Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Tuesday, September 25, 2012

അടിമക്കണ്ണന്‍

ല്ലാവര്‍ക്കും അവരുടെ കോളേജു കാലത്ത് അഭിനയിച്ച ഒരു നാടകത്തെ കുറിച്ച് ചില ഓര്‍മ്മകള്‍ കാണുമല്ലോ അത് പോലെ ഒന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെഎന്റെ അവസാനവര്‍ഷ ഡിഗ്രീ കാലഘട്ടം.കോളേജു ഡേ അടുത്ത് വന്നപ്പോള്‍ ഇത്തവണ എല്ലാ പരിപാടികള്‍ക്കും പേരുകൊടുക്കണമെന്നു ഞങ്ങളെല്ലാം തീരുമാനിച്ചു.പേരൊക്കെ രജിസ്റ്റർ ചെയ്തെങ്കിലും അവസാന നാളുകളിലാണ്‌ അല്പം ഗൗരവ്നസ്സ് വന്നത്.പരിപാടികളില്‍ ഒരെണ്ണം സംഘഗാനമാണ്.പൊതുവില്‍ ഈ വിഭാഗത്തില്‍ മത്സരം കുറവാണെന്ന അറിവാണ് ഇതിനു പ്രേരിപ്പിച്ചത്.ജോഷിക്ക് സാക്ഷരത ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ കിട്ടിയ ഒരു ഗാനമാണ്,
"പഞ്ചവാദ്യ മുഖരിതം...ഹരിത ഭരിത കേരളം...."
അതിടയ്ക്കും തലക്കും പ്രാക്ടീസൊക്കെ ചെയ്തിട്ടുണ്ട്.അല്പസ്വല്പം പാടാനറിയുന്ന സജീവാണ് ഇതിനൊരു ട്യുണൊക്കെ ഒപ്പിച്ചത്.എന്നാല്‍ ഒരു വഴിക്കും ഞങ്ങള്‍ ഒന്‍പതുപേര്‍ ചേര്‍ന്ന് ഒരേ ശ്രുതിയില്‍ പാടാന്‍ പറ്റുന്നില്ല.ഒരുത്തന്‍ ശ്രുതി പിടിക്കുമ്പോ മറ്റവന്‍ ടെമ്പോ വിടും, രാഗം പന്ത് വരാളിയെങ്കില്‍ താളം ചടപട എന്ന ലൈനിലാണ് കാര്യങ്ങള്‍.ജൂസ് കുടിക്കാന്‍ സ്ട്രോ പോലും,വേണ്ടാത്ത മൂക്കനെ പോലെ മൂക്കുള്ള മുനീറിനോട്,ഇതീന്നെങ്കിലും മാറി നിക്കടാന്നു പറഞ്ഞതിന് അവന്‍ എന്റെ തൊണ്ടയ്ക്കാണ്‌ പിടിച്ചു പൊക്കിയത്.യൂസ്ലെസ്സ് ബെഗ്ഗര്‍! ഒരാളേം ഒഴിവാക്കാൻ പറ്റില്ല,അവസാന ചാന്‍സാണ് എല്ലാവർക്കും സ്റ്റേജില്‍ കയറണം.അതൊരു വഴിക്ക് നടക്കുന്നു.

റ്റൊരിനം നാടകമാണ്.അന്ന് കാലത്ത് ആധുനിക നാടകങ്ങളുടെ സീസ്സണായിരുന്നു.അതായത് ഒേരേഴുപേര്‍ മുണ്ട് ഒരു മാതിരികോണാന്‍ പോലെ ഉടുത്തു സ്റ്റേജിൽ ബാക്ക്സ്ട്രീറ്റ് ബോയ്സ് ജാടയില്‍ ഒരു പരിചയവുമില്ലാത്തവരെ പൊലെ തെക്കോട്ടും വടക്കോട്ടും വിദൂരതയിലേക്കും നോക്കി നില്‍ക്കും.പെട്ടെന്ന് ഒരുത്തന്‍ സ്റ്റേജിൻറ്റെ നടുവിലേക്ക് ചാടി പറയും,"എനിക്ക് വിശക്കുന്നു".പിന്നെ മൗനം.(പണ്ടൊരു ടീം നാടകത്തില്‍ മൗനം എന്നെഴുതിയത് അതെ പോലെ സ്റ്റേജില്‍ പറഞ്ഞ കഥ ഓര്‍ക്കുമല്ലോ?!)തുടര്‍ന്ന് എല്ലാവരും അവനെ വലംവയ്ക്കും.എന്നിട്ട് താളത്തില്‍ രണ്ടു ചുവടു വയ്ക്കും പിന്നെ ഒന്നിച്ചു പറയും,"നമുക്കൊരുമിച്ചു വിശക്കാം".ഇത്തരം നാടകങ്ങൾ‍ക്കാണ് അന്ന് ഡിമാൻഡ്‌.മാത്രവുമല്ല ഈ മാതിരി നാടകങ്ങള്‍ അവതരിപ്പിച്ചാല്‍,എന്തോ നമുക്ക് കാര്യമായി മനസ്സിലാവാത്ത സംഭവമാണെന്ന് കരുതി ഒരു വിധം കുരുത്തം കെട്ടവനൊന്നും കൂവാനോ ഇടങ്ങേറുണ്ടാക്കാനോ വരില്ല.കൂടാതെ പെണ്‍കുട്ടികളുടെ ഇടയിലാകെ നമ്മുടെ സ്റ്റാറ്റസ്സേ മാറും.ബുദ്ധിയും വിവരവുമുള്ള കലാകാരനായി അറിയപ്പെടാം എന്നത് കൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുത്തത് "പ്രോമിത്ഥിയൂസ് വീണ്ടും" എന്ന റോമന്‍ നാടകമാണ്.

