Friday, October 14, 2022

ലാൽ സിങ് എന്ന ഇന്ത്യൻ കുടുംബ പ്രേക്ഷകർക്കുള്ള ഗമ്പ്

 "Mama Always used to say life is like a box of chocolates you never know what you are gonna get"

1998 ഇൽ ആണ്  ഞാൻ ഫോറെസ്റ്റ്  ഗമ്പ് കാണുന്നത് . തിരുവനന്തപുരത്ത്   ഫിലിം ഫെസ്റ്റിവലിൽ  വെച്ച് .അന്ന് തട്ടു പൊളിപ്പൻ ആക്ഷൻ പടങ്ങളല്ലാതെ ഇത് പോലെ കലാ മൂല്യമുള്ള ഹോളിവുഡ് സിനിമകൾ തിയേറ്റർ റിലീസ് ഇല്ലാത്ത കാലമാണ് .94 ഇൽ   ഇറങ്ങിയ  ഫോറെസ്റ്റ് ഗമ്പ്  ഞാൻ 98 ഇൽ കാണുമ്പോ പുതിയ സിനിമാ വിസ്മയത്തെ കണ്ട് വാ പൊളിച്ചിരുന്ന എന്റെ യൗവ്വനം നിങ്ങൾക്കൂഹിക്കാൻ ആവുമോ എന്നറിയില്ല .ടെലെഗ്രാമോ ടൊറന്റോ ഇല്ലാത്ത കാലമാണ്.കൊല്ലം പ്രിയ്യയിൽ മാറി മാറി വരുന്ന ഹോളിവുഡ് ആക്ഷൻ പടങ്ങൾ മാത്രം കണ്ടിരുന്ന എനിക്ക് അതൊരു തിരിച്ചറിവായിരുന്നു പുതു സിനിമകൾ .ആ ഫെസ്റ്റിവലിൽ തന്നെ കണ്ട ചിത്രങ്ങളാണ് ദി തിൻ റെഡ് ലൈൻ , ഷേക്‌സ്‌പിയർ ഇൻ ലൗ എന്നിവ പിന്നെ കുറെ പേര് പോലും ഓര്മയില്ലാത്ത കൊറിയൻ ചൈനീസ് ചിത്രങ്ങൾ .നവ  സിനിമകളുടെ പുതുലോകം .അതേ വര്ഷം  ഇറങ്ങിയ ഇന്നിപ്പോൾ സിനിമ അപ്പോസ്തലന്മാർ പാടി നടക്കുന്ന ഷോഷാങ്ക്  റിഡെംപ്ഷൻ അന്ന്  ഞാൻ കണ്ടിട്ടില്ല . വര്ഷങ്ങള്ക്കു ശേഷം ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകൾ വന്നതിനു ശേഷമാണു ഞാൻ അത് കണ്ടത് . 

പക്ഷെ ഗമ്പ് അങ്ങിനെയല്ല എന്റെ ഉറ്റ സുഹൃത്തായിരുന്നു ഞാൻ ഏറ്റവും അധികം കണ്ട സിനിമ , കൂട്ടുകാരെ  നിർബന്ധിച്ചിരുത്തി കാണിപ്പിച്ച സിനിമ ,എന്തിന് ഭാര്യയെ പോലും നിർബന്ധിച്ചു കാണിക്കാൻ ശ്രമിച്ച  സിനിമ. അങ്ങിനെ ഒരു ചലച്ചിത്രത്തിന്റെ ഇന്ത്യൻ അഡാപ്റ്റേഷൻ വരുന്നു എന്ന് കേട്ടപ്പോൾ ഒരു കൗതുകം പിന്നെ ആശങ്ക . മൊത്തത്തിൽ  I.Q  കുറവെന്ന് തോന്നുന്ന നിഷ്കളങ്ക പുരുഷന്മാർക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന കഥാപാത്രം. .പിന്നീട് എല്ലാ പുരുഷന്മാരിലും ഒരു ഫോറെസ്റ് ഗമ്പ്   ഒളിഞ്ഞിരുപ്പുണ്ടെന്ന് പറഞ്ഞുള്ള ഒരു ആർട്ടിക്കിൾ വരെ വായിക്കാൻ ഇടയായി .


