Saturday, March 23, 2024

വൈബ്

 

സാറേ.. സാറേ ...

ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ .

സാർ ആ കുട്ടീനെ കണ്ടോ ..

അറ്റത്തു കോറിഡോറിന്റെ വലത് വശത്തായി ,മുഖം ഒന്നും കണ്ടില്ല ,ഇടത്തോട്ട് തിരിഞ്ഞു നിൽക്കുന്ന അവളുടെ കൊലുന്നനെ ഉള്ള  കൈകളും കാലും മാത്രേ കണ്ടുള്ളു..

അത്  അവളാണ് . സാർ  

 അപ്പോഴേക്കും അവന്റെ  മനസ്സ് പെരുമ്പറ മുഴക്കി തുടങ്ങി എന്ന് തോന്നി  ... സർ  കരുതുന്ന പോലെ  ലൈൻ  ഒന്നും അല്ല . പക്ഷെ ആ കുട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട് .

ഞാനീ ആശുപത്രിൽ സ്ഥിരം   വന്നിരുന്നു .അന്ന് നാലോ  അഞ്ചോ   വട്ടം സംസാരിച്ചിട്ടുണ്ട് ,കാര്യമായിട്ടൊന്നും ഇല്ലാട്ടോ വെറും  ക്യാഷുവൽ,പ്രഫഷണൽ ടോക്ക് . .


 ഞങ്ങടെ തൃശ്ശൂര് ഭാഷേ പറഞ്ഞാൽ എന്തോരു  ഭംഗി ആയിരുന്നു.. ,"ന്തോ"  ടെ നീട്ടം ആണ് സൗന്ദര്യത്തിന്റെ അളവുകോല് എന്ന് ഞാൻ ശ്രദ്ധിച്ചു  . സൗന്ദര്യം ന്ന്  വെച്ചാൽ ഇപ്പഴത്തെ ചില്ലൻ വൈബ് ഗെഡിസ് ഉദ്ദേശിക്കണ ഹോട്ട്   മെറ്റീരിയൽ അല്ലാട്ടാ .നല്ല  ശാലീനത  ,..പിന്നെ ആ സംസാരം വാക്കുകേ ഇങ്ങനെ പെറുക്കി പെറുക്കി ഒഴുകല്ലേ ,  കൂടുതലും ഇല്ലാ കുറവും ഇല്ലാ . ഒരു ജാതി വൈബ് ,,

ഇവർക്ക് ഇടക്കിടക്ക് ഡ്യൂട്ടി മാറും ..അപ്പൊ ഒന്ന് രണ്ട് വട്ടം മിസ്സ് ആയി ..

എന്നാലും ഇവിടെ വർക്കിന് വരാൻ ഒരു മോട്ടിവേസൻ ആയില്ലേ സാറേ ...എന്നും പറഞ്ഞു അവൻ ചിരിച്ചു 

സാറേ പിന്നെ  കുറച്ചു കഴിഞ്ഞപ്പോ വീട്ടാര് എന്റെ കല്ല്യാണ ആലോചന തുടങ്ങി ..

ഒന്ന് രണ്ട് കേസില് അവര് കടും പിടിത്തായി ,ഇനി രക്ഷപെടാൻ മാർഗം ഇല്ലന്നായി ..

ഞാനിവിടെ ഒരു മാസത്തിന്റെ  എടേൽ 4  ഉം 5  ഉം തവണ വന്നു ..ആളെ മാത്രം കണ്ടില്ലാ .