കുന്നത്തൂര് പഞ്ചായത്ത് വായനശാലയില്‍,ആരും തുറന്നു നോക്കാതെ, കൂനനും കൂറയും വര്‍ഷങ്ങളോളം മേഞ്ഞു നടന്നത് കൊണ്ട് പല പേജുകളും നശിച്ച നിലയിലാണ് ഞങ്ങളതു കണ്ടെത്തതിയത്.അത് ഞങ്ങളെ ബാധിക്കുന്ന ഒരു വിഷയവുമല്ല.അത്തരം പേജുകളും സീനുകളും ഞങ്ങള്‍ ആദ്യമേ കീറിക്കളഞ്ഞു പുസ്തകം മെനയാക്കി.മൊത്തം നാടകവും വായിച്ച് ഒരുപിടിയും കിട്ടാതെ അന്തം വിട്ടു കുന്തം വിഴുങ്ങി പരസ്പരം നോക്കിയ ഞാനും സജീവും "യുറേക്കാ""യുറേക്കാ" എന്ന് വായുവിലെക്കെടുത്തു ചാടി ആഹ്ലാദം പ്രകടിപ്പിച്ചു.ഇത് തന്നെ നമ്മുടെ നാടകം.ഈ നാടകത്തിന്റെ ഗുണഗണങ്ങള്‍ എന്താണെന്ന് വച്ചാല്‍,പ്രോമിത്ഥിയൂസ് ആരാണെന്നോ ഇതിന്റെ വിഷയമെന്താണെന്നോ കോളേജിലെ പത്ത് ശതമാനം പോലും വരാത്ത ഐ .സി യു കേസുകള്‍ക്കെ അറിവുണ്ടാവുളളു.രണ്ടാമതായി ആധുനിക നാടകമായതു കൊണ്ട് എല്ലാവരും ഓരോ കാവിമുണ്ട്‌ മാത്രം ഉടുത്താല്‍ ‍മതി.മൂന്നാമത് നല്ലസ്സല്‍ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ ഒരുപാടുണ്ട്,ബോംബര്‍ വിമാനങ്ങള്‍ പോലെ ഓരോ ഡയലോഗുകളും പ്രേക്ഷകന്റെ തിരുമണ്ടയ്ക്ക് മുകളിലൂടെ പിടികൊടുക്കാതെ പറന്നു പോകണം.'കല്പിതഭൂമിയിലെ അഗ്നിനാളങ്ങള്‍ നെഞ്ചിലേക്കേറ്റു വാങ്ങുവാന്‍ പ്രപഞ്ചത്തിന്റെ ഊഷരത മുഴുവന്‍ ഏറ്റുവാങ്ങി പ്രോമിത്ഥിയൂസ് നീ വന്നു ചേരൂ'എന്നൊക്കെ കാണാപ്പാഠ൦ പഠിക്കാന്‍ ഉപയോഗിച്ച ബുദ്ധി വല്ല ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിളും പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍.... ങേ..ലീ ഷാറ്റ്ലിയർആരാന്നോ...ആ ...ആര്‍ക്കറിയാം.

മ്മള്‍‍ ഒരു നാടകമവതരിപ്പിക്കുമ്പോൾഅതിന്റെ മുഖ്യ അജണ്ട പിരിവാണല്ലോ.ഞങ്ങള്‍ നേതാക്കള്‍ പൊതുവേ പിരിവിടാറില്ല.അതിനൊക്കെ ക്ലാസ്സിലെ പെണ്‍കുട്ടികളാണ് ശരണം.എല്ലാത്തിൻറ്റെ കയ്യീന്നും അന്‍പതും നാല്പതും ഒക്കെ വാങ്ങി മൊത്തം അഞ്ഞൂറ് രൂപയൊപ്പിച്ചു.(അന്ന് ക്ലാസ്സില്‍ ഒന്‍പതു ആണ്‍പിള്ളേരും കൃത്യം ഒന്‍പതുപെൺപിള്ളേരും മാത്രം).

കോളേജിനു മുന്നിലെ ഖാദറിക്കാന്റെ കടേന്നു ഇഡ്ഡലിയും വടയും സുഖിയനുമൊക്കെ കഴിച്ച്‌ നാടകമടുത്തപ്പോഴേയ്ക്കും കയ്യിലുണ്ടായിരുന്ന പൈസ മിക്കവാറും തീര്‍ന്നു.കുറ്റം പറയാന്‍ പറ്റില്ല അതുപോലത്തെ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളു൦ പറഞ്ഞു,കുട്ടികള് റൈറ്റ് ഓര്‍ റോങ്ങു കളിക്കണ പോലത്തെ ചുവടും വച്ചാല്‍ ആരായാലും തളര്‍ന്നു പോകും.ഒരു ദിവസം റിഹേഴ്സലൊക്കെ കഴിഞ്ഞു കോളേജിനടുത്തെ അരികന്നിയൂര് സ്റ്റോപ്പില്‍നിന്നും ബസ്സില്‍ കയറിയത് പോലും ആ ചുവടു വയ്പ്പിലായിപ്പോയി .പക്ഷെ, ഡ്രൈവർ ആള് കലാബോധമില്ലാത്ത കണ്ട്രി ആയതു കൊണ്ട് അവന്‍ ബസ്സെടുത്തതും ഞാന്‍ പ്രോമിത്ഥിയൂസ് കുത്തി വീണതും ഒരുമിച്ചായിപ്പോയി.

ങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില് കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'എന്ന് ചോദിച്ചപോലെ,അല്ലെങ്കിലേ നിന്നെയൊക്കെകൊണ്ട് ഈ ഡിപ്പാർട്ടുമെൻറ്റിന് നാണക്കേടാണ് ഇനി നീയൊക്കെ അവിടേംകൂടി പരത്തണോടെ'എന്ന പുച്ഛം.ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈറ്റ് തീര്‍ന്നെങ്ങാനും പോയാലോ എന്ന് പേടിച്ചു ചീഞ്ഞ മുട്ടയുടെ മണം തന്റെ വായില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ സദാ സമയവും വായില്‍ ശംഭുവും തിരുകി നടക്കുന്ന അറ്റെന്‍ടെര്‍ ശശാങ്കന്‍ ചേട്ടനൊക്കെയാണ് ഞങ്ങളുടെ പ്രധാന ക്രിട്ടിക് റോഷന്മാര്.

