Friday, September 16, 2011

മരണാഘോഷങ്ങളുടെ നാട്

    നമ്മുടെ മരണാനന്തരചടങ്ങുകള്‍ക്ക് ഒരു തനതു നാടകത്തിന്റെ ചിട്ടവട്ടങ്ങളുണ്ടെന്നു എഴുതിയത് എം ടി വാസുദേവന്‍ നായരാണ്. മരണത്തോടെ മനുഷ്യന്റെ വില കൂടുന്ന അപൂര്‍വ്വം ചില നാടുകളില്‍ ഒന്ന് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടാണ്.   
 "അങ്ങേലെ മൂപ്പീന്ന് ചത്തോടി    
 നമ്മളും  
   പോയ്യൊന്നറിയണ്ടേ    
  ചാക്കാല ചൊല്ലുവാന്‍ വന്നവന്‌  
 കാപ്പിയും കാശും കൊടുത്തോടി..."
  എന്നുതുടങ്ങുന്ന കടമനിട്ടയുടെ   ചാക്കാല എന്ന  കവിതയിലെ ഒരു വരി തന്നെ
" ചാവിനു ബന്ധുത്വം ഏറുമല്ലോ  
ചാവാതിരിക്കുമ്പോള്‍  എന്തുമാട്ടെ ...".എന്നാണ്. 


         ഹിന്ദിയില്‍ കാഞ്ഞുപോയവനെ ' ഭഗവാന്‍ കോ പ്യാരാ ഹോഗയാ'    അതായത് ദൈവത്തിനു  പ്രിയപ്പെട്ടവനായി എന്ന് പറയും. അങ്ങനെ  പ്രിയപ്പെട്ടവനോട്‌ അമിതമായ പ്രിയമുള്ളവരാണ്   ദൈവത്തിന്റെ  സ്വന്തം  കണ്ട്രികളായ  നമ്മള്‍ മലയാളികള്‍ .
     മരിക്കുമ്പോള്‍ രാഷ്ട്രീയക്കാര്,സാംസ്കാരിക നായകന്മാര്‍,ബന്ധു മിത്രാദികള്‍,അതും നമ്മളുമായി ദീര്‍ഘകാലമായി സമ്പര്‍ക്കമൊന്നും പുലര്‍ത്താത്തവരുപോലും  വരികയും നമ്മുടെ ഗുണഗണങ്ങള്‍ പറയുകയും ചെയ്യും.നല്ലവനായിരുന്നു, മുന്‍കോപിയായിരുന്നെങ്കിലും ശുദ്ധഹൃദയനായിരുന്നു,  മദ്യപാനിയായിരുന്നെങ്കിലും കുടുംബം നോക്കിയിരുന്നു,സ്ത്രീ ലമ്പടനായിരുന്നെങ്കിലും ഭാര്യയെ വലിയ സ്നേഹമായിരുന്നു.ഒന്നും സമ്പാദിച്ചില്ലെങ്കിലും ആളൊരു തറവാടിയായിരുന്നു,മഹാ പിശുക്കന്‍ ആയിരുന്നെങ്കിലും‌ അത്യാവശ്യം സംമ്പാദിച്ചിട്ടാണ്   പോയത്, എന്നെല്ലാം പാഴ്വാക്കുകള്‍ പറഞ്ഞ് അന്നത്തെ ന്യൂസ്കവറേജും കഴിഞ്ഞ് പൊടിയുംതട്ടി സ്ഥലംവിടും.അടുത്ത  ബന്ധുക്കള്‍  ,   മക്കള്‍ എന്നിവര്‍ പത്രത്തില്‍  'എന്ന് ദു:ഖാര്ത്തരായ....'എന്ന് ഫോട്ടോയ്ക്ക്  കീഴെ സ്വന്തം പേരും സ്ഥാനമാനങ്ങളും എഴുതി  നിറയ്ക്കും.  ചിലര്‍ ഫേസ് ബുക്കില്  ' സ്റ്റാറ്റസ്  അപ് ഡേറ്റി 'എത്ര ' ലൈക്‌  ' കിട്ടുന്നുണ്ടെന്ന് വീക്ഷിച്ചു കൊണ്ടിരിക്കും.  
   
         പക്ഷെ ചത്തവനും അവന്റെ ഭാര്യക്കും കുഞ്ഞുങ്ങള്‍ക്കും പോയി.ഈ വക ഷോ കൊണ്ടൊന്നും അവര്‍ക്ക് നാഴിയരിയുടെ  പ്രയോജനമില്ല. അവിടെയാണ് നാം ആഫ്രിക്കയിലെ ഘാനയെ കണ്ടു ചിലതെല്ലാം പഠിക്കേണ്ടത് .  അപ്പൊ നിങ്ങള് പറയും  അതിപ്പോ നിങ്ങള് കഞ്ഞി കുടിക്കാന്‍ വകയില്ലാണ്ട്  അങ്ങോട്ട്‌  കെട്ടിയെടുത്ത സ്നേഹമല്ലേ എന്ന് .അല്ല സുഹൃത്തേ...  
            ഇവിടെ  മരണങ്ങള്‍ വിവാഹത്തെക്കാള്‍  വലിയ ആഘോഷങ്ങളാണ്.ഒരാളുടെ മരണം നടന്നു മൂന്നാഴ്ച കഴിയുമ്പോഴാണ്   മരണാനന്തര ചടങ്ങുകള്‍ (Funeral function )നടത്തുന്നത്.അതും നല്ല ആര്‍ഭാടമായി.പന്തല് കെട്ടി അത്യാവശ്യം മുന്തിയ തരം  മദ്യവും ഗാനമേളയും മൃഷ്ടാന്നഭോജനവും വരുന്നവര്‍ക്ക് തരപ്പെടും.അതില്‍ ഞാന്‍ തെല്ലും അത്ഭുതം കൂറുന്നില്ല.എത്രയോ ക്രിസ്തീയ   മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം മദ്യം വിളമ്പിയതിനു പള്ളിക്കും പട്ടക്കാരനും മുന്‍പില്‍ സാക്ഷിയായിട്ടുണ്ട് .എന്തിനു  എത്രയോ ഹിന്ദു ഭവനങ്ങളില്‍  മരണാനന്തര  ചടങ്ങുകള്‍ക്ക് ശേഷം,പുല കഴിയുന്നതിനു മുന്പ് മദ്യം മണക്കുന്ന രാത്രികള്‍  കണ്ടിരിക്കുന്നു. പക്ഷെ അത് പോലെ, മൂട്പടമോ  ജാടയുടെ മസ്സില് പിടിത്തമോ പമ്മിയ കുശു കുശുക്കലോ  ഇല്ലാതെ നല്ല അന്തസായി മ്യൂസിക്‌ ഡീജെ കളും പോകാന്‍ നേരം സുവേനീരുകളായി,  ചത്തവന്റെ പടംഒട്ടിച്ച മഗ്ഗോ  കീചെയ്നുകളോ ടീ ഷ‍ര്‍ട്ടോ ഒക്കെ തരപ്പെടും .

