Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Saturday, March 23, 2024

വൈബ്

 

സാറേ.. സാറേ ...

ഉച്ചക്ക് കഴിച്ച ഒമാനി ബിരിയാണിയുടെ ആലസ്യത്തിൽ ..  കാണാനുള്ള കസ്റ്റമറുടെ ക്യാബിനിനു മുന്നിൽ ഉറക്കം തൂങ്ങി ഇരിക്കയാണ്  ഞാൻ .

സാർ ആ കുട്ടീനെ കണ്ടോ ..

അറ്റത്തു കോറിഡോറിന്റെ വലത് വശത്തായി ,മുഖം ഒന്നും കണ്ടില്ല ,ഇടത്തോട്ട് തിരിഞ്ഞു നിൽക്കുന്ന അവളുടെ കൊലുന്നനെ ഉള്ള  കൈകളും കാലും മാത്രേ കണ്ടുള്ളു..

അത്  അവളാണ് . സാർ  

 അപ്പോഴേക്കും അവന്റെ  മനസ്സ് പെരുമ്പറ മുഴക്കി തുടങ്ങി എന്ന് തോന്നി  ... സർ  കരുതുന്ന പോലെ  ലൈൻ  ഒന്നും അല്ല . പക്ഷെ ആ കുട്ടിയുമായി ബന്ധപ്പെട്ട ഒരു കാര്യം ഉണ്ട് .

ഞാനീ ആശുപത്രിൽ സ്ഥിരം   വന്നിരുന്നു .അന്ന് നാലോ  അഞ്ചോ   വട്ടം സംസാരിച്ചിട്ടുണ്ട് ,കാര്യമായിട്ടൊന്നും ഇല്ലാട്ടോ വെറും  ക്യാഷുവൽ,പ്രഫഷണൽ ടോക്ക് . .


 ഞങ്ങടെ തൃശ്ശൂര് ഭാഷേ പറഞ്ഞാൽ എന്തോരു  ഭംഗി ആയിരുന്നു.. ,"ന്തോ"  ടെ നീട്ടം ആണ് സൗന്ദര്യത്തിന്റെ അളവുകോല് എന്ന് ഞാൻ ശ്രദ്ധിച്ചു  . സൗന്ദര്യം ന്ന്  വെച്ചാൽ ഇപ്പഴത്തെ ചില്ലൻ വൈബ് ഗെഡിസ് ഉദ്ദേശിക്കണ ഹോട്ട്   മെറ്റീരിയൽ അല്ലാട്ടാ .നല്ല  ശാലീനത  ,..പിന്നെ ആ സംസാരം വാക്കുകേ ഇങ്ങനെ പെറുക്കി പെറുക്കി ഒഴുകല്ലേ ,  കൂടുതലും ഇല്ലാ കുറവും ഇല്ലാ . ഒരു ജാതി വൈബ് ,,

ഇവർക്ക് ഇടക്കിടക്ക് ഡ്യൂട്ടി മാറും ..അപ്പൊ ഒന്ന് രണ്ട് വട്ടം മിസ്സ് ആയി ..

എന്നാലും ഇവിടെ വർക്കിന് വരാൻ ഒരു മോട്ടിവേസൻ ആയില്ലേ സാറേ ...എന്നും പറഞ്ഞു അവൻ ചിരിച്ചു 

സാറേ പിന്നെ  കുറച്ചു കഴിഞ്ഞപ്പോ വീട്ടാര് എന്റെ കല്ല്യാണ ആലോചന തുടങ്ങി ..

ഒന്ന് രണ്ട് കേസില് അവര് കടും പിടിത്തായി ,ഇനി രക്ഷപെടാൻ മാർഗം ഇല്ലന്നായി ..

ഞാനിവിടെ ഒരു മാസത്തിന്റെ  എടേൽ 4  ഉം 5  ഉം തവണ വന്നു ..ആളെ മാത്രം കണ്ടില്ലാ .

പല പ്രാവശ്യം വരുമ്പോ ഒഫീഷ്യൽ കാര്യങ്ങൾക്ക് ഒക്കെ സംസാരിച്ചിട്ടുണ്ടെങ്കിലും പേരൊന്നും ചോദിച്ചിട്ടില്ല. പിന്നേം വന്നു നോക്കി ആളെ കിട്ടീല , പിന്നെ വീട്ടാരുടെ നിർബന്ധം ആയി കസർത്തായി ഇമോസണൽ അത്ത്യാചാരമായി അനാചാരമായി കുടുമ്മത്ത് ത്വയിരല്ല്യാണ്ടായി ,  സമാധാനായി  കിടന്നുറങ്ങാൻ പറ്റാത്ത സീൻ ..സീൻ  ഡാർക്ക് ആയി തുടങ്ങിയപ്പോ ഞാനിരുന്നൊന്നു ആലോചിച്ചു ..ആള് ഒരു പൊടി സുന്ദരിയാണ് എനിക്കാണെങ്കി ഹെൽമെറ്റോക്കെ സ്ഥിരം വെച്ചു തല ഒക്കെ ഏകദേശം നീറ്റായി തൊടങ്ങിയെക്കണ് , ജാതി  ഒക്കെ എന്താണേലും പ്രശ്നം ഒന്നും ഇല്ല..ഞാൻ ഒന്നൂല്ലെങ്കി  പാർട്ടി മെമ്പർ അല്ലെ .. അമ്മച്ചി തോമാശ്ലീഹാ നേരിട്ട് വന്ന് മാമോദിസ മുക്കിയ ക്ളീഷേ ഐറ്റംസ് ഇറക്കിയാലും വീട്ടില് ഇടിച്ചു നിക്കാം  ആ ധൈര്യം ഇണ്ട് . പക്ഷെ ആ കുട്ടിക്ക് അങ്ങിനെ ഒന്നും ഇല്ലെങ്കിലോ . അവസാനം വീട്ടിൽ അവരുടെ ഇഷ്ടത്തിന് യെസ് പറഞ്ഞു .കല്ല്യാണം ഒക്കെ പെട്ടെന്നായിരുന്നു .എല്ലാം കഴിഞ്ഞു ഒരു രണ്ടു മാസം കഴിഞ്ഞു ഞാനിവിടെ വന്നു ..അപ്പൊ  ദേ നിക്കുണൂ   ആ  കുട്ടി ആ സെയിം വൈബ് ചിരി ഒക്കെ ആയിട്ട് ..എനിക്ക് വന്ന കലി ..എന്റെ സാറേ ..ഞാൻ നേരെ അങ്ങട് ചെന്നിട്ട് എവിടെ ആയിരുന്നു  ഇത്ര ദൂസം ഞാൻ കുറേ ദിവസായി അന്വേഷിക്കുന്നു .ഇത്രേം പറഞ്ഞപ്പോഴേക്കും കാണാൻ ഉള്ള കസ്റ്റമർ ഫ്രീ ആയി കയറി കണ്ടോളാൻ സ്റ്റാഫ് പറഞ്ഞു..

കാൾ കാണുമ്പോൾ ഈ ശങ്കു എന്താ ഒപ്പിച്ചത് എന്നായിരുന്നു ചിന്ത, അല്ലെങ്കിൽ തന്നെ എന്തു കാൾ 10 ഇന്  10 ഫ്രീ തരുമോ എന്ന് അവര് ചോദിക്കും നമ്മൾ 10 ഇന്  5 തരാം എന്ന് പറയും ,ജീവിതം എന്ന ക്ളീഷെയുടെ  എക്സ്ക്ലൂസിവ്  നിബിഢ വനം..  ,,

കാൾ കഴിഞ്ഞു വന്നപ്പോ കോറിഡോറിന്റെ അറ്റം ശൂന്യം ..

പറഞ്ഞു വന്നു തുടരാൻ പറയാൻ ഒരു മടി ..ഇനി ഒരു കസ്റ്റമെറേ കൂടി കാണാനുണ്ട് .

അവൻ പിന്നെ ആ കസ്റ്റമറുടെ വിശേഷത്തിലേക്ക് കടന്നു ...ആർക്കറിയണം ആ കസ്റ്റമറെ  കുറിച്ച് ഹൂ വാണ്ട്സ് ടു നോ ..ടെൽ മി എബൌട്ട് ദാറ്റ് ഗേൾ ..

ദ നേഷൻ വാണ്ട്സ് ടു നൊ എന്ന് റിപ്പബ്ലിക്കൻ ഗോ സാമിയെ പോലെ അലറാൻ തോന്നി ..ബട്ട് സ്ഥിരം രീതിയിൽ ബുദ്ധിജീവി നാട്യത്തോടെ എയർ പിടിച്ചിരുന്നു .

യെസ് വി മാനേജർസ് ക്യാൻ ടൂ ദാറ്റ് ..എടുത്തോണ്ട് പോടാ നിന്റെ പൈങ്കിളി ...

കൺട്രോൾ വിടാതിരിക്കാൻ ഞാൻ മിലൻ കുന്ദേര മുതൽ അടൂർ ഗോപാല കൃഷ്ണനെ വരെ മനസ്സിൽ ധ്യാനിച്ചു ..

കോറിഡോറിലൂടെ സുന്ദരിയായ ഒരു സിസ്റ്റർ കടന്നു പോയി ..ഏകദേശം ഞങ്ങൾ രണ്ട് പേരും ഒരേ സമയം അവരെ  Xray കണ്ണുകളാൽ വിദഗ്ധമായി CT സ്കാനിനു വിദേയയാക്കി കടത്തി  വിട്ടു ..ആ ഗ്യാപ്പിൽ ആ വേളയിൽ എന്റെ സ്വതസിദ്ധമായ അക്ഷമ എന്നെ കീഴ്പ്പെടുത്തി . ഞാൻ ബിബിനോട് സങ്കോചത്തോടെ  ചോദിച്ചു.....

 പറഞ്ഞു വച്ച കാര്യം മുഴുമിപ്പിച്ചില്ലല്ലോ ...

അവൻ അവന്റെ മത്തങ്ങാ കണ്ണുകൊണ്ട് എന്റെ മുഖത്തേക്ക് കുറച്ചു നേരം നോക്കിയിരുന്നു ..

ഹാ ..അത് പിന്നെ , അവളെ കണ്ടപ്പോ സകല കൺഡ്രോളും പോയി നേരെ ചെന്ന് 

എവിടെ ആയിരുന്നു ഇത്രേം നാളും എന്ന് ചോദിച്ചു ..

ദേ പിന്നേം അവൾടെ ആ കൊല്ലണ സ്മൈല്   ..

ഞാൻ എത്ര ദിവസായി വരണു ...

അയ്യോ  കഴിഞ്ഞ രണ്ട് മാസം പാലക്കാട് ബ്രാഞ്ചിലായിരുന്നു ഡ്യൂട്ടി  ..എന്തയ്  അന്വേഷിച്ചത് ..

എന്റെ കല്യാണം ആയിരുന്നു കഴിഞ്ഞ മാസം 20 ഇന് ..എല്ലാം പെട്ടെന്നായിരുന്നു ..

അതെയോ കൺഗ്രാറ്സ് ..

അതല്ല എനിയ്ക്കിയാളെ ഭയങ്കര ഇഷ്ടായിരുന്നു ..ഞാനൊരുപാട് പ്രാവശ്യം അത് പറയാൻ വേണ്ടി അന്വേഷിച്ചു .. ചില സമയത് ധൈര്യം .. കാറ്റ് പിടിച്ച കാട്ട് തീ പോലെ ആണ്  വരുവാ... എവിടുന്നാ വരണത് എന്നറിയില്ല ..

ആ കുട്ടി കുറച്ചു  നേരം എന്റെ കണ്ണിലേക്ക് നോക്കി ..

പിന്നെ ചിരിച്ചു ..വെറുതെ പറയല്ലേ  ,,,എന്നോട് അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ലല്ലോ ...

എന്നിട്ടിപ്പോ കല്യാണം ഒക്കെ കഴിഞ്ഞിട്ട് വന്ന് ഇത് ഇപ്പൊ എന്തിനാ എന്നോട് പറഞ്ഞെ ..

ആ കുട്ടി അത് കളിയായിട്ടെടുത്തോ ..എന്തോ  അറിയില്ല  ..... 

കാര്യം അവിടെ കഴിഞ്ഞെങ്കിലും പിന്നെ ഞാനിവിടെ വരുമ്പോ ബാക്കി സിസ്റ്റർമാർക്കൊക്കെ എന്നെ കാണുമ്പോ ഒരു ചിരിയും കുശു കുശുപ്പും ...അവള് എല്ലാരോടും പറഞ്ഞോ എന്നൊരു സംശയം .എന്തായാലും പിന്നെ കുറേ കാലത്തേക്ക് ഞാൻ ഇവിടേക്ക് വന്നില്ല .