നാടകവും സംഘഗാനവും ഒരേ ദിവസമായിരുന്നു.സംഘഗാനത്തിന് പേരു കൊടുത്തവരുടെ ലിസ്റ്റു പരിശോദിച്ചപ്പോള്‍ വെറും ആറു പേര്.ഞങ്ങളുടെ മന്നസ്സില്‍ ഒരു ആശ്വാസത്തിന്റെ വെളിച്ച ഗോപുരം മിന്നി..കൊള്ളാം!!വലിയ തിരക്കില്ലാത്ത ഓഡിറ്റോറിയത്തിലാണ് മത്സരം.നേരായ വഴിയില്‍ ഹാളില്‍ കയറി പരിചയമില്ലാത്തതുകൊണ്ട് പൂര്‍വികരെപോലെ,കതകില്ലാത്ത ജനാലയിലൂടെ ചാടിക്കയറി എത്തിനോക്കി.കോളേജിലെ പ്രമുഖ പാട്ടുകാരന് ‍കുറച്ചു പെൺകുട്ടികളുമൊത്ത് ഒരു ഗാനമാലപിക്കുന്നു.നല്ല ഈണത്തില്‍ നല്ല ഹാർമണിയില്‍.അവന്‍ പാടുന്ന വരികളുടെ ബാക്കി,പെണ്‍കുട്ടികള്‍ പാടുന്നു.ആകെമൊത്തം ഒരു ജുഗല്‍ബന്ദി,എല്ലാവരും ലയിച്ചിരിക്കുകയാണ്.അടുത്തത് ഞങ്ങളുടെ ഊഴമാണ്.ഞാന്‍ സജീവിനെനോക്കുന്നു സജീവ്‌ എന്നെ നോക്കുന്നു,ബാക്കി ഏഴുപേരും ഞങ്ങള്‍ ഇരുവരെയും നോക്കുന്നു.ഒരുമിച്ചു പറയുന്നു,മുങ്ങാം...
പൊങ്ങുന്നത് നാടകം നടക്കുന്ന ഓഡിറ്റോറിയത്തിൽ‍.എത്ര നാടകങ്ങള്‍ ഉണ്ടെന്നു നോക്കുമ്പോള്‍ ഇരുപത്തിയാറെണ്ണം,എല്ലാ എരണം കെട്ടവനും ഇപ്രാവശ്യം നാടകത്തിനു പേര് കൊടുത്തിട്ടുണ്ട്.ചിലപ്പോള്‍ നാലോ അഞ്ചോ നാടകങ്ങള്‍-'ഒരു കൊലയുടെ അന്ത്യം','മാതൃഭൂമിക്ക് വേണ്ടി','ബാലചന്ദ്രന്‍ ചുള്ളിക്കാട്','ചെമ്പില്‍ ജോണ്',ടൈപ്പ് ഉടായിപ്പ് നാടകങ്ങളാവാം.എന്നാല്‍ ബാക്കി ഇരുപതെണ്ണമെങ്കിലും ഹെവി വെയിറ്റ് കലാകാരന്മാരുടെ നാടകങ്ങളാണ്.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ എട്ടാണ്‌.വേണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും ഫൈനല്‍ കെമസ്ട്റിക്കാര്‍ സംഘഗാനമത്സരത്തില്‍ പങ്കെടുത്തില്ല എന്ന വിവരം പാട്ടായിരിക്കുന്നു,ഇവര് വെറുതെ അലമ്പുണ്ടാക്കാന്‍ എല്ലായിടത്തും പേര് കൊടുത്തതാണെന്ന ഒരഭ്യൂഹം ഉയര്‍ന്നിരിക്കുന്നു.എങ്ങിനെയൊക്കെയോ ചില രാഷ്ട്രീയ സുഹൃത്തുക്കളെ പിടിച്ചു ചെസ്റ്റ് നമ്പര്‍ പതിനെട്ടാക്കി.ഇനിവേണം മേയ്ക്കപ്പ് തുടങ്ങാന്‍.കുറെ കാവിമുണ്ട് മാത്രമേ ഞങ്ങള്‍ പ്രോപ്പായി കൊണ്ട് വന്നിട്ടുള്ളു.മുന്‍ തീരുമാനപ്രകാരം വിഗ്ഗും താടിയും മീശയും കൊണ്ടുവരേണ്ട സതീഷ്‌ കാലുമാറി.ഉണ്ടായിരുന്ന അഞ്ഞൂറില്‍ ഇനി ബാക്കി നാല്‍പ്പതു രൂപയുണ്ട്.പിരിവൊക്കെ നടത്തി നാടകം നടത്തിയില്ലെങ്കില്‍ മോശമാണ്.രണ്ടും കല്പിച്ചു തയ്യാറെടുപ്പുതുടങ്ങി.

തീഷ്‌ തൊട്ടപ്പുറത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നും ഒരുകുപ്പി പശ വാങ്ങിവന്നു.പിന്നെ കുറേ കരിയും ഒപ്പിച്ചു.ന്നൊക്കെ മുടി പിന്നിലേക്ക്‌ നീട്ടിവലര്‍ത്തുന്ന പങ്ക് സ്റ്റൈലാണ് പിറകിലെ പങ്കില്‍ നിന്നും മുടി വെട്ടിയെടുത്തു.മുഖത്ത് പശപുരട്ടി മുടി നിരനിരയായി ഒട്ടിച്ചു വച്ചു.എല്ലാവർക്കും താടിയും മീശയുമായി.
നാടകം നമ്പര്‍ പതിനാറായപ്പോള്‍ ചിലര്‍ ഞങ്ങളോട് കെഞ്ചി 'ഞങ്ങള്‍ ഒരു ചെസ്റ്റ് നമ്പര്‍ മുന്‍പ് ചെയ്തോട്ടെ'.അമ്പതു രൂപയ്ക്ക് ചെലവു ചെയ്‌താല്‍ നമ്പര്‍ തരാമെന്നു ഞങ്ങളേറ്റു.(ഏറ്റവും ഒടുവില്‍ നടത്തിയാല്‍ അത്രയും കുറച്ചു കൂവലും ബഹളവുമല്ലേ ഉണ്ടാവൂ)അങ്ങിനെ ഉന്തിത്തള്ളി ചെസ്റ്റ് നമ്പര്‍ ഇരുപത്തൊന്നു വരെ എത്തിച്ചു.അപ്പോഴേക്കും സമയം വൈകിട്ട് നാലുമണിയായി.ഓഡിറ്റോറിയത്തിലെ തിരക്ക് കുറയുന്നത് കണ്ടു ഞങ്ങള്‍ക്ക് സന്തോഷവും കാര്യമായി പ്ലാന്‍ ചെയ്തവര്‍ക്ക് വിഷമവുമായി.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ അറുപതു രൂപയ്ക്ക് ഒരു ടീം വന്നു ചോദിച്ചു.വീണ്ടും മാറ്റാന്‍ വേണ്ടി കമ്മറ്റിയില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരംഗം പ്രശ്നമുണ്ടാക്കി,'ഇനി മാറ്റാന്‍ പറ്റില്ല അടുത്തത് നിങ്ങളുടെ ഊഴമാണ്'.