              മരിച്ചവനും ജഡത്തിനും  പൊന്നും വിലയുള്ള നാടാണ് ഘാന.  
മരിക്കാന്‍ കിടക്കുമ്പോള്‍ പച്ചവെള്ളം കൊടുക്കാത്തവനും ആശുപത്രിയിലേക്ക്   തിരിഞ്ഞു നോക്കാത്തവരും പോലും മരണാനന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കും.എന്തിനധികം ചാവാന്‍ കാലത്തോ  അപകടത്തില്‍ പെട്ടോ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളെ  സംഘടിപ്പിക്കാന്‍ ആശുപത്രികള്‍ പോലും ആള് കാഞ്ഞു പോയി എന്ന്   പത്രങ്ങളില്‍ ഫാള്‍സ് ന്യുസ് കൊടുക്കുന്ന രാജ്യം  .ന്യൂസ്‌ കണ്ടു ചാകര മണത്ത ഏതെങ്കിലും ബന്ധു വരാതിരിക്കില്ല. അത് അപ്പനപ്പൂപ്പന്മാരായി  തുടങ്ങിവച്ച ചടങ്ങാണ്. ഈ ചടങ്ങുകള്‍ക്ക് വരുന്നവര്‍ സ്വന്തം കഴിവിനനുസരിച്ച് അത്യാവശം നല്ലൊരു തുക സംഭാവനയായി  മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കും.സംഭാവന ചെയ്ത ആളിന്റെ പേരും തുകയും മൈക്കിലൂടെ അനൌണ്സ് ചെയ്യും.എന്തായാലും പരേതന്റെ   കുടുംബത്തിനു കള്ളക്കണ്ണീരിനും പുകഴ്തലിനും എല്ലാം അപ്പുറം  അത്യാവശ്യം നല്ല ദമ്പടി  കിട്ടുന്ന ഒരു  ചടങ്ങാണിത്‌.                                                                                              
ഈ ചടങ്ങിനിടുന്ന ,സാരിപോലെ നീണ്ട കറുത്ത കോട്ടന്‍ വസ്ത്രം അത്യാവശ്യം വിലപിടിപ്പുള്ളതാണ്.വാങ്ങാന്‍ പാങ്ങില്ലെങ്കിലും   പേടിക്കണ്ട സംഭവം വാടകയ്ക്കും കിട്ടും.അത് ഒരു കൊഴുത്ത ബിസിനെസ്സാണ്.   
                  ഒരുത്തന്‍ മരിച്ചാല്‍ ബന്ധുക്കളെല്ലാം ഓടിവരും.മരണാനന്തര ചടങ്ങിന്റെ ടെണ്ടര്  പിടിക്കാന്‍ .എന്റെ ഭാര്യക്കോ മക്കള്‍ക്കോ ചടങ്ങ് നടത്താനുള്ള കഴിവില്ലെന്ന് കരുതുക ചടങ്ങിന്റെ ടെണ്ടര്  ബന്ധുക്കള്‍ക്കോ അടുത്ത സുഹൃത്തുക്കള്‍ക്കോ വില്പന നടത്താവുന്നതെയുള്ളൂ. നാലായിരം ഡോളറിനോ
അയ്യായിരം  ഡോളറിനോ  കെട്ടിയവന്റെ ചാക്കാല ലേലം ചെയ്യാം.ലേലം പിടിക്കുന്നവനും പേടിക്കാനൊന്നുമില്ല.  തീനിന്റെയും കുടിയുടെയും  ചെലവുകഴിച്ചു  എന്തൊക്കെ വന്നാലും രണ്ടോ മൂന്നോ ഇരട്ടി ലാഭം കൊയ്യാം.അതുകൊണ്ടുതന്നെ ഇതിന്റെ പേരില്‍ ചില്ലറ കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.          
          ഘാനയിലെ നല്ലൊരു വിഭാഗം ജനതയും യു.കെ യിലും യു എസ്സിലുമാണ് ജോലി ചെയ്യുന്നത്.അവിടെയുള്ളവര്‍ ഇവിടെവരുമ്പോള്‍  പറഞ്ഞ് കേട്ടിട്ടുള്ളത് ,ശനിയാഴ്ചകളില്‍ അവിടെ ഫുനെരല്‍ ഫങ്ങ്ഷന്‍ ഉണ്ടെങ്കില്‍ അവര്‍  നൈറ്റ്‌ ക്ളബ്ബില്‍‍ പോകുന്നതിനു പകരം   അതിനെ പോകൂ എന്നാണു.ക്ളബ്ബില്‍ പോയാല്‍ നൂറു  ഡോളരെങ്കിലും കയ്യില്‍ നിന്നും ഇറങ്ങും.മരണാനന്തര ചടങ്ങിനു പോയാല്‍ അവര്‍ക്ക് അമ്പതു ഡോളര്‍ കൊടുത്താല്‍ തരക്കേടില്ലാത്ത രീതിയില്‍ തീനും കുടിയും നൃത്തവും നടക്കും.മാത്രമല്ല തന്റെ രാജ്യക്കാരുമായി ഇടപഴകാം,നാടന്‍ ഭക്ഷണം ആസ്വദിക്കാം,ഇതിനെല്ലാമുപരിയായി അപ്പനപ്പൂപ്പന്മാരായി തുടങ്ങിവെച്ച ആചാരങ്ങള്‍ പാലിച്ചുവെന്ന് സമാധാനപ്പെടുകയും ചെയ്യാം.ഇപ്പോള്‍ യു എസ്സിലും യു കെയിലുമെല്ലാം വലിയ വലിയ ഹോട്ടലുകളില്‍ ശനിയാഴ്ച രാത്രികളിലാണ്  മരണാനന്തര   ചടങ്ങുകള്‍ ആഘോഷിക്കുന്നത്.   
                  