കുറേ കഴിഞ്ഞപ്പോ വീണ്ടും വന്നു തുടങ്ങി ..ജീവിതല്ലേ വലുത് .

ആളെ കണ്ടാൽ സംസാരിക്കും ചിരിക്കും ഒക്കെ ചെയ്യും .

ആള് അതൊരു തമാശ ആയിട്ടേ എടുത്തിട്ടുള്ളൂന്നാ തോന്നണേ ..ആർക്കാ അറിയാ ..

വീണ്ടും എന്റെ സ്ഥിരം അക്ഷമ കെട്ടഴിഞ്ഞു ...എന്നിട്ട്  ആ കുട്ടീടെ കല്യാണം കഴിഞ്ഞോ .

.ദേ കഴിഞ്ഞ വര്ഷം മാര്ച്ചില് ...

ഒരു ഒപ്റ്റോമെട്രിസ്റ്റാ കെട്ടിയേ ...ഒരു മണ കുണാഞ്ചൻ ..

വര്ഷം ഒന്നു കഴിഞ്ഞില്ലേ ഇത് വരേ കുട്ടിയോളോന്നും ആയിട്ടില്ല ....

അവന്റെ  മുഖത്തു എന്തോരാശ്വാസം .. അല്ലെങ്കിലും കിട്ടാത്ത പെണ്ണിന്റെ ഭർത്താക്കന്മാരെല്ലാം കാമുകന്മാർക്ക് മണകുണാഞ്ചൻ മാരാണെന്ന നഗ്ന സത്യം ഞാൻ തിരിച്ചറിഞ്ഞു .

മറ്റാരുടെയോ ചിന്തയിലെ വെറും മണകുണാഞ്ചൻ ആണ് ഞാൻ എന്നോർത്ത് ഒരു വിഡ്ഢിച്ചിരി  എന്നിൽ നിറഞ്ഞു നിന്നു ..

കാൾ കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി ..ബിബിന്റെ കണ്ണുകൾ ഇടനാഴികൾ പരതുന്നത് എനിക്കറിയാം .

മുറ്റത്തേക്ക് ഇറങ്ങി നടക്കുമ്പോ പിറകിൽ നിന്നും ഒരു വിളി വന്നു ..ബിബിനേട്ടാ ..പോവയോ വർക്ക് കഴിഞ്ഞോ ..

ഞാൻ കുട്ടിയുടെ മുഖത്തേക്ക് നോക്കി ..ബിബിൻ പറഞ്ഞ പോലെ തന്നെ ..

തൃശൂർ എത്തീട്ട് ഒന്ന് രണ്ട് പേരെ കാണാൻ ഉണ്ട് ..ഇയാടെ ഡ്യൂട്ടി കഴിഞ്ഞോ ...

ആ ഇന്ന് 7 മണീടെ   ആയിരുന്നു  

പിന്നെയും ഒന്നോ രണ്ടോ കുശലം ...

ഞാൻ അവിടെ നിൽക്കാതെ വണ്ടി നിർത്തിയ ഇടത്തേക്ക് നടന്നു .,,,

കാറിനടുത്ത് എത്തി തിരിഞ്ഞപ്പോൾ ഇടത്തോട്ട് നടന്നു പോകുന്ന ആ കുട്ടിയെ ശ്രദ്ധിച്ചു .

പിന്നെ എന്റെ നേർക്കു നടന്നു വരുന്ന ബിബിൻ ,അവന്റെ .മുഖത്തു കൊച്ചു കുഞ്ഞുങ്ങൾ തോറ്റു പോകുന്ന നറു പുഞ്ചിരി ..ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ...തന്നിൽ നിന്നിറങ്ങിപ്പോയ ആത്മാവിനെ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് അവൻ ...

അടുത്ത് വന്നപ്പോൾ മനോഹരമായി ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു 

സാറേ... ഇങ്ങനൊന്നും ആയിരുന്നില്ലാട്ടോ ...എന്തോ ...രു ..ഭംഗി ആയിരുന്നു എന്നറിയോ ...

എന്തോ ...ടെ  നീളം പഴയതിനേക്കാൾ ഇരട്ടി ..

മലകളിൽ ഇരുട്ട് മൂടി തുടങ്ങിയിരിക്കുന്നു ..ബൈക്കിൽ ഞങ്ങൾ ചുരം ഇറങ്ങുകയാണ് ...വായ കൂട്ടി വെക്കാത്ത ബിബിൻ ഒരു മണിക്കൂറിനു മേൽ നിശബ്ദൻ ....നെൽക്കതിർ മണമുള്ള പാലക്കാടൻ കാറ്റ് ഞങ്ങളെ ചുറ്റി  പറക്കുന്നു....അവനെ അവന്റെ ലോകത്തിൽ നിന്നും ഒരു മുരടനക്കം കൊണ്ട് പോലും വിളിച്ചുണർത്താൻ ഞാൻ ആഗ്രഹിച്ചില്ല . പരിമളം പോലെ പ്രണയം കഴുത്തോളം  തിങ്ങി വിങ്ങി മുറ്റിയ അവന്റെ ലോകത്തേ ഹനിക്കാൻ എനിക്കെന്തധികാരം .  

Saturday, February 26, 2022

പോരാട്ടം

 



സ്ട്രഗിൾ ഇന്റെ മലയാളം 

എന്തുവാ മക്കളെ 

പോരാട്ടം ,,പോരാട്ടം.. 

 തീരെ പോരാ,,ലോ   

കൊങ്ങക്ക് പിടിക്കുമ്പോ 

വരണ ഗിൾ..ഗിൾ ഇല്ല 

സ്ട്രഗിൾ മതി 

അപ്പൊ സ്ട്രഗിൾ ഗിൾ..ഗിൾ...


Tuesday, June 6, 2017

150 ദിനങ്ങളുടെ ഏകാന്ത യാത്ര

150 ദിനങ്ങളുടെ ഏകാന്ത യാത്രക്ക് ശേഷം അയാൾ കരയിലേക്ക് അടുക്കുന്നു. വലിയ നേട്ടങ്ങൾ സ്വന്തമാക്കുമ്പോൾ തോന്നാറുള്ള തരം വിരക്തി അയാളെ ബാധിക്കുന്നു. ഉഗ്ര രൂപിയും ആർക്കും പിടി തരാത്തവളുമായ കടലിന്റെ സ്നേഹവും ആർദ്രതയും അയാൾ വീണ്ടും കൊതിക്കുന്നു .എന്തിനാണ് കരയിലേക്ക് പോകുന്നത് എന്നാണ് അയാളുടെ മനസ്സ് ചോദിക്കുന്നത്. ആർത്തലക്കുന്ന്ന കടൽ കരയേക്കാൾ സുരക്ഷിതമാണ് .കരയിൽ എല്ലാത്തിനെയും ഭയക്കണം മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പെരുമാറുമ്പോൾ എല്ലായിപ്പോഴും മുഖംമൂടികൾ അണിയണം .കടലിന്റെ സ്നേഹലാളനങ്ങളിലേക്കു പ്രണയസല്ലാപങ്ങളിലേക്കു തിരിയാൻ അയാളുടെ മനസ്സ് കൊതിക്കുന്നു . Clear ,crisp , devoid of literarydiarrhea, overflowing with an ocean of experience..must read. Commander Abhilah Tomy's -കടൽ ഒറ്റയ്ക്ക് ക്ഷണിച്ചപ്പോൾ — reading Kadal Ottaykku kshanichappol.

Tuesday, December 2, 2014

ഡെഡ് ബോഡി വൈറ്റ്

ചെന്നയിൽ ഒരിടത്ത് ഇരുപതു രൂപയ്ക്കു നല്ല വെള്ള ഷർട്ട് കിട്ടുമായിരുന്നു.ഞാനും രണ്ടെണ്ണം വാങ്ങി ഇന്റെര്വ്യുവിനു
പോവുമ്പോൾ അതിന്റെ കൂടെ ടൈ കെട്ടും. നല്ലോന്നാംതരം
ക്വാളിറ്റി .പിന്നീടു ഒരു തമിളിയൻ സുഹൃത്തിനോട് ചോദിച്ചു
എങ്ങിനെ ഇത്ര  നല്ല ഷർട്ട് ഇരുപത് രൂപയ്ക്ക് വിൽക്കാൻ കഴിയും.
അവൻ പറഞ്ഞത് മിക്കവാറും ശവങ്ങളെ നല്ല വെള്ള ഷർട്ടും മുണ്ടും ഉടുപ്പിച്ചാണ് ചുടുകാട്ടിൽ കൊണ്ട് പോകുന്നത് അത് ഉടായിപ്പിൽ ചിതയിൽ വയ്ക്കും മുൻപ് അവിടുത്തെ പണിക്കാര് ഊരിയെടുത്തു വില്ക്കുന്നതാണെന്ന് .സത്യമോ മിഥ്യയോ പക്ഷെ പിന്നീട് ആ ഷർട്ട് ഇടുന്ന ദിവസം ഞാൻ പറയുമായിരുന്നു ഇന്ന് "ഡെഡ് ബോഡി വൈറ്റ് " ധരിക്കാമെന്ന്.

Tuesday, September 25, 2012

അടിമക്കണ്ണന്‍

എല്ലാവര്‍ക്കും അവരുടെ കോളേജു കാലത്ത് അഭിനയിച്ച ഒരു നാടകത്തെ കുറിച്ച് ചില ഓര്‍മ്മകള്‍ കാണുമല്ലോ അത് പോലെ ഒന്നാണ് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ‍ എന്റെ അവസാനവര്‍ഷ ഡിഗ്രീ കാലഘട്ടം.കോളേജു ഡേ അടുത്ത് വന്നപ്പോള്‍ ഇത്തവണ എല്ലാ പരിപാടികള്‍ക്കും പേരുകൊടുക്കണമെന്നു ഞങ്ങളെല്ലാം തീരുമാനിച്ചു.പേരൊക്കെ രജിസ്റ്റർ ചെയ്തെങ്കിലും അവസാന നാളുകളിലാണ്‌ അല്പം ഗൗരവ്നസ്സ് വന്നത്.പരിപാടികളില്‍ ഒരെണ്ണം സംഘഗാനമാണ്.പൊതുവില്‍ ഈ വിഭാഗത്തില്‍ മത്സരം കുറവാണെന്ന അറിവാണ് ഇതിനു പ്രേരിപ്പിച്ചത്.ജോഷിക്ക് സാക്ഷരത ക്ലാസ്സില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍ കിട്ടിയ ഒരു ഗാനമാണ്,
"പഞ്ചവാദ്യ മുഖരിതം...ഹരിത ഭരിത കേരളം...."
അതിടയ്ക്കും തലക്കും പ്രാക്ടീസൊക്കെ ചെയ്തിട്ടുണ്ട്.അല്പസ്വല്പം പാടാനറിയുന്ന സജീവാണ് ഇതിനൊരു ട്യുണൊക്കെ ഒപ്പിച്ചത്.എന്നാല്‍ ഒരു വഴിക്കും ഞങ്ങള്‍ ഒന്‍പതുപേര്‍ ചേര്‍ന്ന് ഒരേ ശ്രുതിയില്‍ പാടാന്‍ പറ്റുന്നില്ല.ഒരുത്തന്‍ ശ്രുതി പിടിക്കുമ്പോ മറ്റവന്‍ ടെമ്പോ വിടും, രാഗം പന്ത് വരാളിയെങ്കില്‍ താളം ചടപട എന്ന ലൈനിലാണ് കാര്യങ്ങള്‍.ജൂസ് കുടിക്കാന്‍ സ്ട്രോ പോലും,വേണ്ടാത്ത മൂക്കനെ പോലെ മൂക്കുള്ള മുനീറിനോട്,ഇതീന്നെങ്കിലും മാറി നിക്കടാന്നു പറഞ്ഞതിന് അവന്‍ എന്റെ തൊണ്ടയ്ക്കാണ്‌ പിടിച്ചു പൊക്കിയത്.യൂസ്ലെസ്സ് ബെഗ്ഗര്‍! ഒരാളേം ഒഴിവാക്കാൻ പറ്റില്ല,അവസാന ചാന്‍സാണ് എല്ലാവർക്കും സ്റ്റേജില്‍ കയറണം.അതൊരു വഴിക്ക് നടക്കുന്നു.

