Friday, November 4, 2022

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴുത്തുകാരൻ എന്നായിരുന്നു ധാരണ .ഇന്നു നിര്യാതനായപ്പോൾ ,..അല്ലാതെ അയാളുടെ ഒരു ചിത്രം പോലും ഞാൻ കണ്ടിട്ടില്ല . പക്ഷെ പാലേരി മാണിക്യം വായിച്ച കാലത്തെ, ഇത് സിനിമ ആവുമെന്ന് ശല്ല്യപ്പെടുത്തി ഉറ്റവരെയും ഉടയവരേം കൊണ്ട് വായിപ്പിച്ചിട്ടുണ്ട് .ഇത് എന്റെ ഒരു സ്ഥിരം ഐറ്റം ആണ് . അന്ന് ഫേസ്ബുക് വാട്ട്സ് ആപ്പ് ഒന്നും ഇല്ല , സമാന ചിത്തനായ സുഹൃത്തിൽ നിന്നും അറിഞ്ഞാണ് വായിച്ചത് .സിനിമ ആവുന്നു എന്നറിഞ്ഞപ്പോ രഞ്ജിത്ത് ഇതെങ്ങിനെ തിരക്കഥ ആക്കുമെന്നായിരുന്നു ആധി .. ഇത്രയും ബ്രിഹത്തായ നോവൽ ... എങ്ങിനെ സംഗ്രഹിക്കും .. പക്ഷെ തിരക്കഥ ഗംഭീരം .! മമ്മൂട്ടിയുടെ ട്രിപ്പിൾ റോളിനോട് അന്നും ഇന്നും എതിർപ്പെ ഉള്ളു ,അത് പിന്നേ കച്ചവടം . വെറും രണ്ടേ രണ്ട് നോവലെ ഇദ്ദേഹത്തിന്റെ വായിച്ചിട്ടുള്ളു പക്ഷെ ഇദ്ദേഹം വച്ച് നീട്ടിയ ഉത്കണ്ടാകുലവും സ്തോഭജന്യവും ആയ വായനാ മുഹൂർത്തങ്ങളെ എങ്ങിനെ വിസ്മരിക്കും . ..

കേരള സംസ്ഥാനം രൂപീകൃതമായി ആദ്യ ദിനം എഫ് . ഐ . ആർ രജിസ്റ്റർ ചെയ്ത‌ ആദ്യ കേസ് ഒരു സ്ത്രീ പീഡനം ആയിരുന്നു എന്ന സത്യം ഇന്നും വർഷങ്ങൾക്കിപ്പുറം സ്ഥിരം പീഡന കഥകൾക്ക് സാക്ഷിയാവുമ്പോൾ രാഷ്ട്രീയവശം വധകൾക്ക് കാലു നക്കാത്തതിനാൽ അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചുവോ എന്ന് സംശയിക്ക പ്പെടെടേണ്ട വ്യക്തി ആയിരുന്നു എന്ന് തോന്നുന്നു . ഇത്രയെങ്കിലും ഇവിടെ എഴുതണം എന്ന് തോന്നി.


Friday, October 14, 2022

ലാൽ സിങ് എന്ന ഇന്ത്യൻ കുടുംബ പ്രേക്ഷകർക്കുള്ള ഗമ്പ്

 "Mama Always used to say life is like a box of chocolates you never know what you are gonna get"

1998 ഇൽ ആണ്  ഞാൻ ഫോറെസ്റ്റ്  ഗമ്പ് കാണുന്നത് . തിരുവനന്തപുരത്ത്   ഫിലിം ഫെസ്റ്റിവലിൽ  വെച്ച് .അന്ന് തട്ടു പൊളിപ്പൻ ആക്ഷൻ പടങ്ങളല്ലാതെ ഇത് പോലെ കലാ മൂല്യമുള്ള ഹോളിവുഡ് സിനിമകൾ തിയേറ്റർ റിലീസ് ഇല്ലാത്ത കാലമാണ് .94 ഇൽ   ഇറങ്ങിയ  ഫോറെസ്റ്റ് ഗമ്പ്  ഞാൻ 98 ഇൽ കാണുമ്പോ പുതിയ സിനിമാ വിസ്മയത്തെ കണ്ട് വാ പൊളിച്ചിരുന്ന എന്റെ യൗവ്വനം നിങ്ങൾക്കൂഹിക്കാൻ ആവുമോ എന്നറിയില്ല .ടെലെഗ്രാമോ ടൊറന്റോ ഇല്ലാത്ത കാലമാണ്.കൊല്ലം പ്രിയ്യയിൽ മാറി മാറി വരുന്ന ഹോളിവുഡ് ആക്ഷൻ പടങ്ങൾ മാത്രം കണ്ടിരുന്ന എനിക്ക് അതൊരു തിരിച്ചറിവായിരുന്നു പുതു സിനിമകൾ .ആ ഫെസ്റ്റിവലിൽ തന്നെ കണ്ട ചിത്രങ്ങളാണ് ദി തിൻ റെഡ് ലൈൻ , ഷേക്‌സ്‌പിയർ ഇൻ ലൗ എന്നിവ പിന്നെ കുറെ പേര് പോലും ഓര്മയില്ലാത്ത കൊറിയൻ ചൈനീസ് ചിത്രങ്ങൾ .നവ  സിനിമകളുടെ പുതുലോകം .അതേ വര്ഷം  ഇറങ്ങിയ ഇന്നിപ്പോൾ സിനിമ അപ്പോസ്തലന്മാർ പാടി നടക്കുന്ന ഷോഷാങ്ക്  റിഡെംപ്ഷൻ അന്ന്  ഞാൻ കണ്ടിട്ടില്ല . വര്ഷങ്ങള്ക്കു ശേഷം ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകൾ വന്നതിനു ശേഷമാണു ഞാൻ അത് കണ്ടത് . 