             
  
    മരണപ്പെട്ടവന്റെ തൊഴില്‍ സംബന്ധിച്ച രീതിയിലായിരിക്കും ശവപ്പെട്ടി.കൊകൊകോള വിതരണക്കാരന്‍ മരിക്കുമ്പോള്‍ കോക്ക്‌ കുപ്പി  പോലെയും  എയര്‍ക്രാഫ്റ്റ്  ഉദ്യോഗസ്തന്റെ ശവപ്പെട്ടി
എയര്‍ക്രാഫ്റ്റ്  മോഡലും ആവുമ്പോ മുനിസിപ്പാലിറ്റിക്കാരനോ തോട്ടിയോ എങ്ങനത്തെ ശവപ്പെട്ടി നിര്‍മിക്കും എന്നാലോചിച്ചു ചാടാന്‍  വരട്ടെ .ജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ആഗ്രഹവും ശവപ്പെട്ടിക്ക് തീം ആവാം റോള്‍സ് റോയ്സ്  വാങ്ങാന്‍ ആഗ്രഹിചിരുന്നവന്‍ ജീവിതത്തില്‍ വാങ്ങിയില്ലെങ്കിലും അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം റോള്‍സ് റോയ്സ് ശവപ്പെട്ടിയില്‍  തന്നെയാവാം. പാദരക്ഷകളോട്  ഭ്രമമുള്ളവര്‍ അന്ത്യ വിശ്രമം കൊള്ളുന്നത്‌ നല്ല ഒന്നാന്തരം ഷൂ ശവപ്പെട്ടിയിലാവും. ചിലപ്പോള്‍ മരണാനന്തര  ചടങ്ങിനു കാശ് തികയാത്തവര്‍ എട്ടും പത്തും മാസം ശവം മോര്‍ച്ചറിയില്‍ സൂക്ഷിചെന്നും വരും.  എന്നാലും ചടങ്ങ് അതിഗംഭീരമാക്കണം .

                                         


            ജീവിച്ചിരിക്കുമ്പോള്‍ സഹജീവികള്‍ക്ക്   എന്ത് മാത്രം ഉപകാരപ്പെട്ടു എന്നത് പല തര്‍ക്കങ്ങള്‍ക്കും കാരണമാകാം എന്നാലും   മരിച്ചു വിറങ്ങലിക്കുമ്പോള്‍,  മരണം ആഹ്വാനം ചെയ്യുന്ന ഫ്ലെക്സും  ബാന്ട്‌  സെറ്റും    ഫാന്‍സി ശവപ്പെട്ടി നിര്‍മാണവും  പന്തലും ഡീജെയും ഭക്ഷണവും വഴി ഒരു പാട് പേര്‍ക്ക് തൊഴില്‍ നല്‍ക്കുന്ന ഒരു ഉത്തമ പരമ്പരാഗത ചടങ്ങ് തന്നെയാണിത്  .  അതാണ് പറയുന്നത് മരിക്കുന്നെങ്കില്‍ ഘാനയില്‍ കിടന്നു മരിക്കണം എന്ന് .!!!
"മീന്‍ ചത്താല്‍ കരുവാട് (ഉണക്കല്‍ മീന്‍ )
നീ ചത്താല്‍ വെറും  കൂട് "
എന്ന് കണ്ണദാസന്‍.മരിച്ചു കഴിഞ്ഞാല്‍ വെറും കൂടായ ഈ ശരീരം പ്രദര്‍ശനത്തിനു വെച്ച് ഉറ്റവര്‍ക്കും   ഉടയവര്‍ക്കും അല്പം സന്തോഷവും സമ്പാദ്യവും  സംഘടിപ്പിക്കാന്‍ കഴിയുമെങ്കില്‍ അതിനെക്കാള്‍ വലിയ എന്ത്  കര്‍മ്മമാണുള്ളത്‌
  . 