മറ്റൊരിനം നാടകമാണ്.അന്ന് കാലത്ത് ആധുനിക നാടകങ്ങളുടെ സീസ്സണായിരുന്നു.അതായത് ഒേരേഴുപേര്‍ മുണ്ട് ഒരു മാതിരികോണാന്‍ പോലെ ഉടുത്തു സ്റ്റേജിൽ ബാക്ക്സ്ട്രീറ്റ് ബോയ്സ് ജാടയില്‍ ഒരു പരിചയവുമില്ലാത്തവരെ പൊലെ തെക്കോട്ടും വടക്കോട്ടും വിദൂരതയിലേക്കും നോക്കി നില്‍ക്കും.പെട്ടെന്ന് ഒരുത്തന്‍ സ്റ്റേജിൻറ്റെ നടുവിലേക്ക് ചാടി പറയും,"എനിക്ക് വിശക്കുന്നു".പിന്നെ മൗനം.(പണ്ടൊരു ടീം നാടകത്തില്‍ മൗനം എന്നെഴുതിയത് അതെ പോലെ സ്റ്റേജില്‍ പറഞ്ഞ കഥ ഓര്‍ക്കുമല്ലോ?!)തുടര്‍ന്ന് എല്ലാവരും അവനെ വലംവയ്ക്കും.എന്നിട്ട് താളത്തില്‍ രണ്ടു ചുവടു വയ്ക്കും പിന്നെ ഒന്നിച്ചു പറയും,"നമുക്കൊരുമിച്ചു വിശക്കാം".ഇത്തരം നാടകങ്ങൾ‍ക്കാണ് അന്ന് ഡിമാൻഡ്‌.മാത്രവുമല്ല ഈ മാതിരി നാടകങ്ങള്‍ അവതരിപ്പിച്ചാല്‍,എന്തോ നമുക്ക് കാര്യമായി മനസ്സിലാവാത്ത സംഭവമാണെന്ന് കരുതി ഒരു വിധം കുരുത്തം കെട്ടവനൊന്നും കൂവാനോ ഇടങ്ങേറുണ്ടാക്കാനോ വരില്ല.കൂടാതെ പെണ്‍കുട്ടികളുടെ ഇടയിലാകെ നമ്മുടെ സ്റ്റാറ്റസ്സേ മാറും.ബുദ്ധിയും വിവരവുമുള്ള കലാകാരനായി അറിയപ്പെടാം എന്നത് കൊണ്ട് ഞങ്ങള്‍ തിരഞ്ഞെടുത്തത് "പ്രോമിത്ഥിയൂസ് വീണ്ടും" എന്ന റോമന്‍ നാടകമാണ്.

കുന്നത്തൂര് പഞ്ചായത്ത് വായനശാലയില്‍,ആരും തുറന്നു നോക്കാതെ, കൂനനും കൂറയും വര്‍ഷങ്ങളോളം മേഞ്ഞു നടന്നത് കൊണ്ട് പല പേജുകളും നശിച്ച നിലയിലാണ് ഞങ്ങളതു കണ്ടെത്തതിയത്.അത് ഞങ്ങളെ ബാധിക്കുന്ന ഒരു വിഷയവുമല്ല.അത്തരം പേജുകളും സീനുകളും ഞങ്ങള്‍ ആദ്യമേ കീറിക്കളഞ്ഞു പുസ്തകം മെനയാക്കി.മൊത്തം നാടകവും വായിച്ച് ഒരുപിടിയും കിട്ടാതെ അന്തം വിട്ടു കുന്തം വിഴുങ്ങി പരസ്പരം നോക്കിയ ഞാനും സജീവും "യുറേക്കാ""യുറേക്കാ" എന്ന് വായുവിലെക്കെടുത്തു ചാടി ആഹ്ലാദം പ്രകടിപ്പിച്ചു.ഇത് തന്നെ നമ്മുടെ നാടകം.ഈ നാടകത്തിന്റെ ഗുണഗണങ്ങള്‍ എന്താണെന്ന് വച്ചാല്‍,പ്രോമിത്ഥിയൂസ് ആരാണെന്നോ ഇതിന്റെ വിഷയമെന്താണെന്നോ കോളേജിലെ പത്ത് ശതമാനം പോലും വരാത്ത ഐ .സി യു കേസുകള്‍ക്കെ അറിവുണ്ടാവുളളു.രണ്ടാമതായി ആധുനിക നാടകമായതു കൊണ്ട് എല്ലാവരും ഓരോ കാവിമുണ്ട്‌ മാത്രം ഉടുത്താല്‍ ‍മതി.മൂന്നാമത് നല്ലസ്സല്‍ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകള്‍ ഒരുപാടുണ്ട്,ബോംബര്‍ വിമാനങ്ങള്‍ പോലെ ഓരോ ഡയലോഗുകളും പ്രേക്ഷകന്റെ തിരുമണ്ടയ്ക്ക് മുകളിലൂടെ പിടികൊടുക്കാതെ പറന്നു പോകണം.'കല്പിതഭൂമിയിലെ അഗ്നിനാളങ്ങള്‍ നെഞ്ചിലേക്കേറ്റു വാങ്ങുവാന്‍ പ്രപഞ്ചത്തിന്റെ ഊഷരത മുഴുവന്‍ ഏറ്റുവാങ്ങി പ്രോമിത്ഥിയൂസ് നീ വന്നു ചേരൂ'എന്നൊക്കെ കാണാപ്പാഠ൦ പഠിക്കാന്‍ ഉപയോഗിച്ച ബുദ്ധി വല്ല ലീ ഷാറ്റ്ലിയർ പ്രിൻസിപ്പിളും പഠിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍.... ങേ..ലീ ഷാറ്റ്ലിയർ‍ ആരാന്നോ...ആ ...ആര്‍ക്കറിയാം.

നമ്മള്‍‍ ഒരു നാടകമവതരിപ്പിക്കുമ്പോൾ‍ അതിന്റെ മുഖ്യ അജണ്ട പിരിവാണല്ലോ.ഞങ്ങള്‍ നേതാക്കള്‍ പൊതുവേ പിരിവിടാറില്ല.അതിനൊക്കെ ക്ലാസ്സിലെ പെണ്‍കുട്ടികളാണ് ശരണം.എല്ലാത്തിൻറ്റെ കയ്യീന്നും അന്‍പതും നാല്പതും ഒക്കെ വാങ്ങി മൊത്തം അഞ്ഞൂറ് രൂപയൊപ്പിച്ചു.(അന്ന് ക്ലാസ്സില്‍ ഒന്‍പതു ആണ്‍പിള്ളേരും കൃത്യം ഒന്‍പതുപെൺപിള്ളേരും മാത്രം).

കോളേജിനു മുന്നിലെ ഖാദറിക്കാന്റെ കടേന്നു ഇഡ്ഡലിയും വടയും സുഖിയനുമൊക്കെ കഴിച്ച്‌ നാടകമടുത്തപ്പോഴേയ്ക്കും കയ്യിലുണ്ടായിരുന്ന പൈസ മിക്കവാറും തീര്‍ന്നു.കുറ്റം പറയാന്‍ പറ്റില്ല അതുപോലത്തെ കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളു൦ പറഞ്ഞു,കുട്ടികള് റൈറ്റ് ഓര്‍ റോങ്ങു കളിക്കണ പോലത്തെ ചുവടും വച്ചാല്‍ ആരായാലും തളര്‍ന്നു പോകും.ഒരു ദിവസം റിഹേഴ്സലൊക്കെ കഴിഞ്ഞു കോളേജിനടുത്തെ അരികന്നിയൂര് സ്റ്റോപ്പില്‍നിന്നും ബസ്സില്‍ കയറിയത് പോലും ആ ചുവടു വയ്പ്പിലായിപ്പോയി .പക്ഷെ, ഡ്രൈവർ ആള് കലാബോധമില്ലാത്ത കണ്ട്രി ആയതു കൊണ്ട് അവന്‍ ബസ്സെടുത്തതും ഞാന്‍ പ്രോമിത്ഥിയൂസ് കുത്തി വീണതും ഒരുമിച്ചായിപ്പോയി.

ഞങ്ങൾ നാടകത്തിലൊക്കെ പേര് കൊടുത്തു എന്ന് കേട്ടപ്പോള്‍ കെമിസ്ട്രി ഡിപ്പാർട്ടുമെൻറ്റ് മൊത്തം അത്ഭുതപ്പെട്ടു.പണ്ട് മൂന്നാറില് കാറ്റാടി യന്ത്രം വെച്ച് കരണ്ടുത്പാദിപ്പിക്കാന്‍ വന്ന ഉദൃോഗസ്ഥരോട് നാട്ടുകാര്,'അല്ലെങ്കിലേ ഇവിടെ കനത്ത കാറ്റാണ് ഇനി ഈ കാറ്റാടിയും കൂടി കറക്കി കൊടുംകാറ്റു ഉണ്ടാക്കാനുള്ള പുറപ്പാടാണോ?'എന്ന് ചോദിച്ചപോലെ,അല്ലെങ്കിലേ നിന്നെയൊക്കെകൊണ്ട് ഈ ഡിപ്പാർട്ടുമെൻറ്റിന് നാണക്കേടാണ് ഇനി നീയൊക്കെ അവിടേംകൂടി പരത്തണോടെ'എന്ന പുച്ഛം.ലാബില്‍ ഹൈഡ്രജന്‍ സള്‍ഫൈറ്റ് തീര്‍ന്നെങ്ങാനും പോയാലോ എന്ന് പേടിച്ചു ചീഞ്ഞ മുട്ടയുടെ മണം തന്റെ വായില്‍ നിന്നും ഉത്പാദിപ്പിക്കാന്‍ സദാ സമയവും വായില്‍ ശംഭുവും തിരുകി നടക്കുന്ന അറ്റെന്‍ടെര്‍ ശശാങ്കന്‍ ചേട്ടനൊക്കെയാണ് ഞങ്ങളുടെ പ്രധാന ക്രിട്ടിക് റോഷന്മാര്.

നാടകവും സംഘഗാനവും ഒരേ ദിവസമായിരുന്നു.സംഘഗാനത്തിന് പേരു കൊടുത്തവരുടെ ലിസ്റ്റു പരിശോദിച്ചപ്പോള്‍ വെറും ആറു പേര്.ഞങ്ങളുടെ മന്നസ്സില്‍ ഒരു ആശ്വാസത്തിന്റെ വെളിച്ച ഗോപുരം മിന്നി..കൊള്ളാം!!വലിയ തിരക്കില്ലാത്ത ഓഡിറ്റോറിയത്തിലാണ് മത്സരം.നേരായ വഴിയില്‍ ഹാളില്‍ കയറി പരിചയമില്ലാത്തതുകൊണ്ട് പൂര്‍വികരെപോലെ,കതകില്ലാത്ത ജനാലയിലൂടെ ചാടിക്കയറി എത്തിനോക്കി.കോളേജിലെ പ്രമുഖ പാട്ടുകാരന് ‍കുറച്ചു പെൺകുട്ടികളുമൊത്ത് ഒരു ഗാനമാലപിക്കുന്നു.നല്ല ഈണത്തില്‍ നല്ല ഹാർമണിയില്‍.അവന്‍ പാടുന്ന വരികളുടെ ബാക്കി,പെണ്‍കുട്ടികള്‍ പാടുന്നു.ആകെമൊത്തം ഒരു ജുഗല്‍ബന്ദി,എല്ലാവരും ലയിച്ചിരിക്കുകയാണ്.അടുത്തത് ഞങ്ങളുടെ ഊഴമാണ്.ഞാന്‍ സജീവിനെനോക്കുന്നു സജീവ്‌ എന്നെ നോക്കുന്നു,ബാക്കി ഏഴുപേരും ഞങ്ങള്‍ ഇരുവരെയും നോക്കുന്നു.ഒരുമിച്ചു പറയുന്നു,മുങ്ങാം...
പൊങ്ങുന്നത് നാടകം നടക്കുന്ന ഓഡിറ്റോറിയത്തിൽ‍.എത്ര നാടകങ്ങള്‍ ഉണ്ടെന്നു നോക്കുമ്പോള്‍ ഇരുപത്തിയാറെണ്ണം,എല്ലാ എരണം കെട്ടവനും ഇപ്രാവശ്യം നാടകത്തിനു പേര് കൊടുത്തിട്ടുണ്ട്.ചിലപ്പോള്‍ നാലോ അഞ്ചോ നാടകങ്ങള്‍-'ഒരു കൊലയുടെ അന്ത്യം','മാതൃഭൂമിക്ക് വേണ്ടി','ബാലചന്ദ്രന്‍ ചുള്ളിക്കാട്','ചെമ്പില്‍ ജോണ്',ടൈപ്പ് ഉടായിപ്പ് നാടകങ്ങളാവാം.എന്നാല്‍ ബാക്കി ഇരുപതെണ്ണമെങ്കിലും ഹെവി വെയിറ്റ് കലാകാരന്മാരുടെ നാടകങ്ങളാണ്.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ എട്ടാണ്‌.വേണോ വേണ്ടയോ എന്നാലോചിച്ചു നില്‍ക്കുമ്പോഴേക്കും ഫൈനല്‍ കെമസ്ട്റിക്കാര്‍ സംഘഗാനമത്സരത്തില്‍ പങ്കെടുത്തില്ല എന്ന വിവരം പാട്ടായിരിക്കുന്നു,ഇവര് വെറുതെ അലമ്പുണ്ടാക്കാന്‍ എല്ലായിടത്തും പേര് കൊടുത്തതാണെന്ന ഒരഭ്യൂഹം ഉയര്‍ന്നിരിക്കുന്നു.എങ്ങിനെയൊക്കെയോ ചില രാഷ്ട്രീയ സുഹൃത്തുക്കളെ പിടിച്ചു ചെസ്റ്റ് നമ്പര്‍ പതിനെട്ടാക്കി.ഇനിവേണം മേയ്ക്കപ്പ് തുടങ്ങാന്‍.കുറെ കാവിമുണ്ട് മാത്രമേ ഞങ്ങള്‍ പ്രോപ്പായി കൊണ്ട് വന്നിട്ടുള്ളു.മുന്‍ തീരുമാനപ്രകാരം വിഗ്ഗും താടിയും മീശയും കൊണ്ടുവരേണ്ട സതീഷ്‌ കാലുമാറി.ഉണ്ടായിരുന്ന അഞ്ഞൂറില്‍ ഇനി ബാക്കി നാല്‍പ്പതു രൂപയുണ്ട്.പിരിവൊക്കെ നടത്തി നാടകം നടത്തിയില്ലെങ്കില്‍ മോശമാണ്.രണ്ടും കല്പിച്ചു തയ്യാറെടുപ്പുതുടങ്ങി.