പക്ഷെ ഗമ്പ് അങ്ങിനെയല്ല എന്റെ ഉറ്റ സുഹൃത്തായിരുന്നു ഞാൻ ഏറ്റവും അധികം കണ്ട സിനിമ , കൂട്ടുകാരെ  നിർബന്ധിച്ചിരുത്തി കാണിപ്പിച്ച സിനിമ ,എന്തിന് ഭാര്യയെ പോലും നിർബന്ധിച്ചു കാണിക്കാൻ ശ്രമിച്ച  സിനിമ. അങ്ങിനെ ഒരു ചലച്ചിത്രത്തിന്റെ ഇന്ത്യൻ അഡാപ്റ്റേഷൻ വരുന്നു എന്ന് കേട്ടപ്പോൾ ഒരു കൗതുകം പിന്നെ ആശങ്ക . മൊത്തത്തിൽ  I.Q  കുറവെന്ന് തോന്നുന്ന നിഷ്കളങ്ക പുരുഷന്മാർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രം. .പിന്നീട് എല്ലാ പുരുഷന്മാരിലും ഒരു ഫോറെസ്റ് ഗമ്പ്   ഒളിഞ്ഞിരുപ്പുണ്ടെന്ന് പറഞ്ഞുള്ള ഒരു ആർട്ടിക്കിൾ വരെ വായിക്കാൻ ഇടയായി .


ഇനി ഹിന്ദി റീമേക് ആയ ലാൽ സിംഗ് ചദ്ദ യിലേക്ക്  (Spoilers Ahead)

സത്ത മാത്രം എടുത്ത ഒരു അഡാപ്റ്റേഷൻ അല്ല ഇത്  ഏകദേശം സീൻ ബൈ സീൻ  റീ മെയ്ക്ക് ആണ് .അത് കൊണ്ട് തന്നെ ഇന്ത്യൻ പോപ്പുലർ സിനിമാ സങ്കല്പത്തിലെ കുടുംബ പ്രേക്ഷകരെ ഒന്നിച്ചിരുത്തി കാണിക്കാൻ ഉള്ള ആദ്യ പടിയാണ്  ലൈoഗീകതയെ പടി അടച്ചു പിണ്ഡം വെക്കൽ അതോടു കൂടി തന്നെ ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട് പോവുന്നു .

ആദ്യ ഭാഗത്തിൽ തന്നെ IQ കുറഞ്ഞ കുഞ്ഞു ഗമ്പിനു അഡ്മിഷൻ കിട്ടാൻ വേണ്ടി അവന്റെ അമ്മ  സ്കൂൾ പ്രിൻസിപ്പളിനു വശംവദയാകുന്നു. ആ സീനിലെ പ്രിൻസിപ്പലിന്റെ ശബ്ദത്തെ  അനുകരിക്കുന്ന ഫോറെസ്റ്റ് അനുഭാവ വേദ്യമാക്കുന്ന കുഞ്ഞു ഹ്യുമർ ആണ് ആ സിനിമയുടെ  കൂടെ പ്രേക്ഷകരെ നടത്തുന്ന പോയിന്റ്  അത് പോലും എടുത്തു മാറ്റി  ഞാൻ നിങ്ങൾക്ക് എന്നും ഭക്ഷണം പാകം ചെയ്തു കൊണ്ട് വന്നു തരാം എന്നാണ് ലാൽ സിംഗിന്റെ  'അമ്മ പറയുന്നത് . 


ഗമ്പിന്റെ ഒരേ ഒരു കൂട്ട് ജെസ്സി യെ യും അവളുടെ മറ്റു സഹോദരി മാരെയും അവളുടെ പിതാവ്  ലൈoഗീകമായി ദുരുപയോഗം ചെയ്യുന്നത് വളരേ ചെറിയ സൂചനകളോടെ കാണിക്കുന്നുണ്ട് .പ്രേക്ഷകന് ഊഹിക്കാവുന്ന സിംബലുകളെ അവർ ഉപയോഗിക്കുന്നുള്ളൂ . അത് പോലും ഈ ചിത്രത്തിൽ ഇല്ല .അമ്മയെ മദ്യപിച്ചു സ്ഥിരം തല്ലുന്ന, തല്ലി കൊല്ലുന്ന അച്ഛൻ .

 

ഇനി ഫോറെസ്റ്റ് ഗമ്പിന്റെ ആർമിയിൽ സുഹൃത്തായി വരുന്ന  ബൂബയ്ക്ക് പകരം വരുന്ന കഥാപാത്രം സ്ഥിരം സൗത്ത് ഇന്ത്യൻസിനെ കളിയാക്കാൻ ചേർക്കുന്ന വെറും കാരിക്കേച്ചർ പീസ് ആവുന്നു .ബൂബക്ക് ചെമ്മീൻ കൊയ്ത്താണ് വീക്നെസ് എങ്കിൽ ഇവിടെ ബാലക്ക് വീക്നെസ്  ജെട്ടി ബനിയൻ ഉണ്ടാക്കാനാണ് ,വൗ.. എന്തൊരു  പുതുമ, പണ്ടേതോ പടത്തിൽ ഇതേ വീക്നെസ്സുമായി ഒരു ജോണി ലിവറിയൻ കോമഡി കാരക്ടർ ഉണ്ടായിരുന്നു അവിടുന്നുള്ള സ്ട്രൈറ് ലിഫ്റ്റാണ്. തമാശയ്ക്ക് വേണ്ടി ബാലയുടെ കുടുംബത്തെ പോലും ബോളിവുഡ് ടിപ്പിക്കൽ സൗത്ത് ഇന്ത്യൻ ഫാമിലി കാരിക്കേച്ചർ  ആക്കുന്നുണ്ട് .