പല പ്രാവശ്യം വരുമ്പോ ഒഫീഷ്യൽ കാര്യങ്ങൾക്ക് ഒക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും പേരൊന്നും ചോദിച്ചിട്ടില്ല. പിന്നേം വന്നു നോക്കി ആളെ കിട്ടീല , പിന്നെ വീട്ടാരുടെ നിർബന്ധം ആയി കസർത്തായി ഇമോസണൽ അത്ത്യാചാരമായി അനാചാരമായി കുടുമ്മത്ത് ത്വയിരല്ല്യാണ്ടായി ,  സമാധാനായി  കിടന്നുറങ്ങാൻ പറ്റാത്ത സീൻ ..സീൻ  ഡാർക്ക് ആയി തുടങ്ങിയപ്പോ ഞാനിരുന്നൊന്നു ആലോചിച്ചു ..ആള് ഒരു പൊടി സുന്ദരിയാണ് എനിക്കാണെങ്കി ഹെൽമെറ്റോക്കെ സ്ഥിരം വെച്ചു തല ഒക്കെ ഏകദേശം നീറ്റായി തൊടങ്ങിയെക്കണ് , ജാതി  ഒക്കെ എന്താണേലും പ്രശ്നം ഒന്നും ഇല്ല..ഞാൻ ഒന്നൂല്ലെങ്കി  പാർട്ടി മെമ്പർ അല്ലെ .. അമ്മച്ചി തോമാശ്ലീഹാ നേരിട്ട് വന്ന് മാമോദിസ മുക്കിയ ക്ളീഷേ ഐറ്റംസ് ഇറക്കിയാലും വീട്ടില് ഇടിച്ചു നിക്കാം  ആ ധൈര്യം ഇണ്ട് . പക്ഷെ ആ കുട്ടിക്ക് അങ്ങിനെ ഒന്നും ഇല്ലെങ്കിലോ . അവസാനം വീട്ടിൽ അവരുടെ ഇഷ്ടത്തിന് യെസ് പറഞ്ഞു .കല്ല്യാണം ഒക്കെ പെട്ടെന്നായിരുന്നു .എല്ലാം കഴിഞ്ഞു ഒരു രണ്ടു മാസം കഴിഞ്ഞു ഞാനിവിടെ വന്നു ..അപ്പൊ  ദേ നിക്കുണൂ   ആ  കുട്ടി ആ സെയിം വൈബ് ചിരി ഒക്കെ ആയിട്ട് ..എനിക്ക് വന്ന കലി ..എന്റെ സാറേ ..ഞാൻ നേരെ അങ്ങട് ചെന്നിട്ട് എവിടെ ആയിരുന്നു  ഇത്ര ദൂസം ഞാൻ കുറേ ദിവസായി അന്വേഷിക്കുന്നു .ഇത്രേം പറഞ്ഞപ്പോഴേക്കും കാണാൻ ഉള്ള കസ്റ്റമർ ഫ്രീ ആയി കയറി കണ്ടോളാൻ സ്റ്റാഫ് പറഞ്ഞു..

കാൾ കാണുമ്പോൾ ഈ ശങ്കു എന്താ ഒപ്പിച്ചത് എന്നായിരുന്നു ചിന്ത, അല്ലെങ്കിൽ തന്നെ എന്തു കാൾ 10 ഇന്  10 ഫ്രീ തരുമോ എന്ന് അവര് ചോദിക്കും നമ്മൾ 10 ഇന്  5 തരാം എന്ന് പറയും ,ജീവിതം എന്ന ക്ളീഷെയുടെ  എക്സ്ക്ലൂസിവ്  നിബിഢ വനം..  ,,

കാൾ കഴിഞ്ഞു വന്നപ്പോ കോറിഡോറിന്റെ അറ്റം ശൂന്യം ..

പറഞ്ഞു വന്നു തുടരാൻ പറയാൻ ഒരു മടി ..ഇനി ഒരു കസ്റ്റമെറേ കൂടി കാണാനുണ്ട് .

അവൻ പിന്നെ ആ കസ്റ്റമറുടെ വിശേഷത്തിലേക്ക് കടന്നു ...ആർക്കറിയണം ആ കസ്റ്റമറെ  കുറിച്ച് ഹൂ വാണ്ട്സ് ടു നോ ..ടെൽ മി എബൌട്ട് ദാറ്റ് ഗേൾ ..

ദ നേഷൻ വാണ്ട്സ് ടു നൊ എന്ന് റിപ്പബ്ലിക്കൻ ഗോ സാമിയെ പോലെ അലറാൻ തോന്നി ..ബട്ട് സ്ഥിരം രീതിയിൽ ബുദ്ധിജീവി നാട്യത്തോടെ എയർ പിടിച്ചിരുന്നു .

യെസ് വി മാനേജർസ് ക്യാൻ ടൂ ദാറ്റ് ..എടുത്തോണ്ട് പോടാ നിന്റെ പൈങ്കിളി ...