സതീഷ്‌ തൊട്ടപ്പുറത്തെ ഹാര്‍ഡ്‌വെയര്‍ കടയില്‍നിന്നും ഒരുകുപ്പി പശ വാങ്ങിവന്നു.പിന്നെ കുറേ കരിയും ഒപ്പിച്ചു.അന്നൊക്കെ മുടി പിന്നിലേക്ക്‌ നീട്ടിവലര്‍ത്തുന്ന പങ്ക് സ്റ്റൈലാണ് പിറകിലെ പങ്കില്‍ നിന്നും മുടി വെട്ടിയെടുത്തു.മുഖത്ത് പശപുരട്ടി മുടി നിരനിരയായി ഒട്ടിച്ചു വച്ചു.എല്ലാവർക്കും താടിയും മീശയുമായി.
നാടകം നമ്പര്‍ പതിനാറായപ്പോള്‍ ചിലര്‍ ഞങ്ങളോട് കെഞ്ചി 'ഞങ്ങള്‍ ഒരു ചെസ്റ്റ് നമ്പര്‍ മുന്‍പ് ചെയ്തോട്ടെ'.അമ്പതു രൂപയ്ക്ക് ചെലവു ചെയ്‌താല്‍ നമ്പര്‍ തരാമെന്നു ഞങ്ങളേറ്റു.(ഏറ്റവും ഒടുവില്‍ നടത്തിയാല്‍ അത്രയും കുറച്ചു കൂവലും ബഹളവുമല്ലേ ഉണ്ടാവൂ)അങ്ങിനെ ഉന്തിത്തള്ളി ചെസ്റ്റ് നമ്പര്‍ ഇരുപത്തൊന്നു വരെ എത്തിച്ചു.അപ്പോഴേക്കും സമയം വൈകിട്ട് നാലുമണിയായി.ഓഡിറ്റോറിയത്തിലെ തിരക്ക് കുറയുന്നത് കണ്ടു ഞങ്ങള്‍ക്ക് സന്തോഷവും കാര്യമായി പ്ലാന്‍ ചെയ്തവര്‍ക്ക് വിഷമവുമായി.ഞങ്ങളുടെ ചെസ്റ്റ് നമ്പര്‍ അറുപതു രൂപയ്ക്ക് ഒരു ടീം വന്നു ചോദിച്ചു.വീണ്ടും മാറ്റാന്‍ വേണ്ടി കമ്മറ്റിയില്‍ ചെന്നപ്പോള്‍ അവിടുത്തെ ഒരംഗം പ്രശ്നമുണ്ടാക്കി,'ഇനി മാറ്റാന്‍ പറ്റില്ല അടുത്തത് നിങ്ങളുടെ ഊഴമാണ്'.

വേദിയില്‍ കയറുമ്പോഴാണ് അറിയുന്നത് മൂപ്പനായി അഭിനയിക്കുന്ന ജോഷിയെ കാണാനില്ല. ആകെ ബഹളമായി.കോളേജു ഡേ എന്നൊക്കെയാണ് പേരെങ്കിലും സംഗതി ആ വര്‍ഷത്തെ മുഴുവന്‍ പരിഭവംസും തല്ലി കോംബ്ലിമെന്റ്സ് ആക്കാനുള്ള ഒരു വേദി കൂടിയാണ്. അതോ മേയ്ക്കപ്പിട്ടതോടെ കമലഹസ്സനെപ്പോലെ കഥാപാത്രമായി മാറി വല്ല കാട്ടിലെക്കും പോയോ.! പറങ്കിമാവിന്‍ കാട് കടന്നു വേലിയും ചാടിയാല്‍ എത്തുന്ന കള്ള് ‌ഷാപ്പില് വരെ അന്വേഷണം നീണ്ടു...
അപ്പോഴാണ് അവിടെയിരുന്നു


"ചക്ഷുക്ഷമാം രണാങ്കണത്തിൽ
നൃപനാം മനുഷ്യന്‍ മരിക്കുന്നു
നിമ്നോനതമാം മാനസ പങ്കുരത്തില്‍ ..."

എന്ന തന്റെ ആദ്യ കവിതാ സമാഹാരം കൂലി പണിക്കാരേം ചെത്ത്‌ തൊഴിലാളികളേം കേള്‍പ്പിച്ചു അതിലെ കട്ടിക്കുള്ള വാക്കുകളുടെ അര്‍ത്ഥതലങ്ങള്‍ ‍വര്‍ണിച്ചു കൊണ്ടിരിക്കുന്ന ജോഷിയെ കിട്ടിയത്.ഞങ്ങൾ വന്നപ്പോളാണ് അവര്‍ക്ക് ആശ്വാസമായത്,അവർ സന്തോഷസമേതം അവനെ ഞങ്ങളെ ഏല്‍പ്പിച്ചു.സംഭവം മറ്റൊന്നുമല്ല സ്റ്റേജ്ഫിയര്‍ തീര്‍ക്കാനാണ് പോലും,കള്ള ബ്രൂട്ടസ്.


എന്തായാലും നാടകം തുടങ്ങി.ഞാനും സജീവും ചേര്‍ന്നുള്ള ആദ്യത്തെ സീന്‍ വലിയ തരക്കേടില്ലാതെ കഴിഞ്ഞു.ഞാന്‍ അടിമയും സജീവ്‌ എന്നെ കുരുതികൊടുക്കാന്‍ പോകുന്ന ദുഃര്‍മന്ത്രവാദിയുമാണ്.സജീവിന്റെ കഥാപാത്രത്തിനു ചെയ്തിരിക്കുന്ന മേയ്ക്കപ്പ് കണ്ടാല്‍ ചിരിക്കാതെ ഒരു ഡയലോഗ് പോലും പറയാന്‍ പറ്റില്ല.എഴുപതുകളിലെ കൃതാവും ഊശാന്‍ താടിയും മീശയുമൊക്കെയായി....എന്റെ സഹാറാ മരുഭൂമി പോലത്തെ മുഖത്ത് കുറ്റിത്താടി.ഏതായാലും അടുത്ത സീനില്‍ ജോഷിയും സതീശുമാണ്.അവര്‍ അഭിനയിക്കുമ്പോള്‍ ഞങ്ങള്‍ സ്റ്റേജിനടുത്തുനിന്നു പ്രോമ്പ്റ്റ് ചെയ്യും.പിന്നത്തെ സീനില്‍ ഞാനും സജീവും വീണ്ടും.അപ്പോള്‍ ജോഷിയാണ് പ്രോമ്പ്റ്റര്‍.

ഉച്ചമുതല്‍ ഒന്നും കഴിക്കാത്തതുകൊണ്ട് എമണ്ടന്‍ ഡയലോഗൊന്നും വായില്‍ നിന്നും പുറത്ത് വരുന്നില്ല.പ്രതീക്ഷിച്ചതുതന്നെസംഭവിച്ചു,ഒരിടത്തുവച്ച് സജീവ്‌ ഡയലോഗ് മറന്നു.അവന്‍ മറന്നതോടെ ഞാനും അടുത്തതിന്റെ തുടക്കം മറന്നു.അവന്‍ അന്തം വിട്ടു എന്നെ നോക്കി ഞാന്‍ ബോധം കേടുമാറ് അവനേം.കാണികളും ജട്ജുകളും അന്തവും കുന്തവുമറിയാതെ ഞങ്ങളെ ആകാംക്ഷയോടെ നോക്കിയിരിക്കുന്നു.ഭൂമി അതിന്റെ അച്ചു തണ്ടില്‍ ഒരുനിമിഷം സ്തംഭിച്ചു നിന്നതുപോലെ.പ്രോമ്പ്ടു ചെയ്യേണ്ട ജോഷി സെക്കണ്ട് ബി എസ്സിയിലെ പ്രവീണയെ നോക്കി മിഴിച്ചു നില്‍ക്കുന്നു.ആ ടൈമിൽ ആ വേളയില്‍ സജീവ്‌ തനതു നാടകത്തിന്റെ സ്റ്റെപ്പു വച്ച് എന്റെ ചെവിക്കടുത്തു വന്നു പറഞ്ഞു,നമുക്ക് രണ്ടുറൗണ്ട് നടക്കാം!!സ്ഥലകാലബോധം വീണ്ടെടുത്ത ഞാനും അവനെ അനുഗമിച്ചു.പ്രവീണയില്‍ നിന്ന് ജോഷി തിരിച്ചു വരുന്നത് വരെ അത് തുടര്‍ന്നു.ഞെട്ടിയുണര്‍ന്ന ജോഷി എവിടുന്നോ ഒരു ഡയലോഗ് പ്രോമ്പ്റ്റ് ചെയ്തു,അത് വച്ചു ഞങ്ങള്‍ പിടിച്ചു കയറി.

എന്റെ അടിമ കഥാപാത്രത്തെ ചവുട്ടി ഞെരിച്ചു കൊല്ലാന്‍ കൊണ്ട് പോകുന്ന ഒരു സീനുണ്ട്.അത് മറന്ന സജീവിന്റെ നേര്‍ക്ക്‌ ഞാന്‍,കൊണ്ട് പോയി കൊല്ലെടാ എന്ന രീതിയിൽ കൈ ഉയര്‍ത്തുകയായിരുന്നു.എന്റെ കയ്യിലെ കെട്ട് അഴിക്കാന്‍ കഴിയാതെ വില്ലനായ ജോഷിമൂപ്പന്‍ വിയര്‍ത്തു.ജോഷിയെ നായകനായ സതീഷ്‌ അടിക്കുന്ന സീനില്‍ വായ്‌ നോക്കിനിന്നതിന്റെ മുഴുവന്‍ ദേഷ്യത്തിലും കനത്ത ചവിട്ടു കൊടുത്തു.
നാടകം കഴിഞ്ഞപ്പോള്‍ ഇതെല്ലം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഞങ്ങള്‍ക്ക് അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്‌.മുഖം ചുളുചുളുന്നനെ ചൊറിയുന്നു.കഴുകിയിട്ടൊന്നും ഒട്ടിപ്പിടിച്ച രോമങ്ങള്‍ വിട്ടു പോവുന്നില്ല.അന്ന് ടി.വി.യില്‍ വന്നിരുന്ന-മരക്കഷണങ്ങള്‍ ഒട്ടിച്ചുചേർത്ത് ഒരു വശത്ത് ആനയും മറുവശത്ത് കുറെ തടിയന്മാരും നിന്ന്:- "ആഞ്ഞു വലിക്കൂ...ഹൈലസ്സ...നീട്ടിവലിക്കൂ...ഹൈലസ്സ...മനസ്സിലാക്കുന്നേയില്ല!! ഇത് ഫെവികോള്‍ കൊണ്ട് ഒട്ടിച്ചതാണ് ആന വലിച്ചാലും ഇളകാത്ത ഉറപ്പ്".എന്ന പഞ്ച് ലൈന്‍ സത്യമായിരുന്നു എന്ന് ഞങ്ങള്‍ അന്നാണ് മനസ്സിലാക്കിയത്.