വേദിയില്‍ കയറുമ്പോഴാണ് അറിയുന്നത് മൂപ്പനായി അഭിനയിക്കുന്ന ജോഷിയെ കാണാനില്ല. ആകെ ബഹളമായി.കോളേജു ഡേ എന്നൊക്കെയാണ് പേരെങ്കിലും സംഗതി ആ വര്‍ഷത്തെ മുഴുവന്‍ പരിഭവംസും തല്ലി കോംബ്ലിമെന്റ്സ് ആക്കാനുള്ള ഒരു വേദി കൂടിയാണ്. അതോ മേയ്ക്കപ്പിട്ടതോടെ കമലഹസ്സനെപ്പോലെ കഥാപാത്രമായി മാറി വല്ല കാട്ടിലെക്കും പോയോ.! പറങ്കിമാവിന്‍ കാട് കടന്നു വേലിയും ചാടിയാല്‍ എത്തുന്ന കള്ള് ‌ഷാപ്പില് വരെ അന്വേഷണം നീണ്ടു...
അപ്പോഴാണ് അവിടെയിരുന്നു


"ചക്ഷുക്ഷമാം രണാങ്കണത്തിൽ
നൃപനാം മനുഷ്യന്‍ മരിക്കുന്നു
നിമ്നോനതമാം മാനസ പങ്കുരത്തില്‍ ..."

എന്ന തന്റെ ആദ്യ കവിതാ സമാഹാരം കൂലി പണിക്കാരേം ചെത്ത്‌ തൊഴിലാളികളേം കേള്‍പ്പിച്ചു അതിലെ കട്ടിക്കുള്ള വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ‍വര്‍ണിച്ചു കൊണ്ടിരിക്കുന്ന ജോഷിയെ കിട്ടിയത്.ഞങ്ങൾ വന്നപ്പോളാണ് അവര്‍ക്ക് ആശ്വാസമായത്,അവർ സന്തോഷസമേതം അവനെ ഞങ്ങളെ ഏല്‍പ്പിച്ചു.സംഭവം മറ്റൊന്നുമല്ല സ്റ്റേജ്ഫിയര്‍ തീര്‍ക്കാനാണ് പോലും,കള്ള ബ്രൂട്ടസ്.


ന്തായാലും നാടകം തുടങ്ങി.ഞാനും സജീവും ചേര്‍ന്നുള്ള ആദ്യത്തെ സീന്‍ വലിയ തരക്കേടില്ലാതെ കഴിഞ്ഞു.ഞാന്‍ അടിമയും സജീവ്‌ എന്നെ കുരുതികൊടുക്കാന്‍ പോകുന്ന ദുഃര്‍മന്ത്രവാദിയുമാണ്.സജീവിന്റെ കഥാപാത്രത്തിനു ചെയ്തിരിക്കുന്ന മേയ്ക്കപ്പ് കണ്ടാല്‍ ചിരിക്കാതെ ഒരു ഡയലോഗ് പോലും പറയാന്‍ പറ്റില്ല.എഴുപതുകളിലെ കൃതാവും ഊശാന്‍ താടിയും മീശയുമൊക്കെയായി....എന്റെ സഹാറാ മരുഭൂമി പോലത്തെ മുഖത്ത് കുറ്റിത്താടി.ഏതായാലും അടുത്ത സീനില്‍ ജോഷിയും സതീശുമാണ്.അവര്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ സ്റ്റേജിനടുത്തുനിന്നു പ്രോമ്പ്റ്റ് ചെയ്യും.പിന്നത്തെ സീനില്‍ ഞാനും സജീവും വീണ്ടും.അപ്പോള്‍ ജോഷിയാണ് പ്രോമ്പ്റ്റര്‍.

ച്ചമുതല്‍ ഒന്നും കഴിക്കാത്തതുകൊണ്ട് എമണ്ടന്‍ ഡയലോഗൊന്നും വായില്‍ നിന്നും പുറത്ത് വരുന്നില്ല.പ്രതീക്ഷിച്ചതുതന്നെസംഭവിച്ചു,ഒരിടത്തുവച്ച് സജീവ്‌ ഡയലോഗ് മറന്നു.അവന്‍ മറന്നതോടെ ഞാനും അടുത്തതിന്റെ തുടക്കം മറന്നു.അവന്‍ അന്തം വിട്ടു എന്നെ നോക്കി ഞാന്‍ ബോധം കേടുമാറ് അവനേം.കാണികളും ജട്ജുകളും അന്തവും കുന്തവുമറിയാതെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.ഭൂമി അതിന്റെ അച്ചു തണ്ടില്‍ ഒരുനിമിഷം സ്തംഭിച്ചു നിന്നതുപോലെ.പ്രോമ്പ്ടു ചെയ്യേണ്ട ജോഷി സെക്കണ്ട് ബി എസ്സിയിലെ പ്രവീണയെ നോക്കി മിഴിച്ചു നില്‍ക്കുന്നു.ആ ടൈമിൽ ആ വേളയില്‍ സജീവ്‌ തനതു നാടകത്തിന്റെ സ്റ്റെപ്പു വച്ച് എന്റെ ചെവിക്കടുത്തു വന്നു പറഞ്ഞു,നമുക്ക് രണ്ടുറൗണ്ട് നടക്കാം!!സ്ഥലകാലബോധം വീണ്ടെടുത്ത ഞാനും അവനെ അനുഗമിച്ചു.പ്രവീണയില്‍ നിന്ന് ജോഷി തിരിച്ചു വരുന്നത് വരെ അത് തുടര്‍ന്നു.ഞെട്ടിയുണര്‍ന്ന ജോഷി എവിടുന്നോ ഒരു ഡയലോഗ് പ്രോമ്പ്റ്റ് ചെയ്തു,അത് വച്ചു ഞങ്ങള്‍ പിടിച്ചു കയറി.

ന്റെ അടിമ കഥാപാത്രത്തെ ചവുട്ടി ഞെരിച്ചു കൊല്ലാന്‍ കൊണ്ട് പോകുന്ന ഒരു സീനുണ്ട്.അത് മറന്ന സജീവിന്റെ നേര്‍ക്ക്‌ ഞാന്‍,കൊണ്ട് പോയി കൊല്ലെടാ എന്ന രീതിയിൽ കൈ ഉയര്‍ത്തുകയായിരുന്നു.എന്റെ കയ്യിലെ കെട്ട് അഴിക്കാന്‍ കഴിയാതെ വില്ലനായ ജോഷിമൂപ്പന്‍ വിയര്‍ത്തു.ജോഷിയെ നായകനായ സതീഷ്‌ അടിക്കുന്ന സീനില്‍ വായ്‌ നോക്കിനിന്നതിന്റെ മുഴുവന്‍ ദേഷ്യത്തിലും കനത്ത ചവിട്ടു കൊടുത്തു.
നാടകം കഴിഞ്ഞപ്പോള്‍ ഇതെല്ലം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌.മുഖം ചുളുചുളുന്നനെ ചൊറിയുന്നു.കഴുകിയിട്ടൊന്നും ഒട്ടിപ്പിടിച്ച രോമങ്ങള്‍ വിട്ടു പോവുന്നില്ല.അന്ന് ടി.വി.യില്‍ വന്നിരുന്ന-മരക്കഷണങ്ങള്‍ ഒട്ടിച്ചുചേർത്ത് ഒരു വശത്ത് ആനയും മറുവശത്ത് കുറെ തടിയന്മാരും നിന്ന്:- "ആഞ്ഞു വലിക്കൂ...ഹൈലസ്സ...നീട്ടിവലിക്കൂ...ഹൈലസ്സ...മനസ്സിലാക്കുന്നേയില്ല!! ഇത് ഫെവികോള്‍ കൊണ്ട് ഒട്ടിച്ചതാണ് ആന വലിച്ചാലും ഇളകാത്ത ഉറപ്പ്".എന്ന പഞ്ച് ലൈന്‍ സത്യമായിരുന്നു എന്ന് ഞങ്ങള്‍ അന്നാണ് മനസ്സിലാക്കിയത്.