 
           








:  ചാക്കാലയ്ക്കുപോയി ചിത്രങ്ങള്‍ എടുക്കാന്‍ ഗട്സ് ഇല്ലാത്തതുകൊണ്ട്  ചില ചിത്രങ്ങള്‍ക്ക് കട.ഗൂഗിള്‍  

Tuesday, August 2, 2011

ഈഗോ

 ഞാന്‍ ജോലി ചെയ്യുന്ന തമാലയില്‍ (ഘാന) നിന്നു ഒരുപാട്    ദൂരെയാണ്  ആ പട്ടണം. എല്ലാ മാസവും ജോലി സംബന്ധമായി  എനിക്കവിടെ പോവേണ്ടതുണ്ട്. വനാന്തരങ്ങളിലൂടെ ഏകദേശം ആറു മണിക്കൂറും പിന്നീട്  ഗ്രാമങ്ങളിലൂടെ  രണ്ടുമണിക്കൂറും  സഞ്ചരിച്ചാല്‍ അവിടെയെത്താം. എന്റെ ഒരു പ്രിയ സ്നേഹിതന്‍ അവിടെയുണ്ട്. ഞങ്ങള്‍ തമ്മില്‍ ഫോണിലൂടെ സംഭാഷണങ്ങള്‍ പതിവാണെങ്കിലും ഒരിക്കലും ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കാറില്ല.പലപ്പോഴും സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചാലും  ഞാന്‍  ഹോട്ടലിലാണ്  താമസിക്കാറ്‌ .ഇത്തവണ പക്ഷെ അങ്ങനെയല്ല.‌ എന്റെ പ്രിയസുഹൃത്ത്‌ ആ പട്ടണം വിട്ട് ദൂരെ ഒരിടത്തേക്ക് സ്ഥലം മാറുകയാണ്.  ഇനി എന്ന് കാണുമെന്നുപോലും അറിയില്ല.അതിനാല്‍ ഇത്തവണ രണ്ടു രാത്രികള്‍ അവന്റെ കൂടെ  ചിലവഴിക്കണമെന്ന നിര്‍ബന്ധത്തിനു സമ്മതം മൂളിയിട്ടുണ്ട്.   
            
              സുഹൃത്തിന്റെ കൂടെ അവസാന രാത്രി കൂടാന്‍ പോവുകയാണ് !!   കയ്യില്‍ ഒരു കുപ്പി ടക്കീലയും ചില കൊറിസാധനങ്ങളും  കരുതി.പിന്നെ അവന്റെ പട്ടണത്തില്‍ കിട്ടാത്ത ചില ഇന്ത്യന്‍   ധാന്യങ്ങള്‍ .   വനാന്തരങ്ങളിലൂടെയുള്ള യാത്ര ക്ളേശകരമാണ് .ഒന്നാമതായി നിരത്തെന്നു പറയുന്നത്  കുണ്ടും കുഴിയും നിറഞ്ഞ ഇടവഴികളാണ്; രണ്ടാമതായി ഇരുവശങ്ങളിലും ഒരാള്‍ പൊക്കത്തില്‍  പുല്ലും. പലപ്പോഴും ഈ യാത്രകളില്‍ താന്‍ വര്‍ഷങ്ങള്‍ക്കു പിറകില്‍ ആദിമ യുഗത്തിലേക്ക്  യാത്ര ചെയ്യുകയാണെന്ന് തോന്നും .ഇടക്കുള്ള ഗ്രാമങ്ങളില്‍ മണ്ണ് കുഴച്ചു പൊത്തിയുണ്ടാക്കിയ   വീടുകളും അര്‍ദ്ധ നഗ്നരായ ഗ്രമാവസികളെയും കാണാം. ചിലപ്പോള്‍, ഇങ്ങനെ യാത്ര ചെയ്താല്‍ ഞാന്‍ ഭൂമിയുടെ അറ്റത്ത് എത്തി ചേരുമെന്നുപോലും  തോന്നാറുണ്ട് .മറ്റൊന്ന്  ഈ വഴിയില്‍ പലയിടത്തും തോക്കുകളുമായി കൊള്ളക്കാര്‍ പതിയിരിക്കാ
റുണ്ട്  . തടഞ്ഞു നിര്‍ത്തി അപഹരണം മാത്രമല്ല ,ചിലപ്പോള്‍ കൈയ്യില്‍ ഒന്നും ഇല്ലെന്നു കണ്ടാല്‍ ഉപദ്രവിച്ചൂ എന്ന് തന്നെയിരിക്കും.പ്രധാന പ്രശ്നം പട്ടിണി   തന്നെയാണ്.  തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ ഉപജീവനത്തിന് കണ്ടെത്തുന്ന തൊഴില്‍ . 

