Wednesday, June 22, 2011

മഴവിളികള്‍ ..

പതിവിലും വൈകി ഇന്ന് ഓഫീസില്‍ നിന്നിറങ്ങാന്‍ . ആര്‍ത്തലച്ചു സ്റ്റേഷനിലെ  മുഴുവന്‍ പേരെയും ഒരു കാന്തത്തെ പോലെ വലിച്ചടുപ്പിച്ചു   തീവണ്ടി വന്നു നിന്നപ്പോള്‍ ദിനചര്യ എന്നോണം  കയറി ഒരു മൂലയില്‍ ഇടംപിടിച്ചു .തൊട്ടടുത്ത വിദ്യാര്‍ത്ഥികളുടെ സംഘം അവരുടെ ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നു . അവരുടെ സരസ സംഭാഷണം കൌതുകം    ഉണര്‍ത്തുന്നത് ആയിരുന്നെങ്കിലും ചെവി മൂട പെടുകയും കാഴ്ചകള്‍ മങ്ങുന്നതും പോലെ തോന്നി.  വെസ്ടിബ്യുളിലുടെ നീണ്ട ഇടനാഴിയുടെ അറ്റത് ഒരാളുടെ തല  തീവണ്ടി വളവു തിരിയുമ്പോള്‍  അപ്രത്യക്ഷമാവുകയും നിവരുമ്പോള്‍ തല മുളച്ചു വരികയും ചെയ്യുന്നത് പണ്ടെന്നോ  കണ്ട അതേ  കൌതുകത്തോടെ നോക്കിയിരുന്നു .മഴ ചാറി   തുടങ്ങി ജനാലയിലൂടെ തൂവലയടിച്ചു വന്ന മഴത്തുള്ളികള്‍ സ്ഥലകാലങ്ങളിലേക്കു തിരിച്ചു കൊണ്ട് വന്നു .വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍  ലാപ്ടോപ്പില്‍ ഏതോ സിനിമ കണ്ടു ആര്‍ത്തു ചിരിക്കുന്നു. മുടിയഴിച്ചിട്ട്  ഒരു ഭ്രാന്തിയെപ്പോലെ  ഇരുട്ടിനെ  കീറി  മുറിച്ചു തീവണ്ടി മുന്നോട്ടു കുതിക്കുന്നു. 

മഴ   ശക്തമാവുകയാണ് . വീട് ചോര്‍ന്നോലിക്കുന്നതാണ് . ഭാര്യക്കും മകള്‍ക്കും ഇടിമിന്നലിനെ ചോര്‍ന്നൊലിക്കുന്ന  വീടിനെക്കാള്‍ പതിന്മടങ്ങ്‌  ഭയമാണ് .അവരിപ്പോള്‍ അകത്തെ മുറിയില്‍ ഇടിമിന്നുമ്പോള്‍ പരസ്പരം കെട്ടിപിടിച്ചു ധൈര്യം പകരുന്നുണ്ടാവും .വീട് സിറ്റിയില്‍  നിന്നും ഒരു പാട് ദൂരെയാണ് അതുകൊണ്ട് തന്നെ ഈ തീവണ്ടി യാത്ര ജീവിതത്തിലെ പ്രാഥമിക കര്‍മങ്ങള്‍  പോലെ ഒഴിച്ച് കൂടാന്‍ വയ്യാതായി .സിറ്റിക്ക്   അടുത്തേക്ക്  മാറാന്‍ വാടക സമ്മതിക്കുന്നില്ല .ഓഫീസിലെ സുഹൃത്ത്‌  അല്പം പണം ഒപ്പിക്കാനുള്ള കണ്ണടക്കലുകളെ കുറിച്ച് ഇന്നും ഒര്മിപ്പിച്ചതാണ് എന്നാല്‍ തനിക്കു അതിനു ധൈര്യം ഉണ്ടോ .എന്നും  കാര്യത്തോടടുക്കുമ്പോള്‍ ധൈര്യം ഒരു വലിയ പ്രശനം ആയിരുന്നു.   മഴകനക്കുകയാണ് ഈ നശിച്ച മഴ മാറിയിരുന്നെങ്കില്‍ .