ഇനി രാഷ്ട്രീയ സംഭവങ്ങളെ  ലാൽ സിംഗിന്റെ ജീവിത സന്ദർഭങ്ങളുമായി  കൂട്ടി യോജിപ്പിക്കുന്ന ഭാഗങ്ങൾ ഏച്ചു കെട്ടി മുഴച്ചിരിക്കുന്നു .. ഓപ്പറേഷൻ ബ്ലൂ  സ്റ്റാർ ,ഇന്ദിര  വധം , ബാബ്‌റി മസ്ജിദ് ,കാർഗിൽ എന്നിവയാണ് അവ ..

ഫോറെസ്റ് യുദ്ധ ഭൂമിയിൽ വച്ച് രക്ഷിക്കുന്ന ലെഫ്റ്റനന്റ  ഡാൻ ടൈലർ ഇന് പകരം ലാൽ സിംഗ് രക്ഷിക്കുന്നത് കാർഗിൽ യുദ്ധ മുഖത്തെ  തന്റെ എതിരാളി ആയ ഒരു തീവ്രവാദിയെ ആണ് .കാരണം ഡാൻ ടൈലറിന്റെ കഥയിൽ നമ്മൾ കാണുന്ന ഒരു കുടുംബത്തിലെ എല്ലാ പൂർവ പിതാമഹന്മാരും ഓരോ യുദ്ധത്തിൽ വീഴുന്ന കാഴ്ച്ച അവർ ആദ്യമേ ലാൽ സിങ്ങിന് ചാർത്തി നൽകി കഴിഞ്ഞു . സിനിമയിലെ ഏറ്റവും വീക്ക് ആയ ഭാഗവും ഇത് തന്നെ ആണ് .ഗമ്പ്  ഓടാനിറങ്ങുതെല്ലാം വളരെ തന്മയത്വമായി ഇഴ ചേർന്നിരിക്കുമ്പോൾ ലാൽ സിംഗ് ഓടുന്നത് എന്തിനോ തിളയ്ക്കുന്ന സാമ്പാർ ആണ്. ചിത്രത്തെ പിന്നോട്ട് നയിക്കുന്ന പ്രധാന പോരായ്‌മ ആമിറിന്റെ അമിതാഭിനയം ആണ്. ടോം ഹാങ്ക്സ് പരിപൂർണമാക്കിയ കഥാപാത്രത്തെ വെറും മിമിക്രി രൂപമാക്കി, ആമിർ പലയിടങ്ങളിൽ വല്ലാതെ വെറുപ്പിക്കുന്നുണ്ട് .

ജെന്നിക്ക് എയിഡ്സ് വന്നാണ് മരിക്കുന്നത് എങ്കിൽ രൂപ മരിക്കുന്നത് കാൻസർ വന്നാണ് . ഗമ്പിൽ തന്റെ മകനല്ല ജെന്നിക്കുണ്ടാവുന്ന മകൻ എന്ന് കൃത്യമായി സൂചനയുണ്ട് പക്ഷെ ഗംപ് അവനെ സ്വന്തം മകനായി തന്നെ പരിപാലിക്കുന്നു ..പക്ഷെ ലാൽ സിങ്ങിൽ ലാലിൻറെ മകൻ തന്നെയായിട്ടാണ് രൂപയിൽ ഉണ്ടാവുന്ന കുഞ്ഞിനെ കാണിക്കുന്നത്. പത്തിരുപത്തെട്ടു വര്ഷം  മുന്നിറങ്ങിയ ഒരു ബോളിവുഡ് ചിത്രത്തെ പറിച്ചു നടുമ്പോൾ ഇന്നും ഇൻഡ്യൻ സദാചാര മുഴക്കോൽ ഇട്ടളക്കുന്ന സംവിധായകനോടും എഴുത്തുകാരനോടും ഒന്നേ പറയാനുള്ളു വേണ്ടിയിരുന്നില്ല ഈ റീ. മെയ്ക്ക് .ഇനിയും ഒരുപാടൊക്കെ പറയാനുണ്ട് പക്ഷെ ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുത് എന്നാണല്ലോ പ്രമാണം .

ഫോറസ്ററ് ഗമ്പ് കാണാതെ ലാൽ സിംഗ് കണ്ടവരെ നിങ്ങൾ ഫോറെസ്റ് ഗമ്പ് കാണുക രണ്ടും നെറ്ഫ്ലിക്സിൽ ഉണ്ട്. Saturday, February 26, 2022

പോരാട്ടം

 സ്ട്രഗിൾ ഇന്റെ മലയാളം 

എന്തുവാ മക്കളെ 

പോരാട്ടം ,,പോരാട്ടം.. 

 തീരെ പോരാ,,ലോ   

കൊങ്ങക്ക് പിടിക്കുമ്പോ 

വരണ ഗിൾ..ഗിൾ ഇല്ല 

സ്ട്രഗിൾ മതി 

അപ്പൊ സ്ട്രഗിൾ ഗിൾ..ഗിൾ...