           
 യഥാര്‍ത്ഥത്തില്‍ ഈ വനമേഖല മുഴുവന്‍ ഇവിടുത്തെ ആദ്യത്തെ    അന്തേവാസികള്‍  കൃഷി  ചെയ്തിരുന്നതാണ് .  എന്നാല്‍ സര്‍ക്കാരിതിനെ ഒരു  വന്യജീവി സങ്കേതമാക്കി   പുരോഗമിപ്പിക്കുകയും  സ്ഥലവാസികള്‍ക്ക്‌  വേറെ ഭൂപ്രദേശം നല്‍കാമെന്ന്  വാഗ്ദാനം ചെയ്തതുമാണ്.എന്നാല്‍ ഏതൊരു സര്‍ക്കാര്‍ വാഗ്ദാനവും പോലെ വാഗ്ദാനം നിറവേറ്റി അവര്‍ പേര് ദോഷം കേള്പിച്ചില്ല. ഈ അവസ്ഥയില്‍ ചിലര്‍ വനമേഖലയില്‍   കയറി ചോളവും കാച്ചിലും കപ്പയും  കൃഷിചെയ്തു.അല്ലെങ്കിലും അവരും മൃഗങ്ങളും ഒരുമിച്ച് ഒരു സമൂഹമായി കഴിഞ്ഞിരുന്നിടത്താണ് സര്‍ക്കാര്‍ വേലി കെട്ടി തിരിച്ചത്.എന്നാല്‍ കൃഷി വിളഞ്ഞു തുടങ്ങി വിളവെടുക്കാന്‍ ചെല്ലുമ്പോള്‍ പോലീസുകാര്‍ ഇത് മണത്തറിഞ്ഞ്‌   കൃഷി ചെയ്തവരെ കുമാസി ജയിലില്‍ തള്ളുകയും വിളകള്‍ നല്ല  വിലയ്ക്ക് നഗരങ്ങളില്‍ കൊണ്ടുപോയി വില്കുകയും ചെയ്തിരുന്നു. പുരുഷന്മാര്‍ ഭൂരിഭാഗവും ജയിലിലായ  "ലാരഭംഗ"  എന്ന ഈ പ്രദേശം ക്രമേണ സ്ത്രീകളും കുട്ടികളും  നിറഞ്ഞ  ഒരു വിശേഷ ഗ്രാമമായി .ജയിലില്‍ ഉള്ളവര്‍ക്ക്  പട്ടിണിയെങ്കിലും  അറിയണ്ട. പുറത്തുള്ളവര്‍ക്ക് ജീവിതം അതികഠിനമായി .അവര്‍ ജയിലിലേക്ക് പോവാന്‍ ഒരുങ്ങുന്നത് ഇത് പോലെയുള്ള  കൊള്ളകളിലൂടെയാണ്. പ്രത്യേകിച്ചു വിദേശികളുടെ കാറുകള്‍ തടഞ്ഞു നിര്‍ത്തി ലാപ്ടോപ്പും ക്യാമറയും പണവുമൊക്കെ അപഹരിച്ചിരുന്നു. ഗ്രാമ മുഖ്യനും മറ്റു പല ഗ്രാമവാസികളും വയറു മുറുക്കിയുടുത്ത് ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തുന്നുണ്ട് .ഒരു കൊള്ളക്കാരനെ കിട്ടിയാല്‍ തൊട്ടടുത്ത വലിയ മരത്തില്‍ കെട്ടിയിട്ട് ദേഹോപദ്രവം ഏല്പിക്കുകയും പോലീസിനു കൈമാറുകയും ചെയ്തിരുന്നു. 

 
ഞാന്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ സുഹൃത്ത് എന്നെ പല പ്രാവശ്യം ഫോണ്‍ വിളിച്ചു.
അവന്‍  ഞാന്‍ വരുന്നത് പ്രമാണിച് കപ്പയും കോഴിയും വാങ്ങാന്‍  മാര്‍ക്കറ്റി‌ലേക്ക്  പോയ വിവരവും കൂടെ ഒരു ലെബനീസ് സുഹൃത്തും ഉണ്ടാവുമെന്നും  അറിയിച്ചു. ഏതായാലും നാലുമണിയോടെ ഞാന്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തി. വസ്ത്രമെല്ലാം മാറ്റി ഞങ്ങള്‍ പാചകത്തിനൊരുങ്ങി. അവന്‍ താമസിക്കുന്നത് നാല് കിടപ്പുമുറികളുള്ള ഒരു ബംഗ്ളാവിലാണ്.   കൂട്ടിനു ഒരു ഘാനക്കാരി പാചകക്കാരിയും ഒരു  സുരക്ഷാ ഭടനും മാത്രം.പാചകം ഞങ്ങള്‍ ഏറ്റെടുത്തു, നാളികേരമൊക്കെ  അരച്ച് ഷാപ്പിലെ കറി  പോലെ നല്ലോണം എരിവൊക്കെ പുരട്ടി  ഉഗ്രന്‍ കോഴിക്കറി ഉണ്ടാക്കി.കപ്പ ചെറുങ്ങനെ അരിഞ്ഞ് മഞ്ഞളും ഉപ്പുമിട്ട് പുഴുങ്ങി.ടേസ്റ്റു നോക്കിയപ്പോള്‍ ഹോ!നല്ല വെണ്ണ പോലത്തെ കപ്പ.നമ്മുടെ നാട്ടില്‍ പോലും ഇതുപോലത്തെ കപ്പ കിട്ടില്ല.എല്ലാം റെഡി ആയി .എന്നാല്‍ കുളിച്ചു വൃത്തിയായി കാര്യ പരിപാടിയിലേക്ക് കടക്കാം.  