ഇന്ധനത്തിന്റെയും വാതകത്തിന്റെയും മണം പുക ചുരുള്ള്കള്‍ക്കൊപ്പം     മഴയുടെയും മണ്ണിന്റെയും മണവുമായി കലര്‍ന്ന് മൂക്കിലേക്ക് അടിച്ചു കയറി .തൊട്ടടുത്തിരിക്കുന്ന ആള്‍ ഞാന്‍ ജനല്‍ താഴ്ത്താത്തതില്‍  പരിഭവിച്ചു .ഒരിക്കലും താന്‍ സഹായത്രികരോട് സംസാരിക്കാതിരിക്കുന്നതിനെ കുറിച്ചോര്‍ത്തു .അല്ലെങ്കില്‍ എന്ത് പറയാന്‍ .സ്വയം ചിന്തകളുടെ കുന്നുകളിലേക്ക്‌ മനസ്സിനെ തള്ളിക്കയറ്റി താഴെക്കുരുട്ടാനാണല്ലോ  ഇഷ്ടം . മുഷിഞ്ഞു നാറിയ വസ്ത്രമണിഞ്ഞു ശുഷ്കിച്ച ശരീരവും അതിലും ശുഷ്കിച്ച കൈകളുമായി ഒരു സ്ത്രീ കടന്നു വന്നു .അവരുടെ  ഇടത്തെ ഒക്കത്ത് ദൈന്യത നിറഞ്ഞ മുഖവുമായി ഒരു കുഞ്ഞും. മൂന്ന് വയസ്സ് തോന്നിക്കുന്ന കുഞ്ഞു എന്നെ നോക്കി പുഞ്ചിരിച്ചു.അവര്‍ ഓരോ ഇരിപ്പിടതിന്റെയും അറ്റത്  പാട്ടുകളുടെ  സീഡി  ഓരോ അടുക്കു വച്ച്  ആവശ്യമുള്ളവര്‍ തിരഞ്ഞെടുക്കാനായി സാവകാശം  കൊടുത്തു    അടുത്ത കംപാര്ടുമെന്റിലേക്കു നടന്നകന്നു   . ആ കുഞ്ഞിന്റെ ദൈന്യ മുഖം കണ്ടു മനസ്സില്‍ സങ്കടം ഒരു കടലോളം ഉയര്‍ന്നു .
   
വെറുതെ സീ .ഡി    കൂമ്പാരത്തില്‍ ചിക്കി പരതി   .ഇഷ്ടമുള്ള മൂന്നെണ്ണം മാറ്റി വെച്ചു. ഈയിടെ തനിക്കായി ഒന്നും വാങ്ങാറില്ല .വാങ്ങിയാല്‍ തന്നെ കുറ്റ ബോധം   ഉമിത്തീ പോലെ ഉള്ളില്‍ എരിഞ്ഞ് കൊണ്ടേയിരിക്കും .മൂന്നില്‍ നിന്നും തവിട് കളഞ്ഞവസാനം ഒരെണ്ണം .രവീന്ദ്രന്റെ സംഗീതത്തിലെ സിനിമാ ഗാനങ്ങള്‍  . 


 മനസ്സ് വീണ്ടും കൊച്ചു കുഞ്ഞുങ്ങളെ പോലെ  കുന്നു  കയറാന്‍  പോയി . ഈ തീവണ്ടി ഒന്ന് കൂടി വേഗത്തില്‍ പോയിരുന്നെങ്കില്‍.മഴയൊന്നു അവസാനിചിരുന്നെങ്കില്‍ ,ആ സ്ത്രീ വേഗം തിരിച്ചു വന്നു പണവും വാങ്ങി കടന്നു പോയിരുന്നെങ്കില്‍ .ഈ വിദ്യാര്‍ത്ഥികള്‍ അല്പം കൂടി ശബ്ദം കുറച്ചു സംസാരിച്ചിരുന്നെങ്കില്‍ ... അവരും ആ സ്ത്രീയെ സഹായിക്കാന്‍ അവരില്‍ നിന്നും വല്ലതും വാങ്ങിയിരുന്നെങ്കില്‍ .അവരില്‍ ഒരു പെണ്‍കുട്ടി സീഡിയുടെ അടുക്കു മറ്റുള്ളവര്‍ക്ക് കൈമാറിയപ്പോള്‍ ഒരല്പം സന്തോഷം . 
   