Wednesday, August 4, 2021

സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം


 സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം 


ഡോൺ പാലത്തറയുടെ "ശവം" നേരത്തെ കണ്ടിട്ടുണ്ട് .വളരെ ടാലന്റഡ് ആയിട്ടുള്ള റൈറ്റർ ഡിറക്ടറാണെന്നു മനസ്സിലാക്കിയതും ആണ് .ലിജോയുടെ "ഈ മാ യൂ " ടെ  പിതൃത്വം  അവകാശപ്പെടാവുന്നത്ര ഒറിജിനലും ആണ് ശവം .

ഡോണിന്റെ ഏറ്റവും പുതിയ ചിത്രം ഈ കോവിഡ് കാലത്തു എത്ര നൂതനമായ ആവിഷ്കരണം സാധ്യമാണെന്ന അത്ഭുതവും സന്തോഷവും കൊണ്ട് നമ്മെ അമ്പരപ്പിക്കും .വെറും ഒറ്റ ഷോട്ടിൽ ക്യാമറ ഒരേ ആംഗിളിൽ കാറിന്റെ ഡാഷ്  ബോർഡിൽ വെച്ച് 85  മിനുറ്റ് ദൈർഘ്യമുള്ള ഒരു ചലച്ചിത്ര പരീക്ഷണം ആണ്. സിംഗിൾ ഷോട്ട് മലയാളിക്ക് പുതുമയൊന്നും അല്ല 1917 എന്ന ഹോളിവുഡ് ബ്ലോക്ക് ബസ്റ്റർ മുതൽ നമ്മടെ കട്ട ലോക്കൽ അങ്കമാലി ഡയറീസ് വരെ നമ്മൾ കണ്ടതാണ് .മാലിക്കിലെ 12 മിനിറ്റ് ഷോട്ടിലെ സ്റ്റിച്ചിംഗ് വരെ തേക്കിലെ മയിൽ കുറ്റികൾ വരേ ചർച്ചിച്ചതാണ് .സ്റ്റിച്ചിങ് സങ്കേതം ഡോൺ പാലത്തറ   ഉപയോഗിച്ചതായി തോന്നുന്നില്ല .ഒന്ന് രണ്ടിടത്തെ ചില പാളിച്ചകൾ ചിത്രത്തിൽ അതെ പടി ഉണ്ടു താനും .എന്നാൽ ഈ ഒറ്റ ഷോട്ട്  ഒരിക്കലും പ്രേക്ഷകനെ വിസ്മയിപ്പിക്കാനുള്ള ഒരു ടൂളായിട്ടല്ല ഉപയോഗിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും മഹത്തരം. ഈ ചിത്രം ഇങ്ങനെ അല്ലാതെ കൺസീവ് ചെയ്യാനോ പ്രേക്ഷകരിലേക്ക് അതെ ഇന്റെൻസിറ്റിയോടെ  കൺവെ ചെയ്യാനോ സാധിക്കില്ല .

ഒരു കാറിൽ ഒരു കപ്പിളിനോപ്പം അകപ്പെടുന്ന അവസ്ഥ പ്രേക്ഷകന് ഫീൽ ചെയ്യിക്കാൻ പറ്റിയ ഫോർമാറ്റ് ആയതുകൊണ്ടാകാം സംവിധായകൻ ഈ രീതി തിരഞ്ഞെടുത്തത് .അത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് അധികം ഇൻഫർമേഷൻ ഡിസ്ക്ലോസിംഗ് ഇല്ലാതെ ക്യാരക്ടർ ഇൻട്രോ നടക്കുന്നു .ജിതിനും മരിയയും ഒരു ഓപ്പൺ റിലേഷന്ഷിപ്പിലാണ്, ഇതിൽ മരിയ ഏക്സിഡന്റൽ പ്രേഗ്രനാൻസി  സംശയിക്കുന്ന ഒരു സാഹചര്യം. പോസിറ്റീവാണെങ്കിൽ ഇപ്പോൾ പേരെന്റിങ്ങിനു തയ്യാറല്ലാത്ത അവർ . തേടുന്ന സൊല്യൂഷൻ ,കൺഫ്യൂഷൻ,പരസ്പരം പഴി ചാരൽ ഒടുവിൽ എന്ത് സംഭവിക്കും എന്ന ആകാംഷ എല്ലാം ചേർത്ത്  വളരെ എൻഗേജിങ് ആക്കാൻ സംവിധായകന് കഴിഞ്ഞു എന്നിടത്താണ് പ്രേക്ഷകന്റെ സന്തോഷം. പേരെന്റിങുമായി ബന്ധപെട്ടു ജൂലൈ മാസത്തിൽ കണ്ട മൂന്നാമത്തെ ചലച്ചിത്രമാണെങ്കിലും (സാറാസ് ,മിമി ) അവയുടെ ഡെപ്തിലേക്കൊന്നും പോകാതെ ഉദ്ദേശ്യം തന്നെ മറ്റൊന്നാണ് സന്തോഷത്തിന്റെ ഒന്നാം രഹസ്യം .

ഒരു പ്രശ്നം മുന്നിലെത്തുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ ചിന്തിച്ചു കൂട്ടൽ .പെസിമിസം ,പഴി ചാരൽ, ഇങ്ങനെയല്ലാതെ ഞാൻ അങ്ങനെ ചെയ്തെങ്കിൽ എന്താകുമായിരുന്നു .എടുത്ത തീരുമാനത്തിൽ വിശ്വാസക്കുറവ് എല്ലാം പ്രതിഫലിക്കുന്നു.രണ്ടു കഥാപാത്രങ്ങളും കാറിൽ നിന്നും പുറത്തിറങ്ങുമ്പോൾ കാറിൽ അകപ്പെട്ട ഫീൽ പ്രേക്ഷകനും അനുഭവിക്കാം .