തൊന്നു കളഞ്ഞു തന്നാല്‍ ഗുരുവായൂര്‍ നടയുടെ പരിസരത്തെവിടെയെങ്കിലും തെണ്ടി നടന്നു സെറ്റ്സാരിയുടുത്ത് വരുന്ന പെണ്‍കിടാങ്ങളെ വായ്നോക്കാമായിരുന്നു.എന്റെ മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഞാന്‍ ക്ലാസ്സില്‍ ഇരുന്നതിനേക്കാള്‍ ആ പരിസരത്തായിരുന്നു ഉണ്ടായിരുന്നത്.പക്ഷെ പഠിച്ചപണി പതിനെട്ടു പയറ്റിയിട്ടും രോമങ്ങള്‍ വിട്ടുപോവുന്നില്ല.വെളിച്ചെണ്ണ പുരട്ടി,മണ്ണെണ്ണ പുരട്ടി,നോ രക്ഷ.ചിലര് ഗുരുവായൂരപ്പന് നേർച്ചനേര്‍ന്നു പക്ഷെ എന്തോ ഇതൊരു രോമ കേസായതുകൊണ്ടാണെന്നു തോന്നുന്നു മൂപ്പരും മൈന്‍ഡ് ചെയ്തില്ല.അവസാനം ഗില്ലെറ്റിന്റെ റേസര്‍ വാങ്ങി ഷേവ് ചെയ്തു നോക്കി.കുറച്ചൊക്കെപോയി,പക്ഷെ മുഖം അപ്പോഴേക്കും ചോരപൊടിഞ്ഞു ഫുട്ബോൾപോലെ വീര്‍ത്തു...നീറ്റലും പുകച്ചിലും...അപ്പോഴും ചില രോമങ്ങള്‍ പോരുന്നില്ല.

സമയം കൊണ്ട് ബാക്കി അഞ്ചാറു നാടകങ്ങള്‍കൂടി തീര്‍ന്നു.ഞങ്ങള്‍ പെട്ടിയും പ്രമാണവുമൊക്കെയായി പോവാൻവേണ്ടി പടിക്കലെത്തിയപ്പോഴാണ് അനൗൺസ്മെൻറ്,നാടകമത്സരം ഒന്നാം സ്ഥാനം സെക്കന്റ് ബി.എ.ഹിസ്ടറി,രണ്ടാം സ്ഥാനം...പിന്നെ എന്റെ പട്ടി കേള്‍ക്കും,മൂന്നാം സ്ഥാനം ഫൈനല്‍ ബി.എസ്സി.കെമസ്ട്രി.ആ മത്തങ്ങാ മുഖം ഒന്ന് കൂടി വികസിക്കുമാറ് അന്തം വിട്ടു നിന്നത് മാത്രം ഓര്‍മ്മയുണ്ട്.കലാഭവന്‍ മണി സമ്മാനം കിട്ടാഞ്ഞിട്ടാണ് ബോധം കെട്ടതെങ്കില്‍ സമ്മാനം കിട്ടിയതറിഞ്ഞു ബോധം കേട്ട ഒരേ ഒരു ടീം ഞങ്ങളായിരിക്കും.

ടുത്ത ദിവസം കോളേജില്‍ വന്നപ്പോഴാണ് അറിഞ്ഞത്,ഞങ്ങളുടെ നാടകത്തിന് രണ്ടാം സ്ഥാനം തരുന്നതിനു രണ്ടു ജട്ജുമാര്‍ ശക്തമായിവാദിച്ചെന്നും എന്നാല്‍ കോസ്ട്യൂമിലെ പിഴവുകൊണ്ടാണ് അത് നഷ്ടമായതെന്നും.ഞാനും സജീവും അഭിനയിച്ച രംഗങ്ങളായിരുന്നത്രേ ഏറ്റവും മികച്ചത്!അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,ഒരു ഡയലോഗ് പോലും കിട്ടാതെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ലോകത്തെ എല്ലാ ഭാവങ്ങളും മുഖത്ത് വന്നു മറയും.
O.T
ന്നിപ്പോള്‍ കാലം എല്ലാവരെയും നാടുകടത്തി.ആണ്‍കുട്ടികളില്‍ ഏഴു പേരും ഇന്ന് ദുബായില്‍.നാടുവിട്ടു പോവില്ലെന്ന് ശഠിച്ചിരുന്ന ഞാന്‍ ഒടുവില്‍ ഭൂഖണ്ടമേ വിട്ടു.എന്തോ അറം പറ്റിയതാണോ എന്നറിയില്ല,അടിമയായി അഭിനയിച്ച ഞാന്‍ അടിമക്കണ്ണന്മാരുടെ നാടായ ആഫ്രിക്കയില്‍ ഒരു ദ്ദേശീയന്റെ സ്ഥാപനത്തില്‍ അടിമയായി ജീവിക്കുന്നു.