തീവണ്ടിയിറങ്ങി  ബൈക്ക്  പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും എടുത്തു . കാക്കകള്‍ കാഷ്ട്ടങ്ങളാല്‍    ചിത്ര പണി ചെയ്യാറുള്ള  സീറ്റ് കവര്‍,   മഴ മായിച്ചു  കളഞ്ഞിരിക്കുന്നു. .ഇന്ന് വണ്ടി   സ്ടാര്ട്ട്ചെയ്യാന്‍ ഒരു പാട് ബുദ്ധിമുട്ടും .വെള്ളമിറങ്ങിയാല്‍ പ്ളഗ്  ഊരിയെടുത്തു തുടക്കണം ഊതി  നനവും പൊടിയും അകറ്റണം. ഏകദേശം എന്റെ പകുതിയോളം  പ്രായമുണ്ട് വണ്ടിക്കു എന്റെ എല്ലാ  ദുര്‍ഘട സന്ധികളിലും കൂടെ നിന്ന സഹയാത്രികന്‍ .


ഊര വേദനിക്കുന്നത് വരെ ചിവിട്ടിയപ്പോള്‍ ഒരു വയസ്സന്‍ കുതിരയെപ്പോലെ ചെനച്ചു കൊണ്ട് ആ വൃദ്ധന്‍ പണി തുടങ്ങി .പാല് വാങ്ങാന്‍ മറക്കരുത് .ഇനി അതിനു തിരിച്ചു ടൌണില്‍ പോണം മഴയാണെങ്കില്‍ കനത്തു വരുന്നു .എന്തായാലും പാല് വാങ്ങി പോളിത്തീന്‍ കവറിലാക്കി ബൈക്കിന്റെ ഹാന്ടിലില്‍  തൂക്കിയിട്ടു .പോവുന്ന വഴിക്ക് രണ്ടു സുഹൃത്തുക്കള്‍ ചായ പീടികയുടെ ഇറയത്തിരുന്നു കൈ കാണിച്ചു .ഞാന്‍ അവരോടു കുശലം പറയാന്‍ മെനക്കെട്ടില്ല .ഒരു പാട് നെറ്റിയ്യുള്ള ഒരു പെണ്‍കുട്ടി ചുവന്ന കുടയും പിടിച്ചു നടന്നു വരുന്നു .അവളുടെ അടുത്തെത്തുംപോഴേക്കും മനസ്സ് തീവണ്ടി പോലെ സൈറന്‍ മുഴക്കി .ഇതവള്‍ തന്നെയല്ലേ അവളെ കാണാതിരിക്കാന്‍ എന്താണ് വഴി .ഇല്ല അവള്‍ അടുത്തെതി  കഴിഞ്ഞു .അവളുടെ വിസ്താരമേറിയ നെറ്റിയിലെ മഴ തുള്ളികളില്‍ വണ്ടിയുടെ വെളിച്ചമടിച്ച്‌ മിന്നി തിളങ്ങി .അവള്‍ എന്നോട് സംസാരിക്കാന്‍ അടുക്കുന്നു .വേണ്ട ...ഞാന്‍ ബൈക്കിന്റെ വേഗം കൂട്ടി .അവളുടെ മുഖത്ത് പുഞ്ചിരി വിടര്ന്നോ .ഞാന്‍ വീണ്ടും  വേഗം കൂട്ടികൊണ്ടിരുന്നു, അവളെ അവസാനം കണ്ടപ്പോള്‍ അവള്‍ ഞാനെന്താണ് വിവാഹം കഴിക്കാത്തത് എന്ന് ചോദിച്ചിരുന്നതായി ഓര്‍ത്തു .ഈ നശിച്ച മഴ! വാഹനത്തിന്റെ വേഗം പരമാവധി കൂട്ടി .വെള്ളത്തുള്ളി‍കള്‍ ഷെര്‍ട്ടിലൂടെ ഊര്‍ന്നിറങ്ങി അടി വസ്ത്രങ്ങളെയും  ഒട്ടി     ശരീരത്തിന്റെ ഓരോ അണുവിലേക്കും   ആഴ്ന്നിറങ്ങുന്നു .കാഴ്ച മങ്ങുന്നു .ആ തിരിവെനിക്കെന്തു സുപരിചിതമാണ് എന്നിട്ടും എന്റെ കൈ വെട്ടി ഞാനും ബൈക്കും നിലത്തേക്ക് ചരിഞ്ഞു .എന്റെ ശരീരം റോഡിലുടെ ഒരു റബ്ബര്‍ പന്ത് പോലെ തെറിച്ചു  നീങ്ങി ഓടയില്‍ എത്തി . ബൈക്കും  തെന്നി നീങ്ങി മറ്റൊരു വശത്ത് .പാല്‍ കവര്‍ പൊട്ടി തെറിച്ചു റോഡില്‍ വെള്ളത്തില്‍ കലര്‍ന്ന് അഴുക്കു ചാലിലേക്ക് പാല്‍ നിറം കലര്‍ത്തി ഒഴുകുന്നു .ഞാന്‍ തപ്പി തടഞ്ഞ് എണീറ്റ്‌  നിന്നു .പാലില്ലാതെ എങ്ങിനെ വീട്ടില്‍ പോവും .കാലു പൊട്ടി രക്തം വരുന്നുണ്ടോ .എന്റെ നേര്‍ക്ക്‌ നീണ്ട വെളിച്ചമടിച്ച്‌ ഹോറന്‍    മുഴക്കി ഒരു വണ്ടി കടന്നു വരുന്നു .കണ്ണുകള്‍  വലിച്ചു തുറന്നു.    വലിയൊരു ശബ്ദത്തോടെ അടുത്ത ട്രാക്കിലൂടെ ഒരു ട്രെയിന്‍ കടന്നു പോയി .സ്ഥലകാല ബോധം ട്രേസിംഗ്  പേപ്പറിലൂടെ എന്ന  പോലെ മെല്ലെ മെല്ലെ തെളിഞ്ഞു വന്നു. വിദ്യാര്‍ത്ഥികളുടെ നേര്‍ത്ത  ശബ്ദം  കേള്‍ക്കാം. 