ഇവർ രണ്ടു പേരും കൂടാതെ ഒരാൾ ഫിസിക്കലായും മറ്റു 3 പേർ ശബ്ദമായും ചിത്രത്തിൽ തെളിയുന്നുണ്ട് .ഒന്ന് ജിതിന്റെ സുഹൃത് മറ്റൊന്ന് മരിയയുടെ സഹോദരി പിന്നെ ഒരു ആര്ട്ട് ഫിലിം സംവിധായകൻ .പിന്നെ മരിയ ഹോസ്പിറ്റലിൽ നിന്ന് ലിഫ്റ്റ് കൊടുക്കുന്ന അപരിചിതയായ ഒരു ചേച്ചി ക്യാരക്ടറും.ഇത്രയെല്ലാം മതി പ്രേക്ഷകനെ പിടിച്ചിരുത്താൻ എന്ന് അടിവരയിടുന്ന സംവിധായകൻ .ഇടയ്ക്കു റേഡിയോയിൽ കേൾക്കുന്ന സിബ്ലിങ് ആനിമിറ്റി എന്ന  വിഷയവും സിനിമയുമായി ബന്ധിപ്പിക്കാവുന്നതാണ് .രണ്ടു പേർക്കിടയിലേക്കു പെട്ടെന്ന് ഒരാൾ കടന്നു വരുന്നതിന്റെ അപരിചിതത്വം, അത് ആ ചേച്ചി കാറിൽ കയറുമ്പോൾ രണ്ടു പേരുടെയും ബോഡി ലാംഗ്വേജ് ഷിഫ്റ്റിൽ നിന്നും മനസിലാക്കാം. ചേച്ചി ഒരു നൂറ്റാണ്ടു പിറകിൽ നിന്നാണ് വണ്ടി കയറുന്നതു .അവർ ഇറങ്ങുമ്പോൾ മരിയയുടെയും ജിതിന്റെയും ഈസ്‌ ഓഫ് ബിഹേവിങ് വളരെ വ്യക്തമാണ് .രണ്ടു പേരുടെ യാത്രാ വേളയിലെ സംഭാഷണത്തിന്  ഇടക്കുള്ള പോസുകൾ പരസ്പരം വാക്കുകൾ കൊണ്ട് മുറിപ്പെടുത്തി ശേഷമുള്ള വലിയ മൗനങ്ങൾ എല്ലാം യഥാര്ഥവും മനോഹരവുമായി തന്നെ പ്രേക്ഷകനിലേക്കു സംവേദിക്കുന്നു .

നാല് ആക്ടുകളായി വിഭജിച്ചിരിക്കയാണ് ചലച്ചിത്രം .ആദ്യം അവരുടെ ചുറ്റുപാടും സാഹചര്യവും പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നു അതോടപ്പോം അവര് ഫേസ് ചെയ്യുന്ന മേജർ പ്രോബ്ലം. പിന്നെ അവർ തമ്മിലുള്ള കോൺഫ്ലിക്ട് .പിന്നെ പുറത്തു നിന്നുള്ള ഇൻഫ്ലുവൻസ്  പിന്നീട് അവസാനം ഈ  വിഷയം എങ്ങിനെ അവസാനിക്കുന്നു എന്നുമാണ് ചലച്ചിത്രം.ആദിമധ്യാന്തമൊപ്പിച്ചുള്ള സിനിമകളുടെ കാലം കഴിഞ്ഞെങ്കിലും ആവശ്യത്തിന്  ഇന്ഫോയും എൻഡിങ്ങുമുള്ള ഒരു സിനിമതന്നെയാണ് സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം.

 മരിയ ആയ റീമയുടെ അഭിനയം ചിലയിടങ്ങളിൽ അല്പം അതിരു കടക്കുന്ന തോന്നൽ ഉളവാക്കുമ്പോഴും ഒരു നൂൽപ്പ്പാല നടത്തമാണ് സത്യത്തിൽ മരിയ. അല്പം നാഗിങ്ങും പൊസ്സസ്സീവും പെർഫെക്ഷനിസ്റ്റും ആയ ഒരു പെണ്കുട്ടിയാണെങ്കിലും പ്രേക്ഷക പിന്തുണ നഷ്ടപ്പെടാതെ അവസാനം വരെ എത്തിക്കാൻ റീമക്കു  കഴിഞ്ഞു.അല്പം ഓവറായി തോന്നുന്നത് സംവിധായകനുമായുള്ള ഫോൺ സംഭാഷണം ആണ് ,ആ സീക്യോൻസ്   അല്പം ഓവർ ദി ടോപ്പും  പ്രേടിക്ടബിളും ആണ് പ്രത്യേകിച്ച് റീമയുടെ ആ  സീൻ പെർഫോമൻസ് അല്പം കൂടി കരുതൽ വേണമായിരുന്നു .എന്നാൽ ജിതിൻ വളരെ കയ്യടക്കത്തോടെ പ്രശ്നത്തിന്റെ ഗൗരവം മനസ്സ്സിലാക്കുന്നുണ്ടെങ്കിലും വികാരത്തിന് വഴിപ്പെടാതെ ക്യാരക്റ്ററിനെ പൂർണ്ണതയിൽ എത്തിക്കുന്നു .സ്വന്തം സുഹൃത്തിന്റെ പ്രശ്നം നിസ്സാരമായി സൊല്യൂഷൻസ് കൊടുക്കുന്ന അവനു സ്വന്തം പ്രോബ്ലം മറികടക്കാനുള്ള ടെൻഷനും ബുദ്ധിമുട്ടും കൃത്യമായി അഭിനയത്തിൽ പ്രതിഫലിക്കുന്നു .