Monday, October 31, 2011

മാസ്റ്റര്‍ബേഷന്‍

m
ജോണ്‍ എനിക്കറിയാവുന്ന ചിലരില്‍ തീര്‍ത്തും നിസ്സംഗന്‍. ജോണ്‍ എന്റെ സുഹൃത്താണോ? അല്ല! എന്റെ സുഹൃത്തിന്റെ സുഹൃത്താണ്. ജോണിനെന്താണ് ജോലി എന്നെനിക്കറിയില്ല. ഏതോ ബാങ്കിന്റെ കളക്ഷന്‍ ഏജെന്റാണെന്നാണ് അറിവ്. എന്നാല്‍ സത്യം ഏജെന്റിന്റെ ഏജെന്റാണെന്നാണ് തോന്നുന്നത്.ജോണ്‍ വിവാഹമോചനം നേടിയവനാണ്. എന്നാല്‍ അത് പറയാന്‍ ജോണിന് മുഖപടങ്ങളില്ല 'അത് ശരിയായില്ലളിയാ' എന്ന ഒറ്റ വാക്കുകൊണ്ട് തട്ടിത്തെറിപ്പിക്കും. ആ നിസ്സംഗതയാണ് ജോണിനെകുറിച്ചാലോചിക്കുമ്പോള്‍ മുന്നില്‍ വരുന്നത്.
രിക്കല്‍ ജോണിനോട്‌ ഞാന്‍ മുഖത്ത് നോക്കി പറഞ്ഞു,നിന്റെ മുഖം
കണ്ടാല്‍ നല്ല ഒന്നാന്തരം കള്ളലക്ഷണമുണ്ടെന്നു.ചിരിച്ചു കൊണ്ട് ജോണ്‍
പറഞ്ഞു"സത്യമാണളിയാ പലരും പറയാറുണ്ട് എന്നെ കണ്ടാല്‍ ഒരു ഫ്രോഡ് ലുക്കുണ്ടെന്നു.പഠിപ്പുണ്ടായിട്ടെന്താ കാര്യം മുഖം കണ്ടാല്‍ ആരും നല്ല ജോലിയൊന്നും തരില്ല".
നസ്സ് സിക്സ് പാക്കിനും എയിറ്റ് പാക്കിനും കൊതിക്കുകയും വയറു ഫാമിലി പാക്ക് പോലെ വീര്‍ക്കുകയും ചെയ്തു കൊണ്ടിരുന്ന നാളുകളില്‍ ജിമ്മില്‍ ജോയിന്‍ ചെയ്യാന്‍ തീരുമാനിച്ചു ജോണിന്റെ വീടിനടുത്തുള്ള ജിമ്മില്‍ എനിക്ക് മെമ്പര്‍ഷിപ്പെടുക്കാന്‍ ജോണ്‍ എന്നെ സഹായിച്ചു. എറണാകുളം കെ.എസ.ആര്‍.ടി.സി സ്റ്റാന്‍ടിനു സമീപമുള്ള ഗ്രൌണ്ടിനു ഇടതു വശത്തെ റോഡില്‍ ഒരു ബില്‍ഡിങ്ങിനു മുകള്‍ നിലയിലാണ് ജിം .
രു ദിവസം എന്നെ അവന്‍ വീട്ടില്‍ കൊണ്ടു പോയി. അവന്റെ അമ്മ എനിക്ക് കാപ്പിയും മറ്റും തന്നു.അവരുടെ വീട്ടില്‍‍ കുറച്ചു പേയിംഗ് ഗസ്റ്റുകളെ താമസിപ്പിച്ചിട്ടുണ്ട്.ഒരു കുഞ്ഞു ഹോട്ടലും നടത്തുന്നുണ്ട്. വൈകുന്നേരം വീടിനു മുകളില്‍ ഈ പേയിംഗ് ഗസ്റ്റുകളുമായി മദ്യപാനമാണ് ജോണിന്റെ മെയിന്‍ പരിപാടി.എന്നെ കണ്ടപ്പോള്‍ ട്രൂപ്പില്‍ പെട്ട ആരോ ആണെന്നു കരുതി അമ്മ മടിച്ചുനിന്നു.എന്നാൽ ‍എന്നെ നന്നായി പരിചയപ്പെടുത്തിയത് കൊണ്ടാണ് എനിക്ക് കാപ്പി തന്നത്.ഇല്ലെങ്കില്‍ ഗ്ലാസും ഒരു കുപ്പി വെള്ളവുമായിരിക്കും കിട്ടുമായിരുന്നത്.
ജോണ്‍ ഒരാളാണ് ആ കുടുംബം നോക്കുന്നത്.രണ്ടു പെങ്ങന്മാരെ കല്യാണം കഴിപ്പിച്ചയച്ചു.അന്ന് ജോണിന് മുപ്പത്തഞ്ചു വയസ്സ് വരും. വിവാഹ മോചനമെല്ലാം വാങ്ങി ജീവിതം അടിച്ചു പൊളിക്കുകയാണ്.പലരും പല കഥകളും പറയുന്നുണ്ടെങ്കിലും‍ ജോണ് ആര്‍ക്കും ഒരു വിശദീകരണവും നല്കാറില്ല. ഒന്ന് രണ്ടു പണമിടപാടിലും തികച്ചും മാന്യനായിരുന്നു. എന്നാല്‍ ഞാനും ജോണും സുഹൃത്തുക്കളൊന്നുമായിരുന്നില്ല.
ജോണ്‍ രാവിലെയാണ് ജിമ്മില്‍ വരുന്നത്. ഞാനാണെങ്കില്‍ വൈകിട്ടും. ഒരു ദിവസം യാദൄശ്ചികമായി ജോണിനെ ഞാൻ പോയ സമയത്ത് കണ്ടു. അവിടെ,ജിമ്മില്‍ ഒരു വലിയ ബോര്‍ഡില്‍ വ്യായാമം ചെയ്യാന്‍ വരുന്നവര്‍ ചെയ്യാന്‍ പാടില്ലാത്ത കുറെ കാര്യങ്ങള്‍ എഴുതി വച്ചിട്ടുണ്ട്. ഏറ്റവും താഴെയായി,വലിയ അക്ഷരത്തിൽ ഇങ്ങനെ:-"ജിമ്മിൽ വ്യായാമം ചെയ്യുന്നവര്‍ മുഷ്ടിമൈഥുനം തീര്‍ത്തും ഒഴിവാക്കണം" എഴുതിയിട്ടുണ്ട്.ഞാൻ ഒരു തമാശക്ക് എന്തിനാ ജോണേ ഇങ്ങനെ എഴുതിയിരിക്കുന്നത് എന്ന് ചോദിച്ചു.ജോണ്‍ അപ്പോഴാണ്‌ അത് ശ്രദ്ധിച്ചത്‌.എന്നിട്ട് എന്റെ സംശയ ദൂരീകരണത്തിനായി വിശദമാക്കി,"അത് ജിമ്മില്‍ വരുന്നവര്‍ മുഷ്ഠി അതായത് പഞ്ചപിടിക്കരുത് എന്നാണ് എഴുതിയിരിക്കുന്നത്.പഞ്ചപിടിക്കുന്നത് കയ്യിന്റെ അതായത് ബൈസപ്സ് മസ്സിലിനു നല്ലതല്ല .മനസ്സിലായോ??!!"
ജോണിന്റെ മലയാള ഭാഷ ജ്ഞാനം മനസ്സിലാക്കിയ ഞാൻ ആ വലിയ ജിം കുലുങ്ങുന്ന വണ്ണം പൊട്ടിച്ചിരിച്ചു.ചിരികണ്ടു അന്തം വിട്ടു നിന്ന ജോണിനോട്‌ ഒരു വിജയിയെ പോലെ ഞാൻ വിശദീകരിച്ചു, 'അത് സ്വയംഭോഗം ചെയ്യരുതെന്നാണ്'.കലികൊണ്ട ജോണ് അപമാനവും അതിലേറെ കോപവും പൂണ്ടു പറഞ്ഞു,"ൈ...... ഇവനൊക്കെ '............................. ക്കരുത്' എന്നങ്ങു എഴുതി വച്ചാല്‍ പോരെ? വെറുതെ മനുഷ്യനെ മിനക്കെടുത്താന്‍ അവന്റെ ഒരു മുഷ്ടിമൈഥുനം..." പിന്നെ '' വച്ചും '' വച്ചും ''വച്ചും കുറെ തെറിയും.
ശുംഭം
നന്ദി:-
പത്താം ക്ലാസ്സില്‍ പദ്യം പഠിപ്പിച്ച മലയാളം മാഷ്‌ രക്തം,രേതസ്സ്,ശുക്ലം,എന്നെല്ലാം വായിച്ച് 'ശുക്ലം അത് പിന്നെ നിങ്ങള്‍ക്കെല്ലാം അറിയാല്ലോ ല്ലെ?' എന്ന് തടിതപ്പിയപ്പോള്‍ ക്ലാസ്സില്‍ ഉയര്‍ന്ന പൊട്ടിച്ചിരി കേട്ട് അടുത്ത സുഹൃത്തിനോട്‌ എന്താടാ അതിന്റെ അര്‍ത്ഥം എന്ന് ചോദിച്ചപ്പോള്‍ അവന്റെ മുഖത്തു വിടര്‍ന്ന പുച്ഛഭാവത്തിനും വിശദീകരണത്തിനും. 