എടി നീ അവിടുന്ന് നോക്കണേ അവര് വരുന്നുണ്ടോന്നു.. 
എത്രണ്ണം ആയി മൂന്നെണ്ണം..
 
നീ വേഗം കോപ്പി  ചെയ്യൂ.. 
ഒരെണ്ണം കൂടി വേഗം   കോപ്പിയാവും അവരിപ്പോളൊന്നും  വരില്ലെന്നെ..  
കുട്ടികള്‍ ആകാംഷയിലാണ് ആ സ്ത്രീ വരുമ്പോഴേക്കും...  പരമാവധി പാട്ടുകള്‍...  
 ലാപ്പ്ടോപ്പും ധൃതിയിലാണ്  പരമാവദി   കോപ്പി ചെയ്യണം . അവരുടെ കണ്ണുകളും ചുണ്ടുകളും വിരലുകളും ധൃതിയിലാണ്...    

വെസ്ടിബ്യുളിലുടെ ഞാന്‍ കണ്ട തല എവിടെയോ മുറിഞ്ഞു പോയിരിക്കുന്നു .യാത്രക്കാര്‍ എവിടെയൊക്കെയോ വച്ച് പിരിഞ്ഞു പോയിരിക്കുന്നു  ... 
ആ സ്ത്രീയുടെ ദൈന്യ മുഖം വീണ്ടും ഇടനാഴിയില്‍ പ്രത്യക്ഷപ്പെട്ടു .കുട്ടികള്‍ക്ക് അവരുടെ വരവിന്റെ വിവരം ധരിപ്പിക്കാനെന്നവണ്ണം ഇപ്പോള്‍ കുഞ്ഞു നല്ല ഉച്ചത്തില്‍ തന്നെ കരയുന്നുണ്ട് ,അവരുടെ കണ്ണുകള്‍ തന്റെ നേര്‍ക്കാണോ നീളുന്നത് ,അതിലെ നിസ്സംഗത എന്നെ തളര്‍ത്തുന്നു .  

