മൂന്നാറിലെ കഥ ഇഷ്ട്ടയീട്ടോ )

    ReplyDelete
  7. good post.valare nannayittund

    ReplyDelete
  8. കുഞ്ഞാ.. ചിരിച്ചു ചിരിച്ച് മണ്ണു കപ്പിയിട്ടൊ...!
    നാടകം നടത്തുന്ന സമയത്ത് ഭയങ്കര ടെൻഷൻ ആണെങ്കിലും പിന്നീട് എത്രയോ കാലം ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നു ഈ സംഭവങ്ങൾ അല്ലെ.
    ഹാസ്യം എഴുതാ‍നും വഴങ്ങും. അതൊരു കഴിവാണട്ടൊ കുഞ്ഞാ..
    അഭിനന്ദനങ്ങൾ.....

    ReplyDelete
  9. പഴയകാലങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു പോസ്റ്റ്,മല്ലൂ...

    ReplyDelete
  10. ഞങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില് കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'
    ഇത് വായിച്ചു കുറെ ചിരിച്ചു ,പിന്നെ പിന്നീടു നടന്ന നാടക മഹാ മേളവും ,കലാലയ ജീവിത്തിലെ ഓര്‍മ്മകള്‍ എത്ര പറഞ്ഞാലും തീരില്ല !!

    ReplyDelete
  11. മല്ലൂ പഴയ ചില നാടക ഓര്‍മ്മകള്‍ എന്നിലും ഉണര്‍ത്തി പോസ്റ്റ്‌ ദയാലോഗ് നിന്നതും പകരാന്‍ മനോധര്‍മം പോലെ മറ്റൊരു ദയാലോഗ് പറഞ്ഞതും കൂടെ നിന്ന കൂട്ടുകാരന്‍ നീ എന്താ ഈ പറയുന്നേ ? ഇതല്ലല്ലോ ദയാലോഗ് എന്ന് സ്നേഹത്തോടെ തിരുത്തിയതും ജനങ്ങള്‍ കൂവി പദം വരുത്തിയതും എല്ലാം ഓര്‍മിപ്പിച്ചതിനു നന്ദി . കൂടുതല്‍ പോസ്റ്റുകള്‍ വരട്ടെ.

    ReplyDelete
  12. എത്രയെത്ര നടകാനുഭവങ്ങള്‍ .
    ഓരോര്തര്‍ക്കുമുണ്ടാകും ഇതുപോലെ കുറെ അനുഭവങ്ങള്‍ .
    .എഴുതാത്തത് ,സമാനമായ പല അനുഭവകതകളും പലരും മുന്‍പ് പങ്ങുവചിട്ടുണ്ട് .
    ഈ കുറിപ്പ് പലവികൃതികളും ഓര്‍മയില്‍ വരുത്തി .
    നന്ദി .

    ReplyDelete
  13. ചിരിച്ചു മരിച്ചു...

    എന്റെയും ചില നാടക മൈം ഓർമ്മകൾ മനസ്സിലേക്ക് വന്നു

    ReplyDelete
  14. മാഷെ, ഇപ്പോഴാ വായിച്ചതു.. പുതിയ പോസ്റ്റ്‌ ഒക്കെ ഇടുമ്പോള്‍ ഒരു മയില്‍ വിട്ടുടെ മനുഷ്യാ.. അതോ ഞാന്‍ ഇനി അക്ര വരെ വരണോ.. ഇങ്ങിനെ ചില സംഭവങ്ങള്‍ നടക്കുന്നു എന്നറിയാന്‍...

    നല്ല ഉഷാറായി മാഷെ.. ഇതുപോലെ ഒരു നാടകം കളിച്ചു കൊണ്ട് നില്‍ക്കുമ്പോള്‍ ആണ് എന്‍റെ താറുടുത്ത മുണ്ട്.. ഒരു മുന്നറിയിപ്പും ഇല്ലാതെ അഴിഞ്ഞു പോയത്..

    ReplyDelete
  15. കുഞ്ഞാ..
    എഴുത്തിലിത്ര അമാന്തം നല്ലേനല്ല

    ReplyDelete
  16. മറക്കാനാവാത്ത ജീവിതമാണത് ... ഇഷ്ടായി .
    ഞങ്ങളുടെ ഒരു സ്കിറ്റിൽ " ഫ്ലോപ്പി ഡിസ്ക് " എന്നത് പൊലീസുകാരനായി അഭിനയിക്കുന്ന സലിം മറന്നു പോയി (1995 - ൽ ആണ് .) അവന്റെത്‌ കഴിഞ്ഞിട്ട് വേണം എനിക്ക് പറയാൻ .. ലെവാൻ കണ്ണും തുറിപ്പിച്ചു അങ്ങോട്ടും ഇങ്ങോട്ടും പല ചേഷ്ടകൾ കാട്ടി നടക്കുന്നു . ഇടയ്ക്കു സ്റെജിന്റെ മൂലയില പോയി അന്തം വിട്ടിരിക്കുന്ന രഫീക്കിനൊദു കണ്ണ് കൊണ്ട് ചോദിക്കും .. എന്താണ് അടുത്തത് എന്നാ രീതിയിൽ .. പിന്നെ വീണ്ടു സ്റെജിനു നടുവില വന്നു എന്നോട് എവിടെടാ അത് എടുക്കെടാ പട്ടീ ... എന്ന് പറയും ... ദൈവഹിതത്തിനു അല്പം കഴിഞ്ഞപ്പോ അവൻ അത് ഓർത്തെടുത്തു .. നാരാതെ രക്ഷപ്പെട്ടു ..
    അടിപൊളി .

    ReplyDelete

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...