pic . courtesy google

Thursday, December 30, 2010

ശബരിമല ഒരു യഥാര്‍ത്ഥ സംഭവ കഥ


ഇപ്പൊ മണ്ഡല കാലം ,നാട്ടില്‍ സുഹൃത്തുക്കളില്‍ പലരും ശബരിമല  വൃതത്തില്‍.പണ്ടൊരിക്കെ ഞാന്‍ ആദ്യമായി ശബരി  മലക്ക്പോവുന്നു   .കടുത്ത 41 ദിവസത്തെ വൃതം,കാഷായ വസ്ത്രം, താടി , കുളി ഇജ്ജാതി സെറ്റപ്പുകൾ എല്ലാം ഒന്നിനോന്നുണ്ട്. ആദ്യ യാത്രയായത്  കൊണ്ട് എല്ലാം കൃത്യമാവണം.രാവിലെകുളിയ്ക്കുന്നു,തിരുവനന്തപുരത്ത് ഞാന്‍ 
താമസിക്കുന്ന എസ് പി ടൂറിസ്റ്റ് ഹോമിനടുത്തു നല്ലോന്നാംതരം രണ്ടു  അമ്പലങ്ങള്‍ ‍പോയി തൊഴുന്നു (ഗാന്ധരിയമ്മന്‍ കോവിലും ,സുബ്രമണ്യ സ്വാമി ക്ഷേത്രവും  ).പിന്നെ ഗുരുവായൂരപ്പന്‍  ഹോട്ടലില്‍ നിന്നുംഭക്ഷണം.അറിയാതെങ്ങാന്‍ കയറിപോയലോ എന്ന് പേടിച്ചു ഞാന്‍ സേവിയെർസ്     ബാറിന്റെ മുന്നില്‍ കൂടി പോലും പോവുന്നില . വൈകുന്നേരം ജോലി കഴിഞ്ഞു വന്നാല്‍ ഒരു പെപ്സി വാങ്ങി ഗ്ളാസ്സില്‍ ഒഴിച്ച് മെല്ലെ  മെല്ലെ സിപ്പ് ചെയ്തു കുടിക്കുന്നു .ചൊട്ടയിലെ ശീലം .... എനിക്ക് കൂടെ വരുന്നവര്‍  ഒന്നും മാലയോന്നും എന്നോടോപ്പമല്ല ഇട്ടതു.ഞാന്‍ കന്നിക്കാരൻ ആയതു കൊണ്ട് കടുത്ത വ്രിതം    വേണം.അവരൊക്കെ വരുന്നതിനു കുറച്ചു ദിവസം മുന്‍പേ മാല ഇടൂ.
.ഗുരു സ്വാമിയേ പോലെയുള്ളതു വി.ബി.കെ സര്‍, പ്രായം കൊണ്ട് ഞങ്ങളെക്കാള്‍ ഒരു പാട് മുതിര്‍ന്ന താണെങ്കിലും മനസ്സ് കൊണ്ട് ഞങ്ങളെക്കാൾ ബഹുദൂരം പിറകിൽ.അദ്ദേഹം ഇരുപതു വർഷത്തോളമായി സ്ഥിരമായി മലയ്ക്ക് പോവുന്ന പാർടിയാണ്.ബാക്കി കൂടെയുള്ള സന്തോഷ്‌ ,സജീന്‍ ,സുഭാഷ്‌ ,ബിനു അങ്ങിനെ എല്ലാവരും  വളരെ  കാലമായി സ്ഥിരമായി പോകുന്നവർ.  എന്നെ ഉപദേശിച്ചു കൊല്ലുകയാണ്‌   ഇവരുടെ സ്ഥിരം പരിപാടി.
അന്ന്  അക്കാലത്തിറങ്ങിയ ടൊയോട്ട  ക്വാളിസ്  ആണ് ബുക്ക് ചെയ്തത് .ക്വാളിസ് ലോഡ്ജിനു  മുന്നില്‍ വന്നു നിന്നപ്പോ ആണ്   മുരളി ഹോട്ടലില്‍ നിന്നും നല്ല മീന്‍ കറിയൊക്കെ കൂട്ടി ഊണ് കഴിച്ചു വന്ന ഭാസി പതിവുപോലെ
ലോഡ്ജിലെ ടെലിഫോണ്‍ ബൂത്തിലേക്ക് കയറുന്നത് .സാധാരണ ഭാസി ബൂത്തില്‍ കയറിയാല്‍ പിന്നെ നിങ്ങള്‍ ഒരു സിനിമ യൊക്കെ കണ്ടിട്ട് വരുന്നതാവും നല്ലത്
കാരണം പ്രിയതമയുമായി പഞ്ചാരയുടെ ഗിരി ശ്രുന്ഗങ്ങളില്‍ തീര്‍ത്ഥാടനം നടത്തലാണ്‌ പിന്നെ.പഹയന്‍ ബൂത്തിന്റെ കണ്ണാടി കൂട്ടിലുടെ ഞങ്ങളുടെ ഒരുക്കങ്ങള്‍ കണ്ടു ,ഞാന്‍ ഇപ്പൊ വരാമെന്ന് പൈങ്കിളിയോട് ചൊല്ലി ഒരൊറ്റ വരവും ഒരു പ്രഖ്യാപനവും ഞാനും മലക്ക് വരുന്നു .ഉടനെ പോയി കുളിച്ചു സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ നിന്നും മാലയൊക്കെ ഇട്ടു വന്നു .ഒടുവില്‍ കെട്ടു നിറയൊക്കെ കഴിഞ്ഞു ഉച്ചക്ക് പുറപ്പെടേണ്ട ഞങ്ങള്‍ ശരണം വിളികളോടെ യാത്ര തുടങ്ങിയത് ഏകദേശം വൈകുന്നേരം ഏഴു മണിക്ക്.പിന്നീട് കുറെ നേരം ഭജനയും ശരണം