                                          കുളിച്ചു വന്നപ്പോഴേക്കും ലെബനിയന്‍ സുഹൃത്ത് എത്തി.കയ്യില്‍ തന്റെ വര്‍ക്ക് സൈറ്റിലെ ഡാമില്‍ നിന്നും ചൂണ്ടയിട്ടു പിടിച്ച ക്യാറ്റ് ഫിഷ്‌ .ലെബനീസ് കേബാബ് രീതിയില്‍ കനലില്‍ ചുട്ട്  എടുത്തു കൊണ്ടുവന്നിരിക്കുന്നു.അതിരാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഒന്നും കഴിച്ചിട്ടില്ല.എന്നാലും ആദ്യം ടക്കീല തീര്‍ക്കാം എന്നിട്ട് മതി ഭക്ഷണം.ടക്കീലയും ഉപ്പും നാരങ്ങയും എത്ര തീര്‍ന്നുവെന്നറിയില്ല,നാവുകള്‍ കുഴഞ്ഞു തുടങ്ങി.ചര്‍ച്ച ലെബനീസ് രാഷ്ട്രീയം വഴി കേരള വോട്ടെടുപ്പ് വരെ നീണ്ടു. ചര്‍ച്ച കൊഴുക്കുകയാണ്.ഇടക്ക് ദേഷ്യം വരുമ്പോള്‍ ഞാന്‍ സുഹൃത്തുമായി മലയാളത്തില്‍ തര്‍ക്കിക്കും.അപ്പോള്‍ ലെബനി 'ഇന്ഗ്ലീഷില്‍ പറയിനെടാ പട്ടികളെ' എന്ന് ഞങ്ങളെ ഉപദേശിച്ചു.തന്ടെ രാജ്യത്തെ ശീത യുദ്ധവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും കണ്ടു തഴമ്പിച്ച അവനെന്തു  കമ്മ്യൂണിസവും മുതലാളിത്തവും സോഷിയലിസവും.  സംഗതികള്‍ ഇത്രയെത്തുമ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു മദ്യം പോര.ഒരു ഫുള്‍ ടക്കീല തീര്‍ന്നു.   ഒടുവില്‍ തീരുമാനിച്ചു  പുറത്തൊരു ബിയര്‍ പാര്‍ലറില്‍ പോകാം .ഇനി എന്തായാലും ഞങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍  പോവുന്നില്ലെന്ന്  ഉറപ്പായ  ലെബനി അവന്റെ സുഹൃത്തായ ഈജിപ്ഷ്യനെ വിളിക്കാന്‍ പോയി .എന്റെ കാര്‍ എടുക്കാം   എന്ന് പറഞ്ഞിട്ടും അവന്‍ കൂട്ടാക്കിയീല . പാര്‍ലറില്‍ ലെബനിയും ഈജിപ്ഷ്യനും  ഒരു  ടേബിളിലും  ഞങ്ങള്‍ കാറിലും  ഇരുന്നു. രണ്ടു  ബിയറു  കൂടി  പോയി  .അപ്പോള്‍   എന്റെ  സുഹൃത്ത്‌  ലെബനിയോടും ഇജ്യപ്ഷ്യനോടും   നിങ്ങള്‍  രണ്ടും  വീട്ടിലേക്കു  വരൂ  എന്ന്  പറഞ്ഞു. എന്നിട്ട്   എന്നോട്  നമുക്ക്  കുറച്ചു  കൂടി  സംസാരിക്കാനുണ്ട് ,നമുക്കൊരു  ഡ്രൈവിനു  പോകാം  എന്ന്  പറയുന്നു .ചര്‍ച്ച  ഇടയ്ക്കു  വച്ച്  മുറിയുന്നത്  എനിക്കും  അസഹനീയമാണ് ..പോട്ടേ  വണ്ടി ...     
                                                    
   വാഹനം  നഗരാതിര്‍തിവിട്ടു  ഗ്രാമങ്ങളിലേക്കും വനാന്തര്‍ഭാഗങ്ങളിലേക്കും        എത്തി  നീണ്ടു പോയി. ചര്‍ച്ച  കനക്കുകയാണ് .ചര്‍ച്ച  എന്ന്  പറയാന്‍  പറ്റില്ല -തര്‍ക്കമാണ് . .രണ്ടു  പേരുടെയും    ഈഗോകള്‍  തമ്മില്‍  പോരാടുകയാണ് . പെട്ടെന്ന് സുഹൃത്ത്‌ വാഹനം സടെന്‍ബ്രേക്ക്  ചെയ്ത് എന്നോട് ആക്രോശിച്ചു ."ഇപ്പം ഇറങ്ങിക്കോണം എന്റെ വണ്ടിയില്‍ നിന്നും".ഞാന്‍ സ്തബ്ദനായി .അവന്‍ മാറ്റി പറയുമായിരിക്കും.ഇല്ല വീണ്ടും നിര്‍ദേശം തുടര്‍ന്നു."ഇപ്പം ഇറങ്ങിക്കോണം....".ഉടന്‍ തന്നെ വാതില്‍ തുറന്നു ഞാന്‍ ആ കൂരിരുട്ടില്‍ ഇറങ്ങി നിന്നു .അപമാനവും ദേഷ്യവും കടന്നലുകളെ പോലെ ആക്രമിക്കുന്നു. കൂരിരുട്ട്‌  .....എന്റെ രാജ്യത്തില്‍ നിന്നും 25000 കി.മി.ദൂരെ ,ആഫ്രിക്കയില്‍ അതും കാടിനോട്‌ ചേര്‍ന്ന് .... അപരിചിതനായി...എനിക്ക് സങ്കടം വന്നു.ഞാന്‍ അല്‍പനേരം അവിടെ തന്നെ നിന്നു .സുഹൃത്തിന്റെ വാഹനം പരമാവധി വേഗതയില്‍, എന്നോടുള്ള ദേഷ്യത്തില്‍ മുന്നോട്ടു പോവുകയാണ്.

                                                  അല്‍പനേരം മൌഡ്യതയോടെ   അവിടെ നിന്നെങ്കിലും പിന്നെ ഒരു തീരുമാനമെടുത്തു.പട്ടണത്തിന്റെ ദിശയിലേക്കു നടന്നു.പട്ടണത്തിലേക്ക് ആറ്  കി.മി.എങ്കിലും കാണും.അങ്ങിങ്ങ് മിന്നുന്ന കൂരകളില്‍ നിന്നുള്ള വെളിച്ചത്തില്‍ നിരത്ത്  കാണാം.സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു.ഈ നിരത്തിലൂടെ ഈ സമയത്ത് ഒരു വിദേശി നടക്കുന്നത് തീര്‍ത്തും സുരക്ഷിതമല്ല.കയ്യിലാണെങ്കില്‍ ഒറ്റ പൈസയില്ല ഉടുത്തിരുന്ന മുണ്ട് പോലും മാറ്റിയിട്ടില്ല  .ഇറങ്ങുമ്പോള്‍ സുഹൃത്ത്‌ ധൃതിയില്‍ വണ്ടിയില്‍ കയറ്റുകയായിരുന്നു .ഉള്ളിലെ ലഹരി നുരകളായി പൊട്ടിതീര്‍ന്നു തുടങ്ങി.അപമാന ഭാരം അതിലും ഏറെയാണ്‌.എന്തായാലും സുഹൃത്ത്  കുറച്ചു കഴിയുമ്പോള്‍ ഫോണ്‍ ചെയ്യും.എന്നെ വഴിയില്‍ ഇറക്കിവിട്ടയാള്‍  എന്നെ വിളിക്കണ്ട..ഞാന്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു.വണ്ടി തിരിച്ചു  അന്വേഷിച്ചു വരികയാണെങ്കില്‍ എന്നെ നിര്‍ബന്ധിച്ചു വണ്ടിയില്‍ കയറ്റും.അതോര്‍ത്തു ഞാന്‍ നിരത്തില്‍ നിന്നിറങ്ങി പുല്ലുകള്‍ ക്ക്   ഉള്ളിലൂടെ നടന്നു തുടങ്ങി.