ഇതൊന്നു കളഞ്ഞു തന്നാല്‍ ഗുരുവായൂര്‍ നടയുടെ പരിസരത്തെവിടെയെങ്കിലും തെണ്ടി നടന്നു സെറ്റ്സാരിയുടുത്ത് വരുന്ന പെണ്‍കിടാങ്ങളെ വായ്നോക്കാമായിരുന്നു.എന്റെ മൂന്നു വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഞാന്‍ ക്ലാസ്സില്‍ ഇരുന്നതിനേക്കാള്‍ ആ പരിസരത്തായിരുന്നു ഉണ്ടായിരുന്നത്.പക്ഷെ പഠിച്ചപണി പതിനെട്ടു പയറ്റിയിട്ടും രോമങ്ങള്‍ വിട്ടുപോവുന്നില്ല.വെളിച്ചെണ്ണ പുരട്ടി,മണ്ണെണ്ണ പുരട്ടി,നോ രക്ഷ.ചിലര് ഗുരുവായൂരപ്പന് നേർച്ചനേര്‍ന്നു പക്ഷെ എന്തോ ഇതൊരു രോമ കേസായതുകൊണ്ടാണെന്നു തോന്നുന്നു മൂപ്പരും മൈന്‍ഡ് ചെയ്തില്ല.അവസാനം ഗില്ലെറ്റിന്റെ റേസര്‍ വാങ്ങി ഷേവ് ചെയ്തു നോക്കി.കുറച്ചൊക്കെപോയി,പക്ഷെ മുഖം അപ്പോഴേക്കും ചോരപൊടിഞ്ഞു ഫുട്ബോൾ‍ പോലെ വീര്‍ത്തു...നീറ്റലും പുകച്ചിലും...അപ്പോഴും ചില രോമങ്ങള്‍ പോരുന്നില്ല.

ഈ സമയം കൊണ്ട് ബാക്കി അഞ്ചാറു നാടകങ്ങള്‍കൂടി തീര്‍ന്നു.ഞങ്ങള്‍ പെട്ടിയും പ്രമാണവുമൊക്കെയായി പോവാൻവേണ്ടി പടിക്കലെത്തിയപ്പോഴാണ് അനൗൺസ്മെൻറ്,നാടകമത്സരം ഒന്നാം സ്ഥാനം സെക്കന്റ് ബി.എ.ഹിസ്ടറി,രണ്ടാം സ്ഥാനം...പിന്നെ എന്റെ പട്ടി കേള്‍ക്കും,മൂന്നാം സ്ഥാനം ഫൈനല്‍ ബി.എസ്സി.കെമസ്ട്രി.ആ മത്തങ്ങാ മുഖം ഒന്ന് കൂടി വികസിക്കുമാറ് അന്തം വിട്ടു നിന്നത് മാത്രം ഓര്‍മ്മയുണ്ട്.കലാഭവന്‍ മണി സമ്മാനം കിട്ടാഞ്ഞിട്ടാണ് ബോധം കെട്ടതെങ്കില്‍ സമ്മാനം കിട്ടിയതറിഞ്ഞു ബോധം കേട്ട ഒരേ ഒരു ടീം ഞങ്ങളായിരിക്കും.

അടുത്ത ദിവസം കോളേജില്‍ വന്നപ്പോഴാണ് അറിഞ്ഞത്,ഞങ്ങളുടെ നാടകത്തിന് രണ്ടാം സ്ഥാനം തരുന്നതിനു രണ്ടു ജട്ജുമാര്‍ ശക്തമായി‍ വാദിച്ചെന്നും എന്നാല്‍ കോസ്ട്യൂമിലെ പിഴവുകൊണ്ടാണ് അത് നഷ്ടമായതെന്നും.ഞാനും സജീവും അഭിനയിച്ച രംഗങ്ങളായിരുന്നത്രേ ഏറ്റവും മികച്ചത്!അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല,ഒരു ഡയലോഗ് പോലും കിട്ടാതെ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ലോകത്തെ എല്ലാ ഭാവങ്ങളും മുഖത്ത് വന്നു മറയും.
O.T
ഇന്നിപ്പോള്‍ കാലം എല്ലാവരെയും നാടുകടത്തി.ആണ്‍കുട്ടികളില്‍ ഏഴു പേരും ഇന്ന് ദുബായില്‍.നാടുവിട്ടു പോവില്ലെന്ന് ശഠിച്ചിരുന്ന ഞാന്‍ ഒടുവില്‍ ഭൂഖണ്ടമേ വിട്ടു.എന്തോ അറം പറ്റിയതാണോ എന്നറിയില്ല,അടിമയായി അഭിനയിച്ച ഞാന്‍ അടിമക്കണ്ണന്മാരുടെ നാടായ ആഫ്രിക്കയില്‍ ഒരു തദ്ദേശീയന്റെ സ്ഥാപനത്തില്‍ അടിമയായി ജീവിക്കുന്നു.

Monday, March 5, 2012

കേരളത്തില്‍ എത്ര റെപ്പായിമാര്‍



ഏകദേശം നാലര വര്‍ഷത്തോളം ഞാനൊരു മെഡിക്കല്‍ റെപ്പായിരുന്നു.അതിനുശേഷമാണ് ഓന്ത് മൂത്ത് ഉടുമ്പാകുന്നതുപോലെ 'ഡാമേജരും', 'റീജ്യണല്‍ ഡാമേജരും'ഒക്കെ ആവുന്നത്.ആദ്യ പോസ്റ്റിങ്ങ്‌ കൊല്ലത്ത്. അവിടെ വിക്ടോറിയാ ഗവൺമെന്റ്റ് ആശുപത്രിയില്‍ പുത്തന്‍ ലെതര്‍ മണക്കുന്ന മെഡിക്കല്‍ ബാഗില്‍ സാമ്പിളുകള്‍ അടുക്കിക്കൊണ്ടിരുന്ന എന്റെ അരുകില്‍ വന്ന് ഒരു അമ്മച്ചി ചോദിച്ചു,'പിള്ളേ നേരം സന്ധ്യയായല്ല് ,ഇത് വരെ ഒരു മരുന്നും വിറ്റില്ലേ?'അതിലെ നര്‍മ്മം ഓര്‍ത്തു ചിരിയും അവരുടെ കണ്ണിലെ കനിവിന്റെ നനവോര്‍ത്ത് നൊമ്പരവും അനുഭവിച്ചു, പിറവി സിനിമയില്‍ പ്രേംജി ചിരിച്ചപോലെ പകുതി ഹാസ്യവും മറുപകുതി ശോകവും പകര്‍ത്തി ചിരിച്ചുനിന്നതെ ഓര്‍മ്മയുള്ളൂ.അന്നും ഇന്നും പൊതുവേ ജനത്തിനു മെഡിക്കല്‍ റെപ്പിന്റെ ജോലിയെക്കുറിച്ച് ഇതിലതികം വിജ്ഞാനം വന്നിട്ടുണ്ടെന്ന് അത്ര ഉറപ്പില്ല.ഇന്നും മിക്കവര്‍ക്കും അറിയുന്ന ഒരു മരുന്ന് കമ്പനി " ഗ്ളാസ്കോ " ആവാനേ തരമുള്ളൂ.

കൊല്ലത്തൊക്കെ പറയണത് 'എടേ നീയും റപ്പായിയായോടെയ്?ഡേയ് ഇപ്പം ചുമ്മാ ഒരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളണത് , റപ്പിനാണ് ',എന്നൊക്കെ എന്തെല്ലാം തമാശകള്‍ .പൊതുവില്‍ റപ്പായികള്‍ക്ക് തൊഴില്‍ നിലവാരം കുറവാണ്.അതിനു വളം വയ്ക്കാന്‍ മലയാളത്തില്‍ കുറെ സിനിമകുളും വന്നു.'അയലത്തെ അദ്ദേഹം','കൌതുക വാര്‍ത്തകള്‍ ','ധനം','പ്രശ്നം ഗുരുതരം'...മിക്കവാറും എല്ലാ ചിത്രങ്ങളിലും മെഡിക്കല്‍ റെപ്പ് വെറും ഊള.മദ്യപാനി,നഴ്സുമാരെ കറക്കുന്നവന്‍ ,വാചകമടിവീരന്‍ ,ഉളുപ്പില്ലാത്ത്തവന്‍ .....! എന്തൊക്കെയാണെങ്കിലും അല്പമെങ്കിലും ഈ തൊഴിലിനോട് ആത്മാര്‍ഥമായ സമീപനം കാണിച്ച ചിത്രം ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത'പ്രശ്നം ഗുരുതരം'ആണ്.അത്യാവശ്യം കാര്യ ഗൌരവത്തോടെ ഈ തൊഴില്‍ ചെയ്യുന്നവരോട് ചര്‍ച്ചചെയ്തായിരിക്കും മേനോന്‍ ഈ ചിത്രം എടുത്തത്. അപ്പൊ മേനന് ഇമ്മട വക ഒരു "റോയല്‍ സല്യൂട്ട്".    

കൊല്ലം കടപ്പാക്കടയിലെ ലോഡ്ജില്‍ താമസിച്ചിരുന്ന കാലത്ത് അവിടെ സഹായിയായുണ്ടായിരുന്ന മുരുകന്‍ സാമ്പിള്‍ മരുന്ന് വരുമ്പോള്‍ ഓരോന്നെടുത്തു വയ്കുംമ്പോഴും    അതിന്റെ ഉപയോഗങ്ങള്‍ ചോദിച്ചു മനസ്സിലാക്കും.വയറു വേദനയുടെ മരുന്നാണെന്ന് പറഞ്ഞാല്‍ അഞ്ചു മിനിട്ട് കഴിയുമ്പോഴേക്കും വാതിലില്‍ മുട്ട് കേള്‍ക്കാം.'അണ്ണോ വയറു വേദനിക്കണ്,ആ മരുന്ന് താ അണ്ണോ'.പിന്നീട് മിക്കവാറും മരുന്നുകള്‍ വന്നിറങ്ങുമ്പോള്‍ ഗര്‍ഭിണികള്‍ക്കുള്ളതാണ് എന്ന് പറഞ്ഞാണ് ,അവന്റെ ഈ എക്സസീവ് ഡ്രഗ്ഗ് ഇന്‍ടേക്ക് ഫോബിയാക്ക്‌ ഞങ്ങള്‍ തടയിട്ടിരുന്നത് .റെപ്പിന്റെ കയ്യിലെ മരുന്നുകള്‍ക്ക് വീര്യം കൂടുമെന്നാണ് പറയപ്പെടുന്നത്‌.മരുന്ന് കഴിച്ചു ഗര്‍ഭണനാകെണ്ടെന്നു കരുതിയാവണം അവന്‍ അവിടെ അധികം ചുറ്റിക്കറങ്ങാറില്ല.(ഈ ഐഡിയക്ക് കടപ്പാടും ഒരു ഡോക്ടര്‍ക്കാണ് പുള്ളി മെഡിസിനു പഠിക്കുമ്പോള്‍ അതാതു കാലത്ത് പഠിക്കുന്ന രോഗ ലക്ഷണങ്ങള്‍ തനിക്കുള്ളതായി തോന്നുമായിരുന്നു പോലും ആകെ ഒരു ആശ്വാസം പ്രേഗ്നന്‍സിയെ കുറിച്ച് പഠിപ്പിക്കുമ്പോഴായിരുന്നു) .
    
കാര്യങ്ങളെന്തൊക്കെയായാലും മനേജര്‍ ആയപ്പോഴാണ് ഒരുകാര്യം തീര്‍ത്തും ബോധ്യപ്പെട്ടത് :-ഭൂമിമലയാളത്തില്‍ റെപ്പാകാന്‍ ആളെ കിട്ടുക എളുപ്പമല്ല!!നാട്ടില്‍ തൊഴില്‍ കിട്ടാത്തതുകൊണ്ടാണ് ഗള്‍ഫിലേക്ക് പോയത് എന്നൊക്കെ പറയുന്നവരോട് കലശലായ വിരോധം തോന്നിയതും ആ കാലത്താണ്.എത്രയെത്ര കോളേജുകള്‍ കയറിയിറങ്ങി...ഡിഗ്രി കഴിഞ്ഞ കുട്ടികളുടെ നമ്പരും അഡ്രസ്സുമെല്ലാം വാങ്ങി,റെപ്പവുന്നോ എന്ന് ചോദിച്ചാല്‍ അവന്റെ പുഞ്ഞം..എങ്കിലും അങ്ങനെ പുഞ്ഞം കാണിച്ച എത്രയോ പേരെ, പിന്നീട് ഈ ജോലിയുടെ ഗുണങ്ങള്‍ മനസ്സിലാക്കി പല കമ്പനികളിലും വലിയ നിലകളില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.എങ്കിലും സ്വന്തം പെങ്ങള്‍ക്ക് വിവാഹാലോചനയുമായി വരുന്നത് റെപ്പാണെങ്കില്‍ ആരും ഒന്ന് മടിക്കും.വെറും ഗ്രാജ്വേറ്റിനും ഇരുപതിനായിരം രൂപ വരെ സ്ടാര്‍ട്ടിംഗ് സാലറി കിട്ടുന്ന ചുരുക്കം ചില ജോലികളില്‍ ഒന്നാണിത്.അല്പം തന്റേടവും ചലഞ്ചിങ്ങായ ടാര്‍ഗെറ്റുകള്‍ ഏറ്റെടുക്കാനുള്ള അഭിവാഞ്ജയും ഉണ്ടെങ്കില്‍ ആര്‍ക്കും ഇതിലേക്കിറങ്ങാം.