കൺട്രോൾ വിടാതിരിക്കാൻ ഞാൻ മിലൻ കുന്ദേര മുതൽ അടൂർ ഗോപാല കൃഷ്ണനെ വരെ മനസ്സിൽ ധ്യാനിച്ചു ..

കോറിഡോറിലൂടെ സുന്ദരിയായ ഒരു സിസ്റ്റർ കടന്നു പോയി ..ഏകദേശം ഞങ്ങൾ രണ്ട് പേരും ഒരേ സമയം അവരെ  Xray കണ്ണുകളാൽ വിദഗ്ധമായി CT സ്കാനിനു വിദേയയാക്കി കടത്തി  വിട്ടു ..ആ ഗ്യാപ്പിൽ ആ വേളയിൽ എന്റെ സ്വതസിദ്ധമായ അക്ഷമ എന്നെ കീഴ്പ്പെടുത്തി . ഞാൻ ബിബിനോട് സങ്കോചത്തോടെ  ചോദിച്ചു.....

 പറഞ്ഞു വച്ച കാര്യം മുഴുമിപ്പിച്ചില്ലല്ലോ ...

അവൻ അവന്റെ മത്തങ്ങാ കണ്ണുകൊണ്ട് എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു ..

ഹാ ..അത് പിന്നെ , അവളെ കണ്ടപ്പോ സകല കൺഡ്രോളും പോയി നേരെ ചെന്ന് 

എവിടെ ആയിരുന്നു ഇത്രേം നാളും എന്ന് ചോദിച്ചു ..

ദേ പിന്നേം അവൾടെ ആ കൊല്ലണ സ്മൈല്   ..

ഞാൻ എത്ര ദിവസായി വരണു ...

അയ്യോ  കഴിഞ്ഞ രണ്ട് മാസം പാലക്കാട് ബ്രാഞ്ചിലായിരുന്നു ഡ്യൂട്ടി  ..എന്തയ്  അന്വേഷിച്ചത് ..

എന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ മാസം 20 ഇന് ..എല്ലാം പെട്ടെന്നായിരുന്നു ..

അതെയോ കൺഗ്രാറ്സ് ..

അതല്ല എനിയ്ക്കിയാളെ ഭയങ്കര ഇഷ്ടായിരുന്നു ..ഞാനൊരുപാട് പ്രാവശ്യം അത് പറയാൻ വേണ്ടി അന്വേഷിച്ചു .. ചില സമയത് ധൈര്യം .. കാറ്റ് പിടിച്ച കാട്ട് തീ പോലെ ആണ്  വരുവാ... എവിടുന്നാ വരണത് എന്നറിയില്ല ..

ആ കുട്ടി കുറച്ചു  നേരം എന്റെ കണ്ണിലേക്ക് നോക്കി ..

പിന്നെ ചിരിച്ചു ..വെറുതെ പറയല്ലേ  ,,,എന്നോട് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ...

എന്നിട്ടിപ്പോ കല്യാണം ഒക്കെ കഴിഞ്ഞിട്ട് വന്ന് ഇത് ഇപ്പൊ എന്തിനാ എന്നോട് പറഞ്ഞെ ..

ആ കുട്ടി അത് കളിയായിട്ടെടുത്തോ ..എന്തോ  അറിയില്ല  ..... 

കാര്യം അവിടെ കഴിഞ്ഞെങ്കിലും പിന്നെ ഞാനിവിടെ വരുമ്പോ ബാക്കി സിസ്റ്റർമാർക്കൊക്കെ എന്നെ കാണുമ്പോ ഒരു ചിരിയും കുശു കുശുപ്പും ...അവള് എല്ലാരോടും പറഞ്ഞോ എന്നൊരു സംശയം .എന്തായാലും പിന്നെ കുറേ കാലത്തേക്ക് ഞാൻ ഇവിടേക്ക് വന്നില്ല .

കുറേ കഴിഞ്ഞപ്പോ വീണ്ടും വന്നു തുടങ്ങി ..ജീവിതല്ലേ വലുത് .

ആളെ കണ്ടാൽ സംസാരിക്കും ചിരിക്കും ഒക്കെ ചെയ്യും .

ആള് അതൊരു തമാശ ആയിട്ടേ എടുത്തിട്ടുള്ളൂന്നാ തോന്നണേ ..ആർക്കാ അറിയാ ..