ഇനി മേക്കിങ് നോക്കിയാൽ ഒരു സ്റ്റേജിൽ പെർഫോം ചെയ്യുന്ന പോലെ രണ്ടു പേരും അത്യാവശ്യം റിഹേഴ്സൽ നടത്തി ഫുൾ ടേക്ക് പോയതായിരിക്കണം. അത് കൊണ്ട് തന്നെ കണ്ടന്റ്  കൊടുത്തു സ്വന്തം വാ മൊഴി ഉപയോഗിക്കാൻ സംവിധായകൻ സ്വാതന്ത്ര്യം കൊടുത്തിരിക്കണം .അതിനാൽ തന്നെ സംഭാഷണത്തിന്റെ ക്രെഡിറ് ടൈറ്റ്ലസിൽ റീമക്കും ജിതിനും കൊടുത്തിട്ടുണ്ട്. ജിതിൻ പ്രശസ്തനായ ഗിരീഷ് പുത്തഞ്ചേരിയുടെ മകനാണെന്നറിയാൻ കഴിഞ്ഞു .

ഒന്ന് രണ്ടു പാളിച്ചകൾ തോന്നിയത് ഒരിടത്ത്  ജിതിൻ നേരിട്ട് ക്യാമറയെ സ്റ്റെയർ ചെയ്യുന്നതും .ഒരു സീനിൽ റീമ ഡയലോഗ് തെറ്റി വീണ്ടും പറയുന്നതും ആണ്.നാച്ചുറൽ സംഭാഷണത്തിനിടയിൽ ഉച്ചാരണ ശുദ്ധിക്കായുള്ള ആ റിപ്പീറ്റിഷൻ വേണ്ടിയിരുന്നില്ല. പിന്നെ ചേച്ചിയുടെ കഥാപാത്രം വാഹനത്തിൽ കയറി അവരു ക്യാമറ ഫീൽഡിൽ വരാൻ നീങ്ങി  ഇരിക്കുന്നത് കൃത്യമായ പൊസിഷനിങ്ങിനാണെന്നു പെട്ടെന്ന് തിരിച്ചറിയാം.ചിലപ്പോൾ സംവിധയകാൻ റിമോട്ടിൽ നിന്ന് ബ്ലൂ ടൂത് വഴി നിർദ്ദേശങ്ങൾ കൊടുക്കുന്നത് പാലിക്കുന്നതിൽ വന്ന പിശകാകാം .

എന്തല്ലാം പറഞ്ഞാലും ഒരു വിഷയം പറഞ്ഞു ഫലിപ്പിക്കാൻ ഇത്രയും മതിയെന്ന് ഡോൺ അടിവരയിടുന്നു .എന്തായിരിക്കും സന്തോഷത്തിന്റെ ഒന്നാമത്തെ രഹസ്യം രണ്ടു പേര് തമ്മിൽ ഉള്ള കമ്മ്യൂണിക്കേഷൻ നിർബാധം തുടരണം അത്ര തന്നെ. എന്റെ ഏറ്റവും പ്രിയ ഗാനങ്ങളിൽ ഒന്നായ "യെ തുമാരി മേരി ബാഥേയ്ൻ    ഹമേശാ യൂ ഹി ചൽത്തെ രഹേൻ " (Rock On ) എന്നും മൂളിയാണ് എഴുന്നേറ്റത് .   എന്നെ സംബന്ധിച്ചു   കുറെ നാളുകൾക്കു ശേഷം ഇത്രയും എഴുതിക്കാൻ  മാത്രം സന്തോഷം നൽകിയ ചിത്രം.

Tuesday, June 6, 2017

150 ദിനങ്ങളുടെ ഏകാന്ത യാത്ര

150 ദിനങ്ങളുടെ ഏകാന്ത യാത്രക്ക് ശേഷം അയാൾ കരയിലേക്ക് അടുക്കുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ തോന്നാറുള്ള തരം വിരക്തി അയാളെ ബാധിക്കുന്നു. ഉഗ്ര രൂപിയും ആർക്കും പിടി തരാത്തവളുമായ കടലിന്റെ സ്നേഹവും ആർദ്രതയും അയാൾ വീണ്ടും കൊതിക്കുന്നു .എന്തിനാണ് കരയിലേക്ക് പോകുന്നത് എന്നാണ് അയാളുടെ മനസ്സ് ചോദിക്കുന്നത്. ആർത്തലക്കുന്ന്ന കടൽ കരയേക്കാൾ സുരക്ഷിതമാണ് .കരയിൽ എല്ലാത്തിനെയും ഭയക്കണം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പെരുമാറുമ്പോൾ എല്ലായിപ്പോഴും മുഖംമൂടികൾ അണിയണം .കടലിന്റെ സ്നേഹലാളനങ്ങളിലേക്കു പ്രണയസല്ലാപങ്ങളിലേക്കു തിരിയാൻ അയാളുടെ മനസ്സ് കൊതിക്കുന്നു . Clear ,crisp , devoid of literarydiarrhea, overflowing with an ocean of experience..must read. Commander Abhilah Tomy's -കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾreading Kadal Ottaykku kshanichappol.