                                                   നടന്നു നടന്നു തളര്‍ന്നു തുടങ്ങി.വിശപ്പ്‌ കാരണം കണ്ണ് കാണാന്‍ വയ്യ.ഞാന്‍ റോഡിലിറങ്ങി വാഹനങ്ങള്‍ക്ക് കൈ കാണിക്കാന്‍ തുടങ്ങി.ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല.ചിലര്‍ അത്ഭുതത്തോടെ ഗ്ലാസ്സ് താഴ്ത്തി നോക്കുന്നു.ഞാന്‍ നടപ്പ് തുടര്‍ന്നു. വേണമെങ്കില്‍ എനിക്ക് ഡ്രൈവറെ വിളിക്കാം.അവന്‍ നല്ല ഉറക്കത്തി ലായിരിക്കുമെങ്കിലും കുറേ  വിളിച്ചാല്‍ എഴുന്നെല്‍ക്കുമായിരിക്കും.പക്ഷെ ഉറ്റ സ്നേഹിതനുമായി രാത്രി ചിലവഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയിട്ട്   എന്നെ വഴിയില്‍ ഇറക്കിവിട്ട കഥ കേട്ട് അവന്‍ ചിരിക്കില്ലേ. നഷ്ടപ്പെടുക    ഇന്ത്യക്കാരന്റെ അഭിമാനമാണ്  . അഭിമാന  ബോധം  കൊണ്ടുള്ള നിസഹായത മനസ്  പെരുപ്പിച്ചു കൊണ്ടിരുന്നു  വേണ്ട.....ആരെങ്കിലും എനിക്ക് ലിഫ്റ്റ്‌  തരാതിരിക്കില്ല.കുറെ വണ്ടികള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.അവര്‍ എന്റെ വേഷം കണ്ടു   ഞാനേതോ ഭ്രാന്തനാണെന്ന് കരുതിക്കാണുമോ.നടന്നു നടന്നു കാലു കഴച്ചു തുടങ്ങിയിരിക്കുന്നു.ഇനിയും നടന്നാല്‍ ഞാനവിടെ വീഴും.ദൈവമേ എന്റെ അവസാനം ഇവിടെയാണോ.എന്റെ ഈഗോ മാറ്റിവച്ച് സുഹൃത്തിനെ  ഒന്ന് ഫോണ്‍ വിളിച്ചാല്‍ തീരുന്ന പ്രശ്നമേയുള്ളു.പക്ഷേ  അങ്ങനെ തോറ്റു കൊടുക്കാന്‍  തയ്യാറല്ല.

                               ആകാംഷയുടെ മുള്മുനകള്‍ ഒരുപാടൊടിഞ്ഞു  തീര്‍ന്ന  ശേഷം ഒരു ബൈക്ക്‌ നിര്‍ത്തി, ഹെല്‍മെറ്റ്  നീക്കി. അതൊരു പെണ്‍കുട്ടിയായിരുന്നു. ഗുഡ് ഈവനിംഗ്, ഹൌ ആര്‍ യു..എന്നീ ഉപചാരങ്ങള്‍കുശേഷം ഞാന്‍ പറഞ്ഞു;എന്റെ വാഹനം ബ്രേക്ക്ഡൌണ്‍ ആയി.എന്നെ ഒന്ന് പട്ടണത്തില്‍   എത്തിക്കാമോ.അവള്‍ പറഞ്ഞു 'നേരം വൈകിയതിനാല്‍ അമ്മ എന്നെ ഫോണില്‍ ശകാരിച്ചു കൊണ്ടിരിക്കയാണ്.  ഇവിടെ നിന്നും അല്‍പദൂരം പോയാല്‍മതി എന്റെ വീട്ടിലേക്ക്'.എന്നാല്‍ അവിടം വരെ.അവള്‍ക്കു തിരിയാനുള്ള ഇടത്തെത്തിയപ്പോള്‍  വാഹനം നിര്‍ത്തി.പിന്നെ പറഞ്ഞു,നിങ്ങളെ വിജനമായ തെരുവില്‍ ഇറക്കിവിടാന്‍ മനസ്സനുവദിക്കുന്നില്ല.നിങ്ങളെ ടൌണിലെ ടാക്സിസ്റ്റാന്‍ഡില്‍ ഇറക്കിതരാം.അവളുടെ അമ്മ ഫോണില്‍ വിളിച്ചു ശല്യപെടുതിക്കൊണ്ടിരുന്നു.എന്നാലും അവള്‍ എന്നെ ടാക്സിസ്റ്റാന്‍ഡില്‍ വിട്ടു.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ  ഘാനിയന്‍ സോദരി.ഞങ്ങള്‍ ഗുഡ് ബൈ ചൊല്ലി പിരിഞ്ഞു. ഒരു ടാക്സിയില്‍ സുഹൃത്തിന്റെ വീട്ടിലെത്തി. അവിടെ   സെക്യൂരിടിയും വേലക്കാരിയും മാത്രം.ഞാന്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്ത് കാറില്‍ കയറ്റി അവരോടു യാത്രപറഞ്ഞു. 