വീണ്ടും എന്റെ സ്ഥിരം അക്ഷമ കെട്ടഴിഞ്ഞു ...എന്നിട്ട്  ആ കുട്ടീടെ കല്യാണം കഴിഞ്ഞോ .

.ദേ കഴിഞ്ഞ വര്ഷം മാര്ച്ചില് ...

ഒരു ഒപ്റ്റോമെട്രിസ്റ്റാ കെട്ടിയേ ...ഒരു മണ കുണാഞ്ചൻ ..

വര്ഷം ഒന്നു കഴിഞ്ഞില്ലേ ഇത് വരേ കുട്ടിയോളോന്നും ആയിട്ടില്ല ....

അവന്റെ  മുഖത്തു എന്തോരാശ്വാസം .. അല്ലെങ്കിലും കിട്ടാത്ത പെണ്ണിന്റെ ഭർത്താക്കന്മാരെല്ലാം കാമുകന്മാർക്ക് മണകുണാഞ്ചൻ മാരാണെന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .

മറ്റാരുടെയോ ചിന്തയിലെ വെറും മണകുണാഞ്ചൻ ആണ് ഞാൻ എന്നോർത്ത് ഒരു വിഡ്ഢിച്ചിരി  എന്നിൽ നിറഞ്ഞു നിന്നു ..

കാൾ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി ..ബിബിന്റെ കണ്ണുകൾ ഇടനാഴികൾ പരതുന്നത് എനിക്കറിയാം .

മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോ പിറകിൽ നിന്നും ഒരു വിളി വന്നു ..ബിബിനേട്ടാ ..പോവയോ വർക്ക് കഴിഞ്ഞോ ..

ഞാൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി ..ബിബിൻ പറഞ്ഞ പോലെ തന്നെ ..

തൃശൂർ എത്തീട്ട് ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് ..ഇയാടെ ഡ്യൂട്ടി കഴിഞ്ഞോ ...

ആ ഇന്ന് 7 മണീടെ   ആയിരുന്നു  

പിന്നെയും ഒന്നോ രണ്ടോ കുശലം ...

ഞാൻ അവിടെ നിൽക്കാതെ വണ്ടി നിർത്തിയ ഇടത്തേക്ക് നടന്നു .,,,

കാറിനടുത്ത് എത്തി തിരിഞ്ഞപ്പോൾ ഇടത്തോട്ട് നടന്നു പോകുന്ന ആ കുട്ടിയെ ശ്രദ്ധിച്ചു .

പിന്നെ എന്റെ നേർക്കു നടന്നു വരുന്ന ബിബിൻ ,അവന്റെ .മുഖത്തു കൊച്ചു കുഞ്ഞുങ്ങൾ തോറ്റു പോകുന്ന നറു പുഞ്ചിരി ..ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ...തന്നിൽ നിന്നിറങ്ങിപ്പോയ ആത്മാവിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അവൻ ...

അടുത്ത് വന്നപ്പോൾ മനോഹരമായി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു 

സാറേ... ഇങ്ങനൊന്നും ആയിരുന്നില്ലാട്ടോ ...എന്തോ ...രു ..ഭംഗി ആയിരുന്നു എന്നറിയോ ...

എന്തോ ...ടെ  നീളം പഴയതിനേക്കാൾ ഇരട്ടി ..

മലകളിൽ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു ..ബൈക്കിൽ ഞങ്ങൾ ചുരം ഇറങ്ങുകയാണ് ...വായ കൂട്ടി വെക്കാത്ത ബിബിൻ ഒരു മണിക്കൂറിനു മേൽ നിശബ്ദൻ ....നെൽക്കതിർ മണമുള്ള പാലക്കാടൻ കാറ്റ് ഞങ്ങളെ ചുറ്റി  പറക്കുന്നു....അവനെ അവന്റെ ലോകത്തിൽ നിന്നും ഒരു മുരടനക്കം കൊണ്ട് പോലും വിളിച്ചുണർത്താൻ ഞാൻ ആഗ്രഹിച്ചില്ല . പരിമളം പോലെ പ്രണയം കഴുത്തോളം  തിങ്ങി വിങ്ങി മുറ്റിയ അവന്റെ ലോകത്തേ ഹനിക്കാൻ എനിക്കെന്തധികാരം .  

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...