Tuesday, December 2, 2014

ഡെഡ് ബോഡി വൈറ്റ്

ചെന്നയിൽ ഒരിടത്ത് ഇരുപതു രൂപയ്ക്കു നല്ല വെള്ള ഷർട്ട് കിട്ടുമായിരുന്നു.ഞാനും രണ്ടെണ്ണം വാങ്ങി ഇന്റെര്വ്യുവിനു
പോവുമ്പോൾ അതിന്റെ കൂടെ ടൈ കെട്ടും. നല്ലോന്നാംതരം
ക്വാളിറ്റി .പിന്നീടു ഒരു തമിളിയൻ സുഹൃത്തിനോട് ചോദിച്ചു
എങ്ങിനെ ഇത്ര  നല്ല ഷർട്ട് ഇരുപത് രൂപയ്ക്ക് വിൽക്കാൻ കഴിയും.
അവൻ പറഞ്ഞത് മിക്കവാറും ശവങ്ങളെ നല്ല വെള്ള ഷർട്ടും മുണ്ടും ഉടുപ്പിച്ചാണ് ചുടുകാട്ടിൽ കൊണ്ട് പോകുന്നത് അത് ഉടായിപ്പിൽ ചിതയിൽ വയ്ക്കും മുൻപ് അവിടുത്തെ പണിക്കാര് ഊരിയെടുത്തു വില്ക്കുന്നതാണെന്ന് .സത്യമോ മിഥ്യയോ പക്ഷെ പിന്നീട് ആ ഷർട്ട് ഇടുന്ന ദിവസം ഞാൻ പറയുമായിരുന്നു ഇന്ന് "ഡെഡ് ബോഡി വൈറ്റ് " ധരിക്കാമെന്ന്.

Thursday, August 1, 2013

പലരും പലതും

യിടെയാണ് മലയാളം ചാനലുകൾ ഘാനയിൽ ഡിഷ്‌ വഴി ലഭിച്ചു തുടങ്ങിയത്.  അത് കൊണ്ട് തന്നെ മലയാളം വാക്കുകളുടെ പുതിയ ചില അർത്ഥസാരങ്ങൾ മനസ്സിലാക്കാൻ വൈകി.പറയുമ്പോൾ നീയാരാടാ മലയാളം മുന്ഷിയോ എന്ന്  ചോദിയ്ക്കല്ലേ.  പക്ഷെ ഈയിടെ പണിക്കു പോണോ അതോ ഉമ്മൻ ചാണ്ടി രാജി വച്ചതിനു ശേഷം മതിയോ എന്നാ അട്ടർ   അങ്കലാപ്പിൽ തോഴിലില്ലെങ്കിലും കൂലിയുണ്ടെന്ന രീതിയിലുള്ള കാത്തിരുപ്പായിരുന്നു ടി വി ക്കുമുന്നിൽ. ആ കാലത്താണ് ഒന്ന് രണ്ടു പുതിയ തരം പ്രയോഗങ്ങൾ മനസ്സില് പതിഞ്ഞത് .തെറ്റയിൽ പീഡന എം എം എസ്സ് വിവാദം ഇറങ്ങിയ അന്നും സോളാർ വിവാദത്തിനിടയ്ക്കും സ്ഥിരമായി കേട്ടിരുന്ന ഒരു വാക്കാണ്‌ "നിർഭാഗ്യകരം" എന്നത് .നികേഷൊക്കെ   പാർട്ടിയിലെ മുഖ്യ പോരാളികളെ  ഈ പ്രശ്നത്തിൽ വെള്ളം കുടിപ്പിക്കാൻ  അരയും തലയും മുറുക്കി അഭിപ്രായം ആരാഞ്ഞപ്പോൾ  സ്ഥിരം കേട്ട വാക്കാണ്‌   "അത് വളരെ നിര്ഭാഗ്യകരമായി" എന്ന് പറഞ്ഞത് .സത്യത്തിൽ അവരുദ്ദേശിച്ചത് പീഡനവും അഴിമതിയും നടത്തിയതിനു ശേഷം ഈ സംഭവം പുറത്തു  അറിഞ്ഞത് നിര്ഭാഗ്യകരമായി എന്നാണ്. ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ ഈ സംഭവം ഒറ്റ കുഞ്ഞു പോലും അറിയാതെ രക്ഷപ്പെട്ടേനെ . അതെ സർ നിര്ഭാഗ്യവാൻ മാരാണ് നിങ്ങളെ ജയിപ്പിച്ചുവിട്ട ജനങ്ങൾ . അതായതു ഇന് ഫ്യുച്ചർ വേലക്കാരിയെ കയറിപ്പിടിക്കുന്നതും കണ്ടു കൊണ്ട് വരുന്ന  ഭാര്യോടു ഭര്ത്താവിനു ഒരു വിശദീകരണം മാത്രം കൊടുത്താല മതി " തീര്ത്തും  നിര്ഭാഗ്യകരമായി പോയി".