പറഞ്ഞു പറഞ്ഞു ഇതൊരു റപ്പായി പുരാണം ആയി മാറിയെങ്കിലും റപ്പായിരുന്നപ്പോഴത്തെ ഒന്ന് രണ്ടനുഭവങ്ങള്‍ കൂടി വിവരിക്കണമെന്നുണ്ട്. 

തൊണ്ണൂറുകളുടെ അവസാനത്തില്‍ ഞാന്‍ ജോലിചെയ്തിരുന്നത് ഒരു വമ്പന്‍ മള്‍ട്ടി നാഷണല്‍ ഔഷധ കമ്പനിയിലായിരുന്നു.ഈ കാലയളവില്‍ മാർക്കറ്റിൽ ഹെപ്പറൈറ്റിസ് ബി വാക്സിൻ ലഭ്യമായിരുന്നെങ്കിലും സാധാരണ ജനങ്ങൾ ഈ രോഗത്തെക്കുറിച്ചോ വാക്സിനെകുറിച്ചോ ബോധവാന്മാരായിരുന്നില്ല.വര്‍ഷങ്ങളോളം നീണ്ടു നിന്ന പൊതു വിജ്ഞാന പരിപാടികളിലൂടെ ജനം ഈ വാക്സിനെ കുറിച്ചും സ്വന്തം കുഞ്ഞുങ്ങള്‍ക്കും തങ്ങള്‍ക്കും വാക്സിനെടുക്കുന്നതിന്റെ ഗുണഗണങ്ങളെ കുറിച്ചും അറിഞ്ഞുവരുന്ന കാലം.പക്ഷെ ഈ കാലഘട്ടത്തില്‍ തന്നെ ചില ഇന്ത്യന്‍ കമ്പനികള്‍ ഈ വാക്സിന്‍ ഉത്പാദിപ്പിക്കുകയും മാര്‍ക്കറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയിരുന്നു.എന്നാല്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ മനസ്സിലും കയറിക്കൂടാന്‍ താമസിക്കുന്നതിനാല്‍ മരുന്ന് വില്പനയ്ക്ക് മറ്റൊരു കളം കൂടി ആരംഭിക്കപ്പെട്ടു.അന്ന് ഐ എ പിയുടെ ഗയ്ട്ലൈന്‍സിലോ സര്‍ക്കാര്‍ കമ്പത്സറി വാക്സിനേഷന്‍ പ്രോഗ്രാമുകളിലോ ഹെപ്പറ്റൈറ്റിസ് ബി ഉള്‍പ്പെടുത്തപ്പെട്ടിരുന്നില്ല.അതുകൊണ്ടുതന്നെ ജനങ്ങളെ നേരിട്ട് ഈ രോഗത്തെ കുറിച്ച് പ്രബുദ്ധരാക്കുന്നതിനും അതിനുള്ള കുത്തിവയ്പ്പുകള്‍ നല്‍കുന്നതിനും വന്‍ ക്യാമ്പുകള്‍ രൂപപ്പെടുകയും ചെയ്തു. 

ഒരു ഭംഗിവാക്കിന് മെഡിക്കല്‍ റെപ്പുകള്‍ കമ്പനികളുടെ അംബാസിഡർമാരാണെന്ന് പറയുകയും കോള്‍മയിര്‍ കൊള്ളിക്കുകയും ഒക്കെ ചെയ്യുമെങ്കിലും യഥാതഥയില്‍ ടാര്‍ഗറ്റ് അച്ചീവ്‌ ചെയ്യുക എന്നത് തന്നെയാണ് സെയില്‍സ്മാന്‍ കാറ്റഗറിയില്‍ വരുന്ന ഇവരുടെ ഉത്തരവാദിത്വം.ഡെമോക്ളിസ്സിന്റെ വാളുപോലെ തലക്കുമുകളില്‍ തൂങ്ങിക്കിടക്കുന്ന ടാര്‍ഗെട്റ്റ് ഷീറ്റുകളില്‍ നിന്നുള്ള മോചനത്തിന് വേണ്ടിയാണ് അവര്‍ അലക്കിത്തെച്ച്ച്ച ഷര്‍ട്ടുമിട്ട് ടൈയുംകെട്ടി തേരാപാരാ അലയുന്നത്.ഇത്തരം ക്യാമ്പുകള്‍ ഒന്നുരണ്ടെണ്ണം എന്റെ ഏരിയയിലും എതിര്‍ കമ്പനികള്‍ നടത്തിയപ്പോള്‍ ഇതൊരു കലക്കന്‍ ഐഡിയയാണല്ലോ എന്നെനിക്കും തോന്നി.ഒരു മാസത്തെ ടാര്‍ഗെട്റ്റ് ഒറ്റയടിക്ക് എത്തിക്കാം. അതായത് അത്രയും തെണ്ടലും   ടെന്‍ഷനും കുറയ്ക്കാം
സാധാരണ പൌരസമിതികളാണ് ക്യാമ്പുകള്‍ നടത്തുന്നത്.എഴുപതു രൂപയ്ക്കും നൂറു രൂപയ്ക്കുമെല്ലാം വാക്സിന്‍ നല്‍കിയിരുന്നു.ഇതിലോരല്പം പണം,നടത്തുന്ന സമിതിക്ക് കിട്ടുമെന്ന് മാത്രമല്ല നാട്ടിലൊരു ക്യാമ്പ്‌ നടത്തിയെന്ന ഖ്യാതിയും അല്പസ്വല്പം ആളാവലും എല്ലാം നടക്കും.ഇങ്ങനെയുള്ള അവസരത്തില്‍ ഞാനും ഈ ആകര്‍ഷണത്തില്‍ വീഴുകയും ഒന്നുരണ്ടു ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു.സാധാരണ ഗതിയില്‍ ടാര്‍ഗറ്റ് ഷീറ്റ് തരുന്നത് വരെ,'വീ ഹാവ് റ്റു ഡൂ ഇറ്റ്'എന്ന് പറയുകയും ടാര്‍ഗറ്റ് ഏക്‌സപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ 'ഐ ഡോൺട് നോ ഹൗ ..ബട്ട്‌ യൂ ഹാവ് ററു ഡൂ ഇറ്റെന്നും'പറയുന്ന വര്‍ഗ്ഗമാണ് മാനേജര്‍മാര്‍.എന്നാല്‍ ഉള്ളത് പറയണമല്ലോ എന്റെ മാനേജര്‍ തീര്‍ത്തും മാന്യനായിരുന്നു.ഇത്തരം ക്യാമ്പുകള്‍ വളരെ സൂക്ഷിച്ചും കണ്ടുമൊക്കെയേ ചെയ്യാവൂ എന്നും ലയന്‍സ്, റോട്ടറി എന്നീ സംഘടനകള്‍ നടത്തുന്ന ക്യാമ്പുകള്‍ക്ക് മുൻഗണന കൊടുക്കണമെന്നും അദ്ദേഹം എന്നും ഉപദേശിച്ചിരുന്നു.എന്നാല്‍ ചെറുപ്പത്തിന്റെ തിളപ്പിലും ആവേശത്തിലും കോമ്പറ്റിറ്റിവ് കമ്പനികള്‍ നടത്തുന്നതിനേക്കാള്‍ കൂടുതല്‍ ക്യാമ്പുകള്‍ ചെയ്യണമെന്ന വാശിയിലും ഞാന്‍ പല ക്യാമ്പുകളും നടത്തി.അങ്ങനെ ഇരിക്കുന്നതിനിടക്ക്,എനിക്ക് നല്ല പരിചയമുള്ള ഒരു ഫാര്‍മസിസ്റ്റ് അവരുടെ നാട്ടില്‍ ഒരു മഞ്ഞപ്പിത്തം കുത്തിവയ്പ് ക്യാമ്പ്‌ നടത്താന്‍ എന്നെ സമീപിച്ചു.അപ്പോഴേക്കും എനിക്ക് ഇതെല്ലം നടത്തി നല്ല പരിചയമായിരുന്നു.മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രസിദ്ധരായ ചില ഡോക്ടര്‍മാരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു.ക്യാമ്പ് നടത്തുന്നിടത്തേക്ക്  ചില ഡോക്ടര്‍മാരെയും നഴ്സുമാരെയും സംഘടിപ്പിച്ചു തന്ന്‌ അവര്‍ സഹായിച്ചിരുന്നു. 

ഈ പറഞ്ഞസ്ഥലം തിരുവനന്തപുരതതുനിന്ന് ഏകദേശം അൻപത്തഞ്ചു കിലോമീറ്റർ ദൂരെ ഒരു തീരദേശത്താണ്,വലിയതുറ.'*സ്ഥലം അത്ര മെച്ചമല്ല ശ്രദ്ധി്ക്കണം എന്ന മാനേജറുടെ വാക്കുകൾ ഞാനത്രയ്ക്ക് കാര്യമായെടുത്തില്ല.അന്നേ ദിവസം,സ്ഥിരം വരാറുള്ള പ്രഗദ്ഭനായ ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല,പകരക്കാരനായി ഹൗസ്സർജൻസി ചെയ്യുന്ന ഒരു എംബിബിഎസ്സ് ഡോക്ടറെയാണ് ലഭിച്ചത്.ചെറുപ്പക്കാരനായ ആ ഡോക്ടറും ഞാനും വളരെ ജോളിയായി അവിടെ എത്തുകയും നഴ്സുമാരും സന്നാഹങ്ങളും മറ്റു തയ്യാറെടുപ്പുകളും എല്ലാം വേണ്ടവിധമല്ലേ എന്ന് പരിശോധിക്കുകയും ചെയ്തു.അവിടുത്തെ ഒരു സ്കൂളിൽ വച്ചാണ് ക്യാമ്പ്.ആളുകൾക്ക് പണമടയ്ക്കാനുള്ള കൗണ്ടറും കുത്തിവയ്പെടുക്കാൻ മറ്റൊരു മുറിയും എല്ലാം സജ്ജമാക്കിക്കഴിഞ്ഞു.അംഗങ്ങൾക്കു വേണ്ട ഉച്ചഭക്ഷണവും മററും ഓർഡർ ചെയ്തു.രാവിലെമുതൽ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു. 

ഒരാള്‍ക്ക് ഇത്രരൂപയെന്ന കണക്കില്‍ ഒരു പ്രത്യേക സംഖ്യ സംഘടനയ്ക്കാണ്.അതുകൊണ്ടുതന്നെ നീണ്ട ക്യൂ കണ്ട് സംഘാടകര്‍ വലിയ സന്തോഷത്തിലായിരുന്നു.കൂടാതെ മള്‍ട്ടി     ഡോസില്‍ നിന്ന് വാക്സിനെടുക്കുമ്പോള്‍ ചിലപ്പോള്‍ ഒരു ബോട്ടിലില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കൊടുക്കാം,ആ ലാഭവും സംഘടനയ്ക്കെടുക്കം.നോട്ടീസ് വിതരണം നടത്തിയതിന്റെയും അനൌന്‍സ്മെന്റ് നടത്തിയതിന്റെയും എല്ലാം ഫലം കാണുന്നതില്‍ അവര്‍ പരസ്പരം അഭിനന്ദിച്ചു.