വിളിയും ഒക്കെ നിറഞ്ഞു നിന്നിരുന്നു .ഇടക്കെപ്പോഴോ വീ ബീ ക്കെ ഷേക്ക്‌സ്പിയെരിലേക്ക്   കടന്നു പുള്ളി പണ്ട് കോളേജില്‍ കാണാതെ പഠിച്ച ഇംഗ്ലീഷ്  വരികള്‍ തുടങ്ങി .ഇത് തെറ്റാണോ ശരിയാണോന്നു അറിയില്ല കാരണം ബാക്കി വണ്ടിയിലുള്ള വര്‍ക്ക് ഇപ്പറഞ്ഞ ഷേക്ക്‌ ദുബായിലാണോ കുവൈറ്റിലാന്നോ  എന്ന്  പോലും അറിയില്ല .
ഓരോരുത്തരും അവരവര്‍ക്ക് നന്നായി അറിയുന്ന കാര്യങ്ങള്ളല്ലേ ചര്‍ച്ച ചെയുന്നത് .ഇതിനിടക്ക്‌ ആരോ ചര്‍ച്ച ഷക്കീല വഴി മറിയയില്‍ എത്തിച്ചു.  ഞാനും കന്നിസ്വാമിയാണെന്ന് കരുതി നാണിച്ചോന്നും,ഇരിക്കാന്‍ തയ്യാര് ആയിരുന്നില്ല ..പിന്നെ ഇതോ അങ്കം . പിന്നെ പഴയ പ്രേമമായി , ഓരോരുത്തരുടെ Aവിശുദ്ധ പരക്രമാങ്ങളായി etc etc ...
    ഒടുവില്‍ ഷേക്ക്‌ വീ ബീ ക്കെ കോളേജിലെ പഴയ പ്രണയിനി ചുരുണ്ട മുടിക്കാരിയെ കുറിച്ച് ഒരു നാല് വരി കവിത തന്നെ രചിക്കുകയും ,പിന്നെ കുറെ നേരത്തേക്ക് ആ കാറില്‍ ചുരുണ്ട മുടിക്കാരി ...ചുരുണ്ട മുടിക്കാരി........  എന്ന ഭജന ഇമ്പമുള്ള  സംഗീതത്തോടെ മുഴങ്ങുകയും അതില്‍  ആറാടുകയും  ചെയ്തു എന്നാണോര്‍മ ...സംഭവം ഒരു വിനോദ യാത്രയുടെ മൂടിലേക്ക് പോണേ ആന്നു ...     തിരിച്ചു വരുമ്പോ മാലയൂരി ഏതൊക്കെ ഷാപ്പില്‍ കയറണം   എന്നൊക്കെ ....
പെട്ടെന്നാണ് ഒരു കൊടിയ വളവു തിരിഞ്ഞ ക്വാളിസ്സ് മുന്നില്‍ പാര്‍ക്‌ ചെയ്ത വാഹനം കണ്ടു ആഞ്ഞു ചവിട്ടിയത് ..കാര്‍ ഒരു വട്ടം 360 ഡിഗ്രി വട്ടം കറങ്ങി നിരങ്ങി നീങ്ങി പോവുന്നു .പാര്‍ക്‌ ചെയ്ത അംബാസിഡര്‍ന്റെ മേല്‍ തൊട്ടോ തോട്ടില്ലന്ന പോലെ വന്നു ആടിയുലഞ്ഞു നിന്നു .  ഈ ഞൊടിയിടയില്‍ എല്ലാവരും ശരണം വിളിച്ചു .ചുരുണ്ടമുടിക്കാരി എങ്ങോ പറന്നു പോയി ..ഭയ ചകിതരായി എല്ലാവരും പരസ്പരം നോക്കി .പുറത്തിറങ്ങിയ ഞങ്ങള്‍ കാണുന്നത് ആ വിജനമായ തിരിവില്‍ ബ്രൈക്ക് ഡൌണ്‍ ആയ അംബാസിഡര്‍ ഇടുങ്ങിയ റോഡിന്റെ മുക്കാല്‍ ഭാഗവും കവര്‍ന്നു നില്‍ക്കുന്നു അടുത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞു പോലുമില്ല .മറു വശത്ത് നല്ല താഴ്ചയുള്ള ചെരിവ് .ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ എല്ലാവരും തിരിച്ചു വണ്ടിയില്‍ കയറുന്നു .പിന്നെ ശബരിമലയിലെത്തി തിരിച്ചു ലോഡ്ജിലെതുന്ന വരെ ശരണം വിളിയല്ലാതെ മറ്റൊന്നും ആ യാത്രയില്‍ മുഴങ്ങിയില്ല. 
വാല്‍ .കഷ്ണം .  സന്നിധാനത്തിനു അടുത്ത്‌ എത്തീട്ടും എള്ളുണ്ട കയ്യിലിരിക്കുന്നു  ...
.  ചേട്ടാ ഇതെറിയന്ടെ ....
 അപ്പൊ ഇത് എറിഞ്ഞില്ലേ ...
 പറയാന്ന്  പറഞ്ഞിട്ട് ..
ഒരു കാര്യം ചെയ്യ് ആ ഇടതു ഭാഗത്തേക്ക്‌ ആഞ്ഞു ഒന്ന് എറിഞ്ഞേ ..
അതെല്ലാം അപ്പാച്ചി മെട് തന്നെ ...സ്വാമിയേ ശരണ മയ്യപ്പ ... അറിവില്ലാ പൈതങ്ങള്‍ ആണേ...         
            

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...