                                                      നഗരത്തിലെ മിക്കവാറും ഹോട്ടലുകള്‍ മുറികളില്ലെന്നു പറഞ്ഞെന്നെ മടക്കി.മിക്കവരും നല്ല ഉറക്കത്തിലായിരുന്നു. ചിലര്‍ പിച്ചും പേയും പറഞ്ഞു .
പലരും  ശപിച്ചുകാണും.ഇനി റൂം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും.നാണം കേട്ട് അവന്റെ വീട്ടിലേക്കു എന്തായാലും ഇല്ല.ഒടുക്കം ഒരുസ്ഥലത്ത് ഒരു കുഞ്ഞു മുറി തരപ്പെടുത്തി.മുറിയില്‍ സാധനങ്ങള്‍ വച്ചതിനു ശേഷം ഫോണ്‍ ഓണ്‍ചെയ്തു പലയിടതുമുള്ള സുഹൃത്തുക്കളുടെ വിളികളുടെ ഘോഷയാത്ര.എല്ലാവരെയും അവന്‍ വിളിച്ചിരിക്കുന്നു.പിന്നെ സുഹൃത്ത്‌ വിളിച്ച്‌ ഉടന്‍ വീട്ടിലെത്തണമെന്ന്  നിര്‍ബന്ധിച്ചു.ഞാന്‍ പോയില്ല.കുറച്ചു കഴിഞ്ഞപ്പോള്‍ വിശപ്പ്‌ വീണ്ടും ആക്രമണം തുടങ്ങി.ഞാന്‍ കാറില്‍ പുറത്തിറങ്ങി ചുറ്റി  വന്നു.ഒരു ഓംലെറ്റുകാരന്‍ പോലുമില്ല. കപ്പയും ചിക്കനും എന്നെ കാത്തിരിക്കുന്നുണ്ട്.പോരാത്തതിനു ഫിഷ്‌ കേബാബ് .ഇവയെക്കുറിചു ഓര്‍ത്തു വായില്‍ കപ്പലോടിക്കാന്‍ വെള്ളവുമായി ഞാന്‍ കട്ടിലില്‍ കിടന്നു . ഒരു ദിവസം ഒന്നും കഴിച്ചില്ലെന്ന് കരുതി ഒന്നും സംഭവിക്കാന്‍ പോകുന്നില്ല.അല്ലെങ്കിലും എത്രയോ പേര്‍ വിശന്നിരിക്കുന്നു ഈ ഗ്രാമത്തില്‍.

                                                       നേരം പുലര്‍ന്നു.സുഹൃത്ത് ക്ഷമാപണവുമായി വന്നു.തിരിച്ചവന്റെ വീട്ടില്‍
 ചെല്ലണമെന്നപേക്ഷിച്ചു,ഞാന്‍ ദുരഭിമാനിയാണെന്നു കുറ്റപ്പെടുത്തി.ആരും ഒന്നും സൌജന്യമായി തരാതിരുന്നതുകൊണ്ട് ആരോടും ചോദിച്ചു വാങ്ങിയിട്ടില.അങ്ങനെ ഒരു ശീലമില്ലാത്തത്  ദുശ്ശീലമാണെങ്കില്‍ അങ്ങനെ.സുഹൃത്ത് സങ്കടത്തോടെ മടങ്ങിപ്പോവാന്‍ വാതില്‍ വരെയെത്തി.പിന്നെ ചോദിച്ചു.ഇന്നലെ നമ്മള്‍ എന്തിനെ കുറിച്ചാണ് തര്‍ക്കിച്ചത്???ഓര്‍മ്മയുടെ മൂടുപടങ്ങള്‍ ഒന്നൊന്നായ് അഴിച്ചു മാറ്റിയെങ്കിലും ഓര്‍മ്മതെളിയുന്നില്ല.എന്തായിരുന്നു ആ വിഷയം.ഓര്‍മ്മയില്ല .ഇല്ല...തീരെ ഓര്‍മ്മയില്ല. 
....................................................................................................................................................................
.തര്‍ക്കം മൂത്ത് അവന്‍ എന്നെ വഴിയില്‍ ഇറക്കി വിട്ടു എന്ന് കരുതി അവന്‍ എന്റെ സുഹൃത്ത്‌ അല്ലാതാവുന്നില്ല .
.സഹായിച്ച പെണ്‍കുട്ടിയെ പിന്നീടൊരിക്കല്‍ കാണുകയും  നന്ദി പറയുകയും വേണം എന്ന് കരുതി അന്ന് വാങ്ങിയ നമ്പറില്‍  ഒരിക്കലും വിളിച്ചില്ല.ആപല്‍ഘട്ടത്തില്‍ സഹായിച്ചു എന്ന് കരുതി ഞങ്ങള്‍ സുഹൃത്തുക്കള്‍  ആവുന്നില്ല, പ്രതിസന്ധി   തരണം ചെയ്യുന്നതോടെ മറക്കുക്ക എന്നതല്ലേ മനുഷ്യധര്‍മ്മം  .
.ഏറ്റവും പ്രധാനപ്പെട്ടത്  ഒരു സുഹൃത്തിന്റെ വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ വെറുതെ വള വളാന്ന് സംസാരിക്കരുത് ....ഗുഡ് ബൈ.

സാക്കിച്ചി ടോയോടയും വൈ വൈയും

  സാക്കിച്ചി   ടോയോടായെ അറിയുമോ അദ്ദേഹത്തിന്റെ "വൈ" "വൈ" അനാലിസിസ് കേട്ടിട്ടുണ്ടോ.ബിസിനസ് മാനേജ്‍മെന്റ് ട്രൈനേഴ്‌സ് ഒക്ക...