വാക്സിന്‍ കൊടുത്തുകൊണ്ടിരുന്ന മുറിയിലിരിക്കുകയായിരുന്നു ഞാന്‍ .പെട്ടെന്ന് പുറത്തുനിന്നു കുറച്ചു ബഹളം കേട്ടു.നീണ്ട ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തമ്മില്‍ പ്രശ്നം ഉണ്ടാവുന്നത് സര്‍വ്വസാധാരണയാണ്.അതുകൊണ്ട് തന്നെ കാര്യമാക്കിയില്ല.എന്നാല്‍ ബഹളം കൂടുന്നത് കണ്ട് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത് ഡോക്ടര്‍ അജിത്തിനെ കോളറില്‍ പിടിച്ചു തള്ളുന്നതും ജനക്കൂട്ടം നാലുഭാഗത്ത്‌ നിന്നും ഇടിക്കാന്‍ വരുന്നതും!ശബ്ദങ്ങള്‍ക്കും ആരവങ്ങള്‍ക്കും ഇടയില്‍ നിന്നും ഇത്രയും മനസ്സിലായി:-വാക്സിന്‍ എടുത്ത ഒരുകുഞ്ഞിനു കണ്ണ് കാണുന്നില്ല?ഓടി കോലായിലെത്തിയ ഞാന്‍ കാണുന്നത് മൂന്നരവയസ്സുള്ള ഒരാങ്കുട്ടി!!,തിരക്കിനും ബഹളത്തിനുമിടയില്‍ നിന്നും പറിഞ്ഞു വന്ന്‌ ഡോക്ടര്‍ അവനെ പരിശോദിക്കുകയും തന്റെ പേന അവനു മുന്നില്‍ വയ്ക്കുകയും ചെയ്തു.ആ കുഞ്ഞു നിലത്തിരുന്നു പേന തപ്പുന്നത് കണ്ടതേ എനിക്കോര്‍മ്മയുള്ളൂ,കണ്ണില്‍ ഇരുട്ട് കയറുന്നത് പോലുള്ള ഒരു തോന്നലുണ്ടായതും ഒരുപാട് കരങ്ങള്‍ എന്നെ ഉയര്‍ത്തിയെടുത്തതും ഒരുമിച്ചായിരുന്നു.നീയിനി ഇവിടെനിന്നു പോവില്ലെട എന്ന ആക്രോശത്തോടൊപ്പം ഒരു പഴം തുണി കേട്ട് പോലെ എന്നെ ഒരു ക്ളാസ്സ് റൂമില്‍ എറിഞ്ഞു കതകടച്ച്ചു.
ഡോക്ടറെ മര്‍ദ്ദിക്കുന്നതിന്റെയും കുട്ടിയുടെ മാതാപിതാക്കള്‍ ഉറക്കെ കരയുന്നതിന്റെയും ശബ്ദം അകത്ത്കേള്‍ക്കാം.സത്യത്തില്‍ ഞാന്‍ അന്തസ്തബ്ദനായി,(കട. ഷാജികുമാര്‍) ) സ്ഥലകാല ബോധം വീണ്ടെടുക്കാന്‍ പോലും സമയമെടുത്തു.ഞാനും കൂടി ഉള്‍പ്പെട്ടു നടത്തുന്ന ഒരു ക്യാമ്പില്‍ ഒരു കൊച്ചുകുഞ്ഞിന്റെ കാഴ്ച്ചനഷ്ടപ്പെടുന്നതിലുള്ള മനോവ്യാദി സിരകളെ തെനീച്ചക്കൂടിളകിയപോലെ ആക്രമിച്ചുകൊണ്ടിരുന്നു.ഇടയ്ക്കിടെ ഒരു ജനാല തുറന്ന് ഇരുട്ടില്‍ പമ്മിയിരിക്കുന്ന എന്റെ നേരെ നികൃഷ്ട വാക്കുകളുടെ കൂരമ്പുതിര്‍ത്തു.ഇരുട്ടില്‍ കൂനിക്കൂടിയിരുന്ന എനിക്കല്‍പ്പം ആശ്വാസം ഓടുപൊട്ടിയ മേല്ക്കൂരയില്‍നിന്നും ഉതിരുന്ന വെളിച്ചത്തിന്റെ വെള്ളി ദണ്ടുകള്‍ മാത്രം .അതും നോക്കി നിമിഷങ്ങള്‍ എണ്ണി.ജനാല തുറന്നുള്ള തെറിവിളികളില്‍ നിന്നും ഒന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി,ഒന്ന് ഡോക്ടര്‍ ഒരു കാറ് വിളിച്ചു ആ കുഞ്ഞിനേയും കൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെട്ടിട്ടുണ്ട്.രണ്ട്‌ ഇക്കാര്യം അറിഞ്ഞതിനുശേഷം പല രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞു വന്ന്‌ തുടങ്ങിയിരിക്കുന്നു.സാധാരണ ഗതിയില്‍ വാക്സിന്‍ എടുക്കുമ്പോള്‍ അനാഫിലാറ്റിക്ക്  റിയാക്ഷന്‍  അതായത് ആന്റിജെന്‍  ആന്റിബോഡി റിയാക്ഷന്‍ ഉണ്ടാവുകയും ചിലര്‍ ബോധം കേട്ടു വീഴുകയും തളരുകയും ചെയ്യാം.അത് സ്വാഭാവികം.എന്തെന്നാല്‍ വാക്സിനില്‍ അടങ്ങിയിരിക്കുന്നത് വൈറസ്സിൻറെ നിർജ്ജീവമാക്കിയ ഒരു ഭാഗമാണ്.അതുകൊണ്ടുതന്നെ പണ്ട് കേട്ടിട്ടുള്ളതുപോലെ പോളിയോ എടുത്തവര്‍ക്ക് പോളിയോ വരുന്നു എന്നത് പോലെ ഒരു മില്ല്യണിൽ ഒരാള്‍ക്ക്‌ ചിലപ്പോള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാകാം.അത് ട്രെയിനിംഗ് സമയത്ത് ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.അങ്ങിനെ സംഭവ്യതയുടെയും അസംഭവ്യതയുടെയും നിരാശയുടെയും പ്രകാശത്തിന്റെയും നിരവധി തുരുത്തുകള്‍ മനസ്സില്‍ നിറഞ്ഞു . ഈ കുഞ്ഞു ആ മില്ല്യണിൽ ഒരാളാവരുതെ എന്ന് മാത്രമാണ് പ്രാര്‍ത്ഥന.ജനാലയില്‍ തട്ടി വിളിച്ച്‌,എനിക്ക് ഒരു ഫോൺ ചെയ്യണമെന്ന അഭ്യര്‍ത്ഥന ഒരുപാട് നിരസിക്കലുകള്‍ക്ക് ശേഷം അംഗീകരിക്കപ്പെട്ടു.എന്നെ തല്ലിക്കൊല്ലാനായി ചുറ്റും കൂടിയ നാട്ടുകാര്‍ക്ക് നടുവിലൂടെ ഒരു കൊലപ്പുള്ളിയെപ്പോലെ ഇരുവശവും ഖടാഖടിയന്മാരായ അംഗരക്ഷകരുടെ അകമ്പടിയോടെ പുറകിലുള്ള വീട്ടിലേക്കു കൊണ്ട് പോയി.ഞാനവിടെനിന്നും മെഡിക്കല്‍ കോളേജു ഡോക്ടര്‍ക്ക് ഫോണ്ചെയ്തു വിവരം പറഞ്ഞു.പിന്നീട് മാനേജരെ വിളിച്ച്‌ പറഞ്ഞു.അദ്ദേഹം ഞാനിപ്പോള്‍ തന്നെ അവിടെയെത്താം എന്ന് പറഞ്ഞെങ്കിലും ഞാന്‍ തടഞ്ഞു.വന്നിട്ട് എനിക്ക് കിട്ടാനുള്ള അടി ഷെയര്‍ ചെയ്യാമെന്നല്ലാതെ ഒരു ഗുണവുമില്ലാ. 

തിരിച്ചെന്റെ ജയിലറയിലേക്ക് കൊണ്ടുപോകുമ്പോഴും ആ കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ നിന്നെ ശരിയാക്കിത്തരാടാ എന്ന രീതിയിലുള്ള ഭീഷണികളും പിന്നെ 'എക്സ്പയറി കഴിഞ്ഞ മരുന്നായിരിക്കും','അല്ലെങ്കില്‍ കുത്തിവപ്പ് വല്ല പരീക്ഷണവുമായിരിക്കും'എന്നൊക്കെയുള്ള ലോക്കല്‍ ഇൻറലിജെൻസ് ബ്യൂറോകളുടെയും ചില മുറിവൈദ്യന്മാരുടെയും കമന്റുകളും കേട്ടു.കുഞ്ഞിനെന്തെങ്കിലും പറ്റിയാല്‍ അവരെന്നെ തല്ലികൊല്ലുന്നത്‌ തന്നെയാകും ഭേദം എന്ന് മനസ്സിനോട് ചൊല്ലി ധൈര്യപ്പെടുത്തിക്കൊണ്ടിരുന്നു. 

ഏകദേശം ഒരുമണിക്കൂറിനു ശേഷം കാര്‍ തിരികെ വന്നു.അല്‍പനേരം കാറില്‍ യാത്ര ചെയ്തപ്പോഴേക്കും  കുഞ്ഞിനു കാഴ്ചശക്തി തിരികെ ലഭിച്ചു.പ്രശ്നങ്ങള്‍ ഒന്നും ഇല്ല എന്നറിഞ്ഞപ്പോള്‍ ഡോക്ടര്‍ അനുയായികളുടെ സമ്മതത്തോടെ മടങ്ങിവന്നതായിരുന്നു.തങ്ങളുടെ കുട്ടിക്കും കണ്ണ് കാണുന്നില്ലെന്ന് പറഞ്ഞവരൊക്കെ ഇതോടെ ഒന്ന് തണുത്തു.അല്ലെങ്കിലും അതൊരു മോബ് സിന്ട്രോം മാത്രമായിരിക്കും എന്ന് ഞാനും മനസ്സില്‍ ആശ്വസിച്ചിരുന്നു .കാര്യങ്ങളൊക്കെ പറഞ്ഞു കോമ്പ്രമൈസ് ആക്കിയെങ്കിലും കൗണ്ടറിൽ വച്ചിരുന്ന കളക്ഷനായ പതിനായിരത്തിലധികം രൂപയും വാക്സിനുകളും ആരൊക്കെയോ മുക്കി.സ്വന്തം കയ്യില്‍നിന്നും ആ പണം കമ്പനിക്കു കൊടുക്കേണ്ടി വന്നെങ്കിലും ശരീരത്തിനും ജീവനും കേടുപാട് പറ്റാതെ തടിതപ്പി.അതുകൊണ്ട് ഇതെഴുതാന്‍ മല്ലു വീണ്ടും ബാക്കി. 

ഡിസ്ക്ലൈമര്‍ :ജീവിതത്തില്‍ ഉണ്ടായ കടുപ്പമേറിയ ഒരനുഭവം പങ്കുവച്ചു എന്നുമാത്രം.ഇതുവായിച്ചു ആരും സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ വാക്സിന്‍ എടുക്കാതിരിക്കരുത്.ആ വൺ ഇന്‍ എ മില്ല്യന്‍ ബേബി ആകുമോ എന്ന ശങ്കയെക്കാള്‍ പ്രധാനം പ്രതിരോധ കുത്തി വയ്പിന്റെ സുരക്ഷയാണ്.

*സ്ഥലപ്പേര് യഥാർത്ഥമല്ല.



Friday, September 16, 2011

മരണാഘോഷങ്ങളുടെ നാട്

    നമ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യന്റെ വില കൂടുന്ന അപൂര്‍വ്വം ചില നാടുകളില്‍ ഒന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്.   
 "അങ്ങേലെ മൂപ്പീന്ന് ചത്തോടി    
 നമ്മളും  
   പോയ്യൊന്നറിയണ്ടേ    
  ചാക്കാല ചൊല്ലുവാന്‍ വന്നവന്‌  
 കാപ്പിയും കാശും കൊടുത്തോടി..."
  എന്നുതുടങ്ങുന്ന കടമനിട്ടയുടെ   ചാക്കാല എന്ന  കവിതയിലെ ഒരു വരി തന്നെ
" ചാവിനു ബന്ധുത്വം ഏറുമല്ലോ  
ചാവാതിരിക്കുമ്പോള്‍  എന്തുമാട്ടെ ...".എന്നാണ്. 


         ഹിന്ദിയില്‍ കാഞ്ഞുപോയവനെ ' ഭഗവാന്‍ കോ പ്യാരാ ഹോഗയാ'    അതായത് ദൈവത്തിനു  പ്രിയപ്പെട്ടവനായി എന്ന് പറയും. അങ്ങനെ  പ്രിയപ്പെട്ടവനോട്‌ അമിതമായ പ്രിയമുള്ളവരാണ്   ദൈവത്തിന്റെ  സ്വന്തം  കണ്ട്രികളായ  നമ്മള്‍ മലയാളികള്‍ .
     മരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്,സാംസ്കാരിക നായകന്മാര്‍,ബന്ധു മിത്രാദികള്‍,അതും നമ്മളുമായി ദീര്‍ഘകാലമായി സമ്പര്‍ക്കമൊന്നും പുലര്‍ത്താത്തവരുപോലും  വരികയും നമ്മുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യും.നല്ലവനായിരുന്നു, മുന്‍കോപിയായിരുന്നെങ്കിലും ശുദ്ധഹൃദയനായിരുന്നു,  മദ്യപാനിയായിരുന്നെങ്കിലും കുടുംബം നോക്കിയിരുന്നു,സ്ത്രീ ലമ്പടനായിരുന്നെങ്കിലും ഭാര്യയെ വലിയ സ്നേഹമായിരുന്നു.ഒന്നും സമ്പാദിച്ചില്ലെങ്കിലും ആളൊരു തറവാടിയായിരുന്നു,മഹാ പിശുക്കന്‍ ആയിരുന്നെങ്കിലും‌ അത്യാവശ്യം സംമ്പാദിച്ചിട്ടാണ്   പോയത്, എന്നെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞ് അന്നത്തെ ന്യൂസ്കവറേജും കഴിഞ്ഞ് പൊടിയുംതട്ടി സ്ഥലംവിടും.അടുത്ത  ബന്ധുക്കള്‍  ,   മക്കള്‍ എന്നിവര്‍ പത്രത്തില്‍  'എന്ന് ദു:ഖാര്ത്തരായ....'എന്ന് ഫോട്ടോയ്ക്ക്  കീഴെ സ്വന്തം പേരും സ്ഥാനമാനങ്ങളും എഴുതി  നിറയ്ക്കും.  ചിലര്‍ ഫേസ് ബുക്കില്  ' സ്റ്റാറ്റസ്  അപ് ഡേറ്റി 'എത്ര ' ലൈക്‌  ' കിട്ടുന്നുണ്ടെന്ന് വീക്ഷിച്ചു കൊണ്ടിരിക്കും.  
   