റ്റൊരു
കലക്കൻ വാക്കാണ്‌ സാങ്കേതിക തകരാറ് ഞാടെ ചെറിയ ബുദ്ധിയിൽ തോന്നണത് ഇതിന്റെ അർഥം ടെക്നിക്കൽ ഫയിലിയർ   ഹതായത്  തികച്ചും  യന്ത്ര സാമഗ്രികൾ അല്ലെങ്കിൽ മാനുഷിക കഴിവല്ലാതെ സങ്കെതികമായുള്ള പിഴവുകൾകൊണ്ട് എന്നര്ഥം വരുന്ന ഒരു വാക്ക് . ഇതിന്റെ വളരെ വ്യാപകമായ ഉപയോഗം തന്നെ പണ്ട്  ദൂരദർശൻ കാലത്ത് സ്ഥിരം വീണാനാദവും പൊഴിച്ച് കൊണ്ട് കാണിച്ചിരുന്ന ഒരു സ്ലൈഡ് ആയിരുന്നു "സാങ്കേതിക തകരാറുകൾ മൂലം തടസം നേരിട്ടതിൽ ഖേദിക്കുന്നു " എന്നാ പ്രയോഗം. ദൂരദർശൻ  എന്നാ ഒറ്റ  ചാനെൽ പാട്ടും പടി  8:30നു ഡൽഹിക്ക്  കടക്കുന്നതിനു മുൻപ്  വരെ ചിലപ്പോൾ   ഈ സ്ലൈഡ് തുടര്ന്നിരുന്നു. പക്ഷെ ഇന്നിപ്പോൾ ഇടയ്ക്കും തലക്കും പുട്ടിനു പീര കണക്കെ ഇച്ചിരി കട്ടിക്ക് കിടക്കട്ടെ എന്നാ ഉദ്ദേശത്തിൽ പ്രയോഗിക്കുന്ന -സാങ്കേതികമായി അദ്ദേഹത്തിന് മന്ത്രിയായി തുടരാം   , ചില  സാങ്കേതിക  കാരണങ്ങളാൽ എഴുത്ത് നിര്ത്തുന്നു , സാങ്കേതിക കാരണങ്ങളാൽ കുടി നിരത്തി എന്തിനധീരത സാങ്കേതിക തടസങ്ങൾ മൂലം കുഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾ എന്ന് വരെ കേള്ക്കുന്നു ...സാങ്കേതിക തകരാറുകൾ മൂലം മൂത്രം പോകാത്തവരെ വരെ കാണേണ്ട അവസ്ഥാ വിശേഷം ഉണ്ടാകാൻ താമസം വിനാ സാധിക്കും . 

ല്പം കനമുള്ള വാക്കുകള് കൊണ്ട് അമ്മാനം ആടുന്നത് ഒരു  വിധം സംഭവം തന്നെ .പക്ഷെ വ്യക്തിപരമായി എനിക്ക് ഇതൊന്നും മനസ്സിലാവാറില്ല ഉദാഹരണത്തിനു ഡോ. എസ്‌ വേലായുധന് നായര് വിവര്ത്തനം ചെയ്ത മാർക്കേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ (100 years of solitude ) എന്നാ കൃതിയുടെ ആമുഖത്തിലെ ആഷാ മേനോന്റെ വരികളാണ് ..

"സമുദാത്തമായ  ഏതൊരു  കലാസ്രിഷ്ടിയിലും സ്വപ്നത്തിന്റെ ജലാംശം കുടി കൊള്ളുന്നുണ്ട് അനുഭവങ്ങളും  ആശയങ്ങളും പുതിയ സങ്കലനങ്ങൾക്ക്  വിധേയമാകുന്നത്  ഈ കാരണ ജലത്തിലൂടെയാണ്. ഇത് നൂതനമായ തന്മാത്ര മാതൃകകൾക്ക് ജന്മമരുളുന്നു .ഒരു ദര്ശനം  വൈസദ്യം പോകുന്നത് ഇവ്വിധം തന്മാത്രകളിലൂടെയാവും .ഇതോടു കൂടി കലയിൽ സ്പര്ശനീയമല്ലാത്ത ഒരു തലം ഊറിത്തുടങ്ങുന്നു.സാധാരണേതരമായ  യാഥാര്ത്യത്തിന്റെ തലം.അഥവാ സ്ഥല കാലങ്ങളുടെ കെട്ടുകളിൽ നിന്നും മുന്നോട്ടായുന്ന ഒരു ഉച്ച്ച്റുങ്കല  മനസ്സിന്റെ  സാന്നിദ്യം നാം  അതിലറിയുന്നു.ഒരു കലാസൃഷ്ടി കളത്തിൽ പ്രവേശിക്കുന്നത്  ഈ ജാകര സ്വപ്നങ്ങളിലൂടെയാണ്.     


ഇങ്ങനെ തുടങ്ങുന്ന ആമുഖം എട്ടു പുറത്തോളം ഒരു പിടിയും കിട്ടാതെ  തിരിച്ചിട്ടും മറിച്ചിട്ടും വായിച്ചു ക്ഷമ നശിച്ചപ്പോൾ ഓർത്ത്പോയത് ഏതോ സിനിമയിലെ ആ മാമുക്കോയൻ ഡയലോഗാണ് ..   
 "ചങ്ങായി ഒരിച്ചിരി  പാലും പഞ്ചാരയും  ചേർത്ത് ഒന്ന് ലൈറ്റ് ആക്കിതന്നെര്ന്നെങ്കി  മനസ്സിലാക്കായിരുന്നു" .
 
പിന്കുറിപ്പ് അല്ലെങ്കിലും എനിക്ക്  ഈയിടെയായി മലയാളം തീരേ മനസിലാവുന്നില്ല    ഓണാഘോഷത്തിനു മലയാളം നോട്ടീസ് എഴുതി കൊടുത്തതിൽ കാർമികത്ത്വം     എന്ന വാക്ക് കണ്ടു  ഒരു ഹൈന്ദവ ആഘോഷത്തിലാണോടൊ   ക്രിസ്തീയ വാക്യമായ ''കാർമികത്ത്വം" എന്നുര ചെയ്തു  എന്നെ അസ്തപ്രജ്ഞനാക്കി   കഥാവശേഷനാക്കാതെ വിട്ടിട്ടു  അധികം നാളായിട്ടില്ല ..   തമിഴിലൊക്കെ  വടിവേലു പറയുന്ന പോലെ മലയാളം എങ്ക് എങ്കിറിയോ പോയിട്ടേൻ  സർ .  
                 

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...