ഇനി ഹിന്ദി റീമേക് ആയ ലാൽ സിംഗ് ചദ്ദ യിലേക്ക്  (Spoilers Ahead)

സത്ത മാത്രം എടുത്ത ഒരു അഡാപ്റ്റേഷൻ അല്ല ഇത്  ഏകദേശം സീൻ ബൈ സീൻ  റീ മെയ്ക്ക് ആണ് .അത് കൊണ്ട് തന്നെ ഇന്ത്യൻ പോപ്പുലർ സിനിമാ സങ്കല്പത്തിലെ കുടുംബ പ്രേക്ഷകരെ ഒന്നിച്ചിരുത്തി കാണിക്കാൻ ഉള്ള ആദ്യ പടിയാണ്  ലൈoഗീകതയെ പടി അടച്ചു പിണ്ഡം വെക്കൽ അതോടു കൂടി തന്നെ ചിത്രത്തിന്റെ ആത്മാവ് നഷ്ടപ്പെട്ട് പോവുന്നു .

ആദ്യ ഭാഗത്തിൽ തന്നെ IQ കുറഞ്ഞ കുഞ്ഞു ഗമ്പിനു അഡ്മിഷൻ കിട്ടാൻ വേണ്ടി അവന്റെ അമ്മ  സ്കൂൾ പ്രിൻസിപ്പളിനു വശംവദയാകുന്നു. ആ സീനിലെ പ്രിൻസിപ്പലിന്റെ ശബ്ദത്തെ  അനുകരിക്കുന്ന ഫോറെസ്റ്റ് അനുഭാവ വേദ്യമാക്കുന്ന കുഞ്ഞു ഹ്യുമർ ആണ് ആ സിനിമയുടെ  കൂടെ പ്രേക്ഷകരെ നടത്തുന്ന പോയിന്റ്  അത് പോലും എടുത്തു മാറ്റി  ഞാൻ നിങ്ങൾക്ക് എന്നും ഭക്ഷണം പാകം ചെയ്തു കൊണ്ട് വന്നു തരാം എന്നാണ് ലാൽ സിംഗിന്റെ  'അമ്മ പറയുന്നത് . 


ഗമ്പിന്റെ ഒരേ ഒരു കൂട്ട് ജെസ്സി യെ യും അവളുടെ മറ്റു സഹോദരി മാരെയും അവളുടെ പിതാവ്  ലൈoഗീകമായി ദുരുപയോഗം ചെയ്യുന്നത് വളരേ ചെറിയ സൂചനകളോടെ കാണിക്കുന്നുണ്ട് .പ്രേക്ഷകന് ഊഹിക്കാവുന്ന സിംബലുകളെ അവർ ഉപയോഗിക്കുന്നുള്ളൂ . അത് പോലും ഈ ചിത്രത്തിൽ ഇല്ല .അമ്മയെ മദ്യപിച്ചു സ്ഥിരം തല്ലുന്ന, തല്ലി കൊല്ലുന്ന അച്ഛൻ .

 

ഇനി ഫോറെസ്റ്റ് ഗമ്പിന്റെ ആർമിയിൽ സുഹൃത്തായി വരുന്ന  ബൂബയ്ക്ക് പകരം വരുന്ന കഥാപാത്രം സ്ഥിരം സൗത്ത് ഇന്ത്യൻസിനെ കളിയാക്കാൻ ചേർക്കുന്ന വെറും കാരിക്കേച്ചർ പീസ് ആവുന്നു .ബൂബക്ക് ചെമ്മീൻ കൊയ്ത്താണ് വീക്നെസ് എങ്കിൽ ഇവിടെ ബാലക്ക് വീക്നെസ്  ജെട്ടി ബനിയൻ ഉണ്ടാക്കാനാണ് ,വൗ.. എന്തൊരു  പുതുമ, പണ്ടേതോ പടത്തിൽ ഇതേ വീക്നെസ്സുമായി ഒരു ജോണി ലിവറിയൻ കോമഡി കാരക്ടർ ഉണ്ടായിരുന്നു അവിടുന്നുള്ള സ്ട്രൈറ് ലിഫ്റ്റാണ്. തമാശയ്ക്ക് വേണ്ടി ബാലയുടെ കുടുംബത്തെ പോലും ബോളിവുഡ് ടിപ്പിക്കൽ സൗത്ത് ഇന്ത്യൻ ഫാമിലി കാരിക്കേച്ചർ  ആക്കുന്നുണ്ട് .

ഇനി രാഷ്ട്രീയ സംഭവങ്ങളെ  ലാൽ സിംഗിന്റെ ജീവിത സന്ദർഭങ്ങളുമായി  കൂട്ടി യോജിപ്പിക്കുന്ന ഭാഗങ്ങൾ ഏച്ചു കെട്ടി മുഴച്ചിരിക്കുന്നു .. ഓപ്പറേഷൻ ബ്ലൂ  സ്റ്റാർ ,ഇന്ദിര  വധം , ബാബ്‌റി മസ്ജിദ് ,കാർഗിൽ എന്നിവയാണ് അവ ..

ഫോറെസ്റ് യുദ്ധ ഭൂമിയിൽ വച്ച് രക്ഷിക്കുന്ന ലെഫ്റ്റനന്റ  ഡാൻ ടൈലർ ഇന് പകരം ലാൽ സിംഗ് രക്ഷിക്കുന്നത് കാർഗിൽ യുദ്ധ മുഖത്തെ  തന്റെ എതിരാളി ആയ ഒരു തീവ്രവാദിയെ ആണ് .കാരണം ഡാൻ ടൈലറിന്റെ കഥയിൽ നമ്മൾ കാണുന്ന ഒരു കുടുംബത്തിലെ എല്ലാ പൂർവ പിതാമഹന്മാരും ഓരോ യുദ്ധത്തിൽ വീഴുന്ന കാഴ്ച്ച അവർ ആദ്യമേ ലാൽ സിങ്ങിന് ചാർത്തി നൽകി കഴിഞ്ഞു . സിനിമയിലെ ഏറ്റവും വീക്ക് ആയ ഭാഗവും ഇത് തന്നെ ആണ് .ഗമ്പ്  ഓടാനിറങ്ങുതെല്ലാം വളരെ തന്മയത്വമായി ഇഴ ചേർന്നിരിക്കുമ്പോൾ ലാൽ സിംഗ് ഓടുന്നത് എന്തിനോ തിളയ്ക്കുന്ന സാമ്പാർ ആണ്. ചിത്രത്തെ പിന്നോട്ട് നയിക്കുന്ന പ്രധാന പോരായ്‌മ ആമിറിന്റെ അമിതാഭിനയം ആണ്. ടോം ഹാങ്ക്സ് പരിപൂർണമാക്കിയ കഥാപാത്രത്തെ വെറും മിമിക്രി രൂപമാക്കി, ആമിർ പലയിടങ്ങളിൽ വല്ലാതെ വെറുപ്പിക്കുന്നുണ്ട് .

ജെന്നിക്ക് എയിഡ്സ് വന്നാണ് മരിക്കുന്നത് എങ്കിൽ രൂപ മരിക്കുന്നത് കാൻസർ വന്നാണ് . ഗമ്പിൽ തന്റെ മകനല്ല ജെന്നിക്കുണ്ടാവുന്ന മകൻ എന്ന് കൃത്യമായി സൂചനയുണ്ട് പക്ഷെ ഗംപ് അവനെ സ്വന്തം മകനായി തന്നെ പരിപാലിക്കുന്നു ..പക്ഷെ ലാൽ സിങ്ങിൽ ലാലിൻറെ മകൻ തന്നെയായിട്ടാണ് രൂപയിൽ ഉണ്ടാവുന്ന കുഞ്ഞിനെ കാണിക്കുന്നത്. പത്തിരുപത്തെട്ടു വര്ഷം  മുന്നിറങ്ങിയ ഒരു ബോളിവുഡ് ചിത്രത്തെ പറിച്ചു നടുമ്പോൾ ഇന്നും ഇൻഡ്യൻ സദാചാര മുഴക്കോൽ ഇട്ടളക്കുന്ന സംവിധായകനോടും എഴുത്തുകാരനോടും ഒന്നേ പറയാനുള്ളു വേണ്ടിയിരുന്നില്ല ഈ റീ. മെയ്ക്ക് .ഇനിയും ഒരുപാടൊക്കെ പറയാനുണ്ട് പക്ഷെ ചത്ത കുഞ്ഞിന്റെ ജാതകം നോക്കരുത് എന്നാണല്ലോ പ്രമാണം .

ഫോറസ്ററ് ഗമ്പ് കാണാതെ ലാൽ സിംഗ് കണ്ടവരെ നിങ്ങൾ ഫോറെസ്റ് ഗമ്പ് കാണുക രണ്ടും നെറ്ഫ്ലിക്സിൽ ഉണ്ട്. No comments:

Post a Comment

T. P രാജീവൻ

 T. P രാജീവൻ വിടവാങ്ങി .. 2009 ഇൽ വായിച്ച പാലേരി മാണിക്യം മുതലുള്ള ബന്ധമേ ഞങ്ങൾ തമ്മിൽ ഉള്ളു .പാലേരി മാണിക്യം വായിക്കുമ്പോൾ യൗവന യുക്തനായ എഴ...