ഇടി മിന്നലില്‍ മോള് പേടിച്ചു കരയുന്നുണ്ടാവുമോ .വെള്ളം വീട്ടിനടുത്തേക്ക് കയറിയിരിക്കുമോ. എന്റെ ഓഫീസിലെ സുഹൃത്ത്‌ എന്നോട് കുശു കുശുക്കുന്നത് മറ്റു വല്ലവരും കേട്ടിരിക്കുമോ . കുട ചൂടി വന്ന വിശാല നെറ്റിക്കാരിയുടെ വിവാഹം കഴിഞ്ഞിരിക്കുമോ, ആ കുട്ടികള്‍ പാട്ടുകള്‍ കോപ്പി ചെയ്യുന്നത് അവര് കണ്ടുവോ .അടുത്ത് വന്നു എല്ലാം എണ്ണി തിട്ടപ്പെടുത്തിയ അവര്‍ എന്റെ നേരെ കൈ നീട്ടി .നനഞ്ഞ കൈകള്‍ കൊണ്ട് ഇരുപതു രൂപ പേര്‍സില്‍ നിന്നും എടുക്കാന്‍ എനിക്കെത്ര സമയം വേണ്ടി വന്നു.. .വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ സിഡികളും തിരിച്ചേല്‍പ്പിച്ചപ്പോള്‍ അവരുടെ  മുഖത്ത്    എന്തൊരു  വിജയ  ഭാവമായിരുന്നു  . ആ സ്ത്രീ  അതൊന്നു എണ്ണി  പോലും നോക്കാതെ തിരിഞ്ഞു നടന്നപ്പോള്‍ ആ കുഞ്ഞിന്റെ കണ്ണുകളിലേക്കു നോക്കാതിരിക്കാന്‍ ശ്രമിക്കുകയായിരുന്നു . ഒരു തളര്‍ന്ന  കുതിരയെപ്പോലെ തെറ്റയൊലിപ്പിച്ചു ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോഴും ആ വിദ്യാര്‍ഥികളുടെ വിജയാരവം തീര്‍ന്നിരുന്നില്ല . മഴ അല്പം പോലും തളരാതെ വാശി പിടിച്ചിരിപ്പാണ് .സ്റ്റേഷന് അടുത്തുള്ള മദ്യ ശാലയില്‍ ഒരു പാട് തിരക്കുണ്ട്‌ .ആളുകള്‍ പരല്‍ മീനുകളെ പോലെ അകത്തു കിടന്നു പുളക്കുന്നത് കണ്ണാടിക്കൂടിലൂടെ കാണാം.

ബൈക്കില്‍ സര്‍വ ശക്തിയുമെടുത്തു ആഞ്ഞു ചവിട്ടുമ്പോള്‍ മൊബൈലില്‍ റിംഗ് അടിച്ചു .ഭാര്യയാണ് ..എന്താ മോള് കരയുകയാണോ ...വെള്ളം വീടിന്റെ പടി കടന്നോ ...പാലിപ്പോ മേടിക്കാം ...ഞാനിതാ എത്തി ...മറുതലക്കല്‍ നിന്ന് ശബ്ദം ഒരു കൊടുംകാറ്റു പോലെയാണ് പടങ്ങളെ മൂടിയത് .   നിങ്ങളുടെ പഴയ പുസ്തകതിനുള്ളിലെ ആ വല്യ നെറ്റിയുള്ള പെണ്ണ് ഏതാ?....   
ആ മദ്യശാലയിലിരുന്നു എന്റെ സുഹൃത്തുക്കള്‍ എന്നെ ഓര്‍ത്തു ആര്‍ത്തു ചിരിക്കുന്നുണ്ടോ ...  
ആ വിദ്യാര്‍ഥികള്‍   അപഹരിച്ച  ഗാനങ്ങള്‍  കേട്ടിപ്പോള്‍ നൃത്തം ചെയ്യുകയായിരിക്കുമോ ...  
ഇന്ന് മഴയും ഇടിയുമുണ്ടായിട്ടും എന്റെ ഭാര്യയും മോളും ഞാനില്ലാതെ ഭയപ്പെട്ടില്ലെന്നോ ...  
ശോഷിച്ച കൈകളുള്ള സ്ത്രീയുടെ കുഞ്ഞു ഇപ്പോള്‍ ശാന്തമായുറങ്ങുകയായിരിക്കുമോ ..  
ഈ മഴ ഇനിയും ശക്തമായി പെയ്തിരുന്നെങ്കില്‍ എനിക്ക് എന്റെ  കണ്ണുകള്‍ ഇറുക്കി  അടക്കാമായിരുന്നു ...                    

പോരാട്ടം

  സ്ട്രഗിൾ ഇന്റെ മലയാളം  എന്തുവാ മക്കളെ  പോരാട്ടം ,,പോരാട്ടം..   തീരെ പോരാ,,ലോ    കൊങ്ങക്ക് പിടിക്കുമ്പോ  വരണ ഗിൾ..ഗിൾ ഇല്ല  സ്ട്രഗിൾ മതി  അ...