         പക്ഷെ ചത്തവനും അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും പോയി.ഈ വക ഷോ കൊണ്ടൊന്നും അവര്‍ക്ക് നാഴിയരിയുടെ  പ്രയോജനമില്ല. അവിടെയാണ് നാം ആഫ്രിക്കയിലെ ഘാനയെ കണ്ടു ചിലതെല്ലാം പഠിക്കേണ്ടത് .  അപ്പൊ നിങ്ങള് പറയും  അതിപ്പോ നിങ്ങള് കഞ്ഞി കുടിക്കാന്‍ വകയില്ലാണ്ട്  അങ്ങോട്ട്‌  കെട്ടിയെടുത്ത സ്നേഹമല്ലേ എന്ന് .അല്ല സുഹൃത്തേ...  
            ഇവിടെ  മരണങ്ങള്‍ വിവാഹത്തെക്കാള്‍  വലിയ ആഘോഷങ്ങളാണ്.ഒരാളുടെ മരണം നടന്നു മൂന്നാഴ്ച കഴിയുമ്പോഴാണ്   മരണാനന്തര ചടങ്ങുകള്‍ (Funeral function )നടത്തുന്നത്.അതും നല്ല ആര്‍ഭാടമായി.പന്തല് കെട്ടി അത്യാവശ്യം മുന്തിയ തരം  മദ്യവും ഗാനമേളയും മൃഷ്ടാന്നഭോജനവും വരുന്നവര്‍ക്ക് തരപ്പെടും.അതില്‍ ഞാന്‍ തെല്ലും അത്ഭുതം കൂറുന്നില്ല.എത്രയോ ക്രിസ്തീയ   മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മദ്യം വിളമ്പിയതിനു പള്ളിക്കും പട്ടക്കാരനും മുന്‍പില്‍ സാക്ഷിയായിട്ടുണ്ട് .എന്തിനു  എത്രയോ ഹിന്ദു ഭവനങ്ങളില്‍  മരണാനന്തര  ചടങ്ങുകള്‍ക്ക് ശേഷം,പുല കഴിയുന്നതിനു മുന്പ് മദ്യം മണക്കുന്ന രാത്രികള്‍  കണ്ടിരിക്കുന്നു. പക്ഷെ അത് പോലെ, മൂട്പടമോ  ജാടയുടെ മസ്സില് പിടിത്തമോ പമ്മിയ കുശു കുശുക്കലോ  ഇല്ലാതെ നല്ല അന്തസായി മ്യൂസിക്‌ ഡീജെ കളും പോകാന്‍ നേരം സുവേനീരുകളായി,  ചത്തവന്റെ പടംഒട്ടിച്ച മഗ്ഗോ  കീചെയ്നുകളോ ടീ ഷ‍ര്‍ട്ടോ ഒക്കെ തരപ്പെടും .

              മരിച്ചവനും ജഡത്തിനും  പൊന്നും വിലയുള്ള നാടാണ് ഘാന.  
മരിക്കാന്‍ കിടക്കുമ്പോള്‍ പച്ചവെള്ളം കൊടുക്കാത്തവനും ആശുപത്രിയിലേക്ക്   തിരിഞ്ഞു നോക്കാത്തവരും പോലും മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കും.എന്തിനധികം ചാവാന്‍ കാലത്തോ  അപകടത്തില്‍ പെട്ടോ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളെ  സംഘടിപ്പിക്കാന്‍ ആശുപത്രികള്‍ പോലും ആള് കാഞ്ഞു പോയി എന്ന്   പത്രങ്ങളില്‍ ഫാള്‍സ് ന്യുസ് കൊടുക്കുന്ന രാജ്യം  .ന്യൂസ്‌ കണ്ടു ചാകര മണത്ത ഏതെങ്കിലും ബന്ധു വരാതിരിക്കില്ല. അത് അപ്പനപ്പൂപ്പന്മാരായി  തുടങ്ങിവച്ച ചടങ്ങാണ്. ഈ ചടങ്ങുകള്‍ക്ക് വരുന്നവര്‍ സ്വന്തം കഴിവിനനുസരിച്ച് അത്യാവശം നല്ലൊരു തുക സംഭാവനയായി  മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും.സംഭാവന ചെയ്ത ആളിന്റെ പേരും തുകയും മൈക്കിലൂടെ അനൌണ്സ് ചെയ്യും.എന്തായാലും പരേതന്റെ   കുടുംബത്തിനു കള്ളക്കണ്ണീരിനും പുകഴ്തലിനും എല്ലാം അപ്പുറം  അത്യാവശ്യം നല്ല ദമ്പടി  കിട്ടുന്ന ഒരു  ചടങ്ങാണിത്‌.                                                                                              
ഈ ചടങ്ങിനിടുന്ന ,സാരിപോലെ നീണ്ട കറുത്ത കോട്ടന്‍ വസ്ത്രം അത്യാവശ്യം വിലപിടിപ്പുള്ളതാണ്.വാങ്ങാന്‍ പാങ്ങില്ലെങ്കിലും   പേടിക്കണ്ട സംഭവം വാടകയ്ക്കും കിട്ടും.അത് ഒരു കൊഴുത്ത ബിസിനെസ്സാണ്.   
                  ഒരുത്തന്‍ മരിച്ചാല്‍ ബന്ധുക്കളെല്ലാം ഓടിവരും.മരണാനന്തര ചടങ്ങിന്റെ ടെണ്ടര്  പിടിക്കാന്‍ .എന്റെ ഭാര്യക്കോ മക്കള്‍ക്കോ ചടങ്ങ് നടത്താനുള്ള കഴിവില്ലെന്ന് കരുതുക ചടങ്ങിന്റെ ടെണ്ടര്  ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വില്പന നടത്താവുന്നതെയുള്ളൂ. നാലായിരം ഡോളറിനോ
അയ്യായിരം  ഡോളറിനോ  കെട്ടിയവന്റെ ചാക്കാല ലേലം ചെയ്യാം.ലേലം പിടിക്കുന്നവനും പേടിക്കാനൊന്നുമില്ല.  തീനിന്റെയും കുടിയുടെയും  ചെലവുകഴിച്ചു  എന്തൊക്കെ വന്നാലും രണ്ടോ മൂന്നോ ഇരട്ടി ലാഭം കൊയ്യാം.അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ചില്ലറ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.          
          ഘാനയിലെ നല്ലൊരു വിഭാഗം ജനതയും യു.കെ യിലും യു എസ്സിലുമാണ് ജോലി ചെയ്യുന്നത്.അവിടെയുള്ളവര്‍ ഇവിടെവരുമ്പോള്‍  പറഞ്ഞ് കേട്ടിട്ടുള്ളത് ,ശനിയാഴ്ചകളില്‍ അവിടെ ഫുനെരല്‍ ഫങ്ങ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍  നൈറ്റ്‌ ക്ളബ്ബില്‍‍ പോകുന്നതിനു പകരം   അതിനെ പോകൂ എന്നാണു.ക്ളബ്ബില്‍ പോയാല്‍ നൂറു  ഡോളരെങ്കിലും കയ്യില്‍ നിന്നും ഇറങ്ങും.മരണാനന്തര ചടങ്ങിനു പോയാല്‍ അവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്താല്‍ തരക്കേടില്ലാത്ത രീതിയില്‍ തീനും കുടിയും നൃത്തവും നടക്കും.മാത്രമല്ല തന്റെ രാജ്യക്കാരുമായി ഇടപഴകാം,നാടന്‍ ഭക്ഷണം ആസ്വദിക്കാം,ഇതിനെല്ലാമുപരിയായി അപ്പനപ്പൂപ്പന്മാരായി തുടങ്ങിവെച്ച ആചാരങ്ങള്‍ പാലിച്ചുവെന്ന് സമാധാനപ്പെടുകയും ചെയ്യാം.ഇപ്പോള്‍ യു എസ്സിലും യു കെയിലുമെല്ലാം വലിയ വലിയ ഹോട്ടലുകളില്‍ ശനിയാഴ്ച രാത്രികളിലാണ്  മരണാനന്തര   ചടങ്ങുകള്‍ ആഘോഷിക്കുന്നത്.   
                  
             
  
    മരണപ്പെട്ടവന്റെ തൊഴില്‍ സംബന്ധിച്ച രീതിയിലായിരിക്കും ശവപ്പെട്ടി.കൊകൊകോള വിതരണക്കാരന്‍ മരിക്കുമ്പോള്‍ കോക്ക്‌ കുപ്പി  പോലെയും  എയര്‍ക്രാഫ്റ്റ്  ഉദ്യോഗസ്തന്റെ ശവപ്പെട്ടി
എയര്‍ക്രാഫ്റ്റ്  മോഡലും ആവുമ്പോ മുനിസിപ്പാലിറ്റിക്കാരനോ തോട്ടിയോ എങ്ങനത്തെ ശവപ്പെട്ടി നിര്‍മിക്കും എന്നാലോചിച്ചു ചാടാന്‍  വരട്ടെ .ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആഗ്രഹവും ശവപ്പെട്ടിക്ക് തീം ആവാം റോള്‍സ് റോയ്സ്  വാങ്ങാന്‍ ആഗ്രഹിചിരുന്നവന്‍ ജീവിതത്തില്‍ വാങ്ങിയില്ലെങ്കിലും അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം റോള്‍സ് റോയ്സ് ശവപ്പെട്ടിയില്‍  തന്നെയാവാം. പാദരക്ഷകളോട്  ഭ്രമമുള്ളവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം ഷൂ ശവപ്പെട്ടിയിലാവും. ചിലപ്പോള്‍ മരണാനന്തര  ചടങ്ങിനു കാശ് തികയാത്തവര്‍ എട്ടും പത്തും മാസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിചെന്നും വരും.  എന്നാലും ചടങ്ങ് അതിഗംഭീരമാക്കണം .

                                         


            ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക്   എന്ത് മാത്രം ഉപകാരപ്പെട്ടു എന്നത് പല തര്‍ക്കങ്ങള്‍ക്കും കാരണമാകാം എന്നാലും   മരിച്ചു വിറങ്ങലിക്കുമ്പോള്‍,  മരണം ആഹ്വാനം ചെയ്യുന്ന ഫ്ലെക്സും  ബാന്ട്‌  സെറ്റും    ഫാന്‍സി ശവപ്പെട്ടി നിര്‍മാണവും  പന്തലും ഡീജെയും ഭക്ഷണവും വഴി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്ന ഒരു ഉത്തമ പരമ്പരാഗത ചടങ്ങ് തന്നെയാണിത്  .  അതാണ് പറയുന്നത് മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം എന്ന് .!!!
"മീന്‍ ചത്താല്‍ കരുവാട് (ഉണക്കല്‍ മീന്‍ )
നീ ചത്താല്‍ വെറും  കൂട് "
എന്ന് കണ്ണദാസന്‍.മരിച്ചു കഴിഞ്ഞാല്‍ വെറും കൂടായ ഈ ശരീരം പ്രദര്‍ശനത്തിനു വെച്ച് ഉറ്റവര്‍ക്കും   ഉടയവര്‍ക്കും അല്പം സന്തോഷവും സമ്പാദ്യവും  സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെക്കാള്‍ വലിയ എന്ത്  കര്‍മ്മമാണുള്ളത്‌
  . 

 
           








:  ചാക്കാലയ്ക്കുപോയി ചിത്രങ്ങള്‍ എടുക്കാന്‍ ഗട്സ് ഇല്ലാത്തതുകൊണ്ട്  ചില ചിത്രങ്ങള്‍ക്ക് കട.ഗൂഗിള